Saturday, May 9, 2009

സഹകരണ പതാക

1895 ല്‍ ലണ്ടന്‍ ആസ്ഥാനമായി രൂപീകൃതമായ അന്തര്‍ദേശീയ സഹകരണസഖ്യമാണ്‌ ലോക  സഹകരണ  പ്രസ്ഥാനത്തിന്റെ പതാകക്ക്‌ രൂപം നല്‍കിയത്‌. 1923 ല്‍ മഴവില്ലുപോലെ ഏഴുനിറങ്ങളുള്ള പതാക സ്വീകരിച്ചുവെങ്കിലും 1924-25 മുതല്‍ക്കാണ്‌ ഇന്നത്തെ നിലയിലുള്ള സഹകരണ പതാക വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്‌. 1837 ല്‍ അന്തരിച്ച ചാള്‍സ്‌ ഫൗരിയര്‍ എന്ന ഫ്രഞ്ച്‌ സാമ്പത്തിക ചിന്തകനാണ്‌ ആദ്യമായി മഴവില്ലിന്റെ നിറങ്ങളുള്ള ഒരു പതാക ഉപയോഗിച്ചതെന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.
നാനാത്വത്തില്‍ ഏകത്വം, സാര്‍വ്വത്രികത്വം, മതപരവും രാഷ്‌ട്രീയപരവുമായ നിഷ്‌പക്ഷത എന്നിവ ഈ പതാകയുടെ രൂപീകരണത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള തത്വങ്ങളാണെന്നു കരുതപ്പെടുന്നു. കൂടാതെ ഓരോ നിറത്തിനും പ്രത്യേകം അര്‍ത്ഥവും കല്‌പിക്കുന്നുണ്ട്‌. മഴവില്ലിനെപ്പോലെ ഓരോതരം നിറങ്ങളുള്ളതും തുല്യവലുപ്പമുള്ളതുമായ ഏഴ്‌ തുണിക്കഷണങ്ങള്‍ സപ്‌തവര്‍ണ്ണങ്ങളില്‍ ക്രമപ്രകാരം ഒരേ വിതാനത്തില്‍ ചേര്‍ത്തു തുന്നിയാണ്‌ ഈ പതാക തയ്യാറാക്കുന്നത്‌. നീളവും വീതിയും തമ്മിലുള്ള ബന്ധം 3:2 എന്ന തോതിലാണ്‌.
സഹകരണദിനാഘോഷത്തിനും, സഹകരണ വാരാഘോഷങ്ങള്‍ക്കും സഹകരണ പതാക ഉപയോഗിക്കണമെന്നു വ്യവസ്ഥയുണ്ട്‌. സഹകരണ പതാകാ ബാഡ്‌ജുകളും ഉപയോഗിക്കാറുണ്ട്‌. ചുവപ്പ്‌ ഭാഗം മേല്‍ഭാഗത്തു വരത്തക്കവിധമാണ്‌ സഹകരണ പതാകയുയര്‍ത്തേണ്ടത്‌. സഹകരണ പതാകകളേന്തിയ സഹകരണ വാരാഘോഷക്കാലങ്ങളിലെ ഘോഷയാത്രകള്‍ ഏവരേയും ആകര്‍ഷിക്കുന്ന ദൃശ്യങ്ങളാണ്‌.

No comments:

Post a Comment