Saturday, May 9, 2009

ആഗോളവല്‍ക്കരണവും ചില മണ്‌ഡരീയ (മണ്ടന്‍)ചിന്തകളും.


ശ്രീജേഷ്‌.ടി.,അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍

`ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണം' ഈ രണ്ടുവാക്കുകളില്‍ കുറച്ചുനാളുകളായി എല്ലാ പ്രശ്‌നങ്ങളെയും കുരുക്കിട്ടു നിര്‍ത്തിയപ്പോള്‍ പാവം ജനങ്ങളും, ഇതെന്താണെന്ന്‌ കാര്യമായി ഒന്നും അറിയാത്ത വിദ്വാന്‍മാരും അസ്ഥാനത്തും അസമയത്തും ആ പദങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. കാര്‍ഷിക മേഖലയിലാണ്‌ ഇത്‌ കൂടുതലായും ഉപയോഗിച്ചുകാണുന്നത്‌. ഒരുപക്ഷെ ആദ്യമാദ്യം നമ്മുടെ കൃഷിശാസ്‌ത്രജ്ഞന്മാര്‍ക്കു മാത്രവും പിന്നീട്‌ ചില പ്രത്യേക ജില്ലകളിലെ നാളികേര കര്‍ഷകര്‍ക്കും ഇപ്പോള്‍ സംസ്ഥാനമൊട്ടൊക്കുമുള്ള മുലകുടി മാറിയിട്ടുള്ള എല്ലാ കുട്ടികള്‍ക്കും സുപരിചിതമായ വിദേശിയായി `മണ്‌ഡരി'യും ആഗോളവല്‍ക്കരണത്തിന്റെ ഭാഗമല്ലെന്നാരുകണ്ടു?
മെക്‌സിക്കോ, ഫിലിപ്പൈന്‍സ്‌, മറ്റു പസഫിക്ക്‌ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്ന ഒരാഴ്‌ചകൊണ്ട്‌ ജീവചക്രം പൂര്‍ത്തിയാക്കുന്ന ഒരു മില്ലി മീറ്ററിന്റെ നാലിലൊന്ന്‌ മാത്രം വലിപ്പമുള്ള ചിലന്തി വര്‍ഗ്ഗത്തില്‍പെട്ട ചെറുപ്രാണികളാണ്‌ മണ്‌ഡരികള്‍ (എറിയോഫിഡ്‌മൈറ്റ്‌). ആറുവര്‍ഷം മുമ്പ്‌ നമ്മുടെ നാട്ടില്‍ കണ്ടുതുടങ്ങിയ ഈ കീടം ഇന്നും കേരളകര്‍ഷകര്‍ക്ക്‌ ഒരു ശത്രുവായി തുടരുകയാണ്‌. ദുര്‍ഭരണങ്ങളെയും ക്രൂരമായ സര്‍വ്വാധിപതികളേയും മാത്രമല്ല. ഭൂകമ്പങ്ങളെയും മഹാമാരികളേയും വെള്ളപ്പൊക്കങ്ങളെയും വരള്‍ച്ചയെയും ജനത അതിജീവിക്കുന്നുണ്ട്‌. ഇവയെല്ലാം മാധ്യമങ്ങളിലും ഖജനാവുകളിലും ഉച്ചസ്ഥായിലെത്തുകയും ഫണ്ട്‌ പിരിവുകള്‍ നേര്‍ത്ത്‌ നേര്‍ത്ത്‌ ക്രമേണ നിലയ്‌ക്കുമാറുമാണ്‌ പതിവ്‌. മനുഷ്യന്‌ മനുഷ്യത്വമില്ലെങ്കിലും തെങ്ങിന്റെ തെങ്ങത്വം മണ്‌ഡരിയെ ക്രമേണ അതിജീവിച്ചു വരുന്നുണ്ടെന്നത്‌ ആശാവഹം തന്നെ. പ്രകൃതിയിലെ ഈ മാറ്റം മണ്‌ഡരിയെ പൂര്‍ണ്ണമായി അതിജീവിക്കും എന്ന അവസാനവാക്കില്‍ ശാസ്‌ത്രജ്ഞന്‍മാരും നിര്‍വൃതിയടയട്ടെ. ആഗോളവല്‍ക്കരണത്തിന്റെ എല്ലാ മാറ്റങ്ങളേയും നമ്മുടെ രാജ്യവും ക്രമേണ അതിജീവിക്കും എന്നാണല്ലോ ഇത്‌ സൂചിപ്പിക്കുന്നത്‌. പിന്നീട്‌ അത്‌ പൊതുവിപണിക്ക്‌ വഴിമാറുകയും അങ്ങിനെ ആഗോളവല്‍ക്കരണം നമുക്ക്‌ നല്ലതായി തീരുകയും നമ്മുടെ ഉത്‌പന്നങ്ങള്‍ക്ക്‌ കൂടുതല്‍ വില ലഭിക്കുകയും ചെയ്യില്ലേ? ഇതുവച്ച്‌ നോക്കുമ്പോള്‍ മണ്‌ഡരി ബാധിച്ച തെങ്ങുകള്‍ പൂര്‍വ്വാധികം ശക്തിയോടെ കുലച്ച്‌ നിന്ന്‌ കൂടുതല്‍ വലുപ്പമുള്ള തേങ്ങകള്‍ ഉത്‌പാദിപിക്കില്ലേ? പക്ഷെ അപ്പോള്‍ കൂമ്പുചീയല്‍ കൊണ്ട്‌ നമ്മുടെ തെങ്ങുകള്‍ക്ക്‌ തലപ്പില്ലാതെ വന്നാല്‍ നമ്മളാരെയാണ്‌ കുറ്റം പറയുക? ഇങ്ങനെ ആലോചന നീണ്ടുപോയാല്‍ ഒരെത്തും പിടിയും കിട്ടുകില്ല. ``ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക്‌ വേണ്ടത്‌.... `ഉദാരവല്‍ക്കരണം' '' പക്ഷേ ഈ പദം അവിടെ ചേരുമോ? പിന്നീട്‌ അതിനെക്കുറിച്ചായി ചിന്ത.
ഇത്തരം കണ്‍ഫൂഷനുകള്‍ ഒരുപക്ഷെ നമ്മുടെ പഴയ കര്‍ഷകര്‍ക്കില്ലായിരുന്നു. അത്‌ കൊണ്ടാണ്‌ ``കുരുമുളക്‌ മുഴുവന്‍ സായിപ്പ്‌ കൊണ്ടുപോയിക്കൊള്ളട്ടെ പക്ഷേ തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാന്‍ അവര്‍ക്കാവില്ലല്ലോ'' എന്ന ഉറച്ച വിശ്വാസത്തെ അവര്‍ മുറുകെ പിടിച്ചത്‌. കൃഷിയുടെ രൂപവും ഭാവവും മെച്ചപ്പെടുത്താനായി ഗവേഷകര്‍ ആഹോരാത്രം അധ്വാനിച്ചപ്പോള്‍ പുതിയ വിത്തിനങ്ങളും സാങ്കേതിക വിദ്യകളും പിറന്നു. കൃഷിയുടെ കാരണക്കാരനായിരുന്ന കര്‍ഷകനും അപ്പോള്‍ വെറുതെയിരിക്കുകയായിരുന്നില്ല. കാലാവസ്ഥയുടെ ക്രൂരകൃത്യങ്ങളും കീടരോഗബാധകര്‍ വിതച്ച കഷ്‌ടപ്പാടിന്റെ കനികളും കര്‍ഷകമനസ്സുകളില്‍ അനുഭവസമ്പത്തിന്റെ അക്ഷയഖനികള്‍ സൃഷ്‌ടിച്ചു. പല പുതിയ രീതികളും സമ്പ്രദായങ്ങളും അനുഭവങ്ങളുടെ ഉള്‍ക്കരുത്തുള്ള ഗവേഷണങ്ങളും ആ അക്ഷയ ഖനികളില്‍നിന്നും പിറന്നുവീണു.
ആഗോളീകരണത്തിന്റെ കയ്‌പുനീര്‌ കുടിക്കുന്ന നമുക്ക്‌ നമ്മുടെ പൂര്‍വ്വികരുടെ ഇത്തരത്തിലുളള അനുഭവസമ്പത്തും ദൃഢനിശ്ചയവും ചൈനപോലുളള രാജ്യങ്ങള്‍ ഇതിനെ എങ്ങിനെ ഗുണകരമാക്കി മാറ്റി എന്നതും നമ്മുടെ കണ്ണ്‌ തുറപ്പിക്കേണ്ടതുതന്നെയാണ്‌. ഇവിടെയാണ്‌ ചെറുത്തുനില്‍പ്പിന്റെ പ്രസക്തി. അമേരിക്കയിലെ വസ്‌ത്രമേഖലയില്‍ പുറംതള്ളി ആധിപത്യം ഉറപ്പിച്ച ചൈന ഇപ്പോള്‍ അമേരിക്കയിലെ ആപ്പിള്‍ വിപണിയിലും പഴച്ചാറ്‌ വിപണിയിലും കടന്നുകയറ്റം നടത്തുകയുണ്ടായി. ``ചൈനീസ്‌ സാധനങ്ങള്‍'' എന്ന്‌ നെറ്റിചുളിക്കലോടെ നമ്മള്‍ പറയുമെങ്കിലും നമ്മുടെ വിപണിയിലും ചൈനീസ്‌ ഉല്‍പന്നങ്ങളുടെ പ്രവാഹത്തിന്‌ ഇതുവരെ കുറവുവന്നിട്ടില്ല.
ഒരു തൈപോലും നടാതെ മുന്‍ തലമുറയിലെ ഏതോ കാരണവര്‍ നട്ട തെങ്ങില്‍നിന്നും ``കിട്ടിയത്‌ പോരട്ടെ'' എന്ന മനോഭാവത്തോടെ തേങ്ങ പറിക്കുന്ന നമ്മള്‍ കൂമ്പു ചീയലിനെക്കുറിച്ചും മണ്‌ഡരിയെക്കുറിച്ചും വാചാലരാകുന്നതെന്തിന്‌? മണ്ണിനോട്‌ പൊരുതുന്ന പാവം കര്‍ഷകന്‌ ഇതിനെപ്പറ്റി പറയാന്‍ നമ്മള്‍ വേണ്ടത്ര വേദികളൊരുക്കിയിട്ടുണ്ടോ? മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അവരുടെ പുതിയ നയങ്ങളും നടപടികളുംകൊണ്ട്‌ ഈ ശരിയാക്കിക്കൊടുക്കാന്‍ കൃഷിവകുപ്പും ഉദ്യോഗസ്ഥരും ബാധ്യസ്ഥരായി. കേരളപിറവിദിനം, ചിങ്ങം ഒന്ന്‌, മെയ്‌ ഒന്ന്‌ തുടങ്ങിയ വിശേഷദിനങ്ങളില്‍ കൃഷിഭവനങ്ങളില്‍ ഇത്തരം സെമിനാറുകളുടെ ചാരകയാണ്‌. സെമിനാറുകള്‍ മിക്കവയും തുടങ്ങിയിടത്തുതന്നെ അവസാനിച്ചു. ഓരോരുത്തരും അവരവരുടെ ജോലികള്‍ കൃത്യമായി ചെയ്‌തില്ലെന്ന്‌ ഇതിനര്‍ത്ഥമില്ല. സര്‍ക്കാര്‍ വേണ്ടപ്പെട്ട പണം നല്‍കി ബന്ധപ്പെട്ടവര്‍ മീറ്റിംഗുകള്‍ വിളിച്ചുചേര്‍ത്തു. നോട്ടീസ്‌ അടിക്കേണ്ടവര്‍ ആവശ്യത്തിലും കൂടുതല്‍ നോട്ടീസുകള്‍ അച്ചടിച്ചു. ഭക്ഷണം പാകം ചെയ്യാന്‍ ഏല്‍പിച്ച പാചകക്കാരന്‍ പ്രതീക്ഷിച്ചതിലും സ്വാദിഷ്‌ടമായ വിഭവങ്ങള്‍തന്നെയുണ്ടാക്കി. പിന്നെ നാം ആരെയാണ്‌ കുറ്റം പറയുക?
ഇത്തരം സെമിനാറില്‍ പങ്കെടുക്കാന്‍ വന്ന്‌ ഗ്രാമ ബ്ലോക്ക്‌ ജില്ലാ പഞ്ചായത്ത്‌ ആശംസാ പ്രസംഗകരുടെ ലിസ്റ്റ്‌ കണ്ടപ്പോള്‍തന്നെ ബോധംകെട്ട്‌ വീണവരുണ്ട്‌. ഒടുവില്‍ വെറും ബെഞ്ചിനെ നോക്കി ക്ലാസെടുത്തവരും വിരളമല്ല. സെമിനാറുകള്‍ വിഷയം മാറി പര്യവസാനിച്ചതും രോഗത്തിന്‌ തളിക്കേണ്ട മരുന്നുകള്‍ ഉത്‌പാദിപ്പിക്കുന്ന കമ്പനി സ്‌പോണ്‍സര്‍ ചെയ്‌ത സെമിനാറുകള്‍ ഒടുവില്‍ മരുന്ന്‌ നിരോധന പ്രതിജ്ഞയോടെ അവസാനിച്ചതും അനുഭവസ്ഥര്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌.
കുറ്റം പറയാന്‍ നാം എപ്പോവും മിടുക്കന്മാരാണ്‌. എല്ലാത്തിനേയും ഈയൊരു വീക്ഷണകോണില്‍ നോക്കികാണുന്നത്‌ ഗുണകരമല്ല. നമുക്ക്‌ വേണമെങ്കില്‍ മാറിമാറിവരുന്ന സര്‍ക്കാരുകളെ കുറ്റം പറയാം. ധനകാര്യ സ്ഥാപനങ്ങളെയും പറയാം, കൃഷിവകുപ്പ്‌ ഉദ്യോഗസ്ഥരെ പറയാം, ഗവേഷണകേന്ദ്രങ്ങളെ പറയാം, പക്ഷേ പരസ്‌പരം കുറ്റംപറച്ചിലുകള്‍ ശാശ്വതമായ ഒരു പരിഹാരത്തിലേക്ക്‌ ഒരിക്കലും എത്തുന്നില്ല. സര്‍ക്കാരും കൃഷിവകുപ്പും ധനകാര്യസ്ഥാപനങ്ങളും ഗവേഷണകേന്ദ്രങ്ങളും നമ്മുടെ കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്‌ക്കും പുരോഗതിക്കും വഹിച്ച പങ്ക്‌ നിസ്സാരമല്ല. നിര്‍ഭാഗ്യവശാല്‍ ഇത്‌ ശരിയായ രീതിയില്‍ വിലയിരുത്തപ്പെട്ടിട്ടില്ല. അതേസമയം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും അതിന്‌ അമിത പ്രചാരം കിട്ടുകയും ചെയ്യുന്നു. നിരന്തര ഗവേഷണങ്ങളിലൂടെയും അവയുടെ നവീകരണത്തിലൂടെയുമാണ്‌ ഏത്‌ സമൂഹവും വളരുന്നത്‌. നാളിതുവരെയുള്ള കാര്‍ഷിക പുരോഗതിയുടെ കാര്യത്തിലും ഇതുതന്നെയാണ്‌ പരമാര്‍ത്ഥം. പക്ഷെ നമ്മുടെ പദ്ധതികള്‍ വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങിയതോടെ നമ്മുടെ നേട്ടങ്ങളും കൈവിട്ടുപോയി എന്ന്‌ വേണം പറയാന്‍. ഇതിന്‌ ഉത്തരവാദി ആഗോളവല്‍ക്കരണമോ ഉദാരവല്‍ക്കരണമോ അല്ല ഞാനുള്‍പ്പെടെയുള്ള നമ്മളാണ്‌.
``ആറ്‌ മാസം ചക്കയും മാങ്ങയും ബാക്കി ആറുമാസം അങ്ങിനേയും ഇങ്ങിനേയും'' എന്നത്‌ പണ്ടുകാലങ്ങളില്‍ നമ്മുടെ യഥാര്‍ത്ഥ്യവും കൂടിയായിരുന്നു. ആവശ്യത്തിന്‌ ഭക്ഷണം ലഭിച്ചിരുന്നില്ല. പട്ടിണിയെന്തെന്ന്‌ അനുഭവിച്ചറിഞ്ഞവര്‍ വിരളമായിരുന്നില്ല. പക്ഷെ ഇന്ന്‌ ആരൊക്കെയോ എവിടെയൊക്കെയോ എന്തെങ്കിലും ഉത്‌പാദിപ്പിക്കുന്നത്‌ കൊണ്ടാണ്‌ നാം വിശപ്പ്‌ അറിയാതെ പോകുന്നത്‌. ഉത്‌പാദന തകര്‍ച്ച വന്നാല്‍ നമ്മുടെ തീന്‍മേശയില്‍ നിറച്ചുവെക്കാന്‍ ഒഴിഞ്ഞ പാത്രങ്ങള്‍ മാത്രം ബാക്കിയായാല്‍ നമുക്ക്‌ തേടിപ്പോകാന്‍ പണ്ടത്തെപോലെ ചക്കയും മാങ്ങയും നാം ഒരിടത്തും ബാക്കി വെച്ചിട്ടില്ലെന്ന കാര്യവും നമ്മള്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും. ഭാഗ്യവശാല്‍ ഇന്ന്‌ ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്യുകയും എന്തിനേറെ പറയുന്നു കടലിലൊഴുക്കുകയും ചെയ്യുന്ന അവസ്ഥവരെ എത്തിയിട്ടുണ്ട്‌. ഇതിന്റെ വക്താക്കളായി അഹോരാത്രം പ്രവര്‍ത്തിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും മനസ്സുകളെയും നാം ഒരിക്കലും വിസ്‌മരിക്കരുത്‌. പക്ഷെ ഇന്നത്തെ അവസ്ഥയില്‍ സമൂലമായ മാറ്റം അനിവാര്യമാണ്‌. അരാജകത്വവും, അഴിമതിയും ആത്മാര്‍ത്ഥതകുറവും മറ്റേത്‌ മേഖലയിലാണെന്നപോലെതന്നെ കാര്‍ഷികമേഖലയേയും ബാധിച്ചിട്ടുണ്ട്‌ എന്നതില്‍ തര്‍ക്കമില്ല. ആഗോളവല്‍ക്കരണത്തിന്റെ പേര്‌ പറഞ്ഞ്‌ എത്രകാലം നമുക്ക്‌ പിടിച്ചുനില്‍ക്കാന്‍ കഴിയും? കൂട്ടായ്‌മയും വിത്ത്‌ മുതല്‍ വിപണിവരെയുള്ള കാര്യങ്ങളെ വേര്‍പെടാത്ത ചങ്ങലപോലെ കോര്‍ത്തിണക്കിയാല്‍ മാത്രമേ ഇതിന്‌ ശാശ്വതമായ ഒരു പരിഹാരം കാണുകയുള്ളൂ. നമ്മളോരോരുത്തരും ഇതിന്‌ ബാധ്യസ്ഥരാണ്‌. സ്വയം സഹായ സംഘങ്ങളും `മൈക്രോഫിനാന്‍സ്‌' എന്ന ലഘു സമ്പാദ്യ പദ്ധതിയും കാര്‍ഷിക ഗ്രാമീണകൂട്ടായ്‌മകളും അതിന്‌ പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്‌.
ലക്ഷ്യബോധവും കൂട്ടായ്‌മയും ആത്മസമര്‍പ്പണം കൈകോര്‍ത്തുപിടിച്ചു നേടിയ നേട്ടങ്ങളില്‍ നമ്മള്‍ അഭിമാനംകൊണ്ടിട്ടുണ്ട്‌. നമ്മുടെ കര്‍മ്മശേഷിയെക്കുറിച്ചും പ്രതിബദ്ധതയെക്കുറിച്ചുമോര്‍ത്ത്‌ ശിരസ്സുയര്‍ത്തി പുഞ്ചിരിച്ചിട്ടുണ്ട്‌. 1997-98 കാലഘട്ടങ്ങളില്‍ സംസ്ഥാനത്തെ പച്ചക്കറി ഉദ്‌പാദനത്തില്‍ സ്വയംപര്യാപ്‌തമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ `ഹരിതവര്‍ഷം' പദ്ധതി ഒരു വര്‍ഷക്കാലയളവില്‍ സംസ്ഥാനത്ത്‌ വന്‍തോതില്‍ പച്ചക്കറി ഉദ്‌പാദനം വര്‍ദ്ധിക്കാന്‍ കാരണമായി. ജനകീയാസൂത്രണത്തിന്റെ ഗുണകരമായ ഒരു കാര്യമായി ഇത്‌ എടുത്ത്‌ പറയേണ്ടതുണ്ട്‌. ഗ്രാമങ്ങളില്‍ ഹരിത സംഘങ്ങള്‍ ഉണര്‍വ്‌ പ്രവര്‍ത്തിച്ചു. കൃഷി ഉദ്യോഗസ്ഥര്‍ നേരിട്ട്‌ പാടങ്ങളിലേക്കും പറമ്പുകളിലേക്കും ഇറങ്ങിചെന്ന്‌ ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കി ഉത്സവപ്രതീക്ഷയോടെ വിളവെടുത്തു. ഉത്‌പാദിപ്പിച്ച പച്ചക്കറികള്‍ വിറ്റഴിക്കാന്‍ പല ഹരിത സംഘങ്ങളും പാടുപെടുന്നതും നമ്മള്‍ കണ്ടു. സ്വയംപര്യാപ്‌തത നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഇക്കാലത്ത്‌ കേരളത്തിലേക്കുള്ള പച്ചക്കറി ഇറക്കുമതിയില്‍ ഗണ്യമായ കുറവുവന്നിട്ടുണ്ടെന്ന്‌ വിപണന ഏജന്‍സികള്‍ തന്നെ സമ്മതിച്ച കാര്യമാണ്‌. നെല്‍കൃഷിയിലെ `ഗാലസ' പദ്ധതി, നവീകരണ രംഗത്ത്‌ ആരംഭിച്ച `പാഡിക്കോ' മോഡേണ്‍ റൈസ്‌മില്‍ തുടങ്ങിയ ഇത്തരം കൂട്ടായ്‌മകളുടെ വിജയത്തെയാണ്‌ സൂചിപ്പിക്കുന്നത്‌.
നാഗരികതയിലേക്കും ഭൗതിക സുഖസൗകര്യങ്ങളിലേക്കും ശ്രദ്ധതിരിച്ചപ്പോഴും സ്വാര്‍ത്ഥതാല്‍പര്യങ്ങളില്‍ മുഴുകി പ്രകൃതിയെ നിഷ്‌കരുണം ചൂഷണം ചെയ്‌തപ്പോഴും നെല്‍പാടങ്ങള്‍ നികത്തി കോണ്‍ക്രീറ്റ്‌ കൂടാരങ്ങള്‍ നിര്‍മ്മിച്ചപ്പോഴും വിദേശികള്‍ വന്ന്‌ നമ്മുടെ ഔഷധസസ്യങ്ങള്‍ ഉള്‍പെടെയുള്ള വനസമ്പത്തുകള്‍ മുഴുവന്‍ കടത്തിക്കൊണ്ടുപോയ ശേഷവും നമ്മള്‍ അത്‌ തിരിച്ചറിഞ്ഞിട്ടില്ല. കൃഷി ഒരു ജീവിതരീതിയാണെന്നും തിരിച്ചറിവില്‍നിന്ന്‌ മാത്രമേ നമുക്കിനി രക്ഷയുള്ളൂ. ജീവിതംപോലും ക്ലേശങ്ങള്‍ നിറഞ്ഞ വഴികള്‍, ചിട്ടയോടുള്ള ആസൂത്രണങ്ങള്‍, പ്രശ്‌നങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്ന വിജ്ഞാനം, പ്രകൃതിയുടെ താളുകളില്‍നിന്ന്‌ നാം സ്വയം കണ്ടെത്തുന്ന പാഠങ്ങള്‍ വിളയും, കളയും, പുല്ലും, പുഴുവും, ആകാശവും, ഭൂമിയും, മണ്ണും, മനുഷ്യരും ആ വിശാലമായ ശൃംഖലയുടെ ഭാഗമാണെന്ന തിരിച്ചറിവ്‌ ആ ശൃഖലയുടെ ഭാഗമാണെന്ന തിരിച്ചറിവ്‌, ആ ശൃഖലയിലെ ഏതെങ്കിലും കണ്ണിന്‌ പറ്റുന്ന ക്ഷതം മറ്റെല്ലാത്തിനെയും പോലെ നമ്മളെയും ബാധിക്കും എന്ന തിരിച്ചറിവ്‌ ഈ തിരിച്ചറിവിന്റെ വെളിച്ചം ശൃംഖലയിലെ ഒരു കണ്ണിപോലും പൊട്ടിപ്പോകാതെ കാത്തു സൂക്ഷിക്കാന്‍ കൃഷിക്കാരനെ ബാധ്യസ്ഥനാക്കണം. ഇതായിരിക്കണം അയാളുടെ ജീവിതദര്‍ശനവും.
സ്ഥലദൗര്‍ലഭ്യം രൂക്ഷമായി നേരിടുന്ന നമ്മുടെ കൊച്ചുകേരളത്തില്‍ അടിസ്ഥാനപരമായി കൃഷിയെതന്നെ വേരുറപ്പിച്ച്‌ നിര്‍ത്തണമെങ്കില്‍ അന്യമായികൊണ്ടിരിക്കുന്ന ഒരു കാര്‍ഷികസംസ്‌കാരം പുതിയ തലമുറയ്‌ക്ക്‌ പകര്‍ന്നു കൊടുക്കുവാനുള്ള ഉറച്ച ചുവടുവെയ്‌പ്പുകള്‍ വേണം. കോളനി സംസ്‌കാരത്തില്‍ വളരുന്ന പുത്തന്‍ തലമുറയ്‌ക്ക്‌ മണ്ണിനോടും ചെടിയോടുമുള്ള ആഭിമുഖ്യം വളര്‍ത്തിയെടുക്കുവാന്‍ അവരുടെ മുമ്പത്തെ തലമുറ മനസ്സുവച്ചേ പറ്റൂ. കനിവിന്റെയും ആര്‍ദ്രതയുടേയും ചില നീരുറവകളെങ്കിലും നിലനിര്‍ത്തണമെങ്കില്‍ ഒരു യന്ത്രംപോലെ അവരുടെ മനസ്സുകള്‍ മാറാതിരിക്കണമെങ്കില്‍ അവരുടെ നിക്ഷേപങ്ങള്‍ ഓഹരികളിലേക്ക്‌ മാത്രമായി ചുരുങ്ങാതിരിക്കണമെങ്കില്‍ നമ്മുടെ മുന്‍തലമുറയെപ്പോലെ ഒറ്റശ്വാസത്തില്‍ 25 മാമ്പഴങ്ങളുടെ പേര്‌ അവര്‍ക്ക്‌ പറയാന്‍ കഴിയണമെങ്കില്‍, മാഞ്ചോട്ടിലെ മണ്ണപ്പവും മാമ്പൂ മണക്കുന്ന പാട്ടുകളും മാവിന്‍കൊമ്പത്തെ ഊഞ്ഞാലും മിനിസ്‌ക്രീനില്‍ മാത്രമല്ല അവരുടെ നിഷ്‌കളങ്കമായ മനസ്സുകളിലേക്കുകൂടി നമുക്ക്‌ പകരാം. നമുക്ക്‌ ഇനി ആരേയും കുറ്റംപറയേണ്ട. സ്വയം കുറ്റം ഏറ്റെടുക്കാം. ആഗോളവത്‌കരണം അതിന്റെ വഴിക്ക്‌ നടക്കട്ടെ. നമുക്ക്‌ പെണ്ണാളുകള്‍ നിരന്ന്‌നിന്ന്‌ പുഞ്ചപ്പാടം കൊയ്‌ത്‌ കയറുന്ന കാഴ്‌ചകാണാന്‍ കുട്ടികളുടെ കൈപിടിച്ച്‌ പോകാം. എന്താ മടിച്ച്‌ നില്‍ക്കുന്നത്‌. വരുന്നില്ലേ?.........






No comments:

Post a Comment