Saturday, May 9, 2009

കേരളം കാതോര്‍ക്കുന്ന മഹാവിപ്ലവം

കേരളം കാതോര്‍ക്കുന്ന മഹാവിപ്ലവം
മനയത്ത്‌ ചന്ദ്രന്‍

വികസനത്തിന്റെ പരിപ്രേക്ഷ്യത്തില്‍ കേരളം ലോകത്തിന്‌ മാതൃകയാണ്‌. കേരളാ മോഡല്‍ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ സമരധീര കേരളം. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ സ്വാശ്രയത്വത്തിന്റെ കൊടി പറത്തിയ പ്രബുദ്ധ കേരളം. ഇളനീര്‍ വെള്ളം സമൃദ്ധമായ ആതിഥ്യത്തിന്‌ പകര്‍ന്നു നല്‍കുന്ന ദൈവത്തിന്റെ സ്വന്തം നാട്‌. കേരളമെന്ന്‌ കേട്ടാല്‍ തിളക്കണം നമുക്ക്‌ ചോരഞരമ്പുകളില്‍........
ഇതിനു പശ്ചാത്തലമൊരുക്കിയത്‌ ഇങ്ങനെ:
ശക്തമായ സഹകരണപ്രസ്ഥാനം വിരിച്ചിട്ടുകൊടുത്ത പച്ചപ്പരവതാനിയുടെയാണ്‌ മലയാളിയുടെ സമ്പദ്‌ഘടന വലത്‌കാല്‍വെച്ച്‌ നടന്നു നീങ്ങിയത്‌. നവോത്ഥാനത്തിന്റെ മഹാ സാഗരത്തിലൂടെയാണ്‌ കേരളീയ മനസ്സ്‌ പരിവര്‍ത്തനത്തിന്റെ കപ്പലോടിച്ചത്‌. ഉജ്ജ്വലമായ ഗ്രന്ഥശാലാപ്രസ്ഥാനം അക്ഷരങ്ങളുടെ വിളക്കുമാടങ്ങളില്‍നിന്ന്‌ കൊളുത്തിയ അഗ്നിയില്‍ നിന്നുമാണ്‌ അവര്‍ സംസ്‌കാരത്തിന്റെ മണ്‍ചിരാതുകള്‍ക്ക്‌ തിരി നീട്ടിയത്‌. മാനവികതയുടെ നൈരന്തര്യങ്ങളിലൂടെയാണ്‌ ഒരു ജനത വര്‍ത്തമാനങ്ങളുടെ ബിംബങ്ങളെ തൊഴുകൈയോടെ സ്വീകരിച്ചതും.
ആളോഹരി വരുമാനത്തില്‍ ഇന്ത്യയിലെ മറ്റ്‌പല സംസ്ഥാനങ്ങളെക്കാള്‍ പിന്നിലാണ്‌ കേരളമെങ്കിലും ഏറ്റവും ഉയര്‍ന്ന ജീവിതനിലവാരം നാം പുലര്‍ത്തുന്നു. രാവിലെ എഴുന്നേല്‍ക്കുകയും ടൂത്ത്‌പേസ്റ്റ്‌കൊണ്ട്‌ പല്ല്‌ തേക്കുകയും സോപ്പുതേച്ചു കുളിക്കുകയും അലക്കി തേച്ച വസ്‌ത്രം ധരിക്കുകയും സുഗന്ധലേപനങ്ങളും സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളും വാരി പൂശുകയും മൊബൈല്‍ഫോണ്‍ സാര്‍വ്വത്രികമായി കൈയില്‍വെക്കുകയും നാല്‌ ചക്രത്തിലേക്ക്‌ കടന്നുകയറുന്ന ഇരുചക്രവാഹനമെങ്കിലും സ്വന്തമായി ഉപയോഗിക്കുകയും ചെയ്യുന്ന ഒരു ജനത മറ്റെവിടെയാണുള്ളത്‌. ഇത്തരമൊരു ജീവിതസാഹചര്യത്തിന്റെ കളമൊരുക്കിയതിന്‌ പല ഘടകങ്ങളും പ്രവര്‍ത്തിക്കുന്നുവെങ്കിലും ഒന്ന്‌ തീര്‍ച്ചയാണ്‌. 20 ലക്ഷം മലയാളികള്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നു വര്‍ഷംതോറും അയക്കുന്ന 30,000 കോടി രൂപയുടെ മത്ത്‌ പിടിച്ച പണലഭ്യത തന്നെയാണ്‌. കേരളത്തിലെ സഹകരണത്തിന്റെ കൈയിലുള്ള 50,000 കോടി രൂപ കേരളത്തിലെ പണിനിലങ്ങളിലും പൊതു മാര്‍ക്കറ്റിലും അരിച്ചിറങ്ങി ജനജീവിതത്തെ സമ്പന്നമാക്കുന്നു. ഇതിന്റെയെല്ലാം മറുചിത്രം ഗൗരവമായ ചിന്തനങ്ങള്‍ക്ക്‌ വിധേയമാക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടുന്നുണ്ട്‌. ഗ്രാമങ്ങളിലെ ജനങ്ങളിലൊരു വിഭാഗം വിദേശങ്ങളില്‍. മറ്റ്‌ കുറേപേര്‍ തൊഴിലന്വേഷിച്ച്‌ ഭാരതത്തിന്റെ പ്രധാന പട്ടണങ്ങളില്‍. വീണ്ടും കുറേപേര്‍ നമ്മുടെ നാട്ടിലെതന്നെ നഗരങ്ങളില്‍. അവിടെ പോകുമ്പോള്‍ അവര്‍ അരോചകമായ മാര്‍ഗ്ഗത്തിലേക്ക്‌ വഴുതിവീഴുന്നു. പിടിച്ചുപറിച്ചു മോഷണവും പെണ്‍വാണിഭവും അറപ്പ്‌ തോന്നുന്ന വ്യാപാരങ്ങളുടെ ക്ലിഷേയായി മാധ്യമങ്ങള്‍ ആഘോഷിക്കുന്ന ചതുപ്പുനിലങ്ങള്‍ ബാക്കിയാവുന്നു. ഭാരതത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷരതാജില്ലയായ എറണാകുളത്തിന്റെ നഗരാസ്ഥാനം ഇന്ത്യയിലെ ഏറ്റവും ഗൂഢമായ ക്രിമിനലുകളുടെ താവളമായി മാറിക്കഴിഞ്ഞു. കൊച്ചി നഗരത്തിലെ ക്രിമിനലുകള്‍ക്ക്‌ പോഷകമായത്‌ ഗ്രാമങ്ങളില്‍നിന്നും കുറിയേറിയവരാണ്‌ എന്നത്‌ നമ്മുടെ കേരളമാതൃകയുടെ പിന്നാമ്പുറങ്ങളിലെ രഹസ്യം. പുത്തന്‍ പണത്തിന്റെ ഒഴുക്ക്‌ പരമ്പരാഗതമായ തൊഴില്‍ സംസ്‌കാരത്തില്‍നിന്നും ജനങ്ങളെ അകറ്റി. നമ്മുടെ ആസൂത്രണത്തിന്റെ പരഗണനകള്‍ തലതിരിഞ്ഞുപോയി. ഉല്‌പാദനമേഖലയ്‌ക്ക്‌ പകരം നാം സേവനമേഖലയെ വാരിപ്പുണര്‍ന്നു. ഉപ്പുതൊട്ട്‌ കര്‍പ്പൂരംവരെ അടിച്ചുവാരുന്ന ചൂല്‌ മുതല്‍ തലയില്‍ ചൂടുന്ന മുല്ലപ്പൂവ്‌വരെ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നിടംവരെ എത്തിനില്‍ക്കുന്ന നമ്മുടെ സ്വാശ്രയത്വം. കേരം തിങ്ങും കേരളനാട്ടില്‍ തേങ്ങയിടാന്‍ ആളില്ല. നെല്ലുകെയ്യാനും മെതിക്കാനും കൈയും കാലുമില്ലാ യന്ത്രംകൊണ്ട്‌ കൊയ്‌ത്തു നടത്താന്‍ പോലും ആളില്ല.
തൊഴിലില്ലായ്‌മ അക്ഷരാര്‍ത്ഥത്തില്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ വൈരുദ്ധ്യം മറുവശത്ത്‌ തൊഴിലില്ലായ്‌മയും തൊഴിലെടുക്കാന്‍ ആളില്ലായ്‌മയും ഒരേപോലെ നമ്മെ വേട്ടയാടുന്നു. ഇത്തരം ഒറു പ്രതിസന്ധിയില്‍ ആഗോള സാമ്പത്തികമാന്ദ്യം ഭയങ്കരമായി നമ്മുടെ നാടിനേയും പിന്‍തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇത്തവണത്തെ (2009) ബജറ്റ്‌ അവതരിപ്പിച്ചുകൊണ്ട്‌ ധനകാര്യമന്ത്രി ഡോ: തോമസ്‌ ഐസക്‌ പറഞ്ഞ്‌ വിദേശങ്ങളിലുള്ള 5 ലക്ഷം പേര്‍ ഈ വര്‍ഷംതന്നെ തിരിച്ചെത്തിയേക്കാമെന്ന്‌. ഗള്‍ഫ്‌ രാജ്യങ്ങളിലെ സമ്പദ്‌ഘടനയെപറ്റി വിലയിരുത്തുന്ന വിദഗ്‌ധര്‍ പറയുന്നത്‌. 2025 ഓടുകൂടി അവിടുത്തെ ഇന്ധനക്കിണറുകള്‍ മുഴക്കേ പറ്റിപ്പോകുമെന്നാണ്‌. അത്തരമൊരു ഭയാനക സാഹചര്യത്തിന്റെ പ്രത്യാഘാതം കേരളത്തെ എത്രമാത്രം പ്രകമ്പനംകൊള്ളിക്കുമെന്ന്‌ ഊഹിക്കാവുന്നതാണ്‌. നഗരങ്ങളും ഗ്രാമങ്ങളും സംഘര്‍ഷ നിര്‍ഭരമാകുന്ന ഭാവിയുടെ അലംഘനീയമായ സന്നിഗ്‌ദാവസ്ഥയെ എങ്ങനെ തരണംചെയ്യുമെന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്‌ചപ്പാട്‌ അവതരിപ്പിക്കാന്‍ ആര്‍ക്കാണ്‌ കഴിയുക.
കേരളത്തിലെ 1625 ഓളംവരുന്ന പ്രാഥമിക കാര്‍ഷിക വായ്‌പാസംഘങ്ങള്‍ നമ്മുടെ നഗരങ്ങളെയും ഗ്രാമങ്ങളെയും പ്രഗാഢമായ സ്‌പര്‍ശിക്കുന്ന ഒരു മഹാപ്രസ്ഥാനമാണ്‌. ഗ്രാമങ്ങളിലെ തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ കൃഷിയെ അടിസ്ഥാനമാക്കിയുള്ള ഉല്‍പാദനമേഖലയെ കേന്ദ്രീകരിച്ചുള്ള പുതിയ ഒരു കാര്‍ഷിക സഹകരണ സമഗ്രനയം രൂപപ്പെടുത്തിയേ മതിയാകൂ. കാലാനുസൃതമായ വൈവിധ്യവല്‍ക്കരണം ഇതിനാവശ്യമാണ്‌. കാര്‍ഷികവൃത്തിയോടുള്ള സമീപനത്തിലും അടിസ്ഥാനപരമായ മാറ്റം അനിവാര്യമാണ്‌. പുതിയ തലമുറയെ, കേരളത്തിന്റെ സാഹചര്യങ്ങള്‍ക്ക്‌ യോജിച്ചതും, സ്വയംപര്യാപ്‌തമാകുന്ന ആസൂത്രണങ്ങള്‍ക്ക്‌ പാകപ്പെടുത്തിയതും, അന്തസ്സായ ജീവിതം ഏവര്‍ക്കും വിഭാവനം ചെയ്യുന്നതുമായ പുതിയ കാലത്തേക്ക്‌ പരിചയപ്പെടുത്തുന്ന ഒരു വലിയ വിപ്ലവം നമുക്കിവിടെ നടത്തണം. അങ്ങനെയല്ലാതെ വന്നുചേരുന്ന ഈ വന്‍വിപത്തിനെ നമുക്കെങ്ങിനെ പ്രതിരോധിക്കാന്‍ കഴിയും. 

No comments:

Post a Comment