Saturday, May 9, 2009

ഉടുമ്പന്‍ചോല കര്യാത്തന്‍ മാഹാത്മ്യം

ചെറുകഥ

ഉടുമ്പന്‍ചോല കര്യാത്തന്‍ മാഹാത്മ്യം
ശിവരാമന്‍ കൊണ്ടംവള്ളി, കൊയിലാണ്ടി ശാഖ



നേരം പരപരാ വെളുത്തതേയുള്ളൂ. കുഞ്ഞാപ്പു ആശാന്‍ എന്തിനാണിങ്ങനെ കിടന്നുകൂവുന്നത്‌. ആശാന്‌ കല്ലുവെട്ടാംകുഴി പ്രദേശ നിവാസികളെ ഉണര്‍ത്താനുള്ള സൈറണോ മറ്റോ ആയി ജോലി തരപ്പെട്ടുകാണുമോ ആവോ?
ദിനേശാ......... മാത്തുകുട്ടീ...... വീരാനേ, കയ്യിലൊതുങ്ങുന്നതുമായി ഓടിവരാന്‍ ഇതുകേട്ട്‌ മാത്തുക്കുട്ടി കട്ടന്‍ചായ കുടിച്ചുകൊണ്ടിരിക്കുന്ന ഗ്ലാസ്‌ തിണ്ണയില്‍വെച്ചു പറഞ്ഞു. ``സൈറണും ബൈറണുമൊന്നുമല്ല, കുഞ്ഞാപ്പു ആശാന്‌ എന്തോ ആപത്ത്‌ പെണഞ്ഞിരിക്കുകയാണ്‌. എല്ലാവരും വരിനെടാ,'' മുഴുവന്‍ കല്ലുവെട്ടാംകുഴി പ്രദേശവാസികളും മാത്തുക്കുട്ടിയുടെ ആജ്ഞയനുസരിച്ച്‌ കുഞ്ഞാപ്പുവാശാന്റെ ചെറ്റവാതില്‍ല്‍ചെന്ന്‌ എത്തിനോക്കി.
മാത്തുക്കുട്ടി ചോദിച്ചു. ``എന്തൊരാപത്തു പറ്റിയെടാ കുഞ്ഞാപ്പൂ, നീയിങ്ങനെ ചെമ്പോട്ടികള്‍ ചെമ്പിനടിയില്‍ പരണ്ടുന്നതുപോലെ തൊണ്ട ശ്രദ്ധിക്കാതെ കെടന്നു കീറാന്‍, അതുതന്നെ ഈ വെളുപ്പാന്‍കാലത്ത്‌''.
കുഞ്ഞാപ്പു ആശാന്റെ നെഞ്ചുയരുകയും താഴുകയും ചെയ്യുന്നത്‌ കണ്ടാലറിയാം. വാക്കുകള്‍ക്കു സ്വതന്ത്രമായി വാര്‍ന്നുവീഴാനുള്ള എല്ലാ പൊതു മണ്‌ഡലങ്ങലും തൊണ്ടയില്‍ അടഞ്ഞുകിടക്കുകയാണെന്ന്‌. `` ഒന്നു പറഞ്ഞങ്ങു തൊലയ്‌ക്കെടാ കുഞ്ഞപ്പൂ. മനുച്ചന്‍മാരെ ഇട്ടു കറക്കാതെ'' മാത്തുക്കുട്ടി മുരണ്ടു. കുഞ്ഞാപ്പുവാശാന്‍ വലതുകൈ വിറയലോടെ ചെറ്റവാതിലിലേക്ക്‌ ചൂണ്ടി വിറയ്‌ക്കും വാക്കുകളാലെ പറഞ്ഞു. ``അതാ അവിടെ'' മാത്തുകുട്ടിയും വീരാനും ദിനേശനും പരിവാരങ്ങളും ചെറ്റവാതിലിലേക്ക്‌ പാഞ്ഞടുത്തു. കല്ലുവെട്ടാംകുഴി പ്രജകളൊക്കെ അവരെ കണ്ണെടുക്കാതെ നോക്കിനിന്നു. പുവൊടിത്തട്ടുകാണാന്‍ കണ്ണുംകാതും കൂര്‍പ്പിച്ചുനില്‍ക്കുന്ന കൗതുകക്കാരായ കുഞ്ഞുങ്ങളെപ്പോലെ. അതിനിടയില്‍ മാത്തുകുട്ടി തുള്ളിച്ചാടി തുള്ളിച്ചാടി വിളിച്ചുകൂവി. ``ആപത്തൊന്നും പിണഞ്ഞതല്ല മക്കളേ, നമ്മക്ക്‌ കോളടിച്ചതാ; പെരുങ്കോള്‌.`` അതിനിടയില്‍ നരിനിരങ്ങി പറമ്പില്‍ കുഞ്ഞിക്കോരന്റെ ഇളയസന്താനമായ ദിനേശന്‍ ഉടുമുണ്ട്‌ മേല്‍പ്പോട്ട്‌ തെരച്ചുകയറ്റി മാറിലേക്കു കുത്തി. വമ്പന്‍ ധൈര്യശാലിയെപ്പോലെ ആക്രോശിച്ചു. ``എന്തുവാ മാത്തുകുട്ടി, കെടന്നലറാതെ, സംഗതി പറഞ്ഞ്‌ തുലയ്‌ക്ക്‌... നിന്റെ അമ്മേടെ എഴാം അടിയന്തിരമോ മറ്റോ ആണോ. കെടന്നുതുള്ളാന്‍? ``എടാ മോനെ ദിനേശാ, നീയിങ്ങോട്ടൊന്നു നോക്യാ. കുഞ്ഞാപ്പുആശാന്റെ ചെറ്റവാതിലില്‍ ഒന്നാംതരം ഉടുമ്പു കേറി നില്‍ക്കുന്നത്‌. നിങ്ങ്യോ, ഞാനോ എന്ന മട്ടില്‍, ദിനേശാ, കയ്യില്‍ കിട്ടിയാലിന്ന്‌ വൈകുന്നേരം ഭൂലോകം തരികിട തിമൃതത്തൈ''.
വീരാന്‍ ആജ്ഞാപിച്ചു. ``നോക്കി നില്‍ക്കാതെ കയ്യില്‍പ്പെടുന്ന മാരണങ്ങളുമായി വരിനെടാ'' മുഴവടിയും അലകില്‍ കുന്തവും ഉലയ്‌ക്കയും കല്ലും കോങ്കത്തിയും പെരുത്തമട്ടലും പിച്ചാത്തിയുമായി പരിവാരങ്ങള്‍ കുഞ്ഞാപ്പു ആശാന്റെ ചെറ്റ വളഞ്ഞു. അടുത്തടുത്തു വന്നുകൊണ്ടിരിക്കുന്ന മാന്യരായ ശത്രുക്കളെ നോക്കി സമര്‍ത്ഥനായ ഉടുമ്പ്‌ രണ്ടിലൊന്ന്‌ സംഭവിക്കട്ടെ എന്ന മട്ടില്‍ കുഞ്ഞാപ്പുവിന്റെ തലയ്‌ക്ക്‌ മുകളിലൂടെ അപ്പക്കാടിനെ ലക്ഷ്യമാക്കി നീണ്ടുവലിഞ്ഞൊരു ചാട്ടം. പുല്‍കൂനയ്‌ക്കും വിറകിന്‍കൂട്ടങ്ങള്‍ക്കുമിടയില്‍ വീരാനും മാത്തുകുട്ടിയും തിരക്കിട്ടു തെരഞ്ഞുനടന്നു. അലക്ഷ്യമായുള്ള പലരുടേയും തിരച്ചില്‍ കണ്ടപ്പോള്‍ ആവേശഭരിതനായി ദിനേശന്‍ തെങ്ങിന്‍തറയില്‍ കയറിനിന്ന്‌ വിളിച്ചുപറഞ്ഞു. ``മാത്തുകുട്ടി, ഉടുമ്പതാ ഒന്നും സംഭവിക്കാത്തവനെപ്പോലെ കുറ്റികവുങ്ങില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.'' വിടരുതിനെടാ അവനെ, ചാടിയടിക്കിന്‍, അതിനിടയില്‍തന്നെ ദിനേശന്‍ ചാടിക്കെട്ടി ഒരടികൊടുത്തു. അടിചെന്നു വീണത്‌ വിടരാന്‍ വിതുമ്പിനില്‍ക്കുന്ന കവുങ്ങില്‍കൂമ്പിലായിരുന്നു. ഉടുമ്പ്‌ ആയുസ്സുംകൊണ്ട്‌ നിലത്തുചാടി ഓടാന്‍ തുടങ്ങി. ഇടവഴിയും കുറ്റിക്കാടും കടന്ന്‌ തൊടിയായ തൊടികളിലൂടെ കിതച്ചുകൊണ്ട്‌ ചിണ്ടന്‍ കുന്നുകയറി. ഒടുവില്‍ ചിണ്ടന്‍ കുന്ന്‌ കര്യാത്തന്‍ മാഹാത്മ്യം കുടികൊള്ളുന്ന മണ്‌ഡപതറയുടെ മുമ്പിലെത്തി. നിന്നനില്‍പ്പില്‍ കിതയ്‌ക്കാന്‍ തുടങ്ങി. അതിനിടയില്‍ കുഞ്ഞാപ്പു ആശാന്‍ പിറകില്‍നിന്നു വിളിച്ചുപറഞ്ഞു. ``ആ പൊന്തക്കാട്ടിലേയ്‌ക്ക്‌ ആരും അടുക്കരുത്‌'' വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന കര്യാത്തന്റെ മണ്‌ഡപത്തറയാണത്‌. പ്രത്യേകിച്ച്‌ വ്രതാനുഷ്‌ഠാനകാലമാണിത്‌. ഊറ്റംകൂടിയകാലം. ഒന്നോര്‍ക്കുന്നത്‌ നന്ന്‌. കര്യാത്തനോട്‌ കളിച്ചവരാരും ഇല്ലം കണ്ടിട്ടില്ല.'' അതു കേട്ടപാടെ വീരാനും മാത്തുകുട്ടിയും തിരിഞ്ഞുനിന്നു. മാത്തുകുട്ടിയുടെ മുട്ടുകാല്‍ അടിമുടി വിറയ്‌ക്കുന്നത്‌ വീരാന്‍ കണ്ടു. പിന്നെ തിരിഞ്ഞുനോക്കാതെ രണ്ടുപേരും കൈയോടു കൈചേര്‍ന്ന്‌ ഓടിമറഞ്ഞു. അതുകണ്ട്‌ പരിവാരങ്ങള്‍ സ്‌തബ്‌ധരായി നോക്കിനിന്നു. പെട്ടെന്നായിരുന്നു അത്‌ സംഭവിച്ചത്‌. കുഞ്ഞാപ്പു ആശാന്റെ വാക്കുകള്‍ക്കൊന്നും വില കല്‍പ്പിക്കാതെ ദിനേശന്‍ യുവത്വത്തിന്റെ ഓജസ്സോടെ ഉടുമ്പിനുനേരെ ഓടിയടുത്തു. ദിനേശന്റെ മനസ്സ്‌ നിറയെ വെയില്‍ചായുമ്പോള്‍ നടക്കാനിരിക്കുന്ന സപ്പറിലെ ഉടുമ്പുകറിയുടെ സ്വാദ്‌ മാത്രമായിരുന്നു. അതോര്‍ത്ത്‌ ദിനേശന്റെ വായില്‍ കപ്പലിറക്കാനുള്ള വെള്ളം അപ്പോഴേ കിനിഞ്ഞിറങ്ങി. ഉടുമ്പ്‌ ജീവനുംകൊണ്ടോടി കര്യാത്തന്റെ മണ്‌ഡപത്തിന്‌ മുകളിലെത്തി. ദിനേശന്‍ ഊക്കാര്‍ന്ന്‌ കുതറി അടുത്തുവന്നപ്പോള്‍ ഉടുമ്പ്‌ കര്യാത്തന്റെ വിഗ്രഹത്തിന്‍മേല്‍ കയറിപ്പറ്റി. വരുംവരായ്‌കകളൊന്നും നോക്കാതെ ദിനേശന്‍ ഉടുമ്പിന്റെ മസ്‌തകത്തെ ലാക്കാക്കി ഒരു വീക്കുവീക്കി. ദൃക്‌സാക്ഷികളായ പരിവാരങ്ങള്‍ കണ്ടത്‌ ചിണ്ടന്‍കുന്ന്‌ കര്യാത്തന്റെ തലതെറിച്ച്‌ തെച്ചിപൊന്തയിലേക്ക്‌ വീഴുന്ന കാഴ്‌ചയായിരുന്നു. പരിവാരങ്ങള്‍ തലയില്‍ കയ്യുംവെച്ച്‌ ഓടാന്‍ തുടങ്ങി. ഓട്ടത്തിനിടയില്‍ കല്ലുവെട്ടാംകുഴി പ്രജകളോട്‌ അവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ``നരിനിരങ്ങിപ്പറമ്പില്‍ ദിനേശന്‍, കര്യാത്തന്റെ തലതെറിപ്പിച്ചേയ്‌...'' ഇതുകേട്ട ദിനേശന്റെ അച്ഛന്‍ പെങ്ങള്‍ യശോദ മൂക്കത്ത്‌ വിരല്‍വെച്ച്‌ ഭയഭക്തിയോടെ പറഞ്ഞു. കളിച്ചുകളിച്ച്‌ ഓന്റെ കളി കര്യാത്തനോടായി. ഏറിയ അറാമ്പറപ്പും ഈ യശോദ കണ്ടിട്ടുണ്ടേ.... ഇതൊരുമാതിരി തീകൊണ്ടുള്ള കളിതന്നെയാണേ....
അതിനിടയില്‍ മറ്റു ചിലര്‍ പൊന്തക്കാടിനുള്ളിലൊക്കെ ഉടുമ്പിനെ തേടി നടന്നു. ഉടുമ്പ്‌ മണ്‌ഡപത്തറയ്‌ക്കരികിലുള്ള പപ്പായ മരത്തിലിരുന്നു ദിനേശനെ കണ്ണെടുക്കാതെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. കര്യാത്തന്‍ മാഹാത്മ്യത്തിന്റെ തലതെറിച്ചുപോയതില്‍ കുഞ്ഞാപ്പു ആശാന്‍ കുണ്‌ഠിതനായി കയ്യും തലയില്‍ വെച്ചിരുന്നു. അതിനിടയില്‍ നരിനിരങ്ങി പറമ്പില്‍ കുഞ്ഞിക്കോരന്‍ ഒരു ഇടപെടലെന്നോണം പറഞ്ഞു. ``ആശാനെ എന്റെ മോന്‍ ദിനേശനെകൊണ്ട്‌ കര്യാത്തന്‍ ഇതൊക്കെ ചെയ്യിച്ചതാണ്‌. എന്തോ വിഘ്‌നം നടക്കാന്‍ പോകുന്നതിന്റെ നിമിത്തമായികൂടി ഇതു കണക്കാക്കുന്നത്‌ നന്ന്‌.
ഈയടുത്ത കാലത്തായി ദിനേശന്റെ മട്ടുംമാതിരിയുമൊക്കെ മാറിയിരിക്കുന്നു. നമുക്കൊരുകാര്യം ചെയ്‌താലോ ആശാനെ, കണിശക്കാരനെ, വരുത്തി താംബൂലപ്രശ്‌നം നടത്തി നോക്കിയാലോ? അതുകേട്ടപാടെ, കുനിഞ്ഞുകിടന്നിരുന്ന ആശാന്റെ തലയൊന്നു നിവര്‍ന്നു. ``എന്നാ കുഞ്ഞിക്കോരാ, നമുക്ക്‌ അതുതന്നെ നടത്തിയേക്കാം അല്ലേ..''
കുഞ്ഞാപ്പുവും കുഞ്ഞിക്കോരനും കണിശക്കാരനുമായി ചിണ്‌ഡന്‍കുന്ന്‌ കര്യാത്തന്‍ മാഹാത്മ്യത്തിന്റെ തിരുസന്നിധിയിലെത്തി എന്നിട്ട്‌ കാവിന്‌ ചുറ്റും കൂടിയ ജനങ്ങളെനോക്കി കുഞ്ഞിക്കോരന്‍ പറഞ്ഞു. ``കര്യാത്തന്‍ മാഹാത്മ്യത്തിന്റെ ഉള്ളിലിരിപ്പ്‌ എന്താന്നറിയാല്ലോ? അതാ ഞാള്‌ കണിശക്കാരനെ വരുത്ത്യേത്‌. കണിശക്കാരന്‍ ചമ്രം മടിഞ്ഞിരുന്ന്‌ എന്തോ ശ്ലോകം ഉച്ചത്തില്‍ ചൊല്ലി. പലകയ്‌ക്കു മുകളില്‍ വേര്‍തിരിച്ച കള്ളികളില്‍ കവടിനിരത്തിവെച്ചു. എന്നിട്ട്‌ ചുറ്റിലും കൂടിയ ജനാവലിയെനോക്കി പറഞ്ഞു'' യെന്നാല്‍നമ്മക്ക്‌ തുടങ്ങ്യാലോ''? ചുറ്റുംകൂടിയവര്‍ തലയാട്ടി. അതുകണ്ട്‌ കുഞ്ഞിക്കോരനും കുഞ്ഞാപ്പുവും ജിജ്ഞാസയാലെ തല ദൃതിയില്‍ കുലുക്കികൊണ്ടിരുന്നു. കണിശക്കാരന്‍ അടുക്കുകളായി വെച്ചിരുന്ന താമ്പൂലത്തില്‍നിന്ന്‌ കയ്യിലൊതുങ്ങുന്നതെടുത്ത്‌ ഓരോ താമ്പൂലത്തിന്റെയും രാശിഗണിച്ച്‌ തുടങ്ങി. എന്നിട്ട്‌ കടുകട്ടിയുള്ള 2 ശ്ലോകങ്ങള്‍ വളരെ ആയാസത്തില്‍ ചൊല്ലിനിര്‍ത്തി. കണിശക്കാരന്‍ രാശിയില്‍ തെളിഞ്ഞുകണ്ടത്‌ ഓരോന്നോരോന്നായി പറഞ്ഞുതുടങ്ങി. ``ആണ്ടോഡാണ്ട്‌ വര്‍ഷക്കാലം കല്ലുവെട്ടാംകുഴി പ്രദേശത്തുകാര്‍ക്ക്‌ വിളിച്ചാല്‍ വിളിപ്പുറത്തുണ്ടായിരുന്ന കര്യാത്തന്‍ മാഹാത്മ്യമാണ്‌-അല്ലെ... ഇക്കൂട്ടത്തില്‍നിന്ന്‌ ആരോ ഒന്ന്‌ ശരിവെച്ചു. `അതെ'.
കര്യാത്തനെ വിശ്വാസമര്‍പ്പിച്ചവര്‍ക്കൊക്കെ കര്യാത്തന്‍ വിളിപ്പുറത്തുണ്ടാകുമെന്നാണ്‌ രാശിയില്‍ തെളിയുന്നത്‌. മഞ്ഞും മഴയും വെയിലും കൊണ്ട്‌ നൂറ്റാണ്ടുകാലം ഞാനെന്റെ മക്കളെ പരിപാലിച്ചു. എനിയും പരിപാലിച്ചോളും. സംശയമുണ്ടോ- ഇല്ലെന്ന്‌ കുഞ്ഞിക്കോരന്‍ മറുപടി പറഞ്ഞു. എന്നാല്‍ വിഘ്‌നങ്ങളായി തെളിയുന്നത്‌ പലതാണ്‌. കുഞ്ഞാപ്പു ആശാനെ ആശാന്‍ വിളറിപിടിച്ച മുഖമായി ഭവ്യതയോടെ ആരാഞ്ഞു. എന്താണാവോ വിഘ്‌നത്തിനുള്ള ഹേതുകാരണങ്ങള്‍. പരിഹാരങ്ങള്‍ വല്ലതും? കണിശക്കാരന്‍ അടുക്കിവെച്ച താമ്പൂലത്തില്‍നിന്നും ഒരുകെട്ട്‌ താമ്പൂലം വീണ്ടുമെടുത്ത്‌ അതില്‍ ആദ്യത്തെ താമ്പൂലത്തിന്റെ രാശികാണിച്ച്‌ തിരിച്ചും മറിച്ചുമുള്ള ഫലം പറയുന്നതിനു മുതിരുന്നതിനിടയില്‍ നരിനിരങ്ങിപ്പറമ്പില്‍ കുഞ്ഞിക്കോരന്‍ മകന്‍ ദിനേശന്‍ ആര്‍പ്പും, ഊയ്യാരവും, ആരാപുരവുമായി വീണ്‌ പിടയാന്‍ തുടങ്ങി. അതു കണ്ടുനിന്ന ദിനേശന്റെ സുഹൃത്തുക്കള്‍ ദിനേശനെ ചെന്നു താങ്ങിയെടുത്തു. ദിനേശന്‍ അവരുടെ കൈത്തണ്ടയില്‍ കിടന്ന്‌ പിടയാന്‍ തുടങ്ങി.
കണിശക്കാരന്‍ പറഞ്ഞു. അദ്ദേഹത്തെ വിട്ടേയ്‌ക്കൂ... ഇതൊക്കെ നിമിത്തങ്ങള്‍ മാത്രമാണ്‌. കര്യാത്തന്‍ അദ്ദേഹത്തില്‍ പ്രവേശിക്കുകയാണ്‌. എല്ലാവരും ദിനേശനെ കൈയൊഴിഞ്ഞു. ദിനേശന്‍ ഒറ്റക്കാലില്‍ തുള്ളി. വലതുകൈകൊണ്ട്‌ ശിരസ്‌ തലോടി ഉള്ളില്‍നിന്നു പുറത്തേക്കു വരുന്ന ഉഷ്‌ണവായു ഊതിവിട്ടുകൊണ്ട്‌ കര്യാത്തന്റെ മണ്‌ഡപത്തറയെ പ്രദക്ഷിണംവെച്ചു. അല്‍ഭുതസ്‌തബ്‌ദരായി നിന്നുപോയ ദേശക്കാരെനോക്കി കണിശക്കാരന്‍ പറഞ്ഞു. കര്യാത്തന്റെ വെളിച്ചപ്പാടാണ്‌. എല്ലാവരും അരുളപ്പാട്‌ ശ്രദ്ധിച്ചുകൊള്ളണം. മണ്‌ഡപത്തറയുടെ കാലില്‍പിടിച്ച്‌ ദിനേശന്‍ 3 തവണ കൂവിവിളിച്ചു. എന്നിട്ട്‌ പറഞ്ഞുതുടങ്ങി.''
``എന്റെ കാവും, കുളവും മണ്‌ഡപത്തറയും പരിപാലിക്കാതെയായി അല്ലെ....? എനിക്കുവേണ്ടിയുള്ള അടിതളിപൂജകളും മുടക്കിക്കളഞ്ഞു ഹഹഹ.. ആണ്ടോടാണ്ട്‌ കൂടൂമ്പോള്‍ എനിക്കു നിവേദിക്കാറുള്ള പൂവും നീരുമെവിടെ..ഹ എന്റെ പട്ടും വളയും, കിണ്ടിയും നീരും, ഭസ്‌മക്കളവും ഉടവാളും എനിക്കുതന്നെ തിരിച്ചുവേണം. എന്നെ അവഗണിച്ച്‌ എന്റെ തിരുവടി പുല്‍കാതെ എന്റെ മക്കള്‍ മനുഷ്യദൈവങ്ങളുടേയും അമ്മ ദൈവങ്ങളുടേയും കൂട്ടാളികളായി അല്ലേ- ഹഹ-ഹേ-ഹോയ്‌. ഞാന്‍ കരിപുരണ്ടവന്‍, കര്യാത്തനാണെങ്കിലും എന്റെ വിളക്കുകല്ലില്‍ തിരിതെളിയിക്കാതെ എന്റെ ദാഹംമാറ്റാന്‍ പൂവും നീരും നല്‍കാതെ. വെളുത്ത്‌ ലിപ്‌സ്റ്റിക്കിട്ട സുമുഖരായ ആള്‍ദൈവങ്ങളോടൊപ്പമായി സഹവാസം. എല്ലാം ഞാന്‍ കണ്ടും കേട്ടും കുറെ നാളുകള്‍ ക്ഷമശീലിച്ചു. എനിക്കു തുണയാകാത്ത ഭക്തരെ എനിക്കുവേണ്ട. ഹ, ഹ- അവരെ ഞാനൊരു പാഠം പഠിപ്പിക്കാതെ വിടില്ല. ഇന്നു കണ്ടും കേട്ടും പോരുന്ന നിമിത്തങ്ങളൊക്കെ സൂചനയായി കണ്ടാല്‍ മതിയാവും. കൂ.. കൂയ്‌... ഇനിയങ്ങോട്ട്‌ ഈ തലതിരിഞ്ഞ ലോകത്ത്‌ ഞാന്‍ തലയില്ലാത്തവനായി കുടികൊള്ളും''.
വെളിച്ചപ്പാട്‌ ദിനേശന്‍ ഉറഞ്ഞ്‌ മണ്‌ഡപത്തറയില്‍ വീണു. ആളുകളോടിയെത്തി. കല്ലുവെട്ടുംകുഴി പ്രദേശവാസികള്‍ ദിനേശന്റെ നെറ്റി പൊട്ടിയൊലിച്ചിറങ്ങുന്ന ചോരയിലേക്ക്‌ നോക്കി നിന്നു.

No comments:

Post a Comment