Saturday, May 9, 2009

ഗ്രീഷ്‌മ

ചെറുകഥ

ഗ്രീഷ്‌മ
എം. ജ്യോതി ഹെഡാഫീസ്‌

തിരക്കുപിടിച്ച നഗരത്തില്‍ ലൈംഗിക തൊഴിലാളികളുടെ റാലി നടക്കുകയാണ്‌. അറിയാതെ എന്റെ കണ്ണുകള്‍ റാലിയെ പിന്‍തുടര്‍ന്നു. അതില്‍ ഒരു മുഖം എന്റെ മനസ്സില്‍ ഓടിയെത്തി. `ഗ്രീഷ്‌മ' ദൈവമേ! അവള്‍ ആകാതിരിക്കട്ടെ എന്നു കരുതി ഒരിക്കല്‍കൂടി ബൈക്കില്‍ റാലിയെ റൗണ്ടിട്ടു. അതേ, അത്‌ അവള്‍ തന്നെ. `എന്റെ ഗ്രീഷ്‌മ' അവളുടെ കണ്ണുകളിലെ തിളക്കം നഷ്‌ടപ്പെട്ടിട്ടുണ്ട്‌. നിര്‍വികാരത സ്‌ഫുരിക്കുന്ന മുഖഭാവം. ഓ എന്റെ കുട്ടി എങ്ങനെ നീ ഇവിടെ എത്തിപ്പെട്ടു. എന്റെ ചിന്തകള്‍ പതിനഞ്ചു വര്‍ഷം പുറകോട്ടു സഞ്ചരിച്ചു.
ഞാന്‍ ഡിഗ്രി രണ്ടാംവര്‍ഷം പഠിക്കുന്ന കാലം. ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം നവാഗതര്‍ക്ക്‌ സ്വാഗതം പറഞ്ഞുകൊണ്ട്‌ പ്രീഡിഗ്രി ക്ലാസുകളിലേക്ക്‌ കയറിച്ചെന്നു. അതില്‍ വില്ലനായ എന്റെ സുഹൃത്ത്‌ പവന്‍ പുതുമുഖങ്ങളെ പരിചയപ്പെടുത്താനായി വിളിക്കുന്നു. അവരില്‍ ചിലരെയെല്ലാം കരയിച്ചിട്ടാണ്‌ അവന്‍ പറഞ്ഞയക്കുന്നത്‌.
ഇതെല്ലാം കണ്ട്‌ ദൂരെ മാറിനില്‍ക്കുന്ന കുട്ടിയെ അവന്‍ വിളിച്ചു. അവന്‍ ഞങ്ങള്‍ക്ക്‌ അവളെ പരിചയപ്പെടുത്തിതന്നു. പേര്‌ ഗ്രീഷ്‌മ, ഒറ്റപ്പാലം വീട്‌, ബന്ധുവീട്ടില്‍ നിന്ന്‌ പഠിക്കാന്‍ തീരുമാനിച്ചു. ഫസ്റ്റ്‌ ഗ്രൂപ്പ്‌ സയന്‍സ്‌ കമന്റടിയെന്നോണം ``നമ്മുടെ കോളേജ്‌ ബ്യൂട്ടി'' എന്നവന്‍ കൂട്ടിചേര്‍ത്തു.
എന്റെ കണ്ണുകള്‍ അറിയാതെ അവളിലേക്ക്‌ ഓടി. പേടിച്ചരണ്ട പൂച്ചകുട്ടിയെപ്പോലെ അല്‍പം അകലെ മാറിനില്‍ക്കുകയാണ്‌ അവള്‍. വടിവൊത്ത ശരീരം, നിതംബം മറഞ്ഞുനില്‍ക്കുന്ന ഇടതൂര്‍ന്ന മുടി, പട്ടുപാവാടയും ജമ്പറും തുടുത്ത കവിള്‍ത്തടത്തില്‍ നന്നേ ചെറിയ കാക്കാപ്പുള്ളി, പരിഭ്രമിച്ചു നില്‍ക്കുന്ന അവളുടെ കണ്ണുകള്‍ രക്ഷിക്കണേ എന്നു പറയുന്നുണ്ടായിരുന്നു.
അവളുടെ പരിഭ്രമം കണ്ടിട്ടാവാം കുസൃതിക്കാരിയായ ഒരു കുട്ടി പറഞ്ഞു. ``ചേട്ടന്മാരെ ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിട്ടുകൂടെ നിങ്ങളുടെ കൊച്ചനുജത്തിമാരെല്ലേ ഞങ്ങള്‍?'' അതില്‍ എന്റെ സുഹൃത്ത്‌ പപ്പന്‍ വീണു. ``വരിനടാ ഇനി നമുക്ക്‌ നാളെയാകാം''. എന്നു പറഞ്ഞുകൊണ്ട്‌ ക്ലാസ്‌മുറി വിട്ടിറങ്ങി പിന്നീടുള്ള ദിവസങ്ങളില്‍ ഞാനും ഗ്രീഷ്‌മയും കൂടുതല്‍ അടുത്തു.
എന്റെ സുഹൃത്ത്‌ പപ്പന്‌ അവളെ വലിയ ഇഷ്‌ടമായിരുന്നു. എന്നിലൂടെ അവനത്‌ അവളെ അറിയിച്ചു. അവളതു നിരസിച്ചു. കോളേജ്‌ ഡേക്ക്‌ അവന്‍ പാടിയ പാട്ട്‌ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
പുഴയോരഴകുള്ളപ്പെണ്ണ്‌
ആലുവപുഴയോരഴകുള്ളപ്പെണ്ണ്‌...
......... ......... ......... ......... ......... .........
അത്‌ അവളെ കൊണ്ടായിരുന്നില്ലേ? ഞങ്ങള്‍ പരസ്‌പരം എല്ലാ കാര്യങ്ങളും വാതോരാതെ സംസാരിക്കുമായിരുന്നു. അത്‌ ഞങ്ങളുടെ സുഹൃത്ത്‌ബന്ധത്തിന്‌ കാഠിന്യംകൂട്ടി. ഒരു ദിവസം ഞാന്‍ പറഞ്ഞു. ``ഗ്രീഷ്‌മാ നമ്മുടെ ഈ ബന്ധം കോളേജ്‌ ജീവിതം കഴിഞ്ഞാലും ഉണ്ടാവണം. നിന്റെ കുടുംബവും എന്റെ കുടുംബവും നല്ല സുഹൃത്‌ബന്ധം സ്ഥാപിക്കണം''.
അതിന്‌ ഇനിയും എത്രകാലം കിടക്കുന്നു പ്രകാശ്‌'' എന്ന്‌ പറഞ്ഞ്‌ അവള്‍ കുടുകുടാ ചിരിച്ചു. എന്ത്‌ ഭംഗിയായിരുന്നു. ആ ചിരിക്ക്‌. അന്ന്‌ അവസാനമായി ഗ്രീഷ്‌മയെ കണ്ടത്‌ എന്റെ ഓര്‍മ്മയില്‍ ഓടിയെത്തുന്നു. ഞാന്‍ കോളേജ്‌ ഗ്രൗണ്ടില്‍നിന്ന്‌ ഗ്രീഷ്‌മ വരുന്നത്‌ കണ്ടു. ഞാന്‍ അവളുടെ അരികിലേക്ക്‌ നടന്നെത്തി. സന്തോഷമില്ലായ്‌മ അവളുടെ മുഖത്ത്‌ അനുഭവപ്പെട്ടു.
``പ്രകാശ്‌ എനിക്ക്‌ ഒരു നല്ല സുഹൃത്തിനെ നഷ്‌ടപ്പെടാന്‍ പോവുന്നു എന്ന്‌ തോന്നുന്നു. ``എന്താ ഗ്രീഷ്‌മാ' നീ ഇങ്ങനെ ഒക്കെ. അല്ല പ്രകാശ്‌ ഞാന്‍ പറയുന്നത്‌ സത്യമാണ്‌. മദ്യപാനിയായ എന്റെ അച്ഛന്‍ ഏതോ ഒരു പണചാക്ക്‌ കുബേരനുമായി എന്റെ വിവാഹം ഉറപ്പിച്ചു. പഠനംനിര്‍ത്തി ടി.സി. വാങ്ങി നാട്ടിലേക്ക്‌ കൊണ്ടുപോവാന്‍ നാളെ അച്ഛന്‍ വരും''.
ഇതു പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. വിധിയുണ്ടെങ്കില്‍ നമുക്ക്‌ ഇനിയും കാണാം എന്നു പറഞ്ഞുകൊണ്ട്‌ അവള്‍ യാത്രയായി. അവളുടെ ആ യാത്ര ഞാന്‍ ഇമവെട്ടാതെ നോക്കിനിന്നു. എങ്കിലും എന്റെ `ഗ്രീഷ്‌മ' എങ്ങനെ നീ ഈ തൊഴിലിലെത്തി എന്നറിയാന്‍ എന്റെ ഹൃദയം വെമ്പല്‍കൊണ്ടു.

No comments:

Post a Comment