Friday, May 29, 2009

സര്‍ഗ്ഗാത്മകതക്ക് സ്‌നേഹപൂര്‍വ്വം


എഡിറ്റോറിയല്‍

സ്ഥലകാല പരിതസ്ഥിതികളുടെ പരിമിതികളെ ഭേദിച്ച്, കലാസപര്യയിലൂടെ ഓസ്‌ക്കാര്‍  ജേതാവായി റസൂല്‍ പൂക്കുട്ടി മലയാളികളുടെ മാനം വാനോളം ഉയര്‍ത്തിയ വര്‍ഷമാണ്‌ 2009 .  

വര്‍ഷങ്ങളായി കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാര്‍ മനസ്സില്‍ താലോലിച്ച ഒരു സ്വപ്‌നത്തിന്റെ സാക്ഷാത്‌ക്കാരമാണ്‌ അകത്തളം. ഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും കുടുംബാംഗങ്ങളുടേയും സര്‍ഗ്ഗ ചൈതന്യം പീലി വിടര്‍ത്തിയാടുന്ന താളുകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. കാരണം ഏകാഗ്രതയും കൂടുതല്‍ ശ്രദ്ധയും അതിലേറെ സൂക്ഷ്‌മതയും ആവശ്യമായി തൊഴില്‍. തടിച്ച ലഡ്‌ജറുകളുടെ താളുകളിലും കമ്പ്യൂട്ടറിനു മുമ്പിലുമായുള്ള ആവര്‍ത്തന വൈരസ്യം മനസ്സിനെ തളര്‍ത്തുമ്പോള്‍ സര്‍ഗ്ഗാത്മകത ചിറകറ്റു പോകാനുളള സാധ്യതയേറെയാണ്‌. പരിമിതികളെ അതിജീവിച്ചുകൊണ്ട്‌ മാഗസിനുവേണ്ടി പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.

ലോകസമ്പത്‌ വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞ മറ്റൊരു സുനാമിക്ക്‌ 2008 സാക്ഷ്യം വഹിച്ചു. കൊട്ടിഘോഷിച്ച മുതലാളിത്ത വ്യവസ്ഥിതിയുടെ ചീട്ടുകൊട്ടാരങ്ങള്‍ തകര്‍ന്നു വീണു. പല ധനകാര്യ സ്ഥാപനങ്ങളുടേയും അടിത്തറയിളകി. പുത്തന്‍ തലമുറ ബാങ്കുകള്‍ ആടിയുലഞ്ഞു. ഓഹരി വിപണിയില്‍ സ്വപ്‌നങ്ങള്‍ നെയ്‌തെടുത്തവര്‍ ആര്‍ത്തു കരഞ്ഞു. നിര്‍മ്മാണമേഖല നിശ്ചലമായി. നിരവധിപേര്‍ നിരാലംബരായി. മാന്ദ്യം കാര്‍ഷിക വിപണിയെ സാരമായി ബാധിച്ചു. പിടിച്ചു നില്‍ക്കാനായത്‌ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മാത്രമാണ്‌ എന്നത്‌ ശ്രദ്ധേയം. ഈ ഇരുണ്ട ചക്രവാളത്തില്‍ പ്രതീക്ഷകളുടെ നെയ്‌ത്തിരി നാളം സഹകരണ മേഖലയായിരുന്നു. നോഹയുടെ പേടകമായി അതു വര്‍ത്തിച്ചു.

മാന്ദ്യം കൂടുതല്‍ ബാധിച്ചത്‌ കേരളത്തെയായിരുന്നു. ഉപജീവനം തേടി മണലാരണ്യങ്ങളില്‍ അഭയം കണ്ടെത്തിയ മലയാളികള്‍ തിരിച്ചൊഴുകി-ഒഴിഞ്ഞ കൈയ്യും തകര്‍ന്ന മനസ്സുമായി. കിടപ്പാടങ്ങള്‍ പണയപ്പെടുത്തിയത്‌ മിച്ചം. ഐ ടി മേഖലയുടെ തകര്‍ച്ച അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്‌മക്ക്‌ ആക്കം കൂട്ടി. കാര്‍ഷികോത്‌പന്നങ്ങളുടെ വിലയിടിവ്‌ കേരളത്തിന്റെ നട്ടെല്ലൊടിച്ചു. ഈ മാന്ദ്യം എത്രകാലം. സാമ്പത്തിക വിദഗ്‌ധര്‍പോലും കൈമലര്‍ത്തുന്നു. കോഴിക്കോട്‌ ജീല്ല വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയിട്ട്‌ വര്‍ഷങ്ങളേറെയായി. പുനരുജ്ജീവിപ്പിക്കാനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക്‌ വിജയം കണ്ടുവരുന്നു. മത്സ്യമേഖലയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. കടലമ്മ കനിയാത്ത ദിനങ്ങളാണേറെ. കേരോല്‌പന്നങ്ങളുടെ വിലയിടിവ്‌ കോഴിക്കോടിന്റെ വിപണിയെ മൂകമാക്കുന്നു.
കോഴിക്കോട്  ജില്ലാ സഹകരണ ബാങ്ക് നിക്ഷേപത്തിലും വായ്പയിലും റെക്കാര്‍ഡ് നേട്ടം കൈവരിച്ച സുവര്‍ണ്ണ കാലഘട്ടത്തിലാണ്‌ ‘അകത്തളം” പ്രസിദ്ധീകരിക്കുന്നത്. തുടര്‍  ലക്കങ്ങളില്‍ ഉള്ളടക്കം മികവുറ്റതാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന അഭ്യര്‍ത്തനയോടെ

 സ്നേഹപൂര്‍വം

എം. മെഹബൂബ് , പ്രസിഡണ്ട്‌
മാനേജിംഗ്‌ എഡിറ്റര്‍

No comments:

Post a Comment