Saturday, May 9, 2009

മാര്‍ച്ച്‌ ഒരു ഓര്‍മ്മക്കുറിപ്പ്‌


അനുഭവം
സി.പി. വേണുഗോപാല്‍,മാനേജര്‍

ബാങ്കിന്റെ വര്‍ഷാന്തമാസം - മാര്‍ച്ച്‌ 2004 ഇത്തവണ സമാഹരിക്കേണ്ട നിക്ഷേപ ലക്ഷ്യം അറിഞ്ഞപ്പോള്‍ സ്വയം പറഞ്ഞുപോയി.
``ഈ ലക്ഷ്യം കൈവരിക്കുവാന്‍ സാധിക്കുമോ? ശ്രമിച്ചാല്‍ നേടാവുന്നതാണെങ്കില്‍ ഒന്നു പരിശ്രമിക്കാമായിരുന്നു.''
ഓരോ ദിവസം കഴിയുന്തോറും എന്റെ ഈ സംശയത്തിന്‌ ബലം ഏറിവന്നു. ആദ്യ വാരാന്ത്യത്തിലെ നില പരിശോധിച്ചപ്പോള്‍ നേരത്തെ തോന്നിയ സംശയം മാത്രമല്ല അതിന്നപ്പുറവും ആണെന്ന യാഥാര്‍ത്ഥ്യം മനസ്സിലായി. കൂടുതല്‍ നിക്ഷേപം സമാഹരിക്കുന്നതിനു പകരം ഉള്ളത്‌ ചോര്‍ന്നുപോയിരിക്കുന്നു. ഈ നില തുടര്‍ന്നാല്‍ നിശ്ചിത ലക്ഷ്യം കൈവരിക്കാത്തതിന്‌ വിശദീകരണം സമര്‍പ്പിക്കുന്നതിന്‌ പകരം ഉള്ള നിക്ഷേപം നിലനിര്‍ത്തുവാന്‍ സാധിക്കാത്തതിന്ന്‌ ആയിരിക്കുമോ വിശദീകരണം നല്‍കേണ്ടത്‌. ഗുരുതരമായ നടപടി പ്രതീക്ഷിക്കാം. ഞാന്‍ ആത്മഗതം കൊണ്ടു.
ശാഖയുടെ പ്രവേശന കവാടത്തിനു അഭിമുഖമായിരുന്നു എന്റെ കാബിന്‍. ഏതു തിരക്കിട്ട ജോലി ചെയ്യുമ്പോഴും ശാഖയിലേക്ക്‌ കടന്നുവരുന്ന ആളുകളെ ഒന്ന്‌ വീക്ഷിക്കുക എന്റെ ശീലമായിരുന്നു.
നിക്ഷേപ സമാഹരണത്തിന്റെ രണ്ടാമത്തെ ആഴ്‌ച. ഏറെ തിരക്കില്ലാത്ത ആ സമയം-രാവിലെ-ഹെഡ്‌ ഓഫീസ്‌ സബ്‌സിഡിയറി പ്രിന്റ്‌ പരിശോധിച്ചു കൊണ്ടിരിക്കെ ഒരാള്‍ ശാഖയിലേക്ക്‌ കടന്നുവരുന്നത്‌ ഞാന്‍ കണ്ടു. പ്രത്യേകതകളൊന്നും കാണാതിരുന്നതിനാല്‍ ഞാന്‍ ജോലി തുടര്‍ന്നു.
അല്‌പ സമയത്തിനു ശേഷം ഞാന്‍ കൗണ്ടറിലേക്ക്‌ നോക്കി. നേരത്തെ വന്ന ആള്‍ എസ്‌ബി സെക്ഷന്‍ കൗണ്ടറിന്‌ അടുത്ത്‌ നില്‌ക്കുന്നു. ആരെയോ തിരയുന്ന മുഖഭാവം.
ഇയാള്‍ വന്നിട്ട്‌ കുറച്ച്‌ സമയമായല്ലോ? മുമ്പ്‌ കണ്ട പരിചയവും തോന്നുന്നില്ല. എന്താണ്‌ ഇയാളുടെ ആവശ്യം. ഞാന്‍ മനസ്സില്‍ ചോദിച്ചു ജോലി തുടര്‍ന്നു. 
ഏകദേശം 10 മിനിട്ടു കഴിഞ്ഞപ്പോള്‍ കൗണ്ടറില്‍ അയാളെ ഞാന്‍ തിരഞ്ഞു. അപ്പോള്‍ അയാള്‍ എനിക്ക്‌ അഭിമുഖമായി പ്രവേശന വാതിലിന്നരികെ നില്‌ക്കുന്നു. അയാളെ ഒന്നുകൂടി ഞാന്‍ വീക്ഷിച്ചു.
തടിച്ച്‌ പൊക്കംകുറഞ്ഞ ശരീരം. മുണ്ടും ഷര്‍ട്ടുമാണ്‌ വേഷം. ഒരു ദിനപത്രം ചുരുട്ടി വലതുകൈയില്‍ പിടിച്ചിരിക്കുന്നു. ഷര്‍ട്ടിന്റെ സ്‌ളീവ്‌ കാല്‍ഭാഗത്തോളം മാത്രം മടക്കിവച്ചിരിക്കുന്നു.
വേഷത്തില്‍ ഒരു പ്രത്യേകതയും എനിക്കു തോന്നുന്നില്ല. അല്ലെങ്കിലും ബാഹ്യരൂപം കണ്ട്‌ ആരേയും വിലയിരുത്താന്‍ പാടില്ലല്ലോ.
ഞാന്‍ നോക്കിയപ്പോള്‍ അയാള്‍ എന്നോട്‌ ചിരിക്കുവാന്‍ ശ്രമിക്കുന്നതായി കണ്ടു. ഇതു കണ്ടപ്പോള്‍ അയാളെ എന്റെ കാബിനിലേക്കു ഞാന്‍ ക്ഷണിച്ചു. എന്റെ ക്ഷണം കാത്തു നിന്നപോലെ അയാള്‍ ഉടന്‍തന്നെ വന്നുപറഞ്ഞു.
``നമസ്‌കാരം സാര്‍-ഞാന്‍ ഇരുന്നോട്ടെ.'' തീര്‍ച്ചയായും. ഞാന്‍ കൈകൊണ്ട്‌ ആംഗ്യവും കാണിച്ചു. 
അയാള്‍ കൈയില്‍ പിടിച്ചിരുന്ന ദിനപത്രം കസേരയില്‍വെച്ച്‌ അതിന്മേല്‍ ഇരുന്നു. പിന്നെ കൈകള്‍ രണ്ടും എന്റെ മേശപ്പുറത്ത്‌ ഊന്നി ഇരുത്തം ശരിപ്പെടുത്തി എന്നോടു പറഞ്ഞു.
``എനിക്ക്‌ കുറച്ച്‌ പണം നിക്ഷേപിക്കാനുണ്ട്‌. ഷോര്‍ട്ട്‌ പീരിയഡിലേക്കേ ഉണ്ടാവുകയുള്ളൂ.''
ഇതു കേട്ടപ്പോള്‍ രണ്ട്‌ ദിവസം മുമ്പ്‌ ഉണ്ടായ ഒരനുഭവം എന്റെ ഓര്‍മ്മയില്‍ വന്നു. കമ്പ്യൂട്ടറില്‍ ശ്രദ്ധിച്ച്‌ വൗച്ചറുകള്‍ പാസ്സാക്കുകയായിരുന്നു ഞാന്‍.
``എനിക്ക്‌ കുറച്ചു പണം നിക്ഷേപിക്കണം. ഷോര്‍ട്ട്‌ പിരീഡേ ഉണ്ടാവുകയുള്ളൂ.'' കാബിനിന്റെ പുറമെ നിന്ന്‌ ഒരു മദ്ധ്യവയസ്‌കന്റെ ശബ്‌ദം.
ഞാന്‍ ഉടനെ അയാളെ എന്റെ മുമ്പിലുള്ള കസേരയില്‍ ഇരിക്കാന്‍ ക്ഷണിച്ചു. നിക്ഷേപ സമാഹരണ മാസമല്ലേ? പരിചയക്കാരെ ആരേയും കാണുവാന്‍ കഴിഞ്ഞിട്ടില്ല. ഇയാളുടെ പക്കല്‍നിന്നും നല്ലൊരു തുക നിക്ഷേപം പ്രതീക്ഷിക്കാം. കൈയില്‍ വീര്‍ത്ത ബാഗും കാണുന്നുണ്ട്‌.
ഷോര്‍ട്ട്‌ പിരീഡ്‌ എന്നു പറഞ്ഞാല്‍ എത്ര കാലമാണ്‌ നിങ്ങള്‍ ഉദ്ദേശിക്കുന്നത്‌. ``ഞാന്‍ ചോദിച്ചു.
46 ദിവസം. പിന്നെ പണം ഞാന്‍ തിരികെ വാങ്ങും. പുതുക്കാന്‍ നിര്‍ബന്ധിക്കരുത്‌.'' അയാള്‍ പറഞ്ഞു.
ഞാന്‍ ആശ്വാസം കൊണ്ടു. സമാഹരണ കാലാവധി 15 ദിവസം കൂടി നീട്ടുകയാണെങ്കിലും ഈ നിക്ഷേപം ടാര്‍ജറ്റില്‍ ഉള്‍പെടും.
അപേക്ഷ ഫോറം എടുക്കുവാന്‍ തുടങ്ങുമ്പോള്‍ അയാള്‍ ചോദിച്ചു.
``എത്രയാണ്‌ നിങ്ങളുടെ പലിശ നിരക്ക്‌?''
``6% മുതിര്‍ന്ന പൗരനാണെങ്കില്‍ 1/2% കൂടുതലുണ്ട്‌. ``ഞാന്‍ മറുപടി നല്‍കി.
``മുതിര്‍ന്ന പൗരന്‍ അല്ല അയാള്‍'' 46 ദിവസത്തേക്ക്‌ എത്ര പലിശ കിട്ടും.''
``തുക എത്രയാണ്‌?'' കാല്‍ക്കുലേറ്റര്‍ എടുക്കവേ ഞാന്‍ ചോദിച്ചു.
``4000 രൂപ.'' ഇത്‌ വലിയൊരു തുകയെന്ന മട്ടിലാണ്‌ അയാള്‍ അതു പറഞ്ഞത്‌.
ചിരി ഉള്ളില്‍ ഒതുക്കി ഞാന്‍ പറഞ്ഞു. 30 രൂപ കിട്ടും.
തല്‍ക്ഷണം ഒരു വാക്കുപോലും ഉരിയാടാതെ എണീറ്റു പോകുന്നതാണ്‌ പിന്നെ കണ്ടത്‌. എത്രയായിരിക്കും ഇയാള്‍ പ്രതീക്ഷിച്ചിട്ടുണ്ടാവുക. ഞാന്‍ ആശ്ചര്യപ്പെട്ടു.
ഇപ്പോള്‍ എന്റെ മുമ്പിലിരിക്കുന്ന വ്യക്തിയും അതേ പ്രകാരമാണല്ലോ സംസാരിക്കുന്നത്‌. ഇനിയൊരു മോഹഭംഗം വേണ്ട എന്നു കരുതി ഞാന്‍ ചോദിച്ചു. 
തുക എത്രയുണ്ടാവും? 
വേറെ ആരും അടുത്തില്ല എന്ന്‌ ഉറപ്പ്‌ വരുത്തി അയാള്‍ രഹസ്യമെന്ന മട്ടില്‍ പറഞ്ഞു.
``35 ലക്ഷം ഉണ്ടാകും. 46 ദിവസത്തേക്കു മാത്രമേ ഇപ്പോള്‍ ഉദ്ദേശിക്കുന്നുള്ളൂ. അതിനുശേഷം മുഴുവനായില്ലെങ്കിലും കാര്യമായ തുക പുതുക്കാം.''
സന്തോഷം കൊണ്ട്‌ എന്റെ മുഖം വികസിച്ചു. സീനിയര്‍ മാനേജര്‍ വിഭജിച്ചു നല്‍കിയ ലക്ഷ്യം ഇതാ കൈവരിക്കുവാന്‍ പോകുന്നു.
അയാള്‍ ഒന്നുകൂടി എന്റെ അടുത്തേക്ക്‌ ചരിഞ്ഞ്‌ ഇരുന്നു പറഞ്ഞു.
``എനിക്ക്‌ സ്വല്‌പം രാഷട്രീയ പ്രവര്‍ത്തനം ഉണ്ട്‌. അതുകൊണ്ട്‌ ഇത്‌ വളരെ രഹസ്യമായിരിക്കണം. സാറിനെ മാത്രമേ ഞാന്‍ കാണുകയുള്ളൂ. എല്ലാം ഞാന്‍ ഉറപ്പ്‌ നല്‍കി.
``പണം ഇപ്പോള്‍ കൊണ്ടുവന്നിട്ടില്ല. വേറൊരു ബാങ്കില്‍ ടആ അ/രല്‍ ആണ്‌.'' അയാള്‍ ബാങ്കിന്റെ പേരു പറഞ്ഞശേഷം ചോദിച്ചു. ``46 ദിവസത്തേക്ക്‌ എത്രയാ പലിശ നിരക്ക്‌''.
നിരക്ക്‌ കേട്ടപ്പോള്‍ ആശ്വാസപ്പെട്ടുകൊണ്ടു പറഞ്ഞു. ``പ്രശ്‌നമില്ല. ടആ അ/ര നിരക്കിനേക്കാള്‍ കൂടുതലുണ്ട്‌. മറ്റു കാര്യങ്ങള്‍ ശരിപ്പെടുത്തി രണ്ടു ദിവസത്തിനകം വരാം''. കൂടുതല്‍ സംസാരിക്കാതെ യാത്ര പറഞ്ഞ്‌ അയാള്‍ പോയി.
ഇക്കാര്യം ആരോടും ഞാന്‍ പറഞ്ഞിട്ടില്ല. നിക്ഷേപം കിട്ടിയശേഷം പറയാം. എന്റെ ഡ്യൂട്ടി സമയത്ത്‌ അയാള്‍ വന്നാല്‍ മതിയായിരുന്നു. ഞാന്‍ ആശിച്ചു.
വരാമെന്ന്‌ പറഞ്ഞ ദിവസം രണ്ടും പിന്നിട്ടു. ആളെ കണ്ടില്ല. എന്നെ അന്വേഷിച്ച്‌ ആരെങ്കിലും വന്നിരുന്നുവോ എന്ന്‌ സഹപ്രവര്‍ത്തകരോട്‌ ചോദിച്ചപ്പോഴും ഇല്ലെന്നായിരുന്നു മറുപടി. എത്രയോ ആളുകള്‍ നിക്ഷേപ നിരക്കും മറ്റും അന്വേഷിച്ചു പോകുന്നു. ആ വിഭാഗതതില്‍ അയാളെ ഞാന്‍ ഉള്‍പ്പെടുത്തി.
നിക്ഷേപ സമാഹരണത്തില്‍ കാര്യമായ പുരോഗതിയൊന്നുമില്ലാതെ ദിവസങ്ങള്‍ 12 കഴിഞ്ഞു. അടുത്ത ദിവസം രാവിലെ പതിവുപോലെ പ്രിന്റ്‌ പരിശോധിച്ചുകൊണ്ടിരിക്കെ ഫോണ്‍ ബെല്ലടിക്കുന്നത്‌ കേട്ട്‌ ഞാന്‍ അലസമായി റിസീവര്‍ എടുത്തു.
``ഹല്ലോ... മാനേജര്‍ അല്ലേ. ഞാന്‍ കൃഷ്‌ണന്‍കുട്ടി.'' എന്നെ പരിചയമുള്ളതുപോലെ സംസാരം.
``ഹല്ലോ ഇത്‌ കെ.ഡി.സി. ബാങ്ക്‌ ആണ്‌. നിങ്ങള്‍ ആരാണ്‌. എനിക്ക്‌ മനസ്സിലായില്ല.'' ഞാന്‍ തിരിച്ചു ചോദിച്ചു.
``കെ.ഡി.സി.ബാങ്കിന്റെ കോഴിക്കോട്‌ ശാഖയല്ലേ?'' അയാള്‍ ഉറപ്പ്‌ വരുത്തിയശേഷം പറഞ്ഞു. ``ഞാന്‍ അന്നു വന്ന ആള്‍. കക്കോടിയിലുള്ള കൃഷ്‌ണന്‍കുട്ടി.''
``എനിക്കു മനസ്സിലായില്ല.'' ഞാന്‍ സ്വരം മൃദുലപ്പെടുത്തി പറഞ്ഞു.
``ചന്ദനക്കുറി തൊട്ടു വരുന്ന മാനേജര്‍ അല്ലേ. ഞാന്‍ കുറച്ച്‌ ദിവസംമുമ്പ്‌ വന്ന്‌ ഒരു തുക നിക്ഷേപിക്കുന്ന കാര്യം സംസാരിച്ചിരുന്നു. ഇത്ര പെട്ടെന്ന്‌ മറന്നുപോയോ... ഇങ്ങനെ ആയാല്‍ എങ്ങിനെയാ....'' സ്വരം അല്‌പം ഘനിപ്പിച്ചു അയാള്‍ ചോദിച്ചു.
``ശരി-ശരി. മനനസ്സിലായി. നിങ്ങള്‍ എന്താണ്‌ വരാതിരുന്നത്‌''- ഞാന്‍ അന്വേഷിച്ചു.
``ഞാന്‍ വന്നിരുന്നു. പക്ഷെ സാറിന്റെ സീറ്റില്‍ മറ്റൊരാളെ കണ്ടപ്പോള്‍ ഞാന്‍ തിരികെ പോന്നു. നിങ്ങളുടെ ബേങ്കില്‍ എന്താ ഇങ്ങനെ...'' അയാള്‍ പരിഭവം കലര്‍ന്ന മട്ടില്‍ ചോദിച്ചു.
കാര്യങ്ങള്‍ പറഞ്ഞ്‌ അയാളെ തൃപ്‌തിപ്പെടുത്തവെ ഞാന്‍ സമാധാനപ്പെട്ടു.
ആശ്വാസം. അയാള്‍ വേറെ ശാഖയിലേക്കോ മറ്റു ബാങ്കിലേക്കോ പോയിട്ടില്ല.
പിറ്റെ ദിവസം അയാളെയും പ്രതീക്ഷിച്ചുകൊണ്ട്‌ ഞാന്‍ ജോലി തുടര്‍ന്നു. ഓരോരുത്തരും ശാഖയിലേക്ക്‌ കടന്നുവരുമ്പോള്‍ അത്‌ അയാളായിരിക്കുമെന്ന്‌ ഞാന്‍ കരുതി. ഏകദേശം 4 മമിയായപ്പോള്‍ ഒരാള്‍ വരാന്തയില്‍ നിന്നും എത്തി നോക്കുന്നത്‌ എന്റെ ശ്രദ്ധയില്‍പ്പെട്ടു.
അതെ. അത്‌ അയാള്‍ തന്നെ. ഉടനെ അയാളെ എന്റെ കേബിനിലേക്ക്‌ ക്ഷണിച്ചു. 
``സീറ്റില്‍ സാര്‍ ഇല്ലെങ്കില്‍ തിരിച്ചു പോകാമെന്ന്‌ കരുതിയാണ്‌ പാളി നോക്കിയത്‌. ``അയാള്‍ ഇരുന്നുകൊണ്ട്‌ പറഞ്ഞു. ``35 ലക്ഷം രൂപ എന്റെ പേരില്‍ മാത്രം നിക്ഷേപിച്ചാല്‍ ഇന്‍കം ടാക്‌സ്‌ വകുപ്പ്‌ പ്രശ്‌നം ഉണ്ടാക്കില്ലേ? അതുകൊണ്ട്‌ രണ്ടു മൂന്നു സ്‌നേഹിതന്മാരുടെ പേരില്‍ നിക്ഷേപിക്കാം. അതില്‍ സാറിന്നു പ്രയാസമൊന്നുമില്ലല്ലോ?''
എനിക്കെന്ത്‌ പ്രയാസം. എങ്ങിനെയെങ്കിലും ആ നിക്ഷേപമൊന്ന്‌ കിട്ടിയാല്‍ മതിയായിരുന്നു. ഞാന്‍ ആത്മഗതം കൊണ്ടു പറഞ്ഞു. അതുമതി.
അപ്പോള്‍ അയാള്‍ 8 അപേക്ഷഫോറം ആവശ്യപ്പെട്ടുകൊണ്ടു പറഞ്ഞു. ``ഞാന്‍ ഒരു നമ്പര്‍ തരാം. സാര്‍ നാളെ ഒരാളെ വിളിക്കണം. ഉലഹന്നാന്‍ എന്നാണ്‌ പേര്‍. അദ്ദേഹത്തെക്കൊണ്ട്‌ 8 ഫോറം ഒപ്പിടിച്ചു വാങ്ങിക്കണം. ഞാന്‍ പറയാം. അയാളോട്‌ കൂടുതലൊന്നും സംസാരിക്കണ്ട.
പിറ്റെ ദിവസം കൃഷ്‌ണന്‍കുട്ടി നല്‍കിയ നമ്പറില്‍ ഉലഹന്നാനെ വിളിക്കുകയും ഞാന്‍ ശാഖയില്‍ ഉണ്ടാകുന്ന സമയം അറിയിക്കുകയും ചെയ്‌തു. 
പറഞ്ഞ സമയത്തുതന്നെ ഉലഹന്നാന്‍ സ്വയം പരിചയപ്പടുത്തിക്കൊണ്ട്‌ എന്റെ കേബിനിലേക്ക്‌ വന്നു. കൃഷ്‌ണന്‍കൂട്ടി പറഞ്ഞതനുസരിച്ച്‌ 8 ഫോറം അദ്ദേഹത്തെക്കൊണ്ട്‌ ഞാന്‍ ഒപ്പിടുവിച്ചു വാങ്ങി. ഉലഹന്നാനുമായി ഒന്നു രണ്ടു കാര്യങ്ങള്‍ക്കപ്പുറം ഞാന്‍ കൂടുതലായൊന്നും സംസാരിച്ചില്ല. അതുകാരണം 35 ലക്ഷം രൂപയുടെ നിക്ഷേപം തെറ്റിപോകരുതല്ലോ?
പിറ്റെ ദിവസം കൃഷ്‌ണന്‍കുട്ടി ശാഖയില്‍ വന്നു. കൂടെ വേറെ ഒരാളും ഉണ്ടായിരുന്നു. അയാളെ സോഫയില്‍ ഇരുത്തി കൃഷ്‌ണന്‍കുട്ടി 8 ഫോറം ആവശ്യപ്പെട്ടു. 
കുറച്ചു തുക അയാളുടെ പേരിലും നിക്ഷേപിക്കാം. കൃഷ്‌ണന്‍കുട്ടി പറഞ്ഞു.
കൂടെ വന്ന ആളെ കേബിനിലേക്ക്‌ വിളിച്ച്‌ എന്റെ സാന്നിദ്ധ്യത്തില്‍ ഫോറത്തില്‍ അയാളുടെ ഒപ്പ്‌ വെപ്പിച്ച ശേഷം വീണ്ടും സോഫയില്‍ പോയി ഇരിക്കാം. കൃഷ്‌ണന്‍കുട്ടി അയാളോട്‌ നിര്‍ദ്ദേശിച്ചു. എന്നിട്ട്‌ നേരത്തെ കൊണ്ടുപോയ ഫോറം ഉള്‍പെടെ 16 എണ്ണം എന്നെ ഏല്‌പിച്ചുകൊണ്ട്‌ കൃഷ്‌ണന്‍കുട്ടി പറഞ്ഞു.
``എല്ലാം 90000 രൂപ. 46 ദിവസത്തേക്ക്‌. സാര്‍ പൂരിപ്പിച്ചോളൂ.''
ഫോറം പൂരിപ്പിക്കവേ ഞാന്‍ ചോദിച്ചു. ഉലഹന്നാന്‍ ഒപ്പിട്ടുതന്ന ഫോറത്തില്‍ എത്ര ചേര്‍ക്കണം.
``അതും അപ്രകാരം മതി. അപ്പോള്‍ മൊത്തം തുക എത്രയാകും.'' അയാള്‍ അന്വേഷിച്ചു. 
``21.60 ലക്ഷം രൂപ, ബാക്കി ആരുടെ പേരിലാണ്‌.'' സ്വാകാര്യത അയാളെ ബോദ്ധ്യപ്പെടുത്തുന്ന വിധത്തില്‍ ഞാന്‍ ചോദിച്ചു. 
``ഒരു 4 ലക്ഷം രൂപ. ടആ അ/രല്‍ ഇടാം. ആവശ്യത്തിന്‌ എടുക്കാമല്ലോ. അതിന്നുള്ള നടപടി ക്രമങ്ങള്‍ എന്തെല്ലാമാണ്‌.'' ഫോറം ആവശ്യപ്പെടവെ കൃഷ്‌ണന്‍കുട്ടി ആരാഞ്ഞു.
ഇതു കേട്ടപ്പോള്‍ ഞാന്‍ ആഹ്ലാദത്തോടെ മനസ്സില്‍ പറഞ്ഞു. 21.50 ലക്ഷം രൂപ സ്ഥിരം നിക്ഷേപം. കൂടാതെ ചിലവു കുറഞ്ഞ നിക്ഷേപം 4 ലക്ഷം രൂപ. ഇത്തവണ ഏറ്റവും നിക്ഷേപം സമാഹരിച്ചതിന്നുള്ള ബഹുമതി എനിക്കുതന്നെ. എനിക്ക്‌ അഹങ്കാരം തോന്നി.
ടആ അ/ര തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ കേട്ടപ്പോള്‍ അതൊന്നും ഒരു പ്രശ്‌നമല്ലെന്ന മട്ടില്‍ പറഞ്ഞു.
``പരിചയപ്പെടുത്തുവാന്‍ ധാരാളം പേര്‍ ഉണ്ട്‌. ഞാന്‍ മുമ്പ്‌ പറഞ്ഞ ഒരു കാര്യം സാറിന്ന്‌ ഓര്‍മ്മയുണ്ടോ. എല്ലാം രഹസ്യമായിരിക്കണമെന്ന്‌. അതുകൊണ്ട്‌ പരിചയപ്പെടുത്തല്‍ സാറു തന്നെ ചെയ്യണം. 50 ലീഫുള്ള ചെക്കു ബുക്കും തരണം.''
ഇതു കേട്ടപ്പോള്‍ ഞാന്‍ നിശബ്‌ദത പാലിച്ചു. പറ്റില്ല എന്നു പറഞ്ഞാല്‍ ഇത്രയും വലിയൊരു നിക്ഷേപം ലഭിക്കാതെ പോകുമോ. ഇങ്ങിനെ ചിന്തിച്ചു ഞാന്‍ ചോദിച്ചു.
ഇപ്പോള്‍ ആകെ നിക്ഷേപം 25.50 ലക്ഷം മാത്രമേ ആയിട്ടുള്ളൂ. ബാക്കി ആരുടെ പേരിലാണ്‌. മൊത്തം 35 ലക്ഷം ഉണ്ടാവും എന്നല്ലേ അന്നു പറഞ്ഞത്‌.
``അയ്യയ്യോ. അത്രയൊന്നും ഉണ്ടാവില്ല.'' അയാള്‍ ചിരിച്ചുകൊണ്ട്‌ തുടര്‍ന്നു. ``ഇത്രയും വലിയ തുക ഒന്നിച്ച്‌ പിന്‍വലിക്കുന്നത്‌ നേരത്തെ ആ ബേങ്ക്‌ മാനേജരെ അറിയിക്കണം. ``ഇനി എന്നാണ്‌ സാര്‍ രാവിലെ ഉണ്ടാവുക. ``രാവിലെ തന്നെയാകുന്നതാണ്‌ ഐശ്വര്യം. കാഷ്‌ കൊണ്ടുവരുവാനും ഏര്‍പ്പാട്‌ സാര്‍ ചെയ്യണം.''
കാഷ്‌ കൊണ്ടുവരുന്നതിന്‌ ബേങ്കിന്റെ വാഹനം എടുക്കാമെന്ന്‌ ഞാന്‍ കൃഷ്‌ണന്‍കുട്ടിയെ അറിയിച്ചു. എന്നാല്‍ പറഞ്ഞതുപോലെ എന്നു പറഞ്ഞു. അയാള്‍ പോയി.
ഇത്തവണ അയാളുടെ ഫോണ്‍ നമ്പര്‍ വാങ്ങണം എന്നു വിചാരിച്ചിരുന്നുവെങ്കിലും അക്കാര്യം അയാള്‍ പോയി കഴിഞ്ഞ ശേഷമാണ്‌ ഓര്‍മ്മയില്‍ വന്നത്‌.
നിക്ഷേപം ഏതാണ്ട്‌ ഉറപ്പായി എന്നു സമാധാനിച്ചു. ഇനി കാലതാമസം ഉണ്ടാവില്ല. സമാഹരണമാസത്തില്‍ തന്നെ ഈ നിക്ഷേപം കിട്ടും. ഈശ്വരാ ഇയാളെ എപ്പോഴെങ്കിലും അവിശ്വസിച്ചിട്ടുണ്ടോ. ഉണ്ടെങ്കില്‍ തെറ്റായിപ്പോയി. ഞാന്‍ പശ്ചാത്തപിച്ചു.
എന്നാല്‍ വരാമെന്ന്‌ പറഞ്ഞ ദിവസം ആളെ കണ്ടില്ല. എനിക്ക്‌ അയാളോട്‌ ഒരുതരം നീരസം തോന്നി തുടങ്ങി. ഞാന്‍ ഉലഹന്നാനെ ഫോണില്‍ വിളിച്ചു കൃഷ്‌ണന്‍കുട്ടിയെപ്പറ്റി തിരക്കി. ചെറിയ ചെറിയ കരാറു പണികള്‍ ഏറ്റെടുത്ത്‌ നടത്തുന്ന ആളെണെന്നും ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകനാണെന്നും ഉലഹന്നാന്‍ എന്നെ അറിയിച്ചു. എന്തെങ്കിലും തിരക്കില്‍ പെട്ടിട്ടുണ്ടാവുമെന്നും കൃഷ്‌ണന്‍കുട്ടി എത്തിക്കോളുമെന്നും അയാള്‍ എന്നെ സമാധാനിപ്പിച്ചു. 
പിറ്റെ ദിവസം കൃഷ്‌ണന്‍കുട്ടി എന്നെ ഫോണില്‍ വിളിച്ചു. വരാന്‍ പറ്റാത്തതിന്‌ ക്ഷമാപണം നടത്തി. വ്യക്തിപരമായ കാര്യങ്ങള്‍ക്ക്‌ കുറച്ചു ദൂരെ സ്ഥലത്തേക്ക്‌ പോയിരിക്കയായിരുന്നുവെന്നും കൂട്ടത്തില്‍ ഒരു ജോത്സ്യനെ കണ്ടുവെന്നും അറിയിച്ചു. മറ്റന്നാള്‍ ശുഭ ദിവസമായതിനാല്‍ അന്ന്‌ എക്കൗണ്ട്‌ ആരംഭിക്കാമെന്നും ഞാന്‍ രാവിലെതന്നെ എന്തായാലും ബേങ്കില്‍ ഉണ്ടാവണമെന്നും അയാള്‍ എന്നോട്‌ നിര്‍ദ്ദേശിച്ചു. 
പക്ഷെ അന്ന്‌ ഉച്ചക്ക്‌ ശേഷമാണ്‌ എനിക്ക്‌ ഡ്യൂട്ടി എന്നറിയിച്ചപ്പോള്‍ കൃഷ്‌ണന്‍കുട്ടി സംസാരത്തില്‍ മാറ്റം വരുത്തി.
``സാര്‍ ഇങ്ങിനെ പറഞ്ഞാല്‍ എങ്ങിനെയാ... നിങ്ങളുടെ നിക്ഷേപ സമാഹരണ മാസമല്ലെ. സാറിന്റെ ടാര്‍ജറ്റ്‌ ഒപ്പിക്കണമെങ്കില്‍ കുറച്ച്‌ ബുദ്ധിമുട്ടേണ്ടേ? എനിക്കു നിര്‍ബന്ധമില്ല.''
എന്റെ സംസാരത്തില്‍ എന്തോ പന്തികേടുണ്ടായിട്ടുണ്ടെന്ന്‌ കൃഷ്‌ണന്‍കുട്ടിയുടെ പ്രതികരണം കേട്ടപ്പോള്‍ എനിക്കു തോന്നി. ഉടനെ തന്നെ അയാള്‍ വരാമെന്ന്‌ പറഞ്ഞ സമയത്ത്‌ ഞാന്‍ ബേങ്കില്‍ ഉണ്ടാവുമെന്ന്‌ ഉറപ്പ്‌ നല്‍കി.
കേഷ്‌ എടുക്കുന്നതിന്‌ ഒരുമിച്ച്‌ പോകാം എന്നു പറഞ്ഞ്‌ കൂടുതല്‍ സംസാരിക്കാതെ ഫോണ്‍ വെച്ചു. എന്നാല്‍ അയാളെയും പ്രതീക്ഷിച്ചു വൃഥാ ഇരുന്നു സമയം കളഞ്ഞു എന്നല്ലാതെ അയാള്‍ വന്നില്ല.
തൊട്ടടുത്ത ദിവസം ഏകദേശം 9 മണിയോടുകൂടി കൃഷ്‌ണന്‍കുട്ടി ബേങ്കില്‍ വന്നു. അയാളുടെ സി.എ. സ്ഥലത്തില്ലാത്തതിനാലായിരുന്നു വരാന്‍ സാധിക്കാതിരുന്നതെന്നും ആ വിവരം എന്നെ അറിയിക്കുന്നതിന്നു ഫോണ്‍ ചെയ്‌തിരുന്നുവെന്നും എന്നോടു പറഞ്ഞു. അതു കേട്ടപ്പോള്‍ എനിക്ക്‌ അയാളുടെ വാക്കില്‍ അവിശ്വസനീയത തോന്നി. എങ്കിലും അതു പുറത്ത്‌ പ്രകടിപ്പിക്കാതെ അതു സാരമില്ല എന്നു പറഞ്ഞപ്പോള്‍ എല്ലാം ഇവിടുത്തെ സംവിധാനത്തിന്റെ തകരാറ്‌ ആണെന്ന്‌ കുറ്റപ്പെടുത്തി.
അതിന്നും ഞാന്‍ പ്രത്യേകിച്ചൊന്നും പ്രതികരിക്കാതിരുന്നത്‌ കണ്ടപ്പോള്‍ അയാള്‍ തുടര്‍ന്നു.
``ഞാന്‍ കാഷ്‌ പിന്‍വലിക്കുന്ന കാര്യം ആ ബേങ്ക്‌ മാനേജരെ അറിയിച്ചിട്ടുണ്ട്‌. ഒരു വിധത്തിലും മാനേജര്‍ സമ്മതിക്കുന്നില്ല. എനിക്ക്‌ ടാജ്‌ ഹോട്ടലില്‍ ഒരു പാര്‍ട്ടി തരാം എന്നെല്ലാം പറഞ്ഞ്‌ അയാള്‍ എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കയാണ്‌. എന്നാലും സാറിന്ന്‌ തന്ന വാക്ക്‌ ഞാന്‍ പാലിക്കും.'' ഇത്രയും പറഞ്ഞ്‌ എന്റെ മറുപടി പ്രതീക്ഷിച്ച്‌ നിര്‍ത്തി.
``ഈ ബേങ്കില്‍ കസ്റ്റമേര്‍സിന്‌ പാര്‍ട്ടി നല്‍കാനുള്ള വകുപ്പ്‌ ഒന്നുമില്ലല്ലോ. നിങ്ങള്‍ക്ക്‌ ആ ബേങ്ക്‌ നല്‍കുന്നതിനേക്കാള്‍ പലിശ ഞങ്ങള്‍ തരുന്നില്ലേ? അതാണ്‌ നിങ്ങള്‍ കണക്കിലെടുക്കേണ്ടത്‌''. ഞാന്‍ യാളെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ``അതാണ്‌ വേണ്ടത്‌''. ``അല്ലാതെ പാര്‍ട്ടി കിട്ടിയിട്ട്‌ കാര്യമൊന്നുമില്ല''. കൃഷ്‌ണന്‍കുട്ടി എന്നോട്‌ യോജിച്ചു. ``എന്തു തന്നെയായാലും നാളെ കാഷ്‌ എടുക്കണം. സാര്‍ രാവിലെ എത്തണം.'' യാത്ര പറഞ്ഞ്‌ കൃഷ്‌ണന്‍കുട്ടി പോയി.
പിറ്റെ ദിവസം പറഞ്ഞ പ്രകാരം 8.30 മണിക്കുതന്നെ കൃഷ്‌ണന്‍കുട്ടി ബേങ്കില്‍ വന്നു. 
``സാര്‍ എത്തിയിട്ടുണ്ടോ എന്നറിയാന്‍ വന്നതാണ്‌. ഇന്ന്‌ കാഷ്‌ എടുക്കണം. 10 മണിക്കേ ബേങ്ക്‌ തുറക്കുകയുള്ളൂ. ഞാനും എന്റെ ഇ.അ.യും ഉണ്ടാകും. സാര്‍ വാഹനവും പെട്ടിയും തയ്യാറാക്കി നില്‌ക്കണം. പിന്നെ... സാര്‍ അവിടുത്തെ മാനേജരുമായി സംസാരിക്കരുത്‌. കാരണം കാഷ്‌ വേറെ ബേങ്കിലേക്കാണ്‌ കൊണ്ടുപോകുന്നത്‌ എന്നറിഞ്ഞാല്‍ മോശമാണ്‌. മാര്‍ച്ച്‌ മാസമല്ലേ. അവര്‍ക്കും ബുദ്ധിമുട്ടാകും''. 10 മണിക്ക്‌ വരാം എന്നും പറഞ്ഞ്‌ കൃഷ്‌ണന്‍കുട്ടി പോയി.
കൃഷ്‌ണന്‍കുട്ടി എത്തിയാല്‍ യാതൊരു താമസവും ഉണ്ടാവരുതെന്ന്‌ കരുതി ഞാന്‍ വാഹനത്തിന്റെ ലഭ്യത ഉറപ്പ്‌ വരുത്തി. സമയം 10 മണിയായോ എന്ന്‌ ഞാന്‍ ഇടക്കിടെ വാച്ചിലേക്ക്‌ നോക്കിക്കൊണ്ടിരുന്നു. കൃഷ്‌ണന്‍കുട്ടി വന്നാല്‍ ഉടനെ പോകണം. അതിനു തക്കവണ്ണം എന്റെ ജോലികള്‍ ഞാന്‍ ക്രമീകരിച്ചു. സമയം 10.15 കൃഷ്‌ണന്‍കുട്ടിയെ കാണാനില്ല. 10.45. കൃഷ്‌ണന്‍കുട്ടിയെ കാണുന്നില്ല. പതിവു ജോലികള്‍ എല്ലാം നിര്‍ത്തിവെച്ച്‌ കൃഷ്‌ണന്‍കുട്ടി കടന്നു വരുന്നുണ്ടോ എന്നു നോക്കി വാതില്‍ക്കലിലേക്ക്‌ ശ്രദ്ധിച്ച്‌ ഇരുന്നു. ഏകദേശം 11 മണിയായപ്പോള്‍ കൃഷ്‌ണന്‍കുട്ടിയുടെ ഫോണ്‍ വന്നു.
``എന്റെ ഇ.അ. അടിയന്തിരമായി ഇന്‍കം ടാക്‌സ്‌ ഓഫീസില്‍ പോയിരിക്കയാണ്‌. എത്തിയാല്‍ ഉടനെ വരാം. സാര്‍ വെയിറ്റ്‌ ചെയ്യണം.''
പക്ഷെ കൃഷ്‌ണന്‍കുട്ടി വന്നില്ല. മാര്‍ച്ച്‌ മാസം 28 ദിവസവും പിന്നിട്ടു. കൃഷ്‌ണന്‍കുട്ടി വന്നില്ല. ഉലഹന്നാനുമായി ബന്ധപ്പെട്ടപ്പോഴും അദ്ദേഹത്തിനും ഒരു വിവരവുമില്ല. കൃഷ്‌ണന്‍കുട്ടി എവിടെ പോയി. എന്തേ വിവരം അറിയിക്കാത്തത്‌. മാര്‍ച്ച്‌ 31 ന്‌ ഈ മൂന്നു ദിവസമല്ലേ ഉള്ളൂ- ഞാന്‍ ആകുലപ്പെട്ടു.
അടുത്ത ദിവസം ഉലഹന്നാന്‍ ശാഖയിലേക്കു കടന്നു വരുന്നത്‌ കണ്ട്‌ ഞാന്‍ സമാധാനപ്പെട്ടു. എന്തെങ്കിലും വിവരം കിട്ടിയിട്ടുണ്ടാവും. വേണ്ടിവന്നാല്‍ കൃഷ്‌ണന്‍കുട്ടിയെ കാണാന്‍ അങ്ങോട്ടു പോകാം. ഉലഹന്നാനോട്‌ ഇരിക്കാന്‍ പറഞ്ഞ്‌ ഞാന്‍ കൃഷ്‌ണന്‍കുട്ടിയുടെ കാര്യം തിരക്കി.
ഉലഹന്നാന്‍ സ്വല്‌പം ഗൗരവത്തില്‍ പറഞ്ഞു-``സാറിനെ കരുവാക്കി കൃഷ്‌ണന്‍കുട്ടി എന്നെ പറ്റിച്ചിരിക്കുന്നു.''
അതെങ്ങിനെ ഞാന്‍ സംശയത്തോടെ ചോദിച്ചു. കരാറു പ്രവര്‍ത്തി നടത്തുന്നതിനു വേണ്ടി കടംകൊടുത്ത പണം ഈ ബേങ്കില്‍ നിക്ഷേപിച്ച്‌ അതിന്റെ രസീതി കൊടുക്കാമെന്നാണ്‌ കൃഷ്‌ണന്‍കുട്ടി പറഞ്ഞതെന്ന്‌ ഉലഹന്നാന്‍ എന്നെ ബോദ്ധ്യപ്പെടുത്തും വിധം പറഞ്ഞു. ഈ ബേങ്കില്‍നിന്നും അയാളുടെ പണം പിന്‍വലിക്കാന്‍ ഞാന്‍ സമ്മതിക്കാത്തതും മൂലമാണ്‌ ഇപ്രകാരം ചെയ്യുന്നത്‌ എന്നും കൃഷ്‌ണന്‍കുട്ടി പറഞ്ഞതായി ഉലഹന്നാന്‍ എന്നോട്‌ പറഞ്ഞു.
കൂടുതലൊന്നും സംസാരിക്കുവാന്‍ ഞാന്‍ മുതിരാതിരുന്നതുകൊണ്ട്‌ ഉലഹന്നാന്‍ എണീറ്റു പോകുന്നത്‌ കണ്ട്‌ ഞാന്‍ സ്വയം ചോദിച്ചു.
എന്തായിരുന്നു കൃഷ്‌ണന്‍കുട്ടിയുടെ ഉദ്ദേശം. എന്തുകൊണ്ട്‌ ഉലഹന്നാന്‍ കൃഷ്‌ണന്‍കുട്ടിക്ക്‌ ഈ ബേങ്കില്‍ നിക്ഷേപമുണ്ടോ എന്ന കാര്യം അന്വേഷിച്ചില്ല. ഇവരെല്ലാം കൂടി എന്തെങ്കിലും പദ്ധതി ആസൂത്രണം ചെയ്‌തിരുന്നുവോ? ഇപ്പോഴും ഉത്തരം കിട്ടാതെ ഈ ചോദ്യം എന്റെ മുമ്പില്‍ അവശേഷിക്കുന്നു.
*

No comments:

Post a Comment