Saturday, May 9, 2009

രഘൂത്തമന്റെ ഉറക്കം

ചെറുകഥ

രഘൂത്തമന്റെ ഉറക്കം
മനോജ്‌ മണിയൂര്‍, h/o പ്രേമ.കെ.പി.,പയ്യോളി ശാഖ

പെരുമഴക്കാലങ്ങളിലെ വിറങ്ങലിച്ച രാത്രികളില്‍ ഓലത്തളകള്‍ക്കിടയിലൂടെ പാഞ്ഞുവന്നു മഴത്തുള്ളികള്‍ അസമയത്ത്‌ വിളിച്ചുണര്‍ത്തുന്നിടത്തു നിന്നാണ്‌ രഘൂത്തമന്റെ ഓര്‍മ്മകളുടെ തുടക്കം.
അപ്പോഴേക്കും അവന്റെ അച്ഛന്‍ കിട്ടാവുന്ന പഴത്തുണികളെല്ലാം വാരിപ്പുതച്ച്‌ ഒരു മൂലയില്‍ കൂനിക്കൂടിയിരുപ്പുണ്ടാകും.
ചാണകം മെഴുകിയ നിലം മുഴുവന്‍ മഴത്തുള്ളികള്‍ തീര്‍ത്ത വസൂരിക്കലകള്‍....
ചുമരിലെ കല്‍ത്തുളകളില്‍നിന്ന്‌ ഭയചകിതരായ പരശ്ശതം ജീവികളുടെ വിലാപം....
പ്രതികൂലമായ ഒരു ചുറ്റുപാടില്‍ അച്ഛന്റെ തണല്‍ പറ്റിയിരുന്ന്‌ രഘൂത്തമന്‍ പഴയ ഒന്നാംപാഠം ഉരുവിട്ടു. മൂത്ത തേക്കിലകള്‍ക്ക്‌ മഴത്തുള്ളികളെ തടയാനാകും.
പകലിടവേളകളില്‍ പേമാരിക്കുള്ള ഒരുക്കങ്ങള്‍ നടക്കവെ, തേക്കിലകള്‍ക്കായി അവന്‍ മരം കയറാന്‍ പഠിച്ചു.
സുകുമാരനും സീതാലക്ഷ്‌മിയും പേമാരിയെ കൂസാതെ സുഖനിദ്ര കൊള്ളാറുണ്ടെന്ന വാര്‍ത്ത രഘൂത്തമനെ അസൂയപ്പെടുത്തിയിരുന്നു.
അത്തരം അസൂയകള്‍ അവനെ എന്നും ഉത്തേജിപ്പിക്കുകയാണുണ്ടായത്‌.
മറ്റൊരു മഴരാത്രിയില്‍ തടസ്സങ്ങളെ വകവെക്കാതെ കടന്നുവന്ന്‌ മഴത്തുള്ളികള്‍ നിഷ്‌കരുണം വീണ്ടും തട്ടിയുണര്‍ത്തിയപ്പോള്‍ അവന്‍ ഗൗരവമായി ചിന്തിച്ചു.
ആരാണ്‌ വില്ലന്മാര്‍?
``തേരട്ടകള്‍......''
അച്ഛന്‍ പഠിപ്പിച്ചു.
ഓലയടരുകളില്‍ പെറ്റുപെരുകുന്ന തേരട്ടകള്‍ ആര്‍ത്തിയോടെ എല്ലാം തിന്നു തീര്‍ക്കുന്നു. ആര്‍ക്കും കടന്നുവരാനായി ആകാശ വാതിലുകള്‍ തുറന്നിടുന്നു.
അവരെ ആരു നിലയ്‌ക്കുനിര്‍ത്തും?
അച്ഛനറിയില്ല.... ആര്‍ക്കുമറിയില്ല.
രണ്ടാം പാഠം സ്വയം നിര്‍മ്മിച്ചെടുക്കണം.
മഴത്തുള്ളികളുടെ ശൗര്യം ശമിച്ചിട്ടുണ്ട്‌.
തേരട്ടകള്‍ക്ക്‌ തിന്നു തീര്‍ക്കാനാവാത്ത രക്ഷാകവചങ്ങളെ കുറിച്ചാലോചിച്ചിരിക്കെ ഒരു ചെറുമയക്കം.
പെട്ടെന്ന്‌
അടുക്കളയില്‍നിന്ന്‌ ഒരു കോലാഹലം.
പാത്രങ്ങള്‍ വീണുടയുന്നു.
ആരുടെയോ ആക്രോശം..... യാചന.
രഘൂത്തമന്‍ ചാടിയെഴുന്നേറ്റു.
``ഉണ്ണീ............ പതുക്കെ''
``........................ ശബ്‌ദം?''
``കേട്ടു...... ചേരയാവും''
മൂന്നാംപാഠം പഠിക്കാനൊരുങ്ങുമ്പോള്‍ അച്ഛന്‍ ആമുഖമായി പറഞ്ഞു.
ഇതൊരു മുടിഞ്ഞ തറവാടാണ്‌. തേരട്ടകളെപ്പോലെ ചേരകള്‍ക്കുമുണ്ട്‌ ഇതിനകത്തൊരു ആവാസലോകം. ചോരപ്പറ്റ്‌ പറഞ്ഞ്‌ തറവാട്ടില്‍ ഓരോ കാലങ്ങളില്‍ കയറി പാര്‍ത്തവര്‍ തറമുഴുവന്‍ കുഴിച്ചു കോരിയിട്ടാണ്‌ കടന്നുപോയത്‌.
എല്ലാവരും തറ കുഴിച്ച്‌ നിധിതേടുകയായിരുന്നു. നഗ്നത മറക്കാനാവാതെ ആകാശത്തോട്‌ വിലപിച്ചുകൊണ്ടിരുന്ന മേല്‍കൂരയെ ആരും കണ്ട ഭാവം നടിച്ചില്ല.
നിരാശിതര്‍ മടങ്ങുമ്പോള്‍ കിളച്ചിട്ട മണ്ണില്‍ എലികള്‍ മാളംകുഴിച്ചു. ആരാന്റെ മാളങ്ങളില്‍ രാപ്പാര്‍ക്കാനും വിശപ്പടക്കാനും ചേരകള്‍ വന്നു ചേര്‍ന്നു.
രാത്രിയിലെ സൈ്വര്യം കെടുത്തല്‍ ഒരവകാശംപോലെ അവര്‍ ചെയ്‌തുപോരുകയാണ്‌.
മഴക്കാലം ചൊരിഞ്ഞുതീര്‍ന്നിട്ടും രഘൂത്തമന്‌ ഉറങ്ങാന്‍ നേരം കിട്ടിയില്ല. തറവാടിന്റെ മേല്‍ക്കൂരയും തേരട്ടയും ചേരയും പിന്നെ എലികളും.
പഠിച്ചുതീര്‍ക്കാന്‍ പാഠങ്ങള്‍ ഒത്തിരി
ഉറക്കമെന്നത്‌ രണ്ടുപാഠങ്ങള്‍ക്കിടയിലെ
ചെറുമയക്കം മാത്രം.
മഴമാറിയ പ്രസന്നമായ പകലുകളിലൊന്നില്‍ തറവാട്‌ വിട്ടിറങ്ങിയ അച്ഛന്റെ പിന്‍പറ്റി അവനും നടന്നു. ഒരു കുന്നിന്‍ചെരുവിലെത്തിയപ്പോള്‍ പൊടുന്നനെ ഒരിടത്തിരുന്ന്‌ അച്ഛന്‍ പറഞ്ഞു:
``ഇനി വയ്യ ഉണ്ണീ''
രഘൂത്തമന്‍ ഒരു ഞെട്ടലോടെ ശ്രദ്ധിച്ചു.
നെഞ്ചിന്‍കൂടിനുള്ളിലെ താളപ്പിഴ
ജീവശ്വാസത്തിനായുള്ള വെപ്രാളം.
``അച്ഛാ..... ഞാന്‍.... തനിച്ച്‌?''
``പോകണം....... ചുവടു പിഴയ്‌ക്കാതെ''
വഴിയിലാരോ കളഞ്ഞ പാഴ്‌വസ്‌തു കണക്കെ അച്ഛന്‍ അവിടെയിരുന്നു കിതച്ചു. അച്ഛനില്‍നിന്നും കണ്ണു പറിച്ചെടുക്കാനാവാതെ പിന്തിരിഞ്ഞ്‌ നോക്കിക്കൊണ്ട്‌ രഘൂത്തമന്‍ പതുക്കെ മല കയറാന്‍ തുടങ്ങി.
കാഴ്‌ചവട്ടത്തില്‍നിന്നും ആ ചിത്രം മറയുകയാണ്‌. ഇനി എല്ലാ പാഠങ്ങളും സ്വയം നിര്‍മ്മിച്ചെടുക്കണം. സ്വയം പഠിക്കണം. സ്വന്തം മനസ്സാക്ഷിയോട്‌ സംശയനിവൃത്തി വരുത്തണം.
മലകയറ്റം ഒരു പ്രശ്‌നമല്ല. കയറ്റം തന്നെയാണ്‌ ഒന്നാംപാഠം.
മല തീര്‍ന്നപ്പോള്‍ മുന്നില്‍ മാനംമുട്ടെ മേഘപാളികള്‍. രഘൂത്തമന്‍ ആവേശത്തോടെ എല്ലാം ചവിട്ടി മെതിച്ചുനടന്നു. മേഘശിഖരങ്ങളില്‍നിന്ന്‌ അനന്തവിഹായസ്സിലേക്കു പറന്നു.
അതിനിടയില്‍ ആരോ ഒരു സൂര്യഗോളം വെച്ചു നീട്ടിപ്പറഞ്ഞു. ``ഇതെടുത്തോളൂ....''
ആദ്യത്തെ സമ്മാനം!
അച്ഛനു നല്‍കാം. ഗുരുദക്ഷിണ.
ഉയരത്തില്‍ നിന്നുമിറങ്ങി അവന്‍ ഓര്‍മ്മകളില്‍ തപ്പിനടക്കാന്‍ തുടങ്ങി. മരക്കോണി അള്ളിപിടിച്ചു കയറി വീട്ടുമുറ്റത്തെത്തുമ്പോള്‍ അകത്തുനിന്നും നടുതടിച്ചൊരു ചേര മുത്തശ്ശി പടിയിറങ്ങി വരുന്നുണ്ടായിരുന്നു.
അറിയ്യോ?
കണ്ടഭാവം പോലുമില്ല.
മറന്നതാവും, അല്ലെങ്കില്‍ മറ്റേതോ വകയിലുള്ളതാവും.
ആ തടിച്ചി ഒഴുകിയകലുകയാണ്‌.
``അച്ഛാ'' രഘൂത്തമന്‍ ഉത്സാഹത്തോടെ വിളിച്ചു.
ഒരു നീണ്ട മൗനത്തിനൊടുവില്‍ മുറ്റത്തെ ഉണക്ക മരക്കൊമ്പിലെ കാക്ക പറഞ്ഞു.
``തറവാട്ടിലെ അവസാനത്തെ മനുഷ്യന്‍ പഷ്‌ണി കിടന്നാ ചത്തത്‌.....''
ആകാശത്തിന്റെ മുഖം വാടുകയാണ്‌.
പെരുമഴക്കാലത്തിന്റെ കിതപ്പ്‌......
ഒരായിരം കുറുനരികളുടെ ഓരി....
അവന്‍ സൂര്യഗോളം മുറുകെ പിടിച്ചുകൊണ്ട്‌ അകത്തുകയറി.... ഇപ്പോള്‍ തറവാടിന്‌ മേഘപാളികളാണ്‌ മേല്‍ക്കൂര. മഴത്തുള്ളികളെയുംകാത്ത്‌ രഘൂത്തമന്‍ വീണ്ടും ഉറങ്ങാതെ കിടന്നു. 

No comments:

Post a Comment