Saturday, May 9, 2009

അഴിമതിയും ധൂര്‍ത്തും..

അഴിമതിയും ധൂര്‍ത്തും സമൂഹത്തിലെ ക്യാന്‍സറാവുമ്പോള്‍
അഡ്വ: കെ.പി.ബഷീര്‍,ഡയറക്‌ടര്‍

ചികിത്സിച്ചു മാറ്റാനാവാത്ത നിലയില്‍ അഴിമതി ഒരു ക്യാന്‍സര്‍ ആയി മാറിയ സമൂഹത്തിലാണ്‌ നാം ജീവിക്കുന്നത്‌. ചില പ്രധാന മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം. നീതിന്യായ സംവിധാനത്തിലെ ചില ഉന്നത ജഡ്‌ജിമാര്‍ക്കെതിരെ അഴിമതി കഥകള്‍, ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ്‌ മെമ്പര്‍മാരായ ചിലര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന്‌ നടത്തിയ അഴിമതിക്കഥകള്‍, മന്ത്രിസഭയെ രക്ഷിക്കാന്‍ കാലുമാറി വോട്ടുചെയ്‌തവര്‍ക്ക്‌ നല്‌കിയ കോടികളുടെ കഥകള്‍- ഇനിയും കേള്‍ക്കാനിരിക്കുന്ന ഞെട്ടലുണ്ടാക്കാനിടയുള്ള അഴിമതികള്‍. സ്വതന്ത്ര ഇന്ത്യയുടെ അറുപത്തിഒന്നു വര്‍ഷത്തെ നേട്ടങ്ങളുടെ ബാലന്‍സ്‌ഷീറ്റില്‍ അഴിമതിക്കഥകള്‍ക്കാണ്‌ മുന്‍തൂക്കം.
സാധാരണ ജനങ്ങള്‍ ദുരിതങ്ങളുടെ ഭാണ്‌ഡവും പേറി നീതിക്കുവേണ്ടി കയറിയിറങ്ങുന്ന സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ഓഫീസുകളിലേക്ക്‌ കണ്ണോടിക്കുന്നവര്‍ക്ക്‌ കേള്‍ക്കാന്‍ കഴിയുന്നത്‌ വിലാപങ്ങളുടെ കഥകളാണ്‌. ഫയല്‍ കൂമ്പാരങ്ങള്‍ക്കു മുമ്പിലിരുന്ന്‌ ഫലിതം പറഞ്ഞു രസിക്കുന്നവര്‍ തന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്നവന്റെ ദുരിതം മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല. `നാളെ വരൂ, ``ഫയല്‍ പുട്ട്‌അപ്പ്‌ ചെയ്‌തില്ല'', ``സ്റ്റെനോ ലീവാണ്‌'', ``ബില്‍ഡിങ്‌ ഇന്‍സ്‌പെക്‌ടര്‍ ഫീല്‍ഡിലാണ്‌'' തുടങ്ങി നൂറുകണക്കിന്‌ മറുപടികള്‍ കേട്ട്‌ പാവം കോമരങ്ങള്‍ ഓഫീസുകളുടെ പടിവാതിലുകളില്‍ കിടന്നുപിടയുന്നു.
`നീതി വൈകിയെത്തുന്നത്‌ നീതി നിഷേധിക്കുന്നതിന്‌ തുല്യമാണെ'ന്നാണ്‌ ആപ്‌തവാക്യം. ഇവിടെ നീതി വൈകിയെത്തുകയല്ല. മരിക്കുകയാണ്‌, അതിനെ നിഷ്‌കരുണം കൊല്ലുകയാണ്‌. നീതിദേവതയെ തടവറയിലിട്ട്‌ പൂട്ടി താക്കോലും കക്ഷത്തുവെച്ച്‌ ഓഫീസുകളിലിരുന്ന്‌ ചീട്ടുകളിക്കുന്ന രംഗം നാം ചിലയിടങ്ങളില്‍ കാണുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ ചില കങ്കാണിമാരായവര്‍ക്ക്‌ മേച്ചില്‍ സ്ഥലങ്ങള്‍. ഓഫീസ്‌ വിട്ടിറങ്ങുമ്പോള്‍ ചിലരുടെ മുഖത്ത്‌ കാണുന്ന സന്തോഷത്തിന്റെ പുഞ്ചിരി മടിയിലൊളിപ്പിച്ചതിന്റെ കനമായി രൂപാന്തരപ്പെടുന്നു. അഴിമതി നടത്തുന്നവന്റെ അന്ത്യകൂദാശ നടത്താന്‍ ആളില്ലാത്ത ഈ നാടിന്റെ രോദനമാണ്‌ നാമിന്ന്‌ കേള്‍ക്കുന്നത്‌.
തന്റെ മുന്നില്‍ അപേക്ഷകളുമായി എത്തുന്നവര്‍ തന്റെ യജമാനനായ നികുതിദായകര്‍ (ഠമഃ ജമ്യലൃ) ആണെന്നുള്ള ബോധം ഉള്ളില്‍ തട്ടുന്ന ഉദ്യോഗസ്ഥന്‍ മാത്രമേ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ആത്മാര്‍ത്ഥത കാണിക്കുകയുളളൂ. ബ്രിട്ടീഷ്‌ ഭരണകാലത്തെ ശിപായിമാരും കങ്കാണിമാരും വൈസ്രോയിമാരുമാണ്‌ തങ്ങളിപ്പോഴും എന്ന്‌ വെച്ചുപുലര്‍ത്തുന്ന ചില ഉദ്യോഗസ്ഥ പ്രമാണിമാര്‍ ജനങ്ങളെ ശത്രുക്കളായി കാണുന്നുണ്ട്‌.
സ്വാതന്ത്ര്യം ലഭിച്ച്‌ 61 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വില്ലേജാഫീസ്‌ മുതല്‍ സെക്രട്ടറിയേറ്റ്‌ വരെയും മുന്‍സിഫ്‌ കോടതി മുതല്‍ സുപ്രീം കോടതിവരെയും ഹെല്‍ത്ത്‌ സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളേജാശുപത്രികള്‍ വരെയും പ്രശ്‌നപരിഹാരങ്ങള്‍ക്കും, ചികിത്സക്കും കയറിയിറങ്ങുന്ന ഇന്ത്യന്‍ പൗരന്മാരെ വെറും പ്രാണികളെപ്പോലെ കാണുന്ന സ്വഭാവം ചില ഉദ്യോഗസ്ഥന്മാര്‍ വെച്ചുപുലര്‍ത്തുന്നു. അത്തരം ഉദ്യോഗസ്ഥന്‍മാരെ സംരക്ഷിക്കല്‍ ഒരു തപസ്യയായി കൊണ്ടുനടക്കുന്ന ചില നേതാക്കളാണ്‌ അത്തരക്കാര്‍ക്ക്‌ ഉത്തേജക മരുന്ന്‌. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ (കജഇ) ഈ കുറ്റം പ്രേരണാകുറ്റവും ശിക്ഷാര്‍ഹവുമാണ്‌.
ജീംലൃ ഇീൃൃൗുെേ മിറ അയീെഹൗലേ ജീംലൃ ഇീൃൃലുെേ അയീെഹൗലേഹ്യ എന്നതാണ്‌ തത്വം. ഇന്ന്‌ രാഷ്‌ട്രീയ രംഗത്ത്‌ കടന്നുവരുന്ന പുത്തന്‍ നാമ്പുകള്‍ക്ക്‌ രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനം പട്ടുമെത്തയിലെ ശയനംപോലെ സുഖപ്രദമാണ്‌. `എങ്ങനെയെങ്കിലും ഒന്നു കയറിക്കൂടണം, ഏതു വിധേനയും പത്തു തുട്ടുണ്ടാക്കണം' എന്ന പൊതു മിനിമം പരിപാടി മാത്രമാണ്‌ അത്തരക്കാരില്‍ ചിലര്‍ക്കുള്ളത്‌. ഇതുമാത്രം ജീവിതലക്ഷ്യമാക്കി നടക്കുന്നവരുടെ ഹിഡ്ഡണ്‍ അജണ്ട (ഒശററലി അഴലിറമ) ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്‌. അവര്‍ അജണ്ട വിജയിപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നു. പണം വാരിയെറിഞ്ഞ്‌ പണംകൊയ്യുന്നു. അതിനുവേണ്ടി ബാങ്കുകളില്‍ പറമ്പും സ്വത്തും പണയപ്പെടുത്തി പണം സംഭരിക്കുന്നു.
ക്രിമിനല്‍ കുറ്റവാളികളായി പിടിക്കപ്പെടുന്നവര്‍പോലും ചുളുവില്‍ രക്ഷപ്പെടുന്ന കാഴ്‌ച സാധാരണക്കാരെ അലോസരപ്പെടുത്തുന്നു. അവര്‍ മാന്യ സദസ്സുകളില്‍ മുഖ്യാതിഥികളായി പ്രത്യക്ഷപ്പെടുന്നു. അവര്‍ക്ക്‌ പൂമാലയും ബൊക്കെയും പണക്കിഴികളും നല്‍കാന്‍ ചിലര്‍ മത്സരിക്കുന്നു. ഇന്ത്യന്‍ ശിക്ഷാനിയമങ്ങളെയും കോടതികളെപ്പോലും നോക്കുകുത്തികളാക്കി അവര്‍ രക്ഷപ്പെടുന്നു. ദൃശ്യമാധ്യമങ്ങള്‍പോലും അവരെ വെള്ളപൂശി മാന്യതയുടെ മൂടുപടമണിയിക്കുന്നു.
ഉന്നതമായ മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയ ബോധം മുറുകെപ്പിടിക്കുന്നവര്‍ ചില പുത്തന്‍ കുട്ടിനേതാക്കളെ നോക്കി മൂക്കത്ത്‌ വിരല്‍വെക്കുന്നു. എവിടെയാണ്‌ നമുക്ക്‌ തെറ്റിയത്‌? എന്താണ്‌ പോംവഴി? ഈ ചിന്തകള്‍ പഴയ തലമുറയില്‍പ്പെട്ട നമ്മുടെ ത്യാഗിവര്യന്മാരെ മാനസികമായി അസ്വസ്ഥരാക്കുന്നു. ദിശയറിയാതെ അലയുന്ന ചെറു തോണികള്‍പോലെ ഇന്ത്യയെന്ന മഹാസമുദ്രത്തില്‍ നാം അലയുന്നു.
ആത്മാര്‍ത്ഥതയുള്ള യുവനേതൃത്വത്തെ വാര്‍ത്തെടുക്കാന്‍ നമുക്ക്‌ കഴിയണം. ഏല്‌പിക്കുന്ന ജോലികള്‍ കൃത്യമായി നിര്‍വഹിക്കുന്നവരുടെ പട നിരയായി അവരെ വളര്‍ത്തണം. പാടത്തു കിളക്കാന്‍ പറഞ്ഞാല്‍ കിളക്കുന്നവന്‍, പടനയിക്കാന്‍ പറഞ്ഞാല്‍ പടവെട്ടുന്നവര്‍, അവിശുദ്ധമായതു നേരില്‍ കണ്ടാല്‍ തുറന്നെതിര്‍ക്കുന്നവന്‍-ഇത്തരത്തില്‍ ലാഭക്കൊതിയില്ലാതെ പ്രവര്‍ത്തിക്കുന്ന നേതൃത്വനിരയുണ്ടാകണം.
അഴിമതിപോലൊരു മറ്റൊരു മഹാവ്യാധിയാണ്‌ ധൂര്‍ത്ത്‌. ഏറ്റവും ധൂര്‍ത്തു നടത്തുന്നവനെ ചിലര്‍ പ്രമാണിയായി കാണുന്നു. ധൂര്‍ത്ത്‌ നടത്തി പൊതുമുതല്‍ കൊള്ളയടിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. കുട്ടി ജനിക്കുന്ന നിമിഷം മുതല്‍ വിവാഹമണ്‌ഡപങ്ങള്‍വരെയും, മാത്രമല്ല ശവസംസ്‌കാരംവരെയും ധൂര്‍ത്താണ്‌. വിവാഹങ്ങള്‍ ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുന്നു. ആദര്‍ശം പ്രസംഗിക്കുന്നവര്‍പോലും മക്കളുടെ കല്യാണങ്ങള്‍ മാമാങ്കങ്ങളാക്കുന്നു. നേതാക്കള്‍ മാതൃക കാട്ടുന്നതിനുപകരം ധൂര്‍ത്തിനൊപ്പം ഒഴുകുന്നു. ധൂര്‍ത്തിനെതിരായ പ്രസംഗം മാത്രംപോര. പ്രവൃത്തിയും ഒപ്പം വേണം.
ഇതാ ഇവിടെ ഒരു മന്ത്രി. സഹകരണ-ദേവസ്വം വകുപ്പ്‌മന്ത്രി ജി. സുധാകരന്‌ മന്ത്രിയെന്ന നിലയില്‍ അദ്ദേഹം കാഴ്‌ചവെക്കുന്ന പ്രവര്‍ത്തനം മാതൃകാപരമാവുന്നു. അനാവശ്യമായ വിമാനയാത്രകള്‍ ഒഴിവാക്കിയും ചായ സല്‍ക്കാരങ്ങള്‍ കുറച്ചും അദ്ദേഹം മഹനീയമായ ഒരു മാതൃക സൃഷ്‌ടിച്ചിരിക്കുന്നു.
കേരളത്തിലെ മന്ത്രിമാരില്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിനുള്ളില്‍ ഒരിക്കല്‍പോലും വിമാനയാത്ര നടത്താത്ത ഒരേ ഒരു മന്ത്രി ജി.സുധാകരന്‍ ആണെന്ന്‌ നിയമസഭയുടെ ചര്‍ച്ചയില്‍ നാം മനസ്സിലാക്കി. മാത്രമല്ല അദ്ദേഹം നടത്തിയ വിരുന്നുസല്‍ക്കാരച്ചിലവ്‌ അമ്പതിനായിരം രൂപയില്‍ താഴെ മാത്രവും.
ഒരു മന്ത്രിയെന്ന നിലയില്‍ ധാരാളം വിമാനയാത്രക്ക്‌ ചാന്‍സുകള്‍ ഉണ്ട്‌. ചാന്‍സുകള്‍ ഇല്ലെങ്കില്‍ ഉണ്ടാക്കി പോകുന്നവരുമുണ്ട്‌. ഇവിടെയാണ്‌ മന്ത്രി സുധാകരന്റെ ധൂര്‍ത്തിനെതിരെയുള്ള ഒരു മനസ്സ്‌ അദ്ദേഹത്തിലുണ്ട്‌ എന്ന്‌ നാം മനസ്സിലാക്കുന്നത്‌.
1970 മുതല്‍ ജി. സുധാകരനെന്ന വിദ്യാര്‍ത്ഥി നേതാവിനെ ഈ ലേഖകന്‌ പരിചയമുണ്ട്‌. ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്‌. അടിയന്തിരാവസ്ഥക്കാലങ്ങളില്‍ എസ്‌.എഫ്‌.ഐ. വിദ്യാര്‍ത്ഥിസംഘടനയുടെ സംസ്ഥാന കമ്മറ്റിയില്‍ അദ്ദേഹത്തോടൊപ്പം ഈ ലേഖകനും അംഗമായിരുന്നു. ഏതു പ്രശ്‌നത്തിലും തന്റെ ഉറച്ച നിലപാടില്‍നിന്നും വ്യതിചലിക്കാന്‍ കൂട്ടാക്കാതെ സംഘടനാതത്വം മുറുകെ പിടിക്കുന്നതില്‍ ജി. സുധാകരന്‍ മുമ്പിലായിരുന്നു.
ചിലര്‍ ധരിക്കുന്നതുപോലെ വെട്ടിത്തുറന്ന്‌ അഭിപ്രായം പ്രകടിപ്പിക്കുന്ന സ്വഭാവം ജി. സുധാകരനുണ്ടായത്‌ മന്ത്രിയായപ്പോളല്ല. അഭിപ്രായം തുറന്നു പറയുകയും, വിമര്‍ശിക്കേണ്ടവരെ മുഖംനോക്കാതെ വിമര്‍ശിക്കുകയും എന്നത്‌ വിദ്യാര്‍ത്ഥി നേതാവായിരിക്കുമ്പോഴേ അദ്ദേഹത്തിന്റെ സ്വഭാവമാണ്‌. തന്റെ സ്ഥാനങ്ങള്‍ നഷ്‌ടപ്പെടുമോ എന്ന ഭയവും അദ്ദേഹത്തിന്റെ നിഘണ്ടുവിലില്ല. കരുത്തുറ്റ നേതൃത്വപാടവം കൊണ്ട്‌, ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം കൊണ്ടുമാണ്‌ സുധാകരന്‍- ജി.സുധാകരനെന്ന മന്ത്രിയായത്‌.
ഒരാള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ആത്മാര്‍ത്ഥത തെളിയിച്ചാലേ ഈ നാടിന്റെ മുഴുവന്‍ സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റാന്‍ കഴിയുകയുള്ളൂ.
ധൂര്‍ത്തിന്റെ പര്യായമായി മാറാതിരിക്കാന്‍ സഹകരണമേഖലയിലും സജീവമായ ചര്‍ച്ചയും തീരുമാനങ്ങളുമുണ്ടാകണം. നമ്മുടെ സഹകരണ വാരാഘോഷങ്ങളും സഹകരണകോണ്‍ഗ്രസ്സുകളിലും ഔദ്യോഗിക പരിപാടികളിലും ധൂര്‍ത്ത്‌ കടന്നുകൂടുന്നുണ്ട്‌ എന്നത്‌ ഒരു സത്യമാണ്‌. ഇത്തരം ധൂര്‍ത്തുകള്‍ ഒഴിവാക്കി മാതൃകാപരമായ നടപടികള്‍ സ്വീകരിക്കാന്‍ സഹകരണപ്രസ്ഥാനത്തിന്റെ സാരഥികള്‍ ശ്രദ്ധിക്കണം.
സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങളുടെ അക്ഷയഖനികളാണ്‌. നിരന്തര പ്രയത്‌നങ്ങളിലൂടെയും ആയിരക്കണക്കിന്‌ സഹകാരികളുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെയുമാണ്‌ സഹകരണ പ്രസ്ഥാനത്തിന്‌ ജനവിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞത്‌.
അഴിമതിയും ധൂര്‍ത്തും ലവലേശം തൊട്ടുതൊടാത്ത ഒരു വടവൃക്ഷമായി സഹകരണപ്രസ്ഥാനം വളരണം. 

No comments:

Post a Comment