Saturday, May 9, 2009

ഓണപ്പൂക്കളവും ഓവര്‍ ഡ്യൂ കളക്ഷനും.

ചെറുകഥ

ഓണപ്പൂക്കളവും ഓവര്‍ ഡ്യൂ കളക്ഷനും.
വി.സി. ആനന്ദവല്ലി, മാനേജര്‍, കക്കോടി ശാഖ

ഉത്സവങ്ങളുടെയും മത്സരങ്ങളുടേയും കാലമാണല്ലോ. ``എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഉത്സവാഘോഷം മാത്രം. അവിടെങ്ങാനറിയാതെ പെട്ടുപോയാല്‍ തെരുതെരെ മത്സരമായി പിന്നെ'' ചങ്ങമ്പുഴയുടെ ഈരടികള്‍ക്ക്‌ ഇങ്ങനെയൊരു പാരടിയാണ്‌ നന്ദിനിയുടെ മനസ്സില്‍ ഉയര്‍ന്നത്‌.
ഓണക്കാലത്ത്‌ മാത്രമല്ല പണ്ട്‌ അമ്പലങ്ങളിലും വര്‍ഷത്തിലൊരിക്കല്‍ സ്‌കൂളുകളിലും മാത്രം കണ്ടിരുന്ന ഉത്സവങ്ങള്‍ ഇന്ന്‌ നാട്ടിന്‍ പുറങ്ങളിലും നഗരങ്ങളിലും സുലഭമായിരിക്കുന്നു.
സ്‌കൂളുകളില്‍ വാര്‍ഷികോത്സവം യുവജനോത്സവം നൃത്തോത്സവം സിനിമാ പ്രദര്‍ശനോത്സവം അങ്ങിനെ പോകുന്നു ഉത്സവങ്ങളുടെ മേളം.
ഉത്സവങ്ങളെ സംബന്ധിച്ചും അല്ലാതെയും മത്സരങ്ങളും ഒഴിച്ചുകൂടാതായിരിക്കുന്നു. മത്സരങ്ങള്‍ക്ക്‌ പ്രത്യേകിച്ച്‌ വിഷയമൊന്നും വേണ്ട. രാവിലെത്തെ പത്രം നിവര്‍ത്തുമ്പോള്‍ തുടങ്ങി രാത്രി കിടക്കുന്നതുവരെ വിവിധതരം മത്സരങ്ങളുടെ ഘോഷയാത്രതന്നെ! ഒപ്പം നമ്മളെ കാത്തിരിക്കുന്നു അനവധി സമ്മാനങ്ങളും! പെട്ടുപോകുന്നതില്‍ അയിശയമെന്തിരിക്കുന്നു? പത്രത്തിലെ പ്രത്യേക കോളങ്ങള്‍ക്ക്‌ നിറം കൊടുപ്പോ, പദപ്രശ്‌നം പൂരിപ്പിക്കലോ അതുമല്ലെങ്കില്‍ ചാനലുകളിലെ ചില പ്രോഗ്രാം കാണുമ്പോള്‍ ഒന്നു ഫോണ്‍ കറക്കിയാല്‍ പോലും നമ്മള്‍ സമ്മാനാര്‍ഹരാകുന്നു. എത്ര എളുപ്പം! സമ്മാനങ്ങള്‍ക്ക്‌ യാതൊരു പഞ്ഞവുമില്ല. മനുഷ്യരെല്ലാം ഒന്നുപോലെ സമ്മാനാര്‍ഹരാകുന്ന പുതിയ മാവേലി നാട്‌!
നന്ദിനി പെട്ടെന്നാണ്‌ ഓര്‍ത്തത്‌ നാളെ തനിക്കുമുണ്ടല്ലോ ഒരു മത്സരം. പൂക്കള മത്സരം. ഓണത്തോടനുബന്ധിച്ച്‌ ബേങ്ക്‌ ജീവനക്കാര്‍ക്ക്‌ വേണ്ടി ഒരുക്കുന്ന പൂക്കളമത്സരം നാളെയാണ്‌. അതില്‍ പങ്കെടുക്കണം. സമ്മാനം കരസ്ഥമാക്കുകയും വേണം. അവളുടെ മനസ്സില്‍ ഒരു ഉത്സവത്തിന്റെ കൊടിയേറ്റം!
ക്ലോക്കില്‍ മണി പതിനൊന്ന്‌. കണ്ണടച്ച്‌ കിടന്നിട്ടും ഉറക്കം വന്നതേയില്ല. നഗരമാകെ ഉത്സവ ലഹരിയില്‍ ആറാടുന്ന ``പൂവരങ്ങ്‌'' ആയിരുന്നു മനസ്സ്‌ നിറയെ. ഓവര്‍ഡ്യൂ കലക്ഷനിലും ഔട്ട്‌സ്‌റ്‌റാന്‍ഡിങ്ങ്‌ പൊരുത്തപ്പെടുത്തലിലും ഒതുങ്ങിപ്പോയ ജീവിതത്തിന്‌ ആഘോഷിക്കാന്‍ കിട്ടുന്ന സുവര്‍ണ്ണാവസരം.
അപ്പോഴാണ്‌ അവളുടെ മനസ്സില്‍ പുതിയൊരു ആശയം ഉയര്‍ന്നു വന്നത്‌. ചില ബാങ്കുകള്‍ വായ്‌പമേളകള്‍ നടത്തുന്നതിനായി പത്രത്തില്‍ വായിച്ചിട്ടുണ്ട്‌. അതുപോലെതന്നെ വാഹനങ്ങള്‍ക്കുമുണ്ട്‌. ലോണ്‍മേള (എക്‌സ്‌ചേഞ്ച്‌ മേള) എന്നാല്‍ എന്തുകൊണ്ട്‌ ഓവര്‍ഡ്യൂ കലക്ഷനുവേണ്ടി ഒരു മേള (ഉത്സവം) സംഘടിപ്പിച്ചുകൂടാ! അത്‌ ഓണത്തോടനുബന്ധിച്ചു തന്നെയാവട്ടെ. പരസ്യം ഇങ്ങിനെയാവാം വായ്‌പക്കാര്‍ക്ക്‌ ഇതാ ഒരു സുവര്‍ണ്ണാവസരം! ഇത്തവണ ഓണാഘോഷത്തോടനുബന്ധിച്ച്‌ കലക്ഷന്‍ മേള നടത്തുന്നു. പലിശയിളവിനു പുറമെ ആകര്‍ഷകമായ സമ്മാനങ്ങളും.
ബേങ്കിന്റെ മുഖ്യ കാര്യാലയത്തില്‍ വച്ചു മേള നടത്താം. കുടിശ്ശികത്തുകയും കാലപ്പഴക്കത്തിനും അനുസരിച്ച്‌ വ്യത്യസ്‌ത സമ്മാനങ്ങളാകാം. ജനങ്ങള്‍ക്ക്‌ സമ്മാനങ്ങളിലാണല്ലോ കണ്ണ്‌. മേളയോടനുബന്ധിച്ച്‌ പൂക്കളമത്സരവും ആകാം. ഇതിനുള്ള തുക മറ്റു സ്ഥാപനങ്ങളില്‍ നിന്നോ സംഘടനകളില്‍നിന്നോ സംഭാവനയായി സ്വീകരിയ്‌ക്കാം.
ചിന്തകള്‍ക്ക്‌ കടിഞ്ഞാണിട്ടുമൊണ്ട്‌ നന്ദിനിയുടെ നയനങ്ങളില്‍ നിദ്രാദേവത നൃത്തമാടിത്തുടങ്ങി. ഒരു നേര്‍ത്ത തെന്നലിന്റെ സുഖകരമായ തലോടലില്‍ പീലികള്‍ അടയുന്നു. വരാനിരിക്കുന്ന നല്ല നാളുകളെ സ്വപ്‌നം കണ്ടുകൊണ്ട്‌ അവള്‍ മെല്ലെ ഉറക്കത്തിലേയ്‌ക്ക്‌ വഴുതി.

ശുഭം.


No comments:

Post a Comment