Saturday, May 9, 2009

കണ്ണുതുറക്കാത്ത ദൈവങ്ങളേ...


വിചാരം
കണ്ണുതുറക്കാത്ത ദൈവങ്ങളേ....

സജിത്‌.കെ.കെ.

പൊതുമേഖലാ ബാങ്കുകളും ന്യൂ ജനറേഷന്‍ ബാങ്കുകളുമെല്ലാം എല്ലാവിധ സൗകര്യങ്ങളും ചെയ്‌തുകൊടുത്ത്‌ ഇടപാടുകാരെ ബാങ്കിലേക്ക്‌ ആകര്‍ഷിച്ച്‌ അവരിലൂടെ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ സഹകരണ ബാങ്കുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരനും മാനേജ്‌മെന്റും കഠിനാദ്ധ്വാനത്തിലൂടെ പ്രവര്‍ത്തന വിജയം കണ്ടെത്താന്‍ ശ്രമിക്കുകയാണ്‌. ജീവനക്കാരന്റെ ജോലിത്തിരക്കിനിടയില്‍ ബാങ്കില്‍ എത്തിപ്പെടുന്ന ഇടപാടുകാര്‍ പലര്‍ക്കും ജോലിക്ക്‌ തടസ്സമുണ്ടാക്കാന്‍ വരുന്നവരായ്‌ മാറുന്നു. ഇടപാടുകാരനെ ശ്രദ്ധിക്കാതെ ജോലി തീര്‍ക്കുന്ന രീതി സുഖകരമായ സേവനം ബാങ്കില്‍നിന്നും ലഭിക്കാത്തതിനാല്‍ സേവിങ്ങ്‌ ബാങ്ക്‌, കറന്റ്‌ എക്കൗണ്ടിങ്ങുകളില്‍ ലക്ഷങ്ങള്‍ ബാക്കി നില്‍പ്പുണ്ടാകുമായിരുന്ന ചെറുകിട ബിസിനസ്സുകാരുടെ ഇടപാടുകള്‍ സഹകരണ ബാങ്കുകള്‍ക്ക്‌ നഷ്‌ടപ്പെട്ടിട്ടുണ്ട്‌ എന്നത്‌ വസ്‌തുതയാണ്‌. നിലവിലുള്ള എക്കൗണ്ടുകളില്‍ ഭൂരിഭാഗവും ``ഇന്‍ ഓപ്പറേറ്റീവ്‌'' എക്കൗണ്ടുമായ്‌ മാറിക്കൊണ്ടിരിക്കുന്നു. ആത്മാഭിമാനമുള്ള അദ്ധ്വാനിക്കുന്ന സാധാരണക്കാരനായ ഇടപാടുകാര്‍ക്ക്‌ ഇന്ന്‌ ബാങ്കുകളില്‍നിന്ന്‌ നല്‍കുന്നത്‌ ഏത്‌ രീതിയിലുള്ള സേവനങ്ങളാണ്‌ എന്ന്‌ സ്വയം വിമര്‍ശനപരമായി നമ്മള്‍ ഓരോരുത്തരും പരിശോധിക്കേണ്ടതാണ്‌.
``ഏതോ കോലോത്ത്‌ ഔദാര്യത്തിന്‌ ചെന്നതു പോലെയാണ്‌'' ജീവനക്കാര്‍ ഇടപാടുകാരോട്‌ പെരുമാറുന്നത്‌ എന്ന്‌ നമ്മുടെ ബാങ്കിന്റെ മുന്‍ പ്രസിഡന്റ്‌ അഡ്വ: സതീദേവി എം. പി. ഒരിക്കല്‍ ജീവനക്കാരോട്‌ പറയുകയുണ്ടായി. ഹൃദയത്തില്‍ ആഴ്‌ന്നിറങ്ങി ഓരോ ജീവനക്കാരനിലും പുനര്‍ചിന്തകള്‍ക്ക്‌ വക നല്‍കേണ്ടവയാണ്‌ ആ വാക്കുകള്‍, മറിച്ച്‌ നെഞ്ചില്‍ തട്ടിതെറിച്ച്‌ പോവുന്ന തരത്തില്‍ മാറില്‍ പടച്ചട്ടയണിഞ്ഞ്‌ നില്‍ക്കുന്നവരാവരുത്‌ ജീവനക്കാരന്‍. ഓരോ ഇടപാടുകാരനും വീട്ടില്‍ വരുന്ന അതിഥിയാണ്‌. മൃഷ്‌ടാനം ശാപ്പാട്‌ കഴിച്ച്‌ മൂടും തട്ടിപോവുന്ന അതിഥിയല്ല മറിച്ച്‌ നിക്ഷേപങ്ങളിലൂടെയും വായ്‌പക്കുള്ള പലിശയിലൂടെയും ജീവനക്കാരന്‌ അഷ്‌ടിക്കുള്ള വകയുമായ്‌ വരുന്ന അതിഥിയാണ്‌ ഇടപാടുകാരന്‍. അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള സേവനം നല്‍കാന്‍ ബാങ്കുകള്‍ക്ക്‌ കഴിയുന്നില്ലെങ്കില്‍
``കണ്ണു തുറക്കാത്ത ദൈവങ്ങളെ
കരയാനറിയാത്ത ചിരിക്കാനറിയാത്ത
കളിമണ്‍ പ്രതിമകളേ
മറക്കൂ നിങ്ങളീ സാധു മനുഷ്യനെ മറക്കൂ'' എന്ന്‌ പാടികൊണ്ട്‌ ഇടപാടുകാര്‍ സഹകരണബാങ്കുകളുടെ പടിയിറങ്ങി പോയാല്‍ ന്യൂ ജനറേഷന്‍ ബാങ്കുകളും പ്രൈവറ്റ്‌ ഏജന്‍സികളും ``ഹിഡണ്‍ ചാര്‍ജുകളുടെ'' കെണി ഒരുക്കിക്കൊണ്ട്‌ അവനെ കാത്തിരിപ്പുണ്ട്‌.
സഹകരണബാങ്കുകളില്‍നിന്ന്‌ കാര്യങ്ങള്‍ നടന്നുകിട്ടാന്‍ എത്രയോ താമസം നേരിട്ടിട്ടും സഹകരണ ബാങ്കുകളില്‍ നിന്ന്‌ മോശമായ അനുഭവങ്ങള്‍ ഒരുപാട്‌ ഉണ്ടായിട്ടും ``എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവെ'' എന്ന്‌ പാടി എന്നും കൂടെ നിന്നിട്ടുള്ള സാധാരണക്കാരായ ഇടപാടുകാരെ ബാങ്ക്‌ തിരിച്ചറിയുകയും കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌താല്‍ നമുക്ക്‌ ഒരുപാട്‌ മുമ്പോട്ടുപോകാന്‍ കഴിയുന്നതാണ്‌. ക്ലാവ്‌ പിടിച്ചു കിടക്കുന്ന ജീവനക്കാരുടെ തലച്ചോറുകളെ ശരിയായ പരിശീലനത്തിലൂടെ തേച്ചുമിനുക്കുകയും കൗണ്ടറില്‍ വന്നു നില്‍ക്കുന്ന ഇടപാടുകാര്‍ തങ്ങളോളമോ തങ്ങളെക്കാള്‍ കൂടുതലോ യോഗ്യന്മാരാണ്‌ എന്ന തിരിച്ചറിവോടുകൂടി ഓരോ ജീവനക്കാരനും പെരുമാറുകയും ചെയ്‌താല്‍ ജനങ്ങളുടെ മനസ്സറിയുന്ന ഭരണാധികാരികള്‍ നേതൃത്വം കൊടുക്കുന്ന സഹകരണബാങ്കുകള്‍ ഒരിക്കലും പരാജയപ്പെടുകയില്ല. നമ്മുടേതടക്കമുള്ള സഹകരണബാങ്കുകളുടെ സ്ഥാനം മറ്റെല്ലാ ബാങ്കുകളേക്കാളും മുമ്പിലാവുകയും ചെയ്യും.

No comments:

Post a Comment