Saturday, May 9, 2009

കര്‍ക്കടക വാവ്‌

ചെറുകഥ

കര്‍ക്കടക വാവ്‌

കെ. നിത്യാനന്ദ്‌ ,DGM

പരലോകത്തിന്റെ പുറംവാതില്‍ വര്‍ഷത്തിലൊരിക്കല്‍ തുറന്നുകിട്ടുന്നതും കാത്ത്‌ മിഴിനട്ടിരിക്കുന്ന ആത്മാക്കള്‍. അവരുടെ മുഖത്ത്‌ പരോളിലിറങ്ങുന്ന തടവുകാരന്റെ ആവേശം. മനസ്സില്‍ പ്രിയമുള്ളവരൊത്തുള്ള പുനസ്സമാഗമത്തിന്റെ തിടുക്കം. കാത്തിരിപ്പിന്റെ തിടുക്കം. കാത്തിരിപ്പിന്റെ നിമിഷങ്ങളുടെ ഒച്ചിന്റെ വേഗതയെ അവര്‍ ശപിച്ചു.
അറ്ററ്റുപോകുന്ന ബന്ധത്തിന്റെ കണ്ണികള്‍, അതിന്റെ നിരര്‍ത്ഥകത, ഭൂമിയിലേയ്‌ക്കുള്ള യാത്ര ഒരു ചടങ്ങായി മാറുന്നുവോ അവരിലൊരാത്മാവായ ഭാസ്‌കരേട്ടന്‍ ഭയപ്പെട്ടു.
എന്താ ഈ വര്‍ഷം ഒരുണര്‍വില്ലായ്‌മ? പൊടുന്നനെയുള്ള ആ ചോദ്യം ഭാസ്‌കരേട്ടനെ ചിന്തകളില്‍നിന്നും തട്ടിയുണര്‍ത്തി. മനസ്സിലെ ചിന്തകളെ എത്ര പെട്ടെന്ന്‌ മറ്റുള്ളവര്‍ വായിച്ചെടുക്കുന്നു, ഭാസ്‌കരേട്ടന്‍ ചിന്തിച്ചു.
മനസ്സ്‌ ഓര്‍മ്മകളിലേയ്‌ക്ക്‌ തെന്നിവീണു. യാതനകള്‍ ശരശയ്യ ഒരുക്കുന്ന ജീവിതാവസാനകാലം, ദേഹത്തോടു ഇണപിരിയാന്‍ മടിക്കുന്ന ജീവന്‍. മരണത്തിന്റെ കാലൊച്ചകള്‍ക്ക്‌ കാതോര്‍ത്തുകിടക്കുമ്പോള്‍ മനസ്സില്‍ മുള പൊട്ടിയ ഒരാഗ്രഹം, രുചിച്ചുനോക്കാന്‍ ഒത്തിരി ചെമ്മീന്‍കറി കിട്ടിയിരുന്നെങ്കില്‍.....!~
ആഗ്രഹം ജാനുവിനോടു പറഞ്ഞു. അവളുടെ കണ്ണുകള്‍ നിറഞ്ഞു. പോയകാലത്തിന്റെ ഓര്‍മ്മകളില്‍, വലിയനാരന്‍ ചെമ്മീന്‍ പൊന്നിന്‍വിലകൊടുത്ത്‌ വാങ്ങി വരാറുള്ള ഭര്‍ത്താവ്‌. ആ ഓര്‍മ്മകള്‍ ജാനുവിനെ നൊമ്പരപ്പെടുത്തിയിരിക്കണം.
എവിടെനിന്നോ ജാനു ചെമ്മീന്‍ കരസ്ഥമാക്കി. മുളകിട്ട ചോരനിറമുള്ള കറിയില്‍ ചുരുണ്ടുകിടക്കുന്ന ചെമ്മീന്‍. ഭാസ്‌കരേട്ടന്റെ കണ്ണുകള്‍ അതുകണ്ടു വിടര്‍ന്നു. ചുണ്ടുകള്‍ താനെ നനഞ്ഞു.
ചെമ്മീന്‍കറി ഒരുതുള്ളി വിരളില്‍ തൊട്ടു ഭാസ്‌കരേട്ടന്റെ ചുണ്ടുകളില്‍ വെച്ചില്ല. അതിനുമുമ്പ്‌ ജാനുവിന്റെ കൈ തട്ടിമാറ്റപ്പെട്ടു. `അച്ഛനെ കൊല്ലാന്‍ പോവ്വാണോ' മകന്റെ ചോദ്യത്തിനു മുമ്പില്‍ അമ്മയുടെ തല കുനിഞ്ഞു. മരുന്നല്ലാതെ മറ്റൊന്നും കൊടുക്കരുതെന്ന ഡോക്‌ടറുടെ ശാസന മറികടക്കുന്ന കുറ്റബോധം.
തട്ടിവീണു തറയില്‍ ചിതറികിടക്കുന്ന ചെമ്മീന്‍കറി. അതു തുടച്ചുനീക്കുന്നതിനിടയില്‍ ഉയര്‍ന്ന ജാനുവിന്റെ അടക്കിയ തേങ്ങല്‍. കിടന്ന കിടപ്പില്‍ ഭാസ്‌കരേട്ടനു കേള്‍ക്കാമായിരുന്നു.
വിധിയുടെ നിര്‍വ്വഹണത്തിനു ദിവസങ്ങള്‍ ഇഴഞ്ഞുനീങ്ങിയപ്പോള്‍ നിറംമങ്ങിയ പ്രതീക്ഷയുടെ മുഖംനോക്കി ഡോക്‌ടര്‍ പറഞ്ഞു. ഇനി രോഗിക്ക്‌ ഇഷ്‌ടമുള്ളത്‌ കൊടുക്കാം.
സമ്മതത്തിനായി ജാനു ഭര്‍ത്താവിന്റെ മുഖത്തേക്കു നോക്കി. വെളിച്ചം വിട പറഞ്ഞ കണ്ണുകളില്‍ വിളറിയ ചുണ്ടുകളില്‍ ഇനി എന്തിനെന്ന ദൈന്യതയുടെ നേരിയ ഹാസ്യം.
എങ്കിലും ജാനുവിന്റെ അടുപ്പില്‍ വീണ്ടും ചെമ്മീന്‍കറി തിളച്ചു. പക്ഷെ വെന്തുമാറ്റുന്നതിനുമുമ്പ്‌ ഭാസ്‌കരേട്ടന്റെ മുറിയില്‍നിന്നും കൂട്ടക്കരച്ചില്‍ ഉയര്‍ന്നുകഴിഞ്ഞിരുന്നു.
പോയകാലത്തില്‍നിന്നും ഭാസകരേട്ടന്റെ മനസ്സ്‌ തിരിച്ചുകയറി. കഴിഞ്ഞവര്‍ഷം വരെ കര്‍ക്കിടകവാവുകളില്‍ തനിക്കേറെ പ്രിയപ്പെട്ട ചെമ്മീന്‍കറിയും അകത്തുവെച്ചുതന്നെ കാത്തിരുന്ന ജാനു. അവളുടെ മരണത്തിന്റെ ഒരാണ്ടു തികയാത്തതിനാല്‍ ആത്മാവ്‌ ഇഹപരലോകങ്ങള്‍ക്കിടയില്‍ എവിടെയോ അലയുകയാവും. ഭാസ്‌കരേട്ടന്റെ ചിന്തകളും കടിഞ്ഞാണില്ലാതെ അലഞ്ഞു.
അതിനിടയില്‍ ഭൂമിയിലേക്കുള്ള ഗോപുരവാതില്‍ തുറക്കുന്ന ശബ്‌ദം! ആത്മാക്കളെല്ലാം ആരവത്തോടെ അവിടേക്ക്‌ കുതിച്ചു. അവര്‍ക്കിടയില്‍ ഒഴുക്കിലൊരു മരത്തടിപോലെ ഒഴുകുമ്പോള്‍ ഭാസ്‌കരേട്ടന്റെ ആത്മാവ്‌ തിരയുകയായിരുന്നു. മനസ്സുകൊണ്ട്‌ ജാനുവിനെ.. 

No comments:

Post a Comment