Saturday, May 9, 2009

നവ ലിബറല്‍ നയങ്ങളുടെ കാലഘട്ടത്തില്‍ ..

നവ ലിബറല്‍ നയങ്ങളുടെ കാലഘട്ടത്തില്‍ ബാങ്കിങ്‌ വ്യവസായം
കെ.പി.അജയകുമാര്‍
മാനേജര്‍
നവ ലിബറല്‍ നയങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന്റെ ഫലമായി ഇന്ത്യയിലെ ബാങ്കിങ്‌ വ്യവസായം ദൂര വ്യാപകമായ ഫലങ്ങളുണ്ടാക്കുന്ന മാറ്റങ്ങള്‍ക്ക്‌ വിധേയമായിക്കൊണ്ടിരിക്കയാണ്‌.
കമ്പോളത്തിന്റെ കാര്യക്ഷമത എന്ന മിഥ്യാസങ്കല്‍പം എന്‍.ഡി.എ. ഗവണ്‍മെന്റിനെ എന്നപോലെ യു.പി.എ. ഗവണ്‍മെന്റിനേയും വശീകരിച്ചിരിക്കുന്നു. എല്ലാം കമ്പോളത്തെ ഏല്‍പിച്ച്‌ പിന്‍മാറുന്ന യു.പി.എ. സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളെ ആഗോള ധനകാര്യവ്യവസ്ഥയുടെ കൈകളിലേക്ക്‌ എറിഞ്ഞുകൊടുക്കുകയാണ്‌. തൊണ്ണൂറുകളിലാരംഭിച്ച നയംമാറ്റവും ദിശാമാറ്റവും ഇന്നത്തെ ബാങ്കിംഗ്‌ വ്യവസായത്തിന്റെ സ്വഭാവത്തിലും ലക്ഷ്യത്തിലും മാരകമായ പ്രഹരമേല്‍പിച്ചു കഴിഞ്ഞു. 1970 നും 1990 നും ഇടയ്‌ക്ക്‌ ഇന്ത്യന്‍ ബാങ്കുകള്‍ രാഷ്‌ട്ര പുനര്‍നിര്‍മ്മാണത്തിന്റെ ഉപകരണങ്ങളായിരുന്നു. ക്ഷേമരാഷ്‌ട്രസങ്കല്‍പത്തിന്റെ നിര്‍വഹണത്തില്‍ ബാങ്കുകള്‍ നിര്‍ണായക പങ്ക്‌ വഹിച്ചു. നൂറ്‌ കോടി ജനങ്ങളെ ലക്ഷ്യംവെച്ചുള്ള ഈ ജനകീയ ബാങ്കിങ്‌ പ്രസ്ഥാനത്തിന്‌ സമാന്തരങ്ങളുണ്ടായിരുന്നില്ല. നരസിംഹം കമ്മറ്റികള്‍ മുന്നോട്ടുവെച്ച നവ ലിബറല്‍ സിദ്ധാന്തങ്ങള്‍ ബാങ്കുകളെ ലാഭകരമായ ഒരു ബിസിനസ്സാക്കി മാറ്റി. ജനങ്ങളുടെ സമ്പാദ്യം ചുരുങ്ങിയ പലിശക്ക്‌ സ്വരൂപിച്ച്‌ ലാഭകരമായി നിക്ഷേപിച്ച്‌ ലാഭമുണ്ടാക്കാനായിരുന്നു ശുപാര്‍ശ. ബാങ്കിംഗ്‌ സങ്കല്‍പത്തെ സംബന്ധിച്ച്‌ പൊതുധാരണ ഇപ്രകാരം തിരുത്തിയത്‌ ഐ.എം.എഫ്‌, ലോക ബാങ്ക്‌, ലോക വ്യാപാര സംഘടന എന്നിവയുടെ സമ്മര്‍ദ്ദ ഫലമായിരുന്നു. നാടന്‍ വിദേശ ബാങ്കുകളേയും നവ സ്വകാര്യബാങ്കുകളേയും സര്‍ക്കാര്‍ വഴിവിട്ട്‌ പ്രോത്സാഹിപ്പിച്ചിട്ടും പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം അഭിമാനകരമായി നിലകൊള്ളുന്നു. നിക്ഷേപം, വായ്‌പ, ലാഭക്ഷമത, മൂലധന പര്യാപ്‌തത, ആസ്‌തിമേന്മ, വരുമാനം തുടങ്ങി ഏത്‌ മാനദണ്‌ഡംവെച്ച്‌ പരിശോധിച്ചാലും നേട്ടം ശ്രദ്ധേയമാണ്‌. ഒരുപക്ഷെ കൃഷിക്കും ചെറുകിട വ്യവസായത്തിനും, അസംഘടിത മേഖലയ്‌ക്കും വായ്‌പയുടെ അളവ്‌ കുറഞ്ഞതാവാം ഒരു വൈകല്യം. ഈ വൈകല്യമാവട്ടെ സര്‍ക്കാര്‍ നയംമാറ്റത്തിന്റെ ഉല്‍പന്നമാണ്‌. വന്‍കിട വായ്‌പകളെകൂടി ഉള്‍പെടുത്തുംവിധം മുന്‍ഗണനാവിഭാഗത്തിന്റെ നിര്‍വചനത്തില്‍ വെള്ളം ചേര്‍ത്തു മുന്‍ഗണനാ വായ്‌പക്കുള്ള പലിശയിളവ്‌ പിന്‍വലിച്ചു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഭ്യന്തര, ആഗോള സാഹചര്യങ്ങളെ സമര്‍ത്ഥമായി അതിജീവിക്കുമ്പോഴും, പൊതുമേഖലാ ബാങ്കുകളുടെ ഉന്മൂലനം ലക്ഷ്യമിട്ടാണ്‌ സര്‍ക്കാര്‍ നീങ്ങുന്നത്‌. സര്‍ക്കാര്‍ നേതൃത്വത്തില്‍ പൊതുമേഖലാ ബാങ്കുകളെ റിസര്‍വ്‌ ബാങ്കും ധനമന്ത്രാലയവും ബാങ്ക്‌മേധാവികളും വന്‍കിട കോര്‍പ്പറേറ്റുകളും മാധ്യമങ്ങളും ഇപ്രകാരം വളഞ്ഞുവെച്ച്‌ അക്രമിക്കുമ്പോഴും ബാങ്കുകളുടെ പൊതു ഉടമസ്ഥത, പുരോഗതി കൈവരിക്കുന്നതില്‍ ഒരു തടസ്സമായിരുന്നില്ലെന്ന്‌ കാണാന്‍ കഴിയും. ബാങ്ക്‌ ദേശസാല്‍ക്കരണത്തിന്റെ ലക്ഷ്യം ലാഭക്ഷമതയോ കാര്യക്ഷമതയോ കൈവരിക്കാന്‍ മാത്രമായിരുന്നില്ല. ദേശസാല്‍കൃതബാങ്കുകളോടാവശ്യപ്പെട്ടത്‌ ജൈവവളര്‍ച്ച നേടാനാണ്‌. ശാഖകള്‍ തുറന്ന്‌ നിക്ഷേപവും, വായ്‌പയും വര്‍ദ്ധിപ്പിക്കാനാണ്‌ ജനങ്ങളിലേക്കിറങ്ങി ചെല്ലാനാണ്‌. അവര്‍ അത്‌ സ്‌തുത്യര്‍ഹമായി നിര്‍വഹിച്ചു. എന്നാല്‍ ഇപ്പോള്‍ കാര്യക്ഷമതയ്‌ക്കും, ലാഭക്ഷമതയ്‌ക്കും അത്യാഹിതം സംഭവിച്ചു എന്നും, അത്‌ പൊതുമേഖലയുടെ ജന്മശാപമാണ്‌ എന്നും വിമര്‍ശിക്കുന്നത്‌ വസ്‌തുതകള്‍ക്ക്‌ നിരക്കാത്തതാണ്‌. നിര്‍വഹണം എപ്പോഴും വിലയിരുത്തേണ്ടത്‌ ഏല്‍പിച്ച ദൗത്യവുമായി ബന്ധപ്പെടുത്തിയായിരിക്കണം. 1970 മുതല്‍ 90 വരെയുള്ള കാലഘട്ടത്തെ ബാങ്കുകളുടെ ഇരുണ്ട ദശകങ്ങളായാണ്‌ ആസ്ഥാന പണ്‌ഡിതന്മാര്‍ വിശേഷിപ്പിക്കുന്നത്‌. 1990 ന്‌ ശേഷമുള്ള കാലയളവിനെ ബാങ്കുകളുടെ പുനരുദ്ധാരണത്തിന്റെ കാലമായും ഇവര്‍ വ്യാഖ്യാനിക്കുന്നു. ഇത്‌ യഥാര്‍ത്ഥത്തില്‍ ബാങ്കിംഗ്‌ ദിശാമാറ്റത്തിന്റെ മേന്മ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്‌. യഥാര്‍ത്ഥത്തില്‍ ഒന്ന്‌ മറ്റൊന്നിന്റെ തുടര്‍ച്ച മാത്രമാണ്‌. 1990 വരെ പൊതുമേഖലാ ബാങ്കുകള്‍ നട്ടുവളര്‍ത്തിയ ശാഖാ ശൃംഖലയുടെ കരുത്തിലാണ്‌ കുറഞ്ഞ പലിശയ്‌ക്ക്‌ സേവിങ്‌സ്‌/കറന്റ്‌ എക്കൗണ്ടുകളിലും ഭീമമായ നിക്ഷേപം സ്വരൂപിച്ച്‌ അടിത്തറ ഭദ്രമാക്കാന്‍ അവയ്‌ക്ക്‌ സാധിച്ചത്‌.
നരസിംഹം കമ്മറ്റികളും, എസ്‌.സി. ഗുപ്‌താകമ്മറ്റിയുടെ വക വിഷന്‍ 2010 രേഖയും, ബാസല്‍ ഒന്നും രണ്ടും നിബന്ധനകളുമെല്ലാം മൗലികമായി വിരല്‍ ചൂണ്ടുന്നത്‌ ഇന്ത്യന്‍ ബാങ്കുകളുടെ പൊതുമേഖലാ സ്വഭാവത്തിന്‌ നേര്‍ക്കാണ്‌. ഇന്ത്യയിലെ ബാങ്കിങ്‌ പരിഷ്‌കാരങ്ങളുടെ തിരക്കഥ ആദ്യം തയ്യാറാക്കിയത്‌ ഒന്നും രണ്ടും നരസിംഹം കമ്മറ്റികളാണ്‌. ഐ.ബി.എ.യുടെ വിഷന്‍ 2010 അഥവാ എസ്‌.സി. ഗുപ്‌ത കമ്മറ്റി റിപ്പോര്‍ട്ട്‌ ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്‍ മുന്നോട്ടുവെച്ചിട്ടുള്ള ഇന്ത്യാ വിഷന്‍ 2020 എന്ന രേഖയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ്‌. രണ്ടിന്റെയും ലക്ഷ്യം ഇന്ത്യന്‍ ധനകാര്യ മേഖലയുടെ ഉദാരവല്‍ക്കരണവും അതുവഴി അന്താരഷ്‌ട്ര മൂലധന നാഥന്മാര്‍ക്ക്‌ യഥേഷ്‌ഠം ഇന്ത്യന്‍ സമ്പത്ത്‌ കൊള്ളയടിക്കാനുള്ള വഴി തുറക്കലുമാണ്‌. ഇന്ത്യന്‍ ബാങ്കുകളെ സുശക്തവും സുദൃഢവും മതസരയോഗ്യവുമാക്കുക വിശ്വോത്തര ബേങ്കിങ്‌്‌ ഘടനയും, അക്കൗണ്ടിങ്‌ ശൈലിയുമായി സംയോജിപ്പിക്കുക, ഏറ്റവും നവീന സാങ്കേതിക വിദ്യ സ്വീകരിച്ച്‌ ഇടപാടുകാര്‍ക്ക്‌ മികച്ച സേവന നല്‍കുക, കോര്‍പ്പറേറ്റ്‌ ഭരണരീതി സ്വാംശീകരിച്ച്‌ ബാഹ്യ നിയന്ത്രണങ്ങളൊഴിവാക്കി ഓഹരി ഉടമകളോടും സമൂഹത്തോടുമുള്ള ചുമതല നിറവേറ്റുക എന്നിങ്ങനെ കേള്‍ക്കാന്‍ ഇമ്പമുള്ള ലക്ഷ്യങ്ങളാണ്‌ ഈ കമ്മറ്റികള്‍ മുന്നോട്ടുവെക്കുന്നത്‌. എന്നാല്‍ ലക്ഷ്യം നേടാന്‍ നിര്‍ദ്ദേശിക്കപ്പെടുന്ന കര്‍മ്മ പരിപാടികളിലൂടെ കണ്ണോടിക്കുമ്പോള്‍ തെളിഞ്ഞുവരുന്നത്‌ രഹസ്യ അജണ്ടകളാണ്‌. ബാങ്കുകളുടെ പൊതു ഉടമസ്ഥത നിര്‍ത്തലാക്കുക മാസ്‌ ബേങ്കിങ്ങിന്‌ പകരം ക്ലാസ്‌ ബാങ്കിങിനെ പ്രതിഷ്‌ഠിക്കുക, ലാഭവും വാണിജ്യവല്‍ക്കരണവും ലക്ഷ്യമാക്കുക, എല്ലാ സേവനങ്ങള്‍ക്കും ഫീസ്‌ ചുമത്തുക, എല്ലാം വിപണി നിയന്ത്രിതമായിരിക്കണം, ലയനം, ഫിനാന്‍ഷ്യല്‍ ഇന്‍ക്യൂഷന്‍, മൈക്രോഫിനാന്‍സ്‌, ജീവനക്കാരെ വെട്ടിക്കുറക്കല്‍, ബാങ്കുകളുടെ വിദേശവല്‍ക്കരണം, വിദേശബാങ്കുകള്‍ക്ക്‌ അനുമതി നല്‍കല്‍, പുറംജോലിയും കരാര്‍ജോലിയും വ്യാപിപ്പിക്കല്‍, ബാങ്കുകളെ വിജിലന്‍സ്‌ അധികാര പരിധിയില്‍നിന്ന്‌ ഒഴിവാക്കുക ഞ.ആ.ക.യുടെ ഓണ്‍ സൈറ്റ്‌ പരിശോധന പൂര്‍ണ്ണമായും ഒഴിവാക്കി ഓഫ്‌സൈറ്റ്‌ പരിശോധന ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാരെ ഏല്‍പിക്കുക എന്നിവയാണ്‌ ലക്ഷ്യംനേടാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ഇത്‌ സര്‍വോപരി സാമൂഹ്യ ബാങ്കിങിന്റെ അസ്‌തമനത്തിന്‌ കാരണമാകും. അന്താരാഷ്‌ട്ര ധനമൂലധനം അവരാഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടപ്പില്‍വരുത്തുന്നതിനുള്ള കളമൊരുക്കുന്നതാണ്‌ ഇതിലൂടെ തെളിഞ്ഞുവരുന്നത്‌. വരുന്നത്‌. അമിതലാഭത്തോടൊപ്പം ട്രേഡ്‌ യൂനിയനുകളില്ലാത്ത ഒരു ബാങ്കിങ്‌ വ്യവസായം എന്ന ഒരു ഗൂഢലക്ഷ്യംകൂടി ഇതിന്‌ പിന്നില്‍ ദര്‍ശിക്കാവുന്നതാണ്‌. നമ്മുടെ രാഷ്‌ട്ര തലവന്‍മാരുടെ പ്രഖ്യാപനങ്ങളും ഭരണാധികാരികളുടെ മാനിഫസ്റ്റോ ആയ പൊതു മിനിമം പരിപാടിക്കും (സി.എം.പി.) ഒന്നുമായും പൊരുത്തപ്പെടാത്ത അജണ്ടകളാണ്‌ ധനമേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്‌. ഗ്രാമീണ മേഖലകള്‍ക്കും കാര്‍ഷിക മേഖലകള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ട്‌ ദാരിദ്ര്യരേഖക്ക്‌ താഴെയുള്ള 26 കോടി ജനങ്ങളുടെ പട്ടിണി മാറ്റാനുതകുന്ന ബാങ്കിങ്‌നയം വേണമെന്ന്‌ സുന്ദരലിപികളില്‍ എഴുതിവെച്ച്‌ അതിന്‌ വിരുദ്ധമായി എല്ലാം കമ്പോളത്തിന്‌ വിട്ടുകൊടുക്കണമെന്നാണ്‌ കേന്ദ്ര ധനമന്ത്രി പറയുന്നത്‌. ഇത്തരം പൊരുത്തക്കേടുകളുടെ പ്രത്യക്ഷ ഉദാഹരണങ്ങളുടെ ഘോഷയാത്രയാണ്‌ ബാങ്കിങ്‌ വ്യവസായത്തില്‍ ഇന്ന്‌ ദൃശ്യമാകുന്നത്‌.
ബാങ്കുകളുടെ ഓഹരിവില്‍പ്പനയെ മേല്‍സൂചിപ്പിച്ച കമ്മറ്റികളെല്ലാം ന്യായീകരിക്കുന്നത്‌ മൂലധന പര്യാപ്‌തത കൈവരിക്കേണ്ടുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ്‌. കിട്ടാക്കടം ഉണ്ടാക്കിയേക്കാവുന്ന നഷ്‌ടം എഴുതിത്തള്ളാന്‍വേണ്ടി കൂടുതല്‍ മൂലധനം കരുതിവെക്കണം. കിട്ടാക്കടം പിരിച്ചെടുക്കുക, പിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കുക എന്നിവയിലൊന്നും കമ്മറ്റികള്‍ക്ക്‌ താല്‌പര്യമില്ല. ഏതുവിധേനയും പരമാവധി പലിശയും ഫീസും കമ്മീഷനും ചുമത്തിയോ, ബാങ്കിങ്‌ ഇതര ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചോ ലാഭമുണ്ടാക്കി ലാഭവിഹിതം വിതരണം ചെയ്‌ത്‌ വിപണിയില്‍ ഓഹരിവില ഉയര്‍ത്തിനിര്‍ത്തുകഎന്നിവയാണ്‌ ബാങ്കുകളുടെ പരമലക്ഷ്യമായി കമ്മറ്റികള്‍ കാണുന്നത്‌. ഓഹരി കമ്പോളത്തിലേക്കും റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ക്കും ചരക്ക്‌ അവധിപരിപാടികള്‍ക്കുമായി കൂടുതല്‍ ബാങ്കുകള്‍ വായ്‌പ തിരിച്ചുവിടുകയാണ്‌. ഇന്ത്യന്‍ ജനതയുടെ ജീവിത സമ്പാദ്യത്തിന്മേലുള്ള അഭ്യന്തര നിയന്ത്രണം കുറഞ്ഞുവരുന്നതോടൊപ്പം വിദേശികളുടെ നിയന്ത്രണാധികാരപരിധി ഉയര്‍ന്നുവരുന്ന കാഴ്‌ചയാണ്‌ ഇന്ന്‌ അനുഭവപ്പെടുന്നത്‌. തീര്‍ച്ചയായും ഇന്ത്യയുടെ പരമാധികാരമാണ്‌ ഇതിലൂടെ അപകടപ്പെടുന്നത്‌. ഒരു വര്‍ഷം 12 വിദേശബാങ്ക്‌ ശാഖകള്‍വീതം അനുവദിക്കാമെന്നാണ്‌ ഇന്ത്യ ണഠഛ ക്ക്‌ ഉറപ്പുനല്‍കിയത്‌. 1988 ല്‍ ബാസല്‍ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചതിനെ തുടര്‍ന്ന്‌ പൊതുമേഖലാ ബാങ്കുകള്‍ക്ക്‌ വന്‍തോതില്‍ കിട്ടാക്കടം എഴുതിത്തള്ളേണ്ടിവന്നു. 2004 മുതല്‍ 2006 വരെ 77000 രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയപ്പോള്‍ 66000 കോടി രൂപയുടെ പുതിയ നിഷ്‌ക്രിയ ആസ്‌തികള്‍ പ്രത്യക്ഷപ്പെട്ടു. 4-1-2006 ലെ ഋ.ച.ട. ഇക്കണോമിക്‌ ബ്യൂറോ റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യന്‍ ബാങ്കിങ്‌ വ്യവസ്ഥയുടെ നിഷ്‌ക്രിയ ആസ്‌തികള്‍, പുന:സംഘടിപ്പിക്കപ്പെട്ട ആസ്‌തികള്‍, എഴുതിതള്ളിയ ആസ്‌തികള്‍ എന്നിവയിലായി 2,36,000 കോടി രൂപ കുടുങ്ങിക്കിടക്കുകയാണ്‌. ഇത്‌ ജി.ഡി.പി.യുടെ 14% വരും. ഇതില്‍ 11000 വന്‍കിട കോര്‍പ്പറേറ്റുകളുടെ വകയായി 40000 കോടിയുടെ കിട്ടാക്കടമുണ്ട്‌. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടത്തില്‍ 5 കോടിക്ക്‌ മുകളിലുള്ള 1741 അക്കൗണ്ടുകളുടെ സംഭാവന 22,866 കോടി രൂപയാണ്‌. മൊത്തം കിട്ടാക്കടത്തിന്റെ 40%മാണിത്‌. കിട്ടാക്കടങ്ങളില്‍ നിര്‍ണ്ണായകവിഹിതം വന്‍കിട വ്യവസായികളുടെതാണ്‌. ഇതില്‍ മുന്‍ഗണനാ വായ്‌പകളുടെ പങ്ക്‌ നിസ്സാരമാണ്‌. മേനേജീരിയല്‍ ഓട്ടോണമിയുടെ ഭാഗമായി പൊതുമേഖലാബാങ്കിന്റെ ഭരണകാര്യങ്ങളില്‍നിന്ന്‌ സര്‍ക്കാര്‍ പിന്‍വലിയുകയാണ്‌. ലാഭേഛയോടെ പൂര്‍ണമായും വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വിദേശ സ്വകാര്യബാങ്കുകളെ മാതൃകയാക്കി പ്രതിഷ്‌ഠിച്ച്‌, കോര്‍പ്പറേറ്റ്‌ ഗവേര്‍ണന്‍സിന്റെ പേരില്‍ ഡയറക്‌ടര്‍ബോര്‍ഡിന്റെ ഏകാധിപത്യം അനുവദിക്കുക, ഭരണഘടന അനുശാസിക്കുന്ന അവസരസമത്വവും തുല്യതയും നിഷേധിച്ച്‌ മികവിന്റെ പേരില്‍ ഇഷ്‌ടക്കാര്‍ക്ക്‌ ഇഷ്‌ടപ്പെട്ട ജോലിയും, കൂലിയും സ്ഥാനക്കയറ്റവും നല്‍കുക, ക്യാമ്പസ്‌ സെലക്ഷനുകള്‍ക്കും ഫാസ്റ്റ്‌ ട്രാക്ക്‌ പ്രമോഷനുകള്‍ക്കും നിയമ സാധുത നല്‍കുക എന്നിങ്ങനെയുള്ള നിഗൂഢ ലക്ഷ്യങ്ങളുമായാണ്‌ സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്‌. പ്രൊഫഷണലിസത്തിന്റെ മികവിനെക്കുറിച്ച്‌ വളരെയധികം വാചാലനാകുന്ന ധനകാര്യമന്ത്രി 13 പൊതുമേഖലാബാങ്കുകളുടെ ഡയറക്‌ടര്‍ബോഡിലേക്ക്‌ 33 അനൗദ്യോഗിക പ്രതിനിധികളെ നിയമിച്ച വാര്‍ത്ത 8-5-2007 ലെ ഇന്ത്യന്‍ എക്‌സ്‌പ്രസിലുണ്ട്‌. ``വിശ്വോത്തര ഡയറക്‌ടര്‍മാര്‍'' എന്നാണ്‌ പ്രസ്‌തുത വാര്‍ത്തയുടെ ശീര്‍ഷകം. കോണ്‍ഗ്രസ്‌, മഹിളാ കോണ്‍ഗ്രസ്‌, സേവാദള്‍ നേതാക്കളും, ലോകസഭയിലേക്കും, അസംബ്ലിയിലേക്കും മത്സരിച്ച്‌ തോറ്റ സ്ഥാനാര്‍ത്ഥികളുമാണ്‌ ഇവര്‍. വായ്‌പ നല്‍കാനും എഴുതിതള്ളാന്‍ സമ്മര്‍ദ്ദം ചെലുത്താനും മാത്രമേ ഇവര്‍ക്ക്‌ അറിയൂ എന്ന്‌ ആരോപിച്ചുകൊണ്ട്‌ പഞ്ചാപ്‌ & സിന്ധ്‌ ബാങ്കിലേക്കയച്ച ഇത്തരം 5 ഡയറക്‌ടര്‍മാരെയും പിന്‍വലിക്കണമെന്ന്‌ പ്രസ്‌തുത ബാങ്ക്‌ ചെയര്‍മാന്‍ ശ്രീ. ആര്‍.പി. സിങ്‌ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
``നാം ക്രമേണ പക്ഷെ തീര്‍ച്ചയായും ധാരാളം ചെറിയ ബാങ്കുകളുടെ വ്യവസ്ഥയില്‍നിന്ന്‌ ഏതാനും വലിയ ബാങ്കുകളുടെ വ്യവസ്ഥയിലേക്ക്‌ സഞ്ചരിക്കുകയാണ.്‌'' റിസര്‍വ്‌ബാങ്ക്‌ ഡെ: ഗവര്‍ണര്‍ ശ്രീ.വി.ലീലാധറുടെ വാക്കുകളാണിവ. ലയനം ഇടപാടുകാര്‍ക്കും ഓഹരി ഉടമകള്‍ക്കും ആശ്വാസം പകരുമെന്ന്‌ ധനമന്ത്രിയും പ്രചരിപ്പിക്കുന്നുണ്ട്‌. ലയനാനന്തരം നാലോ അഞ്ചോ മെഗാബാങ്കുകള്‍ ആഗോള വിഹായസ്സില്‍ മത്സരിച്ച്‌ മുന്നേറുമെന്നും അദ്ദേഹം സ്വപ്‌നം കാണുന്നു. ചിലവ്‌ കുറയ്‌ക്കാനും സാങ്കേതിക വിദ്യയുടെ വില പങ്കിടാനും, ഉയര്‍ന്ന ഉല്‍പാദനക്ഷമത കൈവരിക്കാനും ലയനം ഉപകരിക്കുമെന്ന്‌ ഇതിന്റെ അനുകൂലികളും വിശ്വസിക്കുന്നു. പക്ഷേ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്‌. ആഗോള ബാങ്കുകള്‍ അതിശക്തരും, അതിസമ്പന്നരുമാണ്‌. മുഴുവന്‍ ഇന്ത്യന്‍ ബാങ്കുകളും പരസ്‌പരം ലയിച്ചാലും അവരോടൊപ്പമെത്താന്‍ പോകുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ബാങ്ക്‌ ``ജെ.പി.മോര്‍ഗന്‍ ചേസ്‌'' ആണ്‌. ഈ ബാങ്കിന്റെ ആസ്‌തി വലിപ്പം 1.5 ട്രില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ്‌. (ഒന്നരലക്ഷം കോടി) ഇന്ത്യയുടെ ജി.ഡി.പി.യുടെ ഇരട്ടി വലിപ്പം. ഇന്‍ഡസ്‌ട്രിയല്‍ ആന്റ്‌ കൊമേഴ്‌സല്‍ ബാങ്ക്‌ ഓഫ്‌ ചൈന (കഇആഇ) യുടെ മൊത്തം ആസ്‌തി 812 മില്യണ്‍ ഡോളറാണ്‌ (81,200 കോടി). ഇന്ത്യയുടെ ജി.ഡി.പി.യുടെ വലിപ്പം അമേരിക്കയിലെ സിറ്റി ഗ്രൂപ്പിനും 1.5 ട്രില്ല്യണ്‍ ഡോളറിന്റെ ആസ്‌തിയുണ്ട്‌. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കും മൊത്തം ബാങ്ക്‌ ആസ്‌തിയുടെ അഞ്ചിലൊന്ന്‌ വലിപ്പമുള്ള സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഈ ആഗോള തിമിംഗലങ്ങളുടെ ഇടയില്‍ പൊടിമല്‍സ്യമാണ്‌. 2005-06 സ്റ്റേറ്റ്‌ ബാങ്ക്‌ ഗ്രൂപ്പ്‌ ബാങ്കുകളുടെ മൊത്ത ആസ്‌തി 69187.17 കോടി രൂപയാണ്‌. മൊത്തം പൊതുമേഖലാ ബാങ്കുകളുടെ ആസ്‌തി 2586305.94 കോടി രൂപയും മത്സരത്തിന്റെ ഗതി ആര്‍ക്കും അനുമാനിക്കാവുന്നതേയുള്ളൂ. ബാങ്ക്‌ ലയനം യഥാര്‍ത്ഥത്തില്‍ ചിലവ്‌കുറച്ച്‌ ലാഭം കൂട്ടുവാനുള്ള ഒരു വ്യായാമമാണ്‌. സേവനം എന്ന ലക്ഷ്യം ഉപേക്ഷിക്കുന്നു. ശാഖകള്‍ പൂട്ടുകയും ആള്‍ശേഷി വെട്ടികുറക്കുകയും വേതന പരിഷ്‌കരണം തടസ്സപ്പെടുത്തുകയും ചെയ്‌തുകൊണ്ടാണ്‌ ചിലവ്‌ കുറക്കുന്നത്‌. രാഷ്‌ട്രത്തിന്റെ സാമൂഹ്യ-സാമ്പത്തിക സാഹചര്യം പരിഗണിക്കാതെ സാങ്കേതികവിദ്യ മൊത്തമായി ഇറക്കുമതി ചെയ്‌ത്‌ അനുകരിക്കുന്നതും ആപല്‍ക്കരമായിരിക്കും. സോഫ്‌റ്റ്‌വെയര്‍ പാക്കേജ്‌ രംഗത്ത്‌ ആഭ്യന്തരവൈദഗ്‌ധ്യം ഉപയോഗപ്പെടുത്താനോ, വികസിപ്പിക്കുവാനോ അധികാരികള്‍ ശ്രദ്ധിക്കുന്നില്ല. യന്ത്രസംവിധാനം സ്ഥാപിക്കുവാനും ഇടക്കിടക്ക്‌ നവീകരിക്കാനും വരുന്ന ഭീമമായ തുക രാഷ്‌ട്രത്തിന്‌ താങ്ങാനാവുന്നതിനപ്പുറത്താണ്‌. ഇടപാടുകാരില്‍നിന്ന്‌ അധിക ഫീസ്‌ ചുമത്തി ഈ ചെലവിന്‌ പണം കണ്ടെത്തുന്ന രീതിയാണ്‌ അവലംബിച്ചുവരുന്നത്‌. ആദ്യ തലമുറയില്‍പെട്ട ഇടപാടുകാര്‍ ബാങ്കുകളെ ഉപേക്ഷിച്ചുപോകുവാന്‍ ഇത്‌ കാരണമാവുന്നു. 21-ാം നൂറ്റാണ്ടില്‍ സാങ്കേതിക വിദ്യയുടെ പുരോഗതിയെ ആശ്രയിക്കാതെ ബാങ്കുകള്‍ക്ക്‌ പ്രവര്‍ത്തിക്കാനാവുമെന്നതും വിശ്വസിക്കുകയില്ല. എങ്കിലും അനവസരത്തിലുള്ളതും ഭാരിച്ച ചിലവു വരുന്നതുമായ സംവിധാനങ്ങള്‍ക്ക്‌ പകരമായി തദ്ദേശിയമായ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളൊന്നുംതന്നെ നിര്‍ഭാഗ്യവശാല്‍ അധികാരികളുടെ ഭാഗത്തുനിന്ന്‌ കാണുന്നില്ല.
ഒന്നര പതിറ്റാണ്ടുകാലത്തെ ബാങ്കിങ്‌ പരിഷ്‌കാരങ്ങളുടെ ആകെതുക ജനകീയ ബാങ്കിങ്ങില്‍നിന്ന്‌ വരേണ്യ ബാങ്കിങ്ങിലേക്കുള്ള വ്യക്തമായ വ്യതിയാനമാണ്‌. സാധാരണക്കാരെയും ഗ്രാമീണ കര്‍ഷകരെയും പടിപടിയായി ഔപചാരിക ബാങ്കിങ്ങ്‌ സംവിധാനത്തില്‍നിന്ന്‌ അകറ്റിക്കൊണ്ടിരിക്കുകയാണ്‌. അയ്യായിരത്തോളം ഗ്രാമീണശാഖകള്‍ അടച്ചുപൂട്ടുകയും, ചെറുകിട വായ്‌പകളുടെ (25000 രൂപയില്‍ താഴെ) എണ്ണം കോടിക്കണക്കിന്‌ കുറയുകയും ചെയ്‌തത്‌ ഈ കാലഘട്ടത്തിലാണ്‌. ഈ പഴുത്‌ ഉപയോഗിച്ചുകൊണ്ട്‌ പഴയ വട്ടിപ്പണക്കാരെയും ഹുണ്ടികക്കാരെയും ഗ്രാമീണവായ്‌പാ ആവശ്യമേഖലകളില്‍ വിന്യസിപ്പിക്കാനാണ്‌ ``മൈക്രോ ഫൈനാന്‍സ്‌'' എന്ന പുതുസിദ്ധാന്തം അവതരിപ്പിക്കുന്നത്‌. ബംഗ്ലാദേശ്‌ ഗ്രാമീണ ബാങ്കിന്റെ സ്ഥാപകന്‌ ഒരു നോബല്‍ സമ്മാനം കൊടുത്തുകൊണ്ട്‌ മൈക്രോ ക്രെഡിറ്റിന്റെ ബഹുമാന്യതയും സ്വീകാര്യതയും അംഗീകരിപ്പിക്കാനുള്ള ഒരു വഴികൂടി തുറന്നിരിക്കുന്നു. ലോകബേങ്കിന്റെ കടക്കെണിയില്‍നിന്നും വിനാശകരമായ നിബന്ധനകളില്‍നിന്നും കുതറിമാറാനുള്ള വെമ്പല്‍ കൂടുതല്‍ രാജ്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇത്‌ സൃഷ്‌ടിക്കുന്ന അധികപണം മൈക്രോഫിനാന്‍സ്‌ എന്ന പുതിയ ചാനല്‍വഴി തിരിച്ചുവിടാനുള്ള ശ്രമവും കൂട്ടിവായിക്കേണ്ടതാണ്‌. ഇന്ത്യാഗവണ്‍മെന്റ്‌ ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാനെന്ന വ്യാജേന ഈ പദ്ധതിക്ക്‌ നിയമപരമായ അംഗീകാരം കൊടുത്ത്‌ വ്യാപിപ്പിക്കുവാനാണ്‌ നീക്കംനടത്തുന്നത്‌. ഹുണ്ടികക്കാര്‍ക്ക്‌ നിയമസാധുത നല്‍കാനായി 'ങീില്യ ഘമിറലൃ മരരൃലറശലേറ & ഘീമി ജൃീ്‌ശറലൃ െമര'േ എന്ന നിയമവും ഗവണ്‍മെന്റ്‌ കൊണ്ടുവരുന്നുണ്ട്‌.
എവിടെയും കൂടുകൂട്ടാന്‍ പറന്നുനടക്കുന്ന മൂലധന ശക്തികള്‍ക്കായി വാതില്‍ മലര്‍ക്കെ തുറന്നുവെച്ച ഭരണവര്‍ഗം, അതിനെ പ്രതിരോധിക്കുന്ന സംഘടിത ശക്തിക്കെതിരെ നാളിതുവരെ കാണാത്ത രീതിയിലുള്ള വജ്രായുധങ്ങള്‍ പ്രയോഗിക്കുന്നു. ആഗോളവല്‍ക്കരണം സൃഷ്‌ടിച്ചുവിടുന്ന വിസ്‌മയകാഴ്‌ചകളില്‍ മയങ്ങി വര്‍ഗനിലപാടുകളുടെ അതിരുകള്‍ തിരിച്ചറിയാനുള്ള ആര്‍ജ്ജവംപോലും പലര്‍ക്കും നഷ്‌ടപ്പെടുന്നു. പലരും പകച്ചുനില്‍ക്കുന്നു, അടിയറവ്‌ പറയുന്നു. ഈ സ്ഥിതിവിശേഷം തരണം ചെയ്യുന്നതിനും രാജ്യത്തിന്റെ പരമാധികാരം വീണ്ടും വിദേശശക്തികളുടെ കൈകളിലെത്തിച്ചേരുന്നത്‌ തടയാനും ശത്രുവിന്റെ നീക്കങ്ങളുടെ യഥാര്‍ത്ഥമുഖം തിരിച്ചറിയണം. ഒപ്പം എല്ലാ ജനവിഭാഗങ്ങളേയും ഒന്നിച്ചുനിര്‍ത്തി പ്രതിരോധിക്കണം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പം ഈ മേഖലയിലെ സംഘടനകള്‍ക്കും സാധ്യമാവണം. അതിനായി ബാങ്കിങ്‌ രംഗത്ത്‌ മുഴുവന്‍ ജീവനക്കാരും അന്തസ്സുറ്റ തൊഴിലാളിയും ഒപ്പം പോരാളിയുമാവണം. ഇല്ലെങ്കില്‍ ഭാവിതലമുറ മറ്റൊരു സ്വാതന്ത്ര്യസമരത്തിന്‌ തയ്യാറാകേണ്ടതായിവരും.

 

No comments:

Post a Comment