Saturday, May 9, 2009

ഇന്നിന്റെ നൊമ്പരം

കവിത
ഇന്നിന്റെ നൊമ്പരം
സന്തോഷ്‌.ടി.,വെസ്റ്റ്‌ ഹില്‍ ശാഖ

നിണമൊഴുകുന്നു വീണ്ടുമീ നിളയുടെ തീരം
തുടുത്ത സന്ധ്യതന്‍ മാറില്‍ നഖക്ഷതം
പറിഞ്ഞ വസ്‌ത്രങ്ങളും വാരിപുതച്ചു കൊണ്ടോടുന്നു നാരികള്‍
ജഡജന്മാന്തരം വീണ്ടുമുയിര്‍ക്കുന്നു.
വിധവയാം മാതൃചാരിത്ര്യം വിലപേശി വില്‍ക്കുന്നു
അരുമകിടാവിന്‍ വായില്‍ ഒരു കുമ്പിള്‍ പകരുവാന്‍
ക്രോധത്തിന്‍ തെരുവില്‍ ജ്ഞാനാംദേഹി
ഭാവിതന്‍ കോലം കത്തിച്ചു രസിക്കുന്നു
ഗാന്ധിതന്‍ ഉടഞ്ഞ നിഴലുകള്‍ ചലിക്കുന്നു വീഥിയില്‍
മരണതന്‍ പാതയില്‍ ഘോരഗര്‍ജ്ജനം മുഴക്കുന്നു
പട്ടിണി പാവങ്ങള്‍ വിശപ്പിന്‍ വീഥിയില്‍
പട്ടികള്‍ക്കൊപ്പം കടിപിടികൂടുന്നു
മഹാശാസ്‌ത്രത്തിന്‍ നിഴലില്‍ സ്വയം പട്ടടയൊരുക്കുന്നു മര്‍ത്യന്‍
മഹാമേരുവിന്‍ ജ്വാലയാല്‍ ദുരാലം കറുക്കുന്നു
മതഭ്രാന്തിന്റെ മാസ്‌മര ലഹരിയില്‍ മര്‍ത്യന്റെ
മനഃസ്സാക്ഷി മരിക്കുന്നു
കുടിപ്പകയുടെ കുടില ഭൂതങ്ങള്‍ കിതച്ചു മറിയുന്നു
ഇടയിലാ വീഥിയില്‍ പറക്കുന്ന വെള്ളപിറാവിന്റെ
ചിറകറ്റു വീഴുന്നു
എങ്ങും ഞെരക്കങ്ങള്‍ വിശപ്പിന്റെ നൊമ്പരം
രക്തം കുടിച്ചു മടുക്കുന്നു ഭൂമി
ഒടുവിലാ സ്വപ്‌നങ്ങളും പേറി കാലം മരിക്കുന്നു
കാത്തിരിക്കാം നമുക്കിനി ഒരു പുതുയുഗത്തിന്റെ
കുളമ്പടിക്കായ്‌ കാതോര്‍ത്തിരിക്കാം
പരസ്‌പര സ്‌നേഹങ്ങള്‍ തെളിക്കുന്ന ദീപങ്ങള്‍
പാരിതിലെങ്ങും പ്രകാശം പരത്തട്ടെ.

No comments:

Post a Comment