Saturday, May 9, 2009

അസീസ്‌ ഒരനുസ്‌മരണം

അനുസ്‌മരണം
അസീസ്‌ ര്‍മകളീല്‍ ...
വി. ബാബുരാജ്‌. 

‘ജീവിതത്തിന്റെ ദുരന്തപൂര്‍ണ്ണമായ വിധി'  ആകസ്‌മിക മരണത്തെ ഇനിയും ചെറിയ വാക്കില്‍ ഒതുക്കി പറയുവാന്‍ തീര്‍ത്തും പ്രയാസമാണ്‌. മരണം എപ്പോഴും നമ്മള്‍ ഓരോരുത്തരോടൊപ്പവുമുണ്ട്‌. രംഗബോധമോ ഔചിത്യതയോ കാണിക്കാതെ മരണം നമ്മുടെ വേണ്ടപ്പെട്ടവരെ ഓരോരുത്തരെയായി തട്ടിമാറ്റുന്നു. ഏറ്റവും അടുത്തവരുടെ വേര്‍പാട്‌ ബന്ധുമിത്രാദികളായ നാം ദു:ഖം പങ്കിട്ടും അനുശേചനം രേഖപ്പെടുത്തിയും സമാധാനിക്കുന്നു. കാലത്തിന്റെ ചലനവേഗതക്കൊത്ത്‌ മറവി എന്ന അനുഗ്രഹീത സഹചാരി നമുക്ക്‌ കൂട്ടിനെത്തുമ്പോള്‍ ദുരന്തമരണങ്ങളുടെ വേര്‍പാടിന്റെ തീവ്രമായ വേദനകാലം കഴിയുന്തോറും നേര്‍ത്തുവരുന്നു.
കാലം എത്രവേഗത്തില്‍ സഞ്ചരിച്ചാലും ഈ ബേങ്കും ഇന്നാട്ടുകാരും കാലയവനികക്കുള്ളില്‍ നേരത്തെ മറഞ്ഞ്‌പോയ നമ്മുടെ സഹപ്രവര്‍ത്തകനായ അബ്‌ദുള്‍ അസീസ്‌ എന്ന അസീസിനെ മറക്കില്ല. ഈ വേളയില്‍ അസീസിനെ കുറിച്ച്‌ പറയുവാന്‍ പരിചയത്തിന്റെ പഴക്കം നോക്കുമ്പോള്‍ കുറഞ്ഞ യോഗ്യതയെ എനിക്കുള്ളൂ എന്നറിയാം. അദ്ദേഹത്തെപറ്റി കൂടുതലായി സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഇതിലും നന്നായി പറയാന്‍ കഴിയുമെന്നും എനിക്കറിയാം. മുഖ്യ കാര്യാലയത്തില്‍ വായ്‌പാവിഭാഗത്തില്‍ കുറഞ്ഞ കാലയളവില്‍ മാത്രം ഇരിക്കാന്‍ അവസരം ലഭിച്ച എനിക്ക്‌ അസീസുമായി നേരിട്ട്‌ ഇടപഴകാന്‍ കഴിഞ്ഞത്‌ കുറഞ്ഞ അവസരങ്ങളില്‍ മാത്രമാണെങ്കിലും ഓരോ ഇടപഴകലുകളും ഒരുപിടി നല്ല അനുഭവങ്ങള്‍ എനിക്ക്‌ നല്‌കിയിട്ടുണ്ട്‌.
ജില്ലാ സഹകരണ ബേങ്കില്‍ നിയമന ഉത്തരവുകളുമായി വിവിധ സ്ഥാപനങ്ങളില്‍നിന്നും, പുതുതായും ജോലിയില്‍ പ്രവേശിച്ച അമ്പതില്‍ താഴെ പേരില്‍ ഞാനടക്കം ചിലര്‍ക്ക്‌ മുഖ്യ കാര്യാലയത്തില്‍ ജോലി ചെയ്യുവാനുള്ള അവസരം ലഭിച്ചു. കണക്കെഴുത്തുരീതിയിലെ കാതലായ മാറ്റങ്ങള്‍ ഉള്‍പെടെയുള്ള ചില കാരണങ്ങളാല്‍ നമ്മുടെ സ്ഥാപനത്തിന്റെ വളര്‍ച്ചാനിരക്കില്‍ ഇടിവ്‌ വന്നപ്പോള്‍ ആശങ്കപ്പെട്ടവരുടെ ചോദ്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നേരെ മുഖം കൊടുക്കുവാനും വീഴ്‌ചകള്‍ തിരുത്തി യോജിച്ച്‌ കൂട്ടായി പ്രവര്‍ത്തിക്കേണ്ട ആവശ്യകത സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാനും അസീസ്‌ മുന്‍പന്തിയിലുണ്ടായിരുന്നു. ബേങ്കിന്റെ വരുമാനമാര്‍ഗ്ഗങ്ങള്‍ കൂട്ടേണ്ടതിനെ കുറിച്ചും തകര്‍ച്ചയെ നേരിടുന്ന കയര്‍, കൈത്തറി മേഖലയെ കൂടുതല്‍ വായ്‌പ നല്‌കി ശക്തിപ്പെടുത്തുന്നതിനെപറ്റിയും മിതഭാഷിയെന്ന്‌ തോന്നിക്കുന്ന അസീസ്‌ പല സന്ദര്‍ഭങ്ങളിലും വാചാലനാകാറുണ്ടായിരുന്നു.
ബേങ്ക്‌ മെന്‍സ്‌ ടൂറില്‍ പങ്കെടുക്കുവാനായി കുറെ ദിവസത്തെ ലീവെടുത്ത്‌ പോകാന്‍ ഒരുങ്ങിയപ്പോള്‍ ഒരു സഹായിയായി മാത്രം കഷ്‌ടിച്ച്‌ രണ്ടാഴ്‌ച സൊസൈറ്റി ലോണ്‍ വിഭാഗത്തില്‍ ഇരുന്ന എന്നോട്‌ അസീസ്‌ പറഞ്ഞു `സ്റ്റാഫ്‌ ലോണ്‍ അപേക്ഷകളില്‍ സംശയമുണ്ടെങ്കില്‍ താഴെ പറഞ്ഞ്‌ അനുവദിച്ച്‌ കൊടുക്കുവാന്‍ താമസംവരുത്തരുത്‌. സൊസൈറ്റി ഫയലുകള്‍ ശ്രദ്ധയോടെ ഓടിച്ച്‌ നോക്കിയാല്‍ ചെയ്യാന്‍ പറ്റുന്നതേ ഉള്ളൂ. നിങ്ങള്‍ക്കതിന്‌ കഴിയും. സൊസൈറ്റികളില്‍ നിന്നുള്ള സംശയങ്ങള്‍ക്ക്‌ നല്ലരീതിയില്‍ മറുപടി പറയണം. സഹജീവനക്കാരനില്‍ പ്രവൃത്തി ചെയ്യാനുള്ള കഴിവ്‌ പെട്ടെന്ന്‌ ഉള്‍കൊള്ളാന്‍ കഴിഞ്ഞ അസീസ്‌ വലിയൊരു ജോലിഭാരം എന്നെ ഏല്‌പിച്ച്‌ പോയത്‌ യാതൊരു ആശങ്കയും കൂടാതെയായിരുന്നു. സഹകരണസ്ഥാപനങ്ങളുടെ നായകബേങ്ക്‌ എന്ന്‌ അവകാശപ്പെട്ടിരുന്ന നമ്മള്‍ പലപ്പോഴും, സംഘങ്ങളോടും ഇടപാടുകാരോടും കാണിക്കാറുള്ള സമീപനം മോശമായിരുന്നുവെന്ന ദു:ഖസത്യം അന്ന്‌ അസീസിന്റെ ശബ്‌ദത്തില്‍ തളംകെട്ടി നിന്നതായി ഞാനിന്നും ഓര്‍ക്കുന്നു. നന്മ നിറഞ്ഞ സ്‌നേഹത്തിന്റെ മാന്യതയുടെ ഒരു മുഖം അന്ന്‌ അദ്ദേഹത്തില്‍ എനിക്ക്‌ കാണാന്‍ കഴിഞ്ഞു. ആ സെക്ഷനില്‍ അസീസ്‌ കൈകാര്യം ചെയ്‌തിരുന്ന ഫയലുകളുടെ അടുക്കും ചിട്ടയും കണ്ട്‌ എനിക്ക്‌ അത്ഭുതം തോന്നി. തൊണ്ടും, ചകിരിയും ശോഷിച്ച കൈകൊണ്ട്‌ തല്ലിയും, ജീവിതാവസാനംവരെ ചുമച്ചുകൊണ്ട്‌ നൂല്‍നെയ്‌ത്തുമായി ദുരിതജീവിതം തള്ളിനീക്കുന്ന നൂറ്‌ കണക്കിന്‌ പാവപ്പെട്ടവന്റെ വിശപ്പിന്റെ നൊമ്പരം ആ അടുക്കിവെച്ച ഫയലുകളില്‍ ഉണ്ടെന്ന്‌ എനിക്ക്‌ തോന്നി. പാവപ്പെട്ടവരുടെ ജീവിതവിധി നിര്‍ണയിക്കുന്ന ഫയലുകള്‍ ഒന്നില്‍ കൂടുതല്‍ ദിവസം മാറ്റിവെക്കാതെ തന്റെ കുറികള്‍ക്കും വരകള്‍ക്കും ശേഷം ഫയലുകളുടെ പുറമെ സഞ്ചരിക്കുന്ന അസീസ്‌ തപാലില്‍ അത്‌ അയച്ചു എന്ന്‌ ബോദ്ധ്യം വന്നതിനുശേഷമേ അതില്‍നിന്നും മാറി അടുത്ത ജോലിയില്‍ മുഴുകിയിരുന്നുള്ളൂ.
സൗമ്യശീലനായിരുന്നുവെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ വളരെ അസ്വസ്ഥനായിട്ട്‌ അസീസിനെ ഞാന്‍ കണ്ടിട്ടുണ്ട്‌. കോഴിക്കോട്‌ ആസ്ഥാനമായ ഏറ്റവും വലിയ സ്വകാര്യബേങ്ക്‌ മോശമായ പ്രവര്‍ത്തനം കാരണം നിലംപതിച്ചപ്പോള്‍ ബേങ്കുകളെ ഇടപാടുകാര്‍ ഗൗരവമായി വീക്ഷിക്കുന്ന അവസരം, ഏതോ കണക്കുകളിലെ കളി പറഞ്ഞ്‌ ചില സായാഹ്ന പത്രതാളുകളില്‍ നമ്മെ മോശമായി ചിത്രീകരിച്ചപ്പോള്‍ പത്രകോപ്പിയുമായി തന്റെ സഹപ്രവര്‍ത്തകരുടേയും, ഉന്നത അധികാരികളുടേയും ഇടയിലേക്ക്‌ ഒരു കൊടുങ്കാറ്റ്‌ വേഗത്തില്‍ അസീസ്‌ നടന്നടുത്തതും, വിയര്‍പ്പ്‌തുള്ളികള്‍ നെറ്റിയില്‍നിന്ന്‌ അമര്‍ത്തി തുടച്ച്‌ തൊണ്ടയിടറി അസ്വസ്ഥനായി സംസാരിച്ചതും ഞാന്‍ ഓര്‍ക്കുന്നു. മറ്റൊരു പത്രത്തിലും ഇനിയും ഇതുമാതിരി നമ്മെപറ്റിയുള്ള വ്യാജ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കരുതേ എന്ന്‌ ഞങ്ങളൊക്കെ ഉള്ളുരുതി ആഗ്രഹിച്ചപ്പോള്‍ ഒരുപാട്‌ പത്രപ്രവര്‍ത്തകരും പത്ര ഉടമകളുമായിട്ടും സൗഹൃദബന്ധമുള്ള അസീസ്‌ പറഞ്ഞു. `വലിയ പത്രങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ നമ്മെപറ്റി മോശമായി എഴുതില്ല.' അസീസിന്റെ നിഗമനം ശരിയായിരുന്നു.
അവസാനമായി അസീസുമൊത്ത്‌ ബന്ധപ്പെട്ടത്‌ ഡിസ്‌ട്രിക്ക്‌ ബേങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ സംസ്ഥാന സമ്മേളന സമാപന ദിവസം കണ്ണൂര്‍ ജില്ലാ സഹകരണ ബേങ്ക്‌ ഓഡിറ്റോറിയത്തില്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ച്‌ അംഗീകരിക്കുന്ന സമയം. ജീവനക്കാരന്റെ സേവന വേതന പരിഷ്‌കരണ ആവശ്യംതൊട്ട്‌ രാജ്യത്തെ സുപ്രധാന ആനുകാലിക സംഭവങ്ങള്‍വരെ പരാമര്‍ശിക്കുന്ന വിഷയങ്ങള്‍ ഓരോന്നോരോന്നായി സദസ്‌ അംഗീകരിക്കുന്നു. ഓഡിറ്റോറിയത്തിലെ ഏറ്റവും പുറകുവശത്ത്‌ നിന്നും മുഴങ്ങുന്ന ശബ്‌ദത്തില്‍ അസീസ്‌ വിളിച്ചുപറഞ്ഞു. `ലോക പോലീസ്‌ ചമയുന്ന അമേരിക്ക ഇറാഖികളെ തമ്മിലടിപ്പിക്കുന്ന പ്രവൃത്തിയില്‍നിന്നും പിന്മാറണമെന്നും, തലേന്ന്‌ അറസ്റ്റ്‌ ചെയ്‌ത മുന്‍ പ്രസിഡണ്ട്‌ സദാം ഹുസൈനെ മാന്യമായ രീതിയില്‍ മാത്രമേ വിചാരണ ചെയ്യാവൂ എന്നും''.
പ്രതിനിധിസദസ്സ്‌ ഏറ്റവും ഉയര്‍ന്ന ശബ്‌ദത്തോടെ അത്‌ അംഗീകരിക്കുകയുണ്ടായി.
ബേങ്ക്‌ മെന്‍സ്‌ ക്ലബിനെ കേരളത്തിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക സംഘടനയാക്കുന്നതില്‍ അതിന്റെ സാരഥിയായി നിലകൊണ്ടിരുന്ന ആ കര്‍മ്മശേഷിയുടെ മറകളില്ലാത്ത പെരുമാറ്റവും നാട്യങ്ങളില്ലാത്ത പെരുമാറ്റ രീതികളും എക്കാലവും നാമെല്ലാം ഓര്‍ക്കും. തീര്‍ച്ച.
2009 ഏപ്രില്‍ 22 ന്‌ അബ്‌ദുള്‍ അസീസിന്റെ വേര്‍പാടിന്‌ അഞ്ചാണ്ട്‌ തികഞ്ഞു . 

No comments:

Post a Comment