Saturday, May 9, 2009

സഹകരണ ബാങ്ക്‌ കടമകള്‍, സമീപനങ്ങള്‍


എം. നാരായണന്‍ മാസ്റ്റര്‍

വര്‍ത്തമാന കാല സമൂഹത്തില്‍ സഹകരണപ്രസ്ഥാനം കടന്നുചെല്ലാത്ത മേഖലകളില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇവ ഏറെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ഗ്രാമീണ സമ്പദ്‌ഘടന പ്രശ്‌ന നിര്‍ഭരമാണ്‌. ഇത്തരം സാഹചര്യങ്ങളോട്‌ വന്‍കിട ബാങ്കുകളെല്ലാം മുഖംതിരിഞ്ഞുനില്‍ക്കുന്നു, നിസംഗത പുലര്‍ത്തുന്നു. എന്നാല്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ത്വരിത വികസനത്തിനാണ്‌ സഹകരണപ്രസ്ഥാനം ഊന്നല്‍ നല്‍കുന്നത്‌. കാര്‍ഷിക രാജ്യമെന്ന നിലയില്‍ നമ്മുടെ രാജ്യത്ത്‌ പരമാവധി കാര്‍ഷികോല്‌പാദനത്തിന്‌ സഹായകമായ സമീപനമാണ്‌ സഹകരണ മേഖലയില്‍നിന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നത്‌. കാര്‍ഷികോല്‌പന്നങ്ങള്‍ വര്‍ദ്ധിക്കണം, ഉല്‌പന്നങ്ങള്‍ക്ക്‌ ന്യായവില ലഭ്യമാവണം, വിത്തും വളവും ന്യായവിലക്ക്‌ ലഭിക്കണം, കര്‍ഷകരെ ഈ രംഗത്ത്‌ നിലനിര്‍ത്താവുന്ന പ്രവര്‍ത്തനലാഭം ഉണ്ടാവുകയും വേണം. കര്‍ഷകസമൂഹം ഏറ്റവുമേറെ ദൈന്യതയിലൂടെയാണ്‌ ഇന്ന്‌ കടന്നുപോവുന്നത്‌. കടക്കെണിയുടെ നീരാളിപ്പിടുത്തം കര്‍ഷകരെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നു. നിശ്ചിത സമയത്ത്‌ ആവശ്യത്തിന്‌ പണം നല്‍കി കര്‍ഷകരെ സഹായിക്കുക എന്ന മുഖ്യ ദൗത്യമാണ്‌ സഹകരണബാങ്കുകള്‍ ചെയ്യേണ്ടത്‌.
ഏകദേശം മൂന്ന്‌ വ്യാഴവട്ടക്കാലം മുമ്പ്‌, 1975 വരെ കേരളത്തിന്റെ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ഫണ്ട്‌ നാമമാത്രമായെങ്കിലും ലഭ്യമാക്കിയത്‌ റിസര്‍വ്വ്‌ബാങ്കായിരുന്നു. അക്കാലയളവില്‍ സര്‍വ്വീസ്‌ ബാങ്കുകള്‍ക്ക്‌ തികച്ചും പരിമിതമായ നിക്ഷേപമേ ഉണ്ടായിരുന്നുള്ളൂ. അന്നെല്ലാം സഹകരണബാങ്കുകളില്‍ പണം നിക്ഷേപിക്കാന്‍ പൊതുജനം തികഞ്ഞ വിമുഖത കാണിച്ചിരുന്നു. നിക്ഷേപിക്കപ്പെടുന്ന ഫണ്ട്‌ തിരിച്ചുലഭിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയായിരുന്നു ഇതിന്‌ കാരണം. സംസ്ഥാന സഹകരണബാങ്കിന്റെ പ്രസിഡണ്ടായി മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്‍നായര്‍ ചുമതലയേറ്റെടുത്തതോടെ, 1975 ല്‍ സമാരംഭിച്ച നിക്ഷേപ സമാഹരണയജ്ഞം, ഊര്‍ദ്ധശ്വാസം വലിച്ചുകൊണ്ടിരുന്ന സഹകരണസംഘങ്ങളെ ഒട്ടൊന്‌#ുമല്ല സഹായിച്ചത്‌. സഹകരണസംഘങ്ങളില്‍ ഘടനാപരമായ മാറ്റംവരുത്തി. സംഘം എന്നതിനു പകരം സഹകരണബാങ്കുകള്‍ എന്ന്‌ പുനര്‍നാമകരണം ചെയ്‌ത്‌, ബാങ്കുകളില്‍ കാഷ്യര്‍ തസ്‌തിക സൃഷ്‌ടിച്ച്‌ നടത്തിയ സമൂലമാറ്റത്തിന്‌ പിന്നീട്‌ ഒരുപാട്‌ അര്‍ത്ഥതലങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. അന്ന്‌ തുടങ്ങിയ നിക്ഷേപസമാഹരണം ദശകങ്ങളിലൂടെ വിജയകരമായി മുന്നോട്ട്‌ നയിക്കാനും സഹകരണബാങ്കുകളെ സ്വയംപര്യാപ്‌തമാക്കാനും സഹായിച്ചുകൊണ്ടിരിക്കുന്നു. ഇന്ന്‌ നിക്ഷേപസമാഹരണം ജനകീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. പൊതുസമൂഹത്തിന്‌ ഈ മേഖലയോട്‌ ഏറെ വിശ്വാസ്യത ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്‌. അതിന്റെ ദൃഷ്‌ടാന്തമാണ്‌ ഇന്ന്‌ ഒരു പ്രാഥമിക സര്‍വ്വീസ്‌ സഹകരണബാങ്കിന്റെ ശരാശരി നിക്ഷേപം 10 കോടിയില്‍പരം രൂപയാണെന്നത്‌. എന്നാല്‍ 1975 വരെ പ്രാഥമിക സര്‍വ്വീസ്‌ സഹകരണബാങ്കുകള്‍ക്കുള്ള ശരാശരി നിക്ഷേപം കേവലം 50,000 രൂപ ആയിരുന്നു എന്നത്‌ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്‌.
സഹകരണബാങ്കുകള്‍ സ്വയംപര്യാപ്‌തമായിക്കൊണ്ടിരിക്കുമ്പോഴും സഹകരണപ്രസ്ഥാനത്തിന്റെ മുഖ്യ ലക്ഷ്യങ്ങളില്‍നിന്നും വ്യതിചലിച്ച്‌ സഹകരണബാങ്കുകള്‍ വഴിമാറി സഞ്ചരിക്കുകയാണെന്നത്‌ ഈ മേഖലയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നവരെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്‌. സമാഹരിക്കപ്പെടുന്ന വിഭവശേഷി സമഗ്രമായ സാമൂഹ്യവികസനത്തിന്‌ വിനിയോഗിക്കപ്പെടുന്നില്ല. വികസനേതരമായ പല പ്രവര്‍ത്തനങ്ങള്‍ക്കുമാണ്‌ ഈ വിഭവങ്ങള്‍ ചെലവഴിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്‌. ഗ്രാമീണ സമ്പദ്‌ഘടനയെ വികസനോന്മുഖമാക്കാന്‍ ഈ ഫണ്ട്‌ ചെലവഴിക്കപ്പെടേണ്ടിയിരിക്കുന്നു. കാര്‍ഷികോല്‌പാദനം വര്‍ദ്ധിപ്പിക്കാന്‍, കാര്‍ഷികോല്‌പന്നങ്ങള്‍ക്ക്‌ ന്യായവില ലഭ്യമാക്കാന്‍, കാര്‍ഷികവിളകളുടെ സംസ്‌കരണത്തിനനുയോജ്യമായ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍, പരമ്പരാഗത മേഖലയുടെ പുനരുജ്ജീവനത്തിന്‌ സഹായകമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഈ സാമ്പത്തികക്കരുത്ത്‌ പ്രയോജനപ്പെടുത്തേണ്ടതാണ്‌.
കാര്‍ഷിക പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിനുള്ള സഹായങ്ങള്‍ പല മേഖലകളില്‍നിന്നും ലഭിക്കുന്നില്ല. കാര്‍ഷികവികസനത്തിനായാണ്‌ പ്രാഥമിക സര്‍വ്വീസ്‌ സഹകരണബാങ്കുകള്‍ സംഘടിപ്പിക്കപ്പെട്ടത്‌. എന്നാല്‍ ഇത്തരം ബാങ്കുകളില്‍, അവയുടെ വായ്‌പാപേക്ഷകളില്‍ 10% പോലും കാര്‍ഷികമേഖലക്ക്‌ പരിഗണിക്കപ്പെടുന്നില്ല. 2% പോലും കാര്‍ഷികവായ്‌പകളില്ലാത്ത ഒട്ടേറെ സര്‍വ്വീസ്‌ ബാങ്കുകള്‍ കേരളത്തില്‍ ഇപ്പോഴും ഉണ്ട്‌ എന്നത്‌ എന്തിന്റെ പേരിലായാലും ശ്ലാഘനീയമല്ല. ഇതിനൊരു മാറ്റം ഉണ്ടായേ മതിയാകൂ. പഴഞ്ചന്‍ കൃഷിരീതിമൂലം കൃഷിച്ചെലവ്‌ കൂടിക്കൊണ്ടിരിക്കുന്നു. പുതിയ ശാസ്‌ത്രീയനേട്ടങ്ങള്‍ കൃഷിയിടങ്ങളില്‍ എത്തപ്പെടുന്നുമില്ല. നിലവിലുള്ള തൊഴിലാളികളെ ദോഷകരമായി ബാധിക്കാത്ത വിധത്തില്‍ യന്ത്രവല്‍ക്കരണവും പുതിയ ശാസ്‌ത്രീയമായ കൃഷിക്കളങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൃഷിഭവനുകളും ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന ശ്രദ്ധ കുറെക്കൂടി ഉണ്ടായേ പറ്റൂ. അതുപോലെ സര്‍വ്വകലാശാലകളുടെയും മറ്റു റിസര്‍ച്ച്‌ സെന്ററുകളുടേയും ഏകോപനത്തിലൂടെ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കപ്പെടേണ്ടിയിരിക്കുന്നു.
കാര്‍ഷികോല്‌പന്നങ്ങളുടെ വികസനസാദ്ധ്യത ഒരുക്കുന്നതിന്‌ പ്രത്യേകം സഹായിക്കാന്‍ സര്‍വ്വീസ്‌ സഹകരണബാങ്കുകള്‍ക്ക്‌ കഴിയും. ഓരോ ഉല്‌പന്നങ്ങള്‍ക്കും പ്രത്യേകമായ സംസ്‌കരണ-വിപണന സംവിധാനങ്ങളിലൂടെ, വലിയ മുതല്‍മുടക്ക്‌ നടത്തുന്നതിനായി ജില്ലാ സഹകരണബാങ്കുകളും സംസ്ഥാന സഹകരണബാങ്കും പദ്ധതി തയ്യാറാക്കി കാര്‍ഷിക മേഖലയെ സഹായിക്കണം.
ഗ്രാമീണ സമ്പദ്‌ഘടനയുടെ പുനഃസംവിധാനത്തിന്‌ സഹകരണമേഖലയെ കൂടുതല്‍ എങ്ങനെ സജ്ജമാക്കാമെന്നത്‌ ആലോചനാവിഷയമാക്കേണ്ടതാണ്‌. ജില്ലാ സഹകരണബാങ്കുകളും സംസ്ഥാനസഹകരണബാങ്കും പ്രാഥമിക സഹകരണബാങ്കുകളുമായി നേരത്തെയുണ്ടായിരുന്ന സുദൃഢബന്ധം ഇന്ന്‌ വേണ്ടത്ര ഉണ്ടാവുന്നില്ല. തീര്‍ച്ചയായും സഹകരണമേഖലയുടെ കരുത്താര്‍ന്ന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്‌ ഈ മേഖലയുമായി ബന്ധപ്പെട്ട്‌നില്‍ക്കുന്ന സ്ഥാപനങ്ങളുടെ ഇഴുകിച്ചേര്‍ന്ന ബന്ധം ഉണ്ടായേ പറ്റൂ. ഗ്രാമീണ സാമ്പത്തിക വികസനത്തില്‍ സഹകരണപ്രസ്ഥാനത്തിന്റെ കടമ ശക്തിപ്പെടുത്തി, പുതിയ അര്‍ത്ഥതലങ്ങളിലൂടെ മുന്നോട്ടുപോകാന്‍, കോര്‍പ്പറേറ്റ്‌ ബാങ്ക്‌ സംവിധാനത്തിന്റെ കടന്നാക്രമണങ്ങളെ ചെറുക്കാന്‍ സഹകരണമേഖലക്ക്‌ കഴിയുകതന്നെ ചെയ്യും. ഈ ദിശയിലുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
*  

No comments:

Post a Comment