Saturday, May 9, 2009

സ്വപ്‌നജാലകം

കവിത
സ്വപ്‌നജാലകം
എസ്‌.വി. വത്സല, റിട്ട. സീനിയര്‍ മാനേജര്‍

ഒരു സ്വപ്‌നജാലകം മെല്ലെത്തുറന്നുവോ
പകലുറക്കത്തിന്‍ കരങ്ങള്‍?
ഇരുളിന്റെ സ്വര്‍ണ്ണവല ചിതറും വെളിച്ചത്തി-
ലുണരുന്നുവോ പൂവനങ്ങള്‍?
പിടയുന്ന ഹൃദയവും നിറയുന്ന മിഴികളും
തിരയുന്നതാരെയാണെന്നോ?
പനിമതിയായെന്റെയിരുള്‍ വാനില്‍ തെളിയുന്ന
മൃദുഹാസമാരുടേതെന്നോ?
അലകളായ്‌ പാറുന്ന തെന്നലില്‍ പാവാട
ഞൊറികളിളകുന്നുവോ മന്ദം
അകതാരിലൊരു തേന്‍ നിലാവുദിക്കുന്നപോല്‍
നിറയുന്നൊരാവണിച്ചന്തം!
ഇളവെയില്‍ ചിന്തിലൂടുതിരുന്ന പുതുമഴയില്‍
വിരിയുന്ന പൂവിന്റെ ഹാസം!
അരികത്ത്‌ മറ്റൊരു പൂവായ്‌ സുഗന്ധമായ്‌
വിടരുന്ന നിന്‍ മോഹലാസ്യം!!
അരുമയായ്‌ മൂളുന്നൊരീണത്തിന്‍ ലഹരിയില്‍
അറിയാതെയുണരുമെന്നുള്ളം.
അഴകിന്റെ തൂവല്‍ കുളിര്‍സ്‌പര്‍ശ ജാലത്തി-
ലടിമുടി പൂക്കുന്നു ഹര്‍ഷം!
അഴലിന്‍ കരിംപുതപ്പൂര്‍ന്നു പതിക്കുന്നു.
മുറിവിന്റെ നോവിലും മധുരം
ഒരു മൊട്ടിലൊരു വസന്തം പോലെയൊരു മാത്ര
അതുമാത്രമല്ലയോ സ്വന്തം?!
നെടുവീര്‍പ്പിലുടയുന്ന കുമിളയായ്‌ കനവിന്റെ
ജനവാതിലടയുന്ന നേരം.
കൊഴിയുന്ന പൂവിന്റെ വ്യഥപോലെ സര്‍വ്വതും
മിഴിനീരിലലിയുന്ന നേരം
പൊലിയാന്‍ മടിക്കുന്ന പൊന്‍വെയില്‍ നാളമായ്‌
ഒരു മുഖമുള്ളില്‍ തുടിപ്പൂ.
ഇതു സ്വപ്‌നമോ സഖീ, മിഥ്യയോ സത്യമോ?
ഇതുതന്നെയോ ജീവരാഗം?!


No comments:

Post a Comment