Saturday, May 9, 2009

ബഷീര്‍ സ്‌മരണ

100


സര്‍വ്വലോകത്തിനും സര്‍വ്വകാലത്തിനും ഒരുപോല പ്രിയപ്പെട്ട
സാഹിത്യത്തിലെ സുല്‍ത്താന്റെ ജന്മശതാബ്‌ദി വര്‍ഷമാണ്‌ 2009 


ഗാന്ധിജിയെ തൊട്ട്‌ സ്വാതന്ത്ര്യത്തിലേക്ക്‌ ഉറഞ്ഞുവന്ന സത്യാഗ്രഹി
ദാരിദ്ര്യത്തിലേക്ക്‌ ഒളിച്ചോടിയ സമ്പന്നന്‍
സത്യത്തിലേക്ക്‌ കള്ളവണ്ടി കയറിയ നിയമലംഘകന്‍
തീപ്പൊരി പ്രസംഗങ്ങളുടെ പേരില്‍ സ്വന്തം മണ്ണില്‍ നടന്നുകൂടാത്തവന്‍
ജയിലുകളില്‍നിന്ന്‌ ജയിലുകളിലേക്ക്‌ തീര്‍ത്ഥയാത്ര പോയവന്‍!
കാലത്തിനപ്പുറത്തേക്ക്‌ വ്യാകുലപ്പെടുന്ന പുരാതന വൃക്ഷക്കാതല്‍ ശില്‌പമുഖം
ഒരു  ബീഡിയുടെ അറ്റത്ത്‌ ലോകത്തെ എരിയാന്‍വിട്ട്‌
സൈഗാളിന്റെ തോളില്‍ കയ്യിട്ട്‌ നടന്നുപോകുന്ന ഏകാന്തപഥികന്‍
ഒരു തരംഗപ്രവാഹത്തിലും ഇളകാതെ മുണ്ടുമാടികെട്ടി
ബേപ്പൂര്‍ അഴിമുഖത്ത്‌ കടലിന്‌ പുറംതിരിഞ്ഞുനില്‍ക്കുന്ന ഫയല്‍വാന്റെ നിഴല്‍
ഭ്രാന്തിന്റെ കഠാര മൂര്‍ച്ചയില്‍ ലോകത്തെ വിറപ്പിച്ചു നിര്‍ത്തിയ വിവേകി.
മനുഷ്യനെ മനുഷ്യനായി കണ്ട കാരുണ്യം, ദയ, ക്ഷമ,
സഹാനുഭൂതി ഇവക്ക്‌ പര്യാപ്‌തമായി പറയാവുന്ന ഒരാള്‍

കാലം കഴിയുന്തോറും പുതുക്കപ്പെടുന്ന പഴക്കച്ചൂരില്ലാത്ത ഭാഷ, 
ആഖ്യാനത്തിന്റെ അസാധാരണമായ അനുഭവം,
അനുഭവങ്ങളുടെ നെഞ്ച്‌ പൊള്ളിക്കുന്ന ആഖ്യാനം,
കണ്ണീര്‍ കടലിനുമേല്‍ വിരിയുന്ന ചിരിത്താമരകള്‍,
ഏതിനും മീതെ, ഇടര്‍ച്ചയില്ലാത്ത നൈതികബോധവും കരകവിയുന്ന ഭൂതകാരുണിയും...

ഇങ്ങനെയൊക്കെയാണ്‌ ബഷീര്‍ എന്നും വ്യത്യസ്‌തനും അനുകരണീയനുമായിത്തീരുന്നത്‌.
വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ജന്മശതാബ്‌ദിയോടനുബന്ധിച്ച്‌ അദ്ദേഹത്തിന്‌ കോഴിക്കോട്‌ സ്‌മാരകം നിര്‍മ്മിക്കാനുള്ള കേരളസര്‍ക്കാര്‍ തീരുമാനപ്രകാരം 2008-09 ലെ ബജറ്റില്‍ 50 ലക്ഷംരൂപ വകയിരുത്തിയിട്ടുണ്ട്‌. വിദ്യാഭ്യാസ-സാംസ്‌കാരിക വകുപ്പുമന്ത്രി എം.എ. ബേബി ചെയര്‍മാനും എം.ടി. വാസുദേവന്‍നായര്‍ വൈസ്‌ ചെയര്‍മാനുമായി ബഷീര്‍ സ്‌മാരക ഉപദേശകസമിതിയും രൂപീകരിക്കുകയുണ്ടായി. കലാ സാംസ്‌കാരിക ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തകനും ബാങ്ക്‌മെന്‍സ്‌ ക്ലബിന്റെയും ബാങ്ക്‌ മെന്‍സ്‌ ഫിലിം സൊസൈറ്റിയുടേയും ഭാരവാഹിയുമായ കെ.ജെ. തോമസാണ്‌ സെക്രട്ടറിയുടെ ചുമതല വഹിച്ചുവരുന്നത്‌.
100 മാംഗോസ്റ്റിന്‍ മാവിന്‍തൈകള്‍ നട്ടുകൊണ്ടാണ്‌ മഞ്ചേരി സഹൃദയസാഹിത്യവേദി ബഷീര്‍ ജന്മശതാബ്‌ദി ആഘോഷിച്ചത്‌.
നൂറ്‌പേരുടെ ഓര്‍മ്മക്കുറിപ്പുകള്‍ `നൂറ്‌ ബഷീര്‍' എന്ന പേരില്‍ സമാഹരിച്ച്‌ പുസ്‌തകപ്രകാശനം നിര്‍വഹിച്ചാണ്‌ കാഞ്ഞങ്ങാട്‌ നെഹ്‌റു ആര്‍ട്‌സ്‌ & സയന്‍സ്‌ കോളേജിലെ സാഹിത്യവേദി ബഷീര്‍ ജന്മശതാബ്‌ദിയെ ഓര്‍മ്മിച്ചത്‌
ബാങ്കിലെ ജീവനക്കാരുടെ അക്ഷരക്കൂട്ടുകള്‍ ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മക്കുമുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട്‌ നമുക്കും ബഷീര്‍ സ്‌മരണയെ ധന്യമാക്കാം. 

No comments:

Post a Comment