Friday, May 29, 2009

സര്‍ഗ്ഗാത്മകതക്ക് സ്‌നേഹപൂര്‍വ്വം


എഡിറ്റോറിയല്‍

സ്ഥലകാല പരിതസ്ഥിതികളുടെ പരിമിതികളെ ഭേദിച്ച്, കലാസപര്യയിലൂടെ ഓസ്‌ക്കാര്‍  ജേതാവായി റസൂല്‍ പൂക്കുട്ടി മലയാളികളുടെ മാനം വാനോളം ഉയര്‍ത്തിയ വര്‍ഷമാണ്‌ 2009 .  

വര്‍ഷങ്ങളായി കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാര്‍ മനസ്സില്‍ താലോലിച്ച ഒരു സ്വപ്‌നത്തിന്റെ സാക്ഷാത്‌ക്കാരമാണ്‌ അകത്തളം. ഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും കുടുംബാംഗങ്ങളുടേയും സര്‍ഗ്ഗ ചൈതന്യം പീലി വിടര്‍ത്തിയാടുന്ന താളുകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. കാരണം ഏകാഗ്രതയും കൂടുതല്‍ ശ്രദ്ധയും അതിലേറെ സൂക്ഷ്‌മതയും ആവശ്യമായി തൊഴില്‍. തടിച്ച ലഡ്‌ജറുകളുടെ താളുകളിലും കമ്പ്യൂട്ടറിനു മുമ്പിലുമായുള്ള ആവര്‍ത്തന വൈരസ്യം മനസ്സിനെ തളര്‍ത്തുമ്പോള്‍ സര്‍ഗ്ഗാത്മകത ചിറകറ്റു പോകാനുളള സാധ്യതയേറെയാണ്‌. പരിമിതികളെ അതിജീവിച്ചുകൊണ്ട്‌ മാഗസിനുവേണ്ടി പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.

ലോകസമ്പത്‌ വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞ മറ്റൊരു സുനാമിക്ക്‌ 2008 സാക്ഷ്യം വഹിച്ചു. കൊട്ടിഘോഷിച്ച മുതലാളിത്ത വ്യവസ്ഥിതിയുടെ ചീട്ടുകൊട്ടാരങ്ങള്‍ തകര്‍ന്നു വീണു. പല ധനകാര്യ സ്ഥാപനങ്ങളുടേയും അടിത്തറയിളകി. പുത്തന്‍ തലമുറ ബാങ്കുകള്‍ ആടിയുലഞ്ഞു. ഓഹരി വിപണിയില്‍ സ്വപ്‌നങ്ങള്‍ നെയ്‌തെടുത്തവര്‍ ആര്‍ത്തു കരഞ്ഞു. നിര്‍മ്മാണമേഖല നിശ്ചലമായി. നിരവധിപേര്‍ നിരാലംബരായി. മാന്ദ്യം കാര്‍ഷിക വിപണിയെ സാരമായി ബാധിച്ചു. പിടിച്ചു നില്‍ക്കാനായത്‌ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മാത്രമാണ്‌ എന്നത്‌ ശ്രദ്ധേയം. ഈ ഇരുണ്ട ചക്രവാളത്തില്‍ പ്രതീക്ഷകളുടെ നെയ്‌ത്തിരി നാളം സഹകരണ മേഖലയായിരുന്നു. നോഹയുടെ പേടകമായി അതു വര്‍ത്തിച്ചു.

മാന്ദ്യം കൂടുതല്‍ ബാധിച്ചത്‌ കേരളത്തെയായിരുന്നു. ഉപജീവനം തേടി മണലാരണ്യങ്ങളില്‍ അഭയം കണ്ടെത്തിയ മലയാളികള്‍ തിരിച്ചൊഴുകി-ഒഴിഞ്ഞ കൈയ്യും തകര്‍ന്ന മനസ്സുമായി. കിടപ്പാടങ്ങള്‍ പണയപ്പെടുത്തിയത്‌ മിച്ചം. ഐ ടി മേഖലയുടെ തകര്‍ച്ച അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്‌മക്ക്‌ ആക്കം കൂട്ടി. കാര്‍ഷികോത്‌പന്നങ്ങളുടെ വിലയിടിവ്‌ കേരളത്തിന്റെ നട്ടെല്ലൊടിച്ചു. ഈ മാന്ദ്യം എത്രകാലം. സാമ്പത്തിക വിദഗ്‌ധര്‍പോലും കൈമലര്‍ത്തുന്നു. കോഴിക്കോട്‌ ജീല്ല വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയിട്ട്‌ വര്‍ഷങ്ങളേറെയായി. പുനരുജ്ജീവിപ്പിക്കാനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക്‌ വിജയം കണ്ടുവരുന്നു. മത്സ്യമേഖലയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. കടലമ്മ കനിയാത്ത ദിനങ്ങളാണേറെ. കേരോല്‌പന്നങ്ങളുടെ വിലയിടിവ്‌ കോഴിക്കോടിന്റെ വിപണിയെ മൂകമാക്കുന്നു.
കോഴിക്കോട്  ജില്ലാ സഹകരണ ബാങ്ക് നിക്ഷേപത്തിലും വായ്പയിലും റെക്കാര്‍ഡ് നേട്ടം കൈവരിച്ച സുവര്‍ണ്ണ കാലഘട്ടത്തിലാണ്‌ ‘അകത്തളം” പ്രസിദ്ധീകരിക്കുന്നത്. തുടര്‍  ലക്കങ്ങളില്‍ ഉള്ളടക്കം മികവുറ്റതാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന അഭ്യര്‍ത്തനയോടെ

 സ്നേഹപൂര്‍വം

എം. മെഹബൂബ് , പ്രസിഡണ്ട്‌
മാനേജിംഗ്‌ എഡിറ്റര്‍

സ്വപ്‌ന സാക്ഷാത്‌ക്കാരം


എഡിറ്റോറിയല്‍

കൃത്യമായി പൂക്കുന്ന കൊന്നപ്പൂവും ഗുല്‍മോഹറും ഋതുഭേദങ്ങളെ മാത്രമല്ല മനുഷ്യന്റെ കര്‍മ്മബോധത്തെയും ഉത്തരവാദിത്തത്തെയും ഓര്‍മിപ്പിക്കുന്നു.
നാല്‌പത്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മുടങ്ങിപ്പോയ ഒരു ദൗത്യം ഞങ്ങള്‍ ഏറ്റെടുക്കുകയാണ്‌, ഒരു ചരിത്ര നിയോഗം പോലെ! 
കോഴിക്കോട്‌ ജില്ലാ സഹകരണബാങ്കിന്റെ അകത്തളത്തില്‍ ഒരു പിറവിയുടെ ശബ്ദം! ആ ശബ്ദത്തിന്‌ കാതോര്‍ത്തവര്‍ ഏറെയായിരുന്നു. അവരില്‍ പലരും പിരിഞ്ഞുപോയിരിക്കുന്നു. ചിലര്‍ ജീവിതത്തില്‍ നിന്നും! അവരുടെ ഓര്‍മ്മകള്‍ക്കുമുമ്പില്‍ അകത്തളത്തിന്‍രെ ആദ്യ പ്രണാമം! ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കു ഹൃദയപൂര്‍വ്വം നന്ദി.

പ്രതിഭകള്‍ നമുക്കേറെയുണ്ട്‌, ജീവനക്കാരായി, ഭരണസമിതിയംഗങ്ങളായി. മുടങ്ങാതെ കൃത്യമായി തുടര്‍ന്നു പ്രസിദ്ധീകരിക്കാനാവും എന്ന ആത്മവിശ്വാസം നമുക്കു നല്‍കുന്നത്‌ ഇവരാണ്‌.

മൗലികമായ സൃഷ്ടികള്‍കൊണ്ടും പഠനാര്‍ഹമായ ലേഖനങ്ങള്‍കൊണ്ടും കൂടുതല്‍ മികവുറ്റതും വര്‍ണ്ണ മനോഹരമായി ഇതുമാറ്റിയെടുക്കാനാവും. ഒരു ഹൗസ്‌ മാഗസിന്‌ പരിമിതികള്‍ ഏറെയുണ്ട്‌. അക്കങ്ങളുടെ ലോകത്ത്‌ പ്രവര്‍ത്തന്‌ പരിതിയും. ഈ ലക്ഷ്‌മണ രേഖക്ക്‌ അകത്തുനിന്നും സര്‍ഗ്ഗചൈതന്യത്തിന്റെ ഒരായിരം പുത്തന്‍നാമ്പുകള്‍ വിടരട്ടെ! അവ ചിത്രശലഭങ്ങളായി പറന്നു നടക്കട്ടെ. കുറവുകള്‍ ഏറെയുണ്ട്‌ തീര്‍ച്ച. ക്ഷമിക്കുമെന്ന വിശ്വസത്തോടെ 'അകത്തള'ത്തിന്റെ ആദ്യലക്കം സ്‌നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു.

കെ വി വേണുഗോപാലന്‍
ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ്‌

ചീഫ്‌ എഡിറ്റര്‍ 

Saturday, May 9, 2009

കണ്ണുതുറക്കാത്ത ദൈവങ്ങളേ...


വിചാരം
കണ്ണുതുറക്കാത്ത ദൈവങ്ങളേ....

സജിത്‌.കെ.കെ.

പൊതുമേഖലാ ബാങ്കുകളും ന്യൂ ജനറേഷന്‍ ബാങ്കുകളുമെല്ലാം എല്ലാവിധ സൗകര്യങ്ങളും ചെയ്‌തുകൊടുത്ത്‌ ഇടപാടുകാരെ ബാങ്കിലേക്ക്‌ ആകര്‍ഷിച്ച്‌ അവരിലൂടെ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ സഹകരണ ബാങ്കുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരനും മാനേജ്‌മെന്റും കഠിനാദ്ധ്വാനത്തിലൂടെ പ്രവര്‍ത്തന വിജയം കണ്ടെത്താന്‍ ശ്രമിക്കുകയാണ്‌. ജീവനക്കാരന്റെ ജോലിത്തിരക്കിനിടയില്‍ ബാങ്കില്‍ എത്തിപ്പെടുന്ന ഇടപാടുകാര്‍ പലര്‍ക്കും ജോലിക്ക്‌ തടസ്സമുണ്ടാക്കാന്‍ വരുന്നവരായ്‌ മാറുന്നു. ഇടപാടുകാരനെ ശ്രദ്ധിക്കാതെ ജോലി തീര്‍ക്കുന്ന രീതി സുഖകരമായ സേവനം ബാങ്കില്‍നിന്നും ലഭിക്കാത്തതിനാല്‍ സേവിങ്ങ്‌ ബാങ്ക്‌, കറന്റ്‌ എക്കൗണ്ടിങ്ങുകളില്‍ ലക്ഷങ്ങള്‍ ബാക്കി നില്‍പ്പുണ്ടാകുമായിരുന്ന ചെറുകിട ബിസിനസ്സുകാരുടെ ഇടപാടുകള്‍ സഹകരണ ബാങ്കുകള്‍ക്ക്‌ നഷ്‌ടപ്പെട്ടിട്ടുണ്ട്‌ എന്നത്‌ വസ്‌തുതയാണ്‌. നിലവിലുള്ള എക്കൗണ്ടുകളില്‍ ഭൂരിഭാഗവും ``ഇന്‍ ഓപ്പറേറ്റീവ്‌'' എക്കൗണ്ടുമായ്‌ മാറിക്കൊണ്ടിരിക്കുന്നു. ആത്മാഭിമാനമുള്ള അദ്ധ്വാനിക്കുന്ന സാധാരണക്കാരനായ ഇടപാടുകാര്‍ക്ക്‌ ഇന്ന്‌ ബാങ്കുകളില്‍നിന്ന്‌ നല്‍കുന്നത്‌ ഏത്‌ രീതിയിലുള്ള സേവനങ്ങളാണ്‌ എന്ന്‌ സ്വയം വിമര്‍ശനപരമായി നമ്മള്‍ ഓരോരുത്തരും പരിശോധിക്കേണ്ടതാണ്‌.
``ഏതോ കോലോത്ത്‌ ഔദാര്യത്തിന്‌ ചെന്നതു പോലെയാണ്‌'' ജീവനക്കാര്‍ ഇടപാടുകാരോട്‌ പെരുമാറുന്നത്‌ എന്ന്‌ നമ്മുടെ ബാങ്കിന്റെ മുന്‍ പ്രസിഡന്റ്‌ അഡ്വ: സതീദേവി എം. പി. ഒരിക്കല്‍ ജീവനക്കാരോട്‌ പറയുകയുണ്ടായി. ഹൃദയത്തില്‍ ആഴ്‌ന്നിറങ്ങി ഓരോ ജീവനക്കാരനിലും പുനര്‍ചിന്തകള്‍ക്ക്‌ വക നല്‍കേണ്ടവയാണ്‌ ആ വാക്കുകള്‍, മറിച്ച്‌ നെഞ്ചില്‍ തട്ടിതെറിച്ച്‌ പോവുന്ന തരത്തില്‍ മാറില്‍ പടച്ചട്ടയണിഞ്ഞ്‌ നില്‍ക്കുന്നവരാവരുത്‌ ജീവനക്കാരന്‍. ഓരോ ഇടപാടുകാരനും വീട്ടില്‍ വരുന്ന അതിഥിയാണ്‌. മൃഷ്‌ടാനം ശാപ്പാട്‌ കഴിച്ച്‌ മൂടും തട്ടിപോവുന്ന അതിഥിയല്ല മറിച്ച്‌ നിക്ഷേപങ്ങളിലൂടെയും വായ്‌പക്കുള്ള പലിശയിലൂടെയും ജീവനക്കാരന്‌ അഷ്‌ടിക്കുള്ള വകയുമായ്‌ വരുന്ന അതിഥിയാണ്‌ ഇടപാടുകാരന്‍. അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള സേവനം നല്‍കാന്‍ ബാങ്കുകള്‍ക്ക്‌ കഴിയുന്നില്ലെങ്കില്‍
``കണ്ണു തുറക്കാത്ത ദൈവങ്ങളെ
കരയാനറിയാത്ത ചിരിക്കാനറിയാത്ത
കളിമണ്‍ പ്രതിമകളേ
മറക്കൂ നിങ്ങളീ സാധു മനുഷ്യനെ മറക്കൂ'' എന്ന്‌ പാടികൊണ്ട്‌ ഇടപാടുകാര്‍ സഹകരണബാങ്കുകളുടെ പടിയിറങ്ങി പോയാല്‍ ന്യൂ ജനറേഷന്‍ ബാങ്കുകളും പ്രൈവറ്റ്‌ ഏജന്‍സികളും ``ഹിഡണ്‍ ചാര്‍ജുകളുടെ'' കെണി ഒരുക്കിക്കൊണ്ട്‌ അവനെ കാത്തിരിപ്പുണ്ട്‌.
സഹകരണബാങ്കുകളില്‍നിന്ന്‌ കാര്യങ്ങള്‍ നടന്നുകിട്ടാന്‍ എത്രയോ താമസം നേരിട്ടിട്ടും സഹകരണ ബാങ്കുകളില്‍ നിന്ന്‌ മോശമായ അനുഭവങ്ങള്‍ ഒരുപാട്‌ ഉണ്ടായിട്ടും ``എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവെ'' എന്ന്‌ പാടി എന്നും കൂടെ നിന്നിട്ടുള്ള സാധാരണക്കാരായ ഇടപാടുകാരെ ബാങ്ക്‌ തിരിച്ചറിയുകയും കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌താല്‍ നമുക്ക്‌ ഒരുപാട്‌ മുമ്പോട്ടുപോകാന്‍ കഴിയുന്നതാണ്‌. ക്ലാവ്‌ പിടിച്ചു കിടക്കുന്ന ജീവനക്കാരുടെ തലച്ചോറുകളെ ശരിയായ പരിശീലനത്തിലൂടെ തേച്ചുമിനുക്കുകയും കൗണ്ടറില്‍ വന്നു നില്‍ക്കുന്ന ഇടപാടുകാര്‍ തങ്ങളോളമോ തങ്ങളെക്കാള്‍ കൂടുതലോ യോഗ്യന്മാരാണ്‌ എന്ന തിരിച്ചറിവോടുകൂടി ഓരോ ജീവനക്കാരനും പെരുമാറുകയും ചെയ്‌താല്‍ ജനങ്ങളുടെ മനസ്സറിയുന്ന ഭരണാധികാരികള്‍ നേതൃത്വം കൊടുക്കുന്ന സഹകരണബാങ്കുകള്‍ ഒരിക്കലും പരാജയപ്പെടുകയില്ല. നമ്മുടേതടക്കമുള്ള സഹകരണബാങ്കുകളുടെ സ്ഥാനം മറ്റെല്ലാ ബാങ്കുകളേക്കാളും മുമ്പിലാവുകയും ചെയ്യും.

KDC Bank - ബൂലോകം

കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് കുടുംബാംഗങ്ങളുടെ ബ്ലോഗുകള്‍ താഴെ പറയുന്നതാണ്‍. അവിടെ  ക്ലിക്കിയാല്‍ അതാതു ബ്ലോഗുകളിലെത്താം.








ബജറ്റും വരുമാന നികുതിയും

2009-2010
ബജറ്റും വരുമാന നികുതിയും  
BUDGET & INCOME TAX

ആഗോള സാമ്പത്തിക തകര്‍ച്ചയുടെ പ്രത്യാഘാതങ്ങളില്‍നിന്നും സമ്പദ്‌ഘടനയെയും വിവിധ വിഭാഗം ജനങ്ങളെയും രക്ഷിക്കുന്നതിനുള്ള സമഗ്രമായ നിര്‍ദ്ദേശങ്ങളുണ്ടാകുമെന്ന പ്രതീക്ഷകളെ തകിടംമറിക്കുന്നതായിരുന്നു 2009 ലെ കേന്ദ്രബജറ്റ്‌.
പ്രതിസന്ധി കാലത്ത്‌ നികുതി നിരക്കുകള്‍ കുറയണമെന്ന്‌ ബജറ്റ്‌ പ്രസംഗത്തില്‍ ധനകാര്യമന്ത്രി ഊന്നിപറഞ്ഞുവെങ്കിലും നികുതി ഇളവുകള്‍ ഒന്നുംതന്നെ പ്രഖ്യാപിക്കുകയുണ്ടായില്ല. 2007-08 വര്‍ഷത്തെ നികുതി ഘടന അതേപോലെ തുടരുന്ന ബജറ്റാണ്‌ ഫെബ്രുവരി 16 ന്‌ പ്രണാബ്‌ മുഖര്‍ജി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്‌.

പെന്‍ഷന്‍ പദ്ധതികളിലെ ഒരു ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക്‌ ആദായനികുതിയിളവ്‌ ലഭ്യമാണ്‌. റിട്ടയര്‍മെന്റ്‌ ജീവിതം സുരക്ഷിതമാക്കുന്നതിന്‌ പെന്‍ഷന്‍ പ്ലാനുകളിലെ നിക്ഷേപം സഹായകരമാണ്‌.
നികുതി ആസൂത്രണത്തിന്‌ വര്‍ഷാരംഭത്തില്‍തന്നെ തുടക്കം കുറിക്കണം. അത്‌ ലളിതവും സുതാര്യവുമാക്കുന്നതിലാണ്‌ ശ്രദ്ധിക്കേണ്ടത്‌.
ശമ്പളക്കാര്‍ക്ക്‌ ആദായനികുതിയിളവിന്‌ അര്‍ഹമായ വരുമാനപരിധി 150,000 രൂപയാണ്‌.
സ്‌ത്രീകളാണെങ്കില്‍ 180,000 രൂപക്ക്‌ മുകളില്‍ വരുമാനനികുതി നല്‍കിയാല്‍ മതിയാകും. മുതിര്‍ന്ന പൗരന്മാര്‍ 195,000 രൂപവരെയുള്ള വരുമാനത്തിന്‌ നികുതി നല്‍കേണ്ടതില്ല.
ഇളവുകള്‍ കഴിച്ചുള്ള നികുതിബാധക വരുമാനത്തിന്‌ നികുതി കണക്കാക്കുന്നത്‌ താഴെ പറയുന്നതുപ്രകാരമാണ്‌.
.....................
ഭവനവായ്‌പയുടെ പലിശക്ക്‌ 4(ഇ) പ്രകാരവും തൊഴില്‍നികുതിക്ക്‌ (  ) 4(യ) പ്രകാരവും ആദായനികുതിയിളവു ലഭിക്കും.
ആദായനികുതിയിളവ്‌ നേടുന്നതിന്‌ 80 ര വിഭാഗത്തിലാണ്‌ പ്രധാനമായും നിക്ഷേപം നടത്തേണ്ടത്‌.
80 ര, 80 ഉ, 80 ഋ, 80 ഏ പ്രകാരം മൊത്തം ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കു മാത്രമേ നികുതിയിളവു ലഭിക്കുകയുള്ളൂ. അതില്‍ ഉള്‍പെടുന്നവയും ഇളവിന്റെ പരിധിയും താഴെ പറയുന്നു.

> ഋജഎ, ഢജഎ നിക്ഷേപങ്ങള്‍ക്കും ഒരു ലക്ഷം രൂപവരെ.
> വ്യക്തികള്‍ തന്റെയോ, ജീവിതപങ്കാളിയുടേയോ മക്കളുടേയോ പേരില്‍ ഘകഇ യില്‍നിന്നും, സ്വകാര്യ ഇന്‍ഷുറന്‍സ്‌ കമ്പനികളില്‍നിന്നും എടുക്കുന്ന ഇന്‍ഷുറന്‍സ്‌ പോളിസികളുടെ പ്രീമിയത്തിന്റെ ഒരു ലക്ഷം രൂപവരെ (80ഉ).
> പബ്ലിക്‌ പ്രൊവിഡണ്ട്‌ ഫണ്ടില്‍ തന്റെയോ ഭാര്യയുടേയോ പേരില്‍ നിക്ഷേപിക്കുന്ന തുകക്ക്‌ ഒരു വര്‍ഷം 70,000 രൂപവരെ. ടആക ശാഖകളിലും, പോസ്റ്റ്‌ ഓഫീസുകളിലും ജജഎ നിക്ഷേപം ആരംഭിക്കാം.
> നാഷണല്‍ സേവിംഗ്‌സ്‌ സര്‍ട്ടിഫിക്കറ്റിലെ ഒരു ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന്‌. ചഇഇ നിക്ഷേപത്തിന്റെ പലിശ (മരരൃൗലറ കിലേൃലേെ) പിന്‍വലിക്കുമ്പോള്‍ മാത്രമാണ്‌ നികുതി വിധേയമാകുന്നത്‌. അതാതു വര്‍ഷമല്ല. ജീവിതപങ്കാളി, മക്കള്‍ എന്നിവരുടെ പേരിലുള്ള ചഇഇ നിക്ഷേപത്തിന്‌ 80 ഇ പ്രകാരം നികുതിയിളവിന്‌ അര്‍ഹതയില്ല.
> ഷെഡ്യൂള്‍ഡ്‌ ബാങ്കുകളിലെ 5 വര്‍ഷത്തെ കാലാവധിക്കുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കും, പെന്‍ഷന്‍ പദ്ധതി നിക്ഷേപം, പോസ്റ്റാഫീസ്‌ നിക്ഷേപം, ഓഹരിയധിഷ്‌ഠിത മ്യൂച്ചല്‍ഫണ്ട്‌ നിക്ഷേപം എന്നിവക്ക്‌ ഒരു ലക്ഷം രൂപവരെ. (80 ഇ)
നികുതിയിളവിന്‌ അര്‍ഹതയുള്ള സ്ഥിരനിക്ഷേപതുക കാലാവധിക്കുമുമ്പ്‌ പിന്‍വലിക്കാന്‍ പറ്റില്ല. കൂട്ടായ നിക്ഷേപമാണെങ്കില്‍ ഒന്നാം പേരുകാരനാണ്‌ ആദായ നികുതിക്ക്‌ അര്‍ഹതയുള്ളത്‌.
> പരമാവധി രണ്ടു കുട്ടികളുടെ ട്യൂഷന്‍ഫീസിന്‌്‌ 80 ര പ്രകാരം നികുതിയിളവ്‌ ലഭിക്കും. പ്രവേശനഫീസ്‌, സംഭാവന, ബസ്‌ചാര്‍ജ്ജ്‌, യൂണിഫോം തുടങ്ങിയ ചിലവുകള്‍ക്ക്‌ കിഴിവിന്‌ അര്‍ഹതയില്ല.
> നികുതിദായകന്റെ കുടുംബാംഗങ്ങളുടെ പേരില്‍ എടുക്കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ പോളിസിയുടെ പ്രീമിയത്തിന്‌ 15,000 രൂപവരെയും, സീനിയര്‍ സിറ്റിസന്‍സിന്‌ 20,000 രൂപവരെയും (80 ഉ)
> അംഗീകൃത ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്കും, സുനാമി പോലുള്ള ഫണ്ടുകളിലേക്കുള്ള സംഭാവനക്കും 80 ഏ പ്രകാരം നികുതിയിളവ്‌ ലഭിക്കും. ചില സംഭാവനയുടെ 50% തുകക്കു മാത്രമേ ഇളവു ലഭിക്കുകയുള്ളൂ.

ഭവനവായ്‌പയും ആദായനികുതിയും
പുതിയ വീടിനുള്ള വായ്‌പയുടെ മുതലിലേക്ക്‌ അടക്കുന്ന തുകക്ക്‌ പരമാവധി ഒരു ലക്ഷം രൂപവരെ 80 ഇ പ്രകാരം ആദായ നികുതി ഇളവുനേടാം.
1999 ഏപ്രിലിനു ശേഷം എടുത്ത വായ്‌പയാണെങ്കില്‍ പലിശയില്‍ 150,000 രൂപവരെയും, 1999 ഏപ്രിലിനു മുമ്പെടുത്ത വായ്‌പയാണെങ്കില്‍ പലിശയില്‍ 30,000 രൂപവരെയും ഇളവു ലഭിക്കും (4 ഇ)
പഴയ വീട്‌ അറ്റകുറ്റപണിക്കും മോടിപിടിപ്പിക്കുന്നതിനുമുള്ള വായ്‌പയുടെ മുതലിലേക്ക്‌ അടക്കുന്ന തുകക്ക്‌ ഇളവൊന്നുമില്ല. അറ്റകുറ്റപണിക്ക്‌ 1-4-1999 നു ശേഷമെടുത്ത വായ്‌പയാണെങ്കില്‍ പലിശ ഇനത്തില്‍ ഇളവു ലഭിക്കുന്നതിന്റെ പരിധി 30,000 രൂപയാണ്‌. (4 ഇ)
അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്തിട്ടുള്ള വായ്‌പകളിലേക്കുള്ള പലിശക്ക്‌ മാത്രമല്ല, ബന്ധുക്കളില്‍നിന്നും, സ്‌നേഹിതരില്‍നിന്നും കടംവാങ്ങി ഭവനം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും പ്രസ്‌തുത കടങ്ങളിലേക്കുള്ള പലിശ ബാധ്യതക്കും കിഴിവിന്‌ അര്‍ഹതയുണ്ട്‌.
സ്റ്റാമ്പ്‌ ഡ്യൂട്ടി, റജിസ്‌ട്രേഷന്‍ ഫീസ്‌ തുടങ്ങിയ ചിലവുകള്‍ക്കും 80 ഉ പ്രകാരം കിഴിവിന്‌ അര്‍ഹതയുണ്ട്‌.

വരുമാനം കണക്കാക്കുമ്പോള്‍
> സ്ഥിര നിക്ഷേപത്തിന്‌ ഓരോ വര്‍ഷവും ലഭിക്കുന്ന പലിശ വരുമാനത്തില്‍ ഉള്‍പെടുന്നതാ ണ്‌.
> ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്നും മക്കളുടെ പഠനത്തിനായി ലഭിക്കുന്ന വിദ്യാഭ്യാസ അലവന്‍സ്‌ വരുമാനത്തില്‍ ഉള്‍പെടുത്തണം. എന്നാല്‍ വിദ്യാഭ്യാസ അലവന്‍സിന്‌ പ്രതിമാസം 100 രൂപക്കും ഹോസ്റ്റലില്‍നിന്നുള്ള പഠനമാണെങ്കില്‍ 400 രൂപക്കും ആദായ നികുതിയിളവിന്‌ അര്‍ഹതയുണ്ട്‌.
ഓഹരി ഒരു കൊല്ലം കഴിഞ്ഞാണ്‌ വില്‍ക്കുന്നതെങ്കില്‍ ആദായനികുതി നല്‍കേണ്ടതില്ല. അല്ലാത്തപക്ഷം 10.3% ആദായനികുതി നല്‍കണം.
> ഢഞട തുകയുടെ 5 ലക്ഷം രൂപവരെ ആദായനികുതി ഇളവ്‌ ലഭിക്കും.
> മുന്‍ കൊല്ലങ്ങളിലെ ശമ്പളകുടിശ്ശിക വരുമാനത്തില്‍ ഉള്‍പെടുത്തണം. എന്നാല്‍ ആദായനികുതി നിയമ വകുപ്പ്‌ 89 (1) പ്രകാരം ശമ്പളകുടിശ്ശികക്ക്‌ നികുതിയിളവിന്‌ അര്‍ഹതയുണ്ട്‌. പ്രസ്‌തുത ആനുകൂല്യം ലഭിക്കുവാന്‍ 10ഋ ഫോറത്തില്‍ വിശദവിവരങ്ങള്‍ സമര്‍പ്പിക്കണം.
> വീട്‌ വിറ്റു ലഭിക്കുന്ന തുകകൊണ്ട്‌ അടുത്ത ജൂലായ്‌ 31 നകം പുതിയ വീട്‌ വാങ്ങിയിട്ടില്ലെങ്കില്‍, പ്രസ്‌തുത തുക ക്യാപ്പിറ്റല്‍ ഗെയിന്‍ അക്കൗണ്ട്‌ സ്‌കീമില്‍ ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിച്ചാല്‍ വിറ്റ തിയ്യതി മുതല്‍ രണ്ടു കൊല്ലത്തിനുള്ളില്‍ വീടു വാങ്ങിയാല്‍ മതി. പുതിയ വീട്‌ നിര്‍മ്മിക്കാനാണെങ്കില്‍ മൂന്നു കൊല്ലംവരെ സമയം ലഭിക്കുന്നതാണ്‌. പണം കൈവശം സൂക്ഷിച്ചാലും സ്ഥിരനിക്ഷേപമിട്ടാലും ക്യാപിറ്റല്‍ ഗയിന്‍ നികുതി നല്‍കേണ്ടതാണ്‌.
> വാടക വരുമാനം കണക്കാക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടക്കുന്ന കെട്ടിട നികുതി വാടകയില്‍നിന്നും കുറവു ചെയ്യാം.

നികുതിയുടെ പരിധിയില്‍നിന്നും ഒഴിവാക്കിയത്‌
> മക്കളുടെ സ്‌കോളര്‍ഷിപ്പ്‌ തുക
> നികുതി രഹിത ബോണ്ടുകളുടെ പലിശ.
> വിവാഹവേളയില്‍ ആരില്‍നിന്നും ലഭിക്കുന്ന പണമടക്കമുള്ള ഏതു സമ്മാനവും.
> കൃഷിയില്‍ നിന്നുള്ള വരുമാനം.

വരുമാനം വിഭജിക്കാം.
ശമ്പളം ഒഴികെ വാടക, പലിശ തുടങ്ങിയ ഇനങ്ങളില്‍ ലഭിക്കുന്ന വരുമാനങ്ങള്‍ ഭാര്യയുടേയും മക്കളുടേയും മറ്റു കുടുംബാംഗങ്ങളുടേയും പേരില്‍ വിഭജിച്ചാല്‍ നികുതിയില്‍ നിന്നും ഒഴിവു നേടാവുന്നതാണ്‌.
കൃഷിക്ക്‌ വരുമാനനികുതി ഇല്ലെങ്കിലും കാര്‍ഷികേതര വരുമാനത്തിനൊപ്പം കൃഷിയില്‍ നിന്നുള്ള വരുമാനം കൂടി ചേര്‍ത്തു കാണിക്കണമെന്ന നിബന്ധനയുള്ളതിനാല്‍ നികുതി ബാധകമായ മൊത്തം വരുമാനം ഉയര്‍ന്ന സ്ലാബിലേക്കു മാറ്റുന്നത്‌ ഒഴിവാക്കാന്‍ വരുമാനം വിഭജിക്കുകയാണ്‌ ഉചിതമായ പോംവഴി.

ഇ. ഫയലിംങ്‌
കമ്പനികള്‍, സ്ഥാപനങ്ങള്‍ ഇ. ഫയലിംങായാണ്‌ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്‌. വ്യക്തികള്‍ക്ക്‌ ഓണ്‍ലൈനായും അല്ലാതെയും റിട്ടേണ്‍ സമര്‍പ്പിക്കാം.
ബാങ്കുകള്‍ വഴി ഓണ്‍ലൈനായി നികുതി അടക്കാനുള്ള സൗകര്യമുണ്ട്‌.



ജുഡീഷ്യറി എങ്ങോട്ട്‌ ?

വായന
തയ്യാറാക്കിയത്‌ : സുനില്‍.കെ. ഫൈസല്‍


അടിയന്തിരാവസ്ഥ കാലത്ത്‌ രാഷ്‌ട്രീയ പ്രതിബദ്ധതയോടെയും ഇച്ഛാശക്തിയോടെയും പോലീസ്‌-ഗുണ്ടാ ഭീഷണികള്‍ക്കു മുമ്പില്‍ പതറാതെയും പോരാടിയ വ്യക്തിയാണ്‌ അഡ്വ: കെ.പി.ബഷീര്‍. എ.കെ.ജി.യും ഫാദര്‍ വടക്കനും നേതൃത്വം നല്‍കിയ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്തത്‌ പതിനാറു വയസ്സുള്ളപ്പോള്‍ പോലീസ്‌ മര്‍ദ്ദനമേല്‍ക്കുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്‌ത പോരാളിയാണദ്ദേഹം. നീതിപീഠത്തിന്റെ വിധികല്‌പനകളെ ജനപക്ഷത്തുനിന്ന്‌ വിലയിരുത്തുന്ന കെ.ഡി.സി. ഭരണസമിതി അംഗമായ അഡ്വ: കെ.പി. ബഷീറിന്റെ വിവിധ ലേഖനങ്ങളില്‍ ഉന്നയിച്ച ചില അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പകര്‍ത്തികൊണ്ടാണ്‌ `ജുഡീഷ്യറി എങ്ങോട്ട്‌?' എന്ന പുസ്‌തകത്തെ പരിചയപ്പെടുത്തുന്നത്‌.

``നാധിപത്യത്തിന്റെ അടിസ്ഥാനതത്വം പരമാധികാരം ജനങ്ങള്‍ക്ക്‌ എന്നതാണ്‌. ജഡ്‌ജിമാരും മന്ത്രിമാരും നിയമ നിര്‍മ്മാണസഭകളിലെ അംഗങ്ങളും ഉദ്യോഗസ്ഥരുമെല്ലാം ജനങ്ങളുടെ സേവകരാണ്‌. ജനങ്ങളില്‍നിന്നാണ്‌ എല്ലാ അധികാരങ്ങളും ഉല്‍ഭവിക്കുന്നതെന്ന്‌ ഭരണഘടന വ്യക്തമാക്കുന്നുണ്ട്‌. ജഡ്‌ജിമാരടക്കമുള്ളവര്‍ ജനങ്ങളുടെ സേവകരും ജനങ്ങള്‍ അവരുടെ ഉടമകളുമാണ്‌. തീര്‍ച്ചയായും ജഡ്‌ജിമാരടക്കമുള്ളവര്‍ അന്തസ്സായി പെരുമാറുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തില്ലെങ്കില്‍ ഉടമകളായ ജനങ്ങള്‍ക്ക്‌ സേവകരായ ജഡ്‌ജിമാരെ വിമര്‍ശിക്കാനുള്ള എല്ലാ അധികാരങ്ങളുമുണ്ട്‌.''

സുപ്രീം കോടതി ജഡ്‌ജിയായ ജസ്റ്റിസ്‌ മാര്‍ക്കണ്‌ഡേയ കാഡ്‌ജുവിന്റെ വാക്കുകളാണ്‌ മേലുദ്ധരിച്ചത്‌.
എന്നാല്‍ നിത്യജീവിതത്തില്‍ നാം പലതിനോടും വിമര്‍ശന ബുദ്ധ്യാ സമീപിക്കുമ്പോള്‍ ജുഡീഷ്യറിയെ തൊടാതെ വിടുകയാണ്‌. ജുഡീഷ്യറിയെക്കുറിച്ച്‌ എന്തെങ്കിലും വിമര്‍ശനം നടത്തിയാല്‍ കോടതിയലക്ഷ്യ കുരുക്കില്‍പെടുമോ എന്ന ഭയമാണിതിനു കാരണം.
കോടതികള്‍ ഇന്നും സാധാരണക്കാരന്‌ എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര ദൂരത്താണ്‌. കോടതികളില്‍ ആവലാതിക്കാരനായി എത്തുന്നവന്റെ ദുരിതങ്ങള്‍ക്ക്‌ ശാപമോക്ഷം വന്നിട്ടില്ല.
സമൂഹത്തിലെ എല്ലാ തിന്മകള്‍ക്കും അറുതിയില്ലാത്ത അന്തരീക്ഷമാണ്‌ ഇന്നുള്ളത്‌. ഈ തിന്മകള്‍ക്ക്‌ അന്ത്യം കുറിക്കാന്‍ ജനങ്ങള്‍ ഉറ്റുനോക്കുന്നത്‌ നീതിന്യായ കോടതികളുടെ നേര്‍ക്കാണ്‌.
പക്ഷെ അവിടെയും കാലത്തിന്റെ കുത്തൊഴുക്കില്‍പെട്ട്‌ അനീതിയുടേയും അഴിമതിയുടേയും കാര്‍മേഘങ്ങള്‍ കടന്നുകയറുന്നുവെന്ന്‌ നിരീക്ഷിച്ചുകൊണ്ടാണ്‌ അഡ്വ: കെ.പി. ബഷീറിന്റെ `ജുഡീഷ്യറി എങ്ങോട്ട്‌?' ലേഖന സമാഹാരം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്‌.
കുടവയറന്മാരായ ധനിക സാക്ഷികളുടെ മൊഴി പാവപ്പെട്ടവന്റെ മൊഴിയേക്കാള്‍ കൂടുതല്‍ വിശ്വസിക്കുന്നതിന്‌ ഇന്നത്തെ നീതിന്യായ സമ്പ്രദായത്തിനു കഴിയും എന്ന്‌ വിമര്‍ശിച്ചതിനാണ്‌ ഇ.എം.എസി നെതിരെ കോടതിയലക്ഷ്യത്തിന്‌ ഹൈക്കോടതിയും സുപ്രീംകോടതിയും കേസെടുത്തത്‌.
സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാര്‍ ഏതറ്റംവരെയും പോകുമെന്നും നോട്ടുകെട്ടിന്റെ ബലത്തില്‍ അവര്‍ കേരള സ്വാശ്രയ വിദ്യാഭ്യാസബില്‍ തകര്‍ക്കാന്‍ ശ്രമിക്കുമെന്നും പ്രസംഗിച്ച മന്ത്രി പാലൊളി മുഹമ്മദുകുട്ടിക്കെതിരെയും കോടതി നിയമനടപടികളെടുക്കുകയുണ്ടായി.
തന്റെ പ്രസംഗം ജുഡീഷ്യറിക്ക്‌ അവമതിപ്പുണ്ടാക്കി എന്നറിഞ്ഞപ്പോള്‍, ജുഡീഷ്യറിയോടുള്ള ആദരവുകൊണ്ട്‌ ഡിവിഷന്‍ ബഞ്ചിന്‌ മുമ്പാകെ പാലൊളി കൈകൂപ്പി നിന്നത്‌ കീഴടങ്ങിയ ഒരു പടയാളിയുടെ രൂപത്തിലായിരുന്നില്ല എന്ന്‌ നിരീക്ഷിക്കുന്ന ലേഖകന്‍, പൗരന്മാരുടെ മൗലികാവകാശങ്ങള്‍ നടപ്പിലാക്കേണ്ട ഒരു മെഷിനറിയായ ജുഡീഷ്യറിയെ ജഡ്‌ജ്‌ ചെയ്യുന്നത്‌ ജനങ്ങളാണെന്ന പരമാര്‍ത്ഥം ചില ജഡ്‌ജിമാര്‍ മറക്കുന്നുവോ എന്ന്‌ സംശയിക്കുകയും ചെയ്യുന്നു.
വിധിയുടെ ദൂരവ്യാപകമായ ഫലങ്ങളും കേസിന്റെ വിശാല സാഹചര്യങ്ങളും പരിഗണിച്ചാവണം വിധി ഉണ്ടാകേണ്ടത്‌ എന്ന്‌ 1996 ല്‍ സുപ്രീംകോടതി മുന്നറിയിപ്പു നല്‍കിയിട്ടും കേരള ഗവണ്‍മെന്റിന്റെ കോള നിരോധനത്തെ ഹൈക്കോടതി റദ്ദാക്കുകയാണ്‌ ചെയ്‌തത്‌. ഒരു നാടിന്റെ മനസാക്ഷിയെ ഒരു കോടതിവിധി മുറിവേല്‍പ്പിക്കുന്നുവെങ്കില്‍ പ്രസ്‌തുത വിധിക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ക്ക്‌ ധാര്‍മ്മികമായ അവകാശമുണ്ട്‌. അതു കോടതിയോടുള്ള അവഹേളനമായോ എതിര്‍പ്പായോ കാണേണ്ടതില്ലെന്ന്‌ പെപ്‌സി-കോള കേസിലെ കോടതി വിധിയെ വിശകലനം ചെയ്‌തുകൊണ്ട്‌ അഡ്വ: കെ.പി. ബഷീര്‍ അഭിപ്രായപ്പെടുന്നു.
മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ച ടീസ്റ്റ സെറ്റല്‍വാദിന്റെ ``ലജ്ജാവഹം ഈ അസംബന്ധ നീതി'' എന്ന ലേഖനത്തില്‍ കോടതികളിലെ കാലതാമസത്തെക്കുറിച്ചാണ്‌ വരച്ചുകാട്ടിയത്‌. എന്നാല്‍ ഈ വിമര്‍ശനം സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസ്‌ കെ.ജി. ബാലകൃഷ്‌ണനെ ചൊടിപ്പിക്കുകയും സുപ്രീംകോടതിയില്‍ ഹാജരായ ടീസ്റ്റയോട്‌ ``അപമാനകരം, ഗോധ്ര പ്രതികളെ പ്രതിനിധീകരിക്കുന്ന ഇവരെ ഞാന്‍ കേള്‍ക്കില്ല'' എന്ന്‌ പറയുകയും ചെയ്‌തത്‌ ഹൃദയമുള്ള എല്ലാവരെയും വേദനിപ്പിച്ചുവെന്നാണ്‌ ലേഖകന്‍ അഭിപ്രായപ്പെടുന്നത്‌. ശ്രദ്ധയോടെ കേള്‍ക്കുക, ബുദ്ധിപൂര്‍വ്വം ഉത്തരം നല്‍കുക, വിവേകപൂര്‍വ്വം പരിഗണിക്കുക, നിഷ്‌പക്ഷമായി തീരുമാനമെടുക്കുക എന്നിവയാണ്‌ ഒരു ന്യായാധിപന്റെ കൈമുതല്‍ എന്നത്‌ പല ന്യായാധിപന്‍മാരും സൗകര്യപൂര്‍വ്വം വിസ്‌മരിക്കുകയാണെന്നു തോന്നിപ്പോകുന്നു'' എന്നു പറഞ്ഞ സുപ്രീം കോടതി മുന്‍ ജഡ്‌ജി വി.ആര്‍. കൃഷ്‌ണയ്യരുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാകുന്നുവെന്ന്‌ എടുത്തുപറയുകയുണ്ടായി.
പഞ്ചാബ്‌ ഹൈക്കോടതിയിലെ 25 ജഡ്‌ജിമാര്‍ കോടതി ബഹിഷ്‌കരിച്ചുകൊണ്ട്‌ കൂട്ടത്തോടെ അവധിയെടുത്ത്‌ സമരം ചെയ്‌തതിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ഫയല്‍ ചെയ്‌ത പൊതു താല്‍പര്യ ഹരജി തള്ളികളഞ്ഞ സുപ്രീംകോടതി അഭിഭാഷകര്‍ സമരം ചെയ്‌തപ്പോള്‍ സമരം കക്ഷികളോടുള്ള വെല്ലുവിളിയാണെന്നും, കക്ഷികള്‍ക്കുണ്ടാകുന്ന കഷ്‌ടനഷ്‌ടങ്ങള്‍ക്ക്‌ ഉത്തരവാദികള്‍ അഭിഭാഷകരാണെന്നും വിധി പ്രഖ്യാപിക്കുകയുണ്ടായി.
തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ സമരത്തെ നിരോധിച്ച ജയലളിതാ ഗവണ്‍മെന്റ്‌ നടപടിയെ മദ്രാസ്‌ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെച്ചു വിധിയെഴുതിയപ്പോള്‍ ന്യൂഡല്‍ഹി അകങട ലെ ഡോക്‌ടര്‍മാര്‍ സംവരണ പ്രശ്‌നത്തില്‍ സമരം നടത്തിയപ്പോള്‍ സമരവിരുദ്ധ നിലപാട്‌ സ്വീകരിച്ചില്ലെന്ന്‌ മാത്രമല്ല സമരകാലത്തെ ശമ്പളം ഉടനെ തിരിച്ചുനല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയും ചെയ്‌തു. ജുഡീഷ്യറിയുടെ രണ്ടുതരം നീതിയെ തുറന്നുകാണിക്കുന്ന ലേഖകന്‍ സ്വതന്ത്ര ഇന്ത്യയിലെ ന്യായാധിപന്‍ കാലത്തിന്റെ ചുവരെഴുത്തുവായിക്കാതെ വിധി പ്രസ്‌താവിക്കുന്നത്‌ ജനങ്ങളിലുണ്ടാക്കുന്ന അമര്‍ഷം ചെറുതല്ലെന്ന്‌ വ്യക്തമാക്കുകയും ചെയ്യുന്നു. ഇത്തരം അമര്‍ഷങ്ങളുടെ പ്രതിഫലനങ്ങള്‍ തെരുവിലേക്ക്‌ വിവിധ സമരരൂപത്തില്‍ ഉയര്‍ന്നു വരുമ്പോള്‍ അതിനു മുമ്പില്‍ വിധികളാകുന്ന കരിങ്കല്‍ മതില്‍ കെട്ടാന്‍ നീതി പീഠങ്ങള്‍ ശ്രമിക്കാതിരിക്കുന്നതാണ്‌ ഉത്തമമെന്നും ലേഖകന്‍ ഓര്‍മ്മിപ്പിക്കുന്നു.
ജഡ്‌ജിയുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ വിളിച്ചുപറയുന്നതും വിധിയില്‍ എഴുതിവെക്കുന്നതും സ്വാഭാവിക നീതിക്കു ചേര്‍ന്നതല്ലെന്ന്‌ അഡ്വ: കെ.പി. ബഷീര്‍ എഴുതിയത്‌ കണ്ണൂരില്‍ മുഹമ്മദ്‌ഫസല്‍ കൊല്ലപ്പെട്ട കേസന്വേഷണം സി.ബി.ഐ.ക്കു വിട്ടുകൊണ്ടുള്ള കേരളാ ഹൈക്കോടിതി ജസ്റ്റിസ്‌ വി. രാംകുമാറിന്റെ നിരീക്ഷണം രാഷ്‌ട്രീയ വിരോധിയുടെ ലഘുലേഖാ വിവരണം പോലെയായപ്പോഴാണ്‌. തന്റെ മുമ്പിലുള്ള കേസിനെക്കുറിച്ചല്ലാതെ അധികാര പരിധിക്കു പുറത്തുള്ള കാര്യങ്ങള്‍ ജഡ്‌ജിമാര്‍ പറയുന്നത്‌ സ്വതന്ത്ര ജുഡീഷ്യറിക്‌ ചേര്‍ന്നതല്ല എന്ന്‌ അടിവരയിടുന്ന ലേഖകന്‍ ജുഡീഷ്യറിയുടെ അമരക്കാരായ ജഡ്‌ജിമാര്‍ അനാവശ്യ വിവാദങ്ങളിലേക്ക്‌ ഭരണഘടനാ സ്ഥാപനങ്ങളെ വലിച്ചിഴക്കരുതെന്നും അഭിപ്രായപ്പെടുന്നു.
കേരള നിയമസഭ ഒറ്റക്കെട്ടായി പാസ്സാക്കിയ സ്വാശ്രയ വിദ്യാഭ്യാസബില്‍ റദ്ദാക്കിയ ചീഫ്‌ ജസ്റ്റീസ്‌ വി.കെ. ബാലി സ്വാശ്രയ വിദ്യാഭ്യാസ മാനേജ്‌മെന്റിനുവേണ്ടി വാദിച്ച അഭിഭാഷകന്റെ ആതിഥ്യം സ്വീകരിച്ച്‌ കുടുംബസമേതം കൊച്ചികായലില്‍ ഉല്ലാസ യാത്ര നടത്തിയതിനെ കേരളസമൂഹം വിചാരണ ചെയ്‌തതാണ്‌. പഠിപ്പില്‍ മികവു പുലര്‍ത്തുന്ന സാധാരണക്കാരന്റെ മക്കള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസം നേടാന്‍ കൊണ്ടുവന്ന നിയമത്തിന്റെ കടക്കല്‍ കത്തിവെച്ചുകൊണ്ട്‌ തന്റെ ന്യായാധിപ ജീവിതം അവസാനിപ്പിച്ച ജസ്റ്റിസ്‌ ബാലിയുടെ ചെയ്‌തികളെ വിമര്‍ശിച്ചുകൊണ്ട്‌ അഡ്വ: കെ.പി.ബഷീര്‍ പറയുന്നത്‌ ന്യായാധിപന്മാര്‍ മാനുഷിക വികാരമില്ലാത്ത ഇലകട്രിക്‌ പോസ്റ്റുകളായി മാറരുതെന്നാണ്‌. പണക്കാരന്റെ മക്കള്‍ മാത്രം പഠിച്ചാല്‍ മതിയെന്ന ഫ്യൂഡല്‍ ചിന്തയുടെ ദുര്‍ഭൂതമായി ചില ന്യായാധിപന്മാര്‍ സ്ഥാനംപിടിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
``വര്‍ഗ്ഗീയതക്കെതിരെ സുപ്രീംകോടതിയുടെ താക്കീത്‌'' എന്ന ലേഖനത്തില്‍ തീവ്രവാദത്തേക്കാള്‍ ആപത്‌കരം മതഭ്രാന്തും വര്‍ഗീയതയുമാണെന്ന്‌ ഇന്ത്യയുടെ പരമോന്നത നീതിപീഠം അഭിപ്രായപ്പെട്ടത്‌ സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഒരു നാഴികകല്ലായാണ്‌ അഡ്വ: കെ.പി.ബഷീര്‍ വിലയിരുത്തുന്നത്‌.
ഗുജറാത്തിനെ ശവപ്പറമ്പാക്കി മാറ്റിയ ജാതി-മത വര്‍ഗീയ ശിഥിലീകരണ ശക്തികള്‍ക്ക്‌ ഏറ്റ തിരിച്ചടിയായിരുന്നു സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധിയെന്നും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ പ്രഖ്യാപിച്ച മതേതര രാഷ്‌ട്രീയത്തിനായുള്ള ഒരു ആഹ്വാനമായിട്ടാണ്‌ സുപ്രീംകോടതിയുടെ വര്‍ഗീയതക്കെതിരെയുള്ള വിധിയെന്നും ലേഖകന്‍ നിരീക്ഷിക്കുന്നു.
ലോവര്‍ പെരിയാര്‍ പദ്ധതിയുടെ തുരങ്കങ്ങളുടെ നിര്‍മ്മാണ കരാര്‍ അഴിമതി ആരോപണങ്ങള്‍ അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിനുശേഷം കമ്മീഷനെ വിലയിടിച്ചു കാണിക്കുന്ന സര്‍ക്കാര്‍ നടപടികളെ വിശകലനം ചെയ്‌തെഴുതിയ ലേഖനത്തില്‍ ജുഡീഷ്യറിയെ താറടിച്ചു കാണിക്കാനുള്ള എക്‌സിക്യൂട്ടിവിന്റെ നടപടിക്കെതിരെ ജാഗ്രത പാലിക്കണമെന്ന്‌ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
ഒരു പൗരനെ അറസ്റ്റു ചെയ്യുമ്പോള്‍ പോലീസ്‌ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട സുപ്രീംകോടതിയുടെ പതിനൊന്ന്‌ കല്‌പനകള്‍ ഇപ്പോഴും പരസ്യമായി ലംഘിക്കുന്നത്‌, സമീപകാലത്ത്‌ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട്‌ പോലീസ്‌ നടത്തിയ മനുഷ്യത്വരഹിതമായ പീഢനങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്‌ ലേഖകന്‍ സമര്‍ത്ഥിക്കുന്നത്‌.
ഒന്‍പതു വര്‍ഷങ്ങള്‍ കോയമ്പത്തൂരില്‍ കാരാഗൃഹത്തില്‍ അടക്കപ്പെട്ട അബ്‌ദുനാസര്‍ മഅ്‌ദനിയുടെ അനുഭവങ്ങളെപറ്റി ``കല്‍തുറുങ്കില്‍ നിന്ന്‌ ജനഹൃദയങ്ങളിലേക്ക്‌'' എന്ന തലക്കെട്ടിലെഴുതിയ ലേഖനം ജുഡീഷ്യറിക്ക്‌ എത്രത്തോളം തെറ്റുപറ്റാം എന്നതു വ്യക്തമാക്കുന്നതാണ്‌. പോറ്റി വളര്‍ത്തിയ ഉമ്മുമ്മ മരിച്ചിട്ട്‌ മയ്യത്തു കാണാന്‍പോലും അവസരം നല്‍കാതെയായിരുന്നു ഭരണക്കാരുടെ അവകാശലംഘനം. കരുണ തേടിയെത്തിയ മനുഷ്യനു മുമ്പില്‍ നോക്കുകുത്തിയായി നില്‍ക്കുകയും അവസാനം മഅ്‌ദനിയെ വെറുതെവിടുകയും ചെയ്‌ത്‌പ്പോള്‍ ലേഖകന്‍ ചോദിക്കുന്നു. തെറ്റുപറ്റിയത്‌ ജുഡീഷ്യറിക്കാണോ? അതോ ഭരണകൂടത്തിനാണോ?
കുറ്റമാരോപിക്കപ്പെട്ട്‌ കോടതിയിലെത്തുന്ന എല്ലാവരും കുറ്റവാളികളല്ല.
ഒരു വ്യക്തിക്കെതിരെയുള്ള കുറ്റാരോപണം എന്തുമാകട്ടെ, അയാള്‍ കോടതിയില്‍ എത്തിയാല്‍ ഫോട്ടോ എടുത്ത്‌ പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നത്‌ വ്യക്തിയുടെ താല്‍പര്യങ്ങള്‍ക്കെതിരാണ്‌. ഫോട്ടോയെടുത്ത്‌ പ്രസിദ്ധീകരിക്കാനുള്ള അവകാശമുണ്ടെന്ന്‌ പത്രപ്രവര്‍ത്തകര്‍ വാദിക്കുന്നുവെങ്കില്‍ അത്‌ അന്തിമമായി നീതിപീഠം ഇനിയും തീരുമാനിക്കേണ്ട കാര്യമാണെന്നാണ്‌ ``പത്രഫോട്ടോഗ്രാഫര്‍മാര്‍ കോടതികളില്‍'' എന്ന ലേഖനത്തിലൂടെ അഡ്വ: കെ.പി. ബഷീര്‍ വാദിക്കുന്നത്‌.
ഉത്തര്‍പ്രദേശിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനൊന്നുവയസ്സുള്ള വിശാഖയെ ബലാല്‍സംഗം ചെയ്‌തുകൊന്ന യുവാവിനെ തൂക്കികൊല്ലാനുള്ള ജില്ലാ കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി തെളിവില്ലെന്നു പറഞ്ഞ്‌ പ്രതിയെ വെറുതെവിട്ടു. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധത്തെതുടര്‍ന്ന്‌ ഉത്തര്‍പ്രദേശ്‌ ഗവണ്‍മെന്റ്‌ ഫയല്‍ചെയ്‌ത അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതി പ്രതിയെ തൂക്കികൊല്ലാനുള്ള ജില്ലാകോടതിവിധിയെ ശരിവെക്കുകയാണ്‌ ചെയ്‌തത്‌.
ഇന്ത്യയൊട്ടാകെയുള്ള സ്‌ത്രീസമൂഹത്തിന്‌ അഭിമാനമുണര്‍ത്താനും സ്‌ത്രീ സുരക്ഷിതത്വം ഒരു മരീചികയാകാതെ മാറാതിരിക്കാനും വിശാഖാകേസ്‌ വിധി സഹായകമായെന്ന്‌ വിലയിരുത്തുന്ന അഡ്വ: കെ.പി. ബഷീര്‍, കേരളത്തിലെ സൂര്യനെല്ലി കേസിലെ ഇരയായ പെണ്‍കുട്ടിക്ക്‌ കീഴ്‌കോടതിവിധി ആ ത്മാഭിമാനം വീണ്ടെടുത്തു കൊടുത്തപ്പോള്‍ ഹൈക്കോടതിവിധി അപമാനത്തിന്റെ മുള്‍കിരീടമാണ്‌ നല്‍കിയതെന്നെഴുതുന്നു.
സൂര്യനെല്ലികേസില്‍ ഒന്നാം പ്രതി ഒഴിച്ചുള്ള മുഴുവന്‍ പ്രതികളും കുറ്റക്കാരല്ലെന്ന്‌ പ്രഖ്യാപിച്ച വിധി ഹൈക്കോടതി കവാടത്തില്‍വരെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. പെണ്‍വാണിഭ കേസുകളിലും സ്‌ത്രീപീഢന കേസുകളിലും സാങ്കേതിക കാരണങ്ങളാല്‍ പ്രതികള്‍ രക്ഷപ്പെടുന്നതു തുടര്‍ന്നാല്‍ കേരളം പെണ്‍വാണിഭ സംസ്‌കാരത്തിന്റെ വിളനിലമായി മാറുമെന്നു മാത്രമല്ല സ്‌ത്രീ സംരക്ഷണ നിയമങ്ങള്‍ വെറും ജലരേഖയായി മാറുമെന്നും അഡ്വ: കെ.പി.ബഷീര്‍ അഭിപ്രായപ്പെടുന്നു.
``ഹുഗ്ലിയിലെ ഈദ്‌ഗാഹ്‌ പ്രശ്‌നവും ഉമാഭാരതിയുടെ വ്യാജ ദേശീയതയും'' എന്ന ലേഖനത്തില്‍ ഒരു ജുഡീഷ്യല്‍ നാടകത്തിന്റെ യവനിക പതിമൂന്ന്‌ ദിവസം കൊണ്ട്‌ താഴ്‌ന്ന്‌ സ്‌പീഡി ജസ്റ്റീസിന്‌ മാതൃകയായതിനെക്കുറിച്ച്‌ വരച്ചുകാട്ടുന്നതാണ്‌.
ഇന്ത്യമുഴുവന്‍ ഉറ്റുനോക്കിയ മാറാട്‌ കേസിനെക്കുറിച്ചെഴുതിയ `മാറാട്‌ പ്രതികള്‍ അര്‍ഹിക്കുന്നത്‌ ' എന്ന ലേഖനത്തില്‍ ശിക്ഷ മാത്രമല്ല നിയമാനുസൃതവും സത്യസന്ധവുമായ വിചാരണകൂടി പ്രതികള്‍ക്ക്‌ നല്‍കണമെന്നെഴുതിയ ലേഖകന്‍ കൃത്രിമത്വം നിറഞ്ഞതും നിഷ്‌പക്ഷവുമല്ലാത്ത വിചാരണയെന്ന തോന്നല്‍പോലും പ്രതികള്‍ക്കുണ്ടാവരുതെന്നുകൂടി കൂട്ടിച്ചേര്‍ക്കുന്നു.
പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ വര്‍ത്തമാനകാല സാഹചര്യങ്ങള്‍ അധിഷ്‌ഠിതമാക്കി രചിച്ച ലേഖനസമാഹാരമായ ``ജുഡീഷ്യറി എങ്ങോട്ട്‌'' എന്ന പുസ്‌തകത്തില്‍ വാഹന അപകട നഷ്‌ടപരിഹാര കേസുകളും ഇന്‍ഷുറന്‍സ്‌ കമ്പനിക്കാരുടെ കൊള്ളയും, നിയമത്തെ വെല്ലുവിളിക്കുന്ന ബിഷപ്പുമാര്‍, ചിതലരിക്കുന്ന ഒരു സാംസ്‌കാരിക കേന്ദ്രം, വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കൈകോടാലി, യുവര്‍ ഓണ്‍: ഈ കുട്ടികള്‍ എങ്ങോട്ടുപോവും? എന്നീ തലക്കെട്ടുകളോടെയുള്ള ആറു ലേഖനങ്ങള്‍ കൂടിയുണ്ട്‌.
ന്യായാധിപന്‍ വിധിയെഴുതും മുമ്പു പാലിക്കേണ്ട ചില കര്‍ത്തവ്യങ്ങള്‍, നിഷ്‌പക്ഷത, നിര്‍ഭയത്വം, നീതിനിര്‍വഹണത്തിനു ആവശ്യമായ വസ്‌തുതകള്‍, ജഡ്‌ജിമാരുടെ സമീപനം, നീതിന്യായ സംവിധാനത്തിലെ പാകപ്പിഴകള്‍ എന്നിവയെല്ലാം പുസ്‌തകത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും, ജനാധിപത്യ സംവിധാനത്തില്‍ ന്യായാധിപന്‍മാരെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്കവകാശമുണ്ടെന്ന്‌ അഡ്വ: കെ.പി.ബഷീറിന്റെ പുസ്‌തകം മനസ്സിലാക്കിതരുന്നുണ്ടെന്നുമാണ്‌ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണായ ജസ്റ്റിസ്‌ ഡി.ശ്രീദേവി ആമുഖത്തിലെഴുതുന്നത്‌.
നീതിയും നിയമവും ഒന്നാവണമെന്നില്ല. അധികാര വര്‍ഗത്തിന്റെ ആവശ്യങ്ങള്‍ നടപ്പില്‍വരുത്തുകയാണ്‌ നിയമം ചെയ്യുന്നത്‌. സമൂഹത്തിലെ നിസ്സഹായ വിഭാഗത്തെ ചൂഷണം ചെയ്യുന്ന സംവിധാനമാണ്‌ മുതലാളിത്തം.
ഈ അനീതിപൂര്‍വ്വകമായ വ്യവസ്ഥ മാറ്റണമെങ്കില്‍ വിലാപം കൊണ്ടുമാത്രം സാധിക്കുകയില്ല. വിപ്ലവ ധീരതയോടുകൂടി സോഷ്യലിസ്റ്റ്‌ ക്രമം പ്രായോഗികമാക്കാന്‍ കഴിയണം. അതു സാധിക്കണമെങ്കില്‍ ഒരു ജനകീയ കൊടുങ്കാറ്റ്‌ ആവശ്യമാണെന്നും അവതാരികയില്‍ കുറിച്ചിരിക്കുന്നത്‌ മുന്‍ സുപ്രീംകോടതി ജഡ്‌ജിയായ വി.ആര്‍. കൃഷ്‌ണയ്യരാണ്‌.
ഇന്ത്യന്‍ ജുഡീഷ്യറി ഇന്നു നേരിടുന്ന മൂല്യച്യുതി ഇല്ലായ്‌മ ചെയ്യാന്‍ നടപടികള്‍ ഉണ്ടാവണമെന്നും, ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയിലെ കൂടുതല്‍ അഴുക്കുപുരളാത്ത ശക്തമായ ഒരു സംവിധാനമെന്ന നിലയില്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ അന്തസ്സ്‌ കാക്കാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്നും അഭിപ്രായപ്പെടുന്ന അഡ്വ: കെ.പി.ബഷീര്‍ നിയമത്തിനുമുമ്പില്‍ എല്ലാ ഇന്ത്യക്കാരും തുല്യര്‍ എന്ന ഭരണഘടനാ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ ഇന്ന്‌ കഴിയുന്നുണ്ടോ എന്നുള്ള പ്രസക്തമായ ചോദ്യവും `ജുഡീഷ്യറി എങ്ങോട്ട്‌' എന്ന പുസ്‌തകത്തിലൂടെ ഉന്നയിക്കുന്നുണ്ട്‌.

പ്രതിഭ- അഭിനവ്‌. എം.ആര്‍.

ബാങ്കിന്റെ പന്നിയങ്കര ശാഖയിലെ സീനിയര്‍ അക്കൗണ്ടന്റ്‌ ശ്രീ. എം. മുരളീധരന്റെ മകനായ അഭിനവ്‌.എം.ആര്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത മൂന്നിനങ്ങളിലും (മോണോ ആക്‌ട്‌, മിമിക്രി, ഭരതനാട്യം) എ ഗ്രേഡ്‌ നേടി. തുടര്‍ച്ചയായി മൂന്നാംതവണയാണ്‌ അഭിനവ്‌ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നത്‌. മൂന്നുവര്‍ഷങ്ങളിലും എ ഗ്രേഡ്‌ നേടിയിട്ടുണ്ട്‌. കോഴിക്കോട്‌ ജില്ലയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഏറ്റലും കൂടുതല്‍ പോയന്റ്‌ നേടി വ്യക്തിഗത ചാമ്പ്യന്‍പട്ടവും കരസ്ഥമാക്കിയിരുന്നു.
ചേവായൂര്‍ പ്രസന്റേഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിയായ അഭിനവ്‌ നഴ്‌സറി ക്ലാസ്‌ മുതല്‍ കല അഭ്യസിച്ചിരുന്നു.
നാടോടിനൃത്തം, ഭരതനാട്യം, കുച്ചുപുടി, കഥാപ്രസംഗം, മോണോ ആക്‌ട്‌, ഓട്ടംതുള്ളല്‍ എന്നീ കലാമത്സരങ്ങളിലെല്ലാം വിവിധ വേദികളില്‍ പങ്കെടുത്ത്‌ വിജയിയായിട്ടുണ്ട്‌.
`നവതരംഗം' നടത്തിയ അഖില കേരള മിമിക്രി മത്സരത്തിലും കേരള സംസ്ഥാന മാപ്പിള സോങ്‌ ലവേഴ്‌സ്‌ മത്സരത്തിലും പങ്കെടുത്ത്‌ സമ്മാനം നേടിയിട്ടുണ്ട്‌.
സുനില്‍ കാരന്തൂര്‍ സംവിധാനം ചെയ്‌ത ``കഥ പറയും തെരുവോരം'' സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്‌.
ബാങ്ക്‌ മെന്‍സ്‌ ക്ലബിന്റെ ഫാന്‍സി ഡ്രസ്സ്‌ മത്സരത്തില്‍ അച്ഛന്‍ മുരളീധരനൊപ്പം മത്സരിച്ചപ്പോള്‍ മകന്‍ രണ്ടാം സ്ഥാനവും അച്ഛന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അനുജത്തി അഞ്‌ജനയും നൃത്തത്തിലും പാട്ടിലും മികവു പുലര്‍ത്തുന്നുണ്ട്‌. അമ്മ രത്‌നകുമാരിയും കലാകാരിയാണ്‌.
കുട്ടികളുടെ വിദ്യാഭ്യാസവും കലയും ഒരുമിച്ചുകൊണ്ടുപോകാനായി പ്രോത്സാഹനം നല്‍കുന്ന രക്ഷിതാക്കള്‍ മാസശമ്പളത്തിന്റെ ഒരുഭാഗം കുട്ടികളുടെ കലാപ്രവര്‍ത്തനത്തിനായി മാറ്റിവെക്കുന്നു

ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ..

പിന്നിട്ട വഴികള്‍
ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ....
വി.ശശീന്ദ്രന്‍ ,മാനേജര്‍ 

ബാങ്കിന്റെ അഴിയൂര്‍ ശാഖാ മാനേജറായ ശ്രീ. വി.ശശീന്ദ്രന്‍ നാടക നടനും കായികപ്രതിഭയുമായിരുന്നു.
1952 ജനുവരി 11 നു ചെറുമന്റെയും നാരായണിയുടേയും മകനായി ജനിച്ച വി. ശശീന്ദ്രന്‍ കാരക്കാട്‌ എല്‍.പി. സ്‌കൂളിലാണ്‌ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചത്‌. തുടര്‍ന്ന്‌ മടപ്പള്ളി ഗവണ്‍മെന്റ്‌ കോളേജ്‌ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കോഴിക്കോട്‌ ഇ.എം.എസ്‌. സഹകരണ മെമ്മോറിയല്‍ ട്രെയിനിംങ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുമാണ്‌ കറര പൂര്‍ത്തിയാക്കിയത്‌.
അടിമപ്പാളയം, ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല, ഒഥല്ലോ, വന്ദേമാതരം, കര്‍ണ്ണന്‍, ജ്വലനം, ശാന്തമാകാത്ത കടല്‍, ദന്തല്‍ കോളേജ്‌, സ്വര്‍ണ്ണമൃഗം തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള വി. ശശീന്ദ്രന്‍ വള്ളിക്കാട്‌ ഹിരണ്യ തിയ്യറ്റേഴ്‌സ്‌,
മടപ്പള്ളി ഗണപതി കലാകേന്ദ്രം,
ബാസ്‌ക്‌ ആര്‍ട്‌സ്‌ & സ്‌പോര്‍ട്‌സ്‌ ക്ലബ്ബ്‌ മടപ്പള്ളി,
എക്‌സല്‍ ആര്‍ട്‌സ്‌ & സ്‌പോര്‍ട്‌സ്‌ ക്ലബ്ബ്‌ കെ.ടി.ബസാര്‍,
വടകര എന്നീ കലാസമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
1968 ല്‍ ഹൈസ്‌കൂള്‍ തലത്തിലും പിന്നീട്‌ കോളേജ്‌ തലത്തിലും നല്ല നടനുള്ള അംഗീകാരം നേടിയ ശശി മാനേജര്‍ ജില്ലാ സംസ്ഥാനതല യുവജനോത്സവ നാടക മത്സരങ്ങളിലും അഭിനയപ്രതിഭയായിരുന്നു.
1970 മുതല്‍ 1984 വരെ ഊരാലുങ്ങല്‍ ലേബര്‍ കോണ്‍ട്രാക്‌ട്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയില്‍ പ്രവര്‍ത്തിച്ചതിനു ശേഷം 1984 നവംബര്‍ 14 നാണ്‌ കെ.ഡി.സി. ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചത്‌.
ആട്ടോമൊബൈല്‍ ഡിസൈന്‍ കഴിഞ്ഞതിനുശേഷം ഖത്തറില്‍ ജോലി ചെയ്‌തുവരുന്ന അമിത്ത്‌ മകനും ബി.എസ്‌.സി. മാത്ത്‌സും, ടി.ടി.സി യും വിജയിച്ച അനുഷ മകളുമാണ്‌. പ്രഭാവതിയാണ്‌ ഭാര്യ. വടകര കെ.ടി.ബസാര്‍ സ്വദേശിയായ വി. ശശീന്ദ്രന്‍ ജില്ലാതലത്തില്‍ അറിയപ്പെടുന്ന വോളിബോള്‍ താരവുമായിരുന്നു. സ്‌കൂള്‍, കോളേജ്‌ പഠന കാലത്ത്‌ പോള്‍വാള്‍ട്ടില്‍ ജില്ലാതല ചാമ്പ്യന്‍ഷിപ്പും നേടിയിട്ടുണ്ട്‌.

രഘൂത്തമന്റെ ഉറക്കം

ചെറുകഥ

രഘൂത്തമന്റെ ഉറക്കം
മനോജ്‌ മണിയൂര്‍, h/o പ്രേമ.കെ.പി.,പയ്യോളി ശാഖ

പെരുമഴക്കാലങ്ങളിലെ വിറങ്ങലിച്ച രാത്രികളില്‍ ഓലത്തളകള്‍ക്കിടയിലൂടെ പാഞ്ഞുവന്നു മഴത്തുള്ളികള്‍ അസമയത്ത്‌ വിളിച്ചുണര്‍ത്തുന്നിടത്തു നിന്നാണ്‌ രഘൂത്തമന്റെ ഓര്‍മ്മകളുടെ തുടക്കം.
അപ്പോഴേക്കും അവന്റെ അച്ഛന്‍ കിട്ടാവുന്ന പഴത്തുണികളെല്ലാം വാരിപ്പുതച്ച്‌ ഒരു മൂലയില്‍ കൂനിക്കൂടിയിരുപ്പുണ്ടാകും.
ചാണകം മെഴുകിയ നിലം മുഴുവന്‍ മഴത്തുള്ളികള്‍ തീര്‍ത്ത വസൂരിക്കലകള്‍....
ചുമരിലെ കല്‍ത്തുളകളില്‍നിന്ന്‌ ഭയചകിതരായ പരശ്ശതം ജീവികളുടെ വിലാപം....
പ്രതികൂലമായ ഒരു ചുറ്റുപാടില്‍ അച്ഛന്റെ തണല്‍ പറ്റിയിരുന്ന്‌ രഘൂത്തമന്‍ പഴയ ഒന്നാംപാഠം ഉരുവിട്ടു. മൂത്ത തേക്കിലകള്‍ക്ക്‌ മഴത്തുള്ളികളെ തടയാനാകും.
പകലിടവേളകളില്‍ പേമാരിക്കുള്ള ഒരുക്കങ്ങള്‍ നടക്കവെ, തേക്കിലകള്‍ക്കായി അവന്‍ മരം കയറാന്‍ പഠിച്ചു.
സുകുമാരനും സീതാലക്ഷ്‌മിയും പേമാരിയെ കൂസാതെ സുഖനിദ്ര കൊള്ളാറുണ്ടെന്ന വാര്‍ത്ത രഘൂത്തമനെ അസൂയപ്പെടുത്തിയിരുന്നു.
അത്തരം അസൂയകള്‍ അവനെ എന്നും ഉത്തേജിപ്പിക്കുകയാണുണ്ടായത്‌.
മറ്റൊരു മഴരാത്രിയില്‍ തടസ്സങ്ങളെ വകവെക്കാതെ കടന്നുവന്ന്‌ മഴത്തുള്ളികള്‍ നിഷ്‌കരുണം വീണ്ടും തട്ടിയുണര്‍ത്തിയപ്പോള്‍ അവന്‍ ഗൗരവമായി ചിന്തിച്ചു.
ആരാണ്‌ വില്ലന്മാര്‍?
``തേരട്ടകള്‍......''
അച്ഛന്‍ പഠിപ്പിച്ചു.
ഓലയടരുകളില്‍ പെറ്റുപെരുകുന്ന തേരട്ടകള്‍ ആര്‍ത്തിയോടെ എല്ലാം തിന്നു തീര്‍ക്കുന്നു. ആര്‍ക്കും കടന്നുവരാനായി ആകാശ വാതിലുകള്‍ തുറന്നിടുന്നു.
അവരെ ആരു നിലയ്‌ക്കുനിര്‍ത്തും?
അച്ഛനറിയില്ല.... ആര്‍ക്കുമറിയില്ല.
രണ്ടാം പാഠം സ്വയം നിര്‍മ്മിച്ചെടുക്കണം.
മഴത്തുള്ളികളുടെ ശൗര്യം ശമിച്ചിട്ടുണ്ട്‌.
തേരട്ടകള്‍ക്ക്‌ തിന്നു തീര്‍ക്കാനാവാത്ത രക്ഷാകവചങ്ങളെ കുറിച്ചാലോചിച്ചിരിക്കെ ഒരു ചെറുമയക്കം.
പെട്ടെന്ന്‌
അടുക്കളയില്‍നിന്ന്‌ ഒരു കോലാഹലം.
പാത്രങ്ങള്‍ വീണുടയുന്നു.
ആരുടെയോ ആക്രോശം..... യാചന.
രഘൂത്തമന്‍ ചാടിയെഴുന്നേറ്റു.
``ഉണ്ണീ............ പതുക്കെ''
``........................ ശബ്‌ദം?''
``കേട്ടു...... ചേരയാവും''
മൂന്നാംപാഠം പഠിക്കാനൊരുങ്ങുമ്പോള്‍ അച്ഛന്‍ ആമുഖമായി പറഞ്ഞു.
ഇതൊരു മുടിഞ്ഞ തറവാടാണ്‌. തേരട്ടകളെപ്പോലെ ചേരകള്‍ക്കുമുണ്ട്‌ ഇതിനകത്തൊരു ആവാസലോകം. ചോരപ്പറ്റ്‌ പറഞ്ഞ്‌ തറവാട്ടില്‍ ഓരോ കാലങ്ങളില്‍ കയറി പാര്‍ത്തവര്‍ തറമുഴുവന്‍ കുഴിച്ചു കോരിയിട്ടാണ്‌ കടന്നുപോയത്‌.
എല്ലാവരും തറ കുഴിച്ച്‌ നിധിതേടുകയായിരുന്നു. നഗ്നത മറക്കാനാവാതെ ആകാശത്തോട്‌ വിലപിച്ചുകൊണ്ടിരുന്ന മേല്‍കൂരയെ ആരും കണ്ട ഭാവം നടിച്ചില്ല.
നിരാശിതര്‍ മടങ്ങുമ്പോള്‍ കിളച്ചിട്ട മണ്ണില്‍ എലികള്‍ മാളംകുഴിച്ചു. ആരാന്റെ മാളങ്ങളില്‍ രാപ്പാര്‍ക്കാനും വിശപ്പടക്കാനും ചേരകള്‍ വന്നു ചേര്‍ന്നു.
രാത്രിയിലെ സൈ്വര്യം കെടുത്തല്‍ ഒരവകാശംപോലെ അവര്‍ ചെയ്‌തുപോരുകയാണ്‌.
മഴക്കാലം ചൊരിഞ്ഞുതീര്‍ന്നിട്ടും രഘൂത്തമന്‌ ഉറങ്ങാന്‍ നേരം കിട്ടിയില്ല. തറവാടിന്റെ മേല്‍ക്കൂരയും തേരട്ടയും ചേരയും പിന്നെ എലികളും.
പഠിച്ചുതീര്‍ക്കാന്‍ പാഠങ്ങള്‍ ഒത്തിരി
ഉറക്കമെന്നത്‌ രണ്ടുപാഠങ്ങള്‍ക്കിടയിലെ
ചെറുമയക്കം മാത്രം.
മഴമാറിയ പ്രസന്നമായ പകലുകളിലൊന്നില്‍ തറവാട്‌ വിട്ടിറങ്ങിയ അച്ഛന്റെ പിന്‍പറ്റി അവനും നടന്നു. ഒരു കുന്നിന്‍ചെരുവിലെത്തിയപ്പോള്‍ പൊടുന്നനെ ഒരിടത്തിരുന്ന്‌ അച്ഛന്‍ പറഞ്ഞു:
``ഇനി വയ്യ ഉണ്ണീ''
രഘൂത്തമന്‍ ഒരു ഞെട്ടലോടെ ശ്രദ്ധിച്ചു.
നെഞ്ചിന്‍കൂടിനുള്ളിലെ താളപ്പിഴ
ജീവശ്വാസത്തിനായുള്ള വെപ്രാളം.
``അച്ഛാ..... ഞാന്‍.... തനിച്ച്‌?''
``പോകണം....... ചുവടു പിഴയ്‌ക്കാതെ''
വഴിയിലാരോ കളഞ്ഞ പാഴ്‌വസ്‌തു കണക്കെ അച്ഛന്‍ അവിടെയിരുന്നു കിതച്ചു. അച്ഛനില്‍നിന്നും കണ്ണു പറിച്ചെടുക്കാനാവാതെ പിന്തിരിഞ്ഞ്‌ നോക്കിക്കൊണ്ട്‌ രഘൂത്തമന്‍ പതുക്കെ മല കയറാന്‍ തുടങ്ങി.
കാഴ്‌ചവട്ടത്തില്‍നിന്നും ആ ചിത്രം മറയുകയാണ്‌. ഇനി എല്ലാ പാഠങ്ങളും സ്വയം നിര്‍മ്മിച്ചെടുക്കണം. സ്വയം പഠിക്കണം. സ്വന്തം മനസ്സാക്ഷിയോട്‌ സംശയനിവൃത്തി വരുത്തണം.
മലകയറ്റം ഒരു പ്രശ്‌നമല്ല. കയറ്റം തന്നെയാണ്‌ ഒന്നാംപാഠം.
മല തീര്‍ന്നപ്പോള്‍ മുന്നില്‍ മാനംമുട്ടെ മേഘപാളികള്‍. രഘൂത്തമന്‍ ആവേശത്തോടെ എല്ലാം ചവിട്ടി മെതിച്ചുനടന്നു. മേഘശിഖരങ്ങളില്‍നിന്ന്‌ അനന്തവിഹായസ്സിലേക്കു പറന്നു.
അതിനിടയില്‍ ആരോ ഒരു സൂര്യഗോളം വെച്ചു നീട്ടിപ്പറഞ്ഞു. ``ഇതെടുത്തോളൂ....''
ആദ്യത്തെ സമ്മാനം!
അച്ഛനു നല്‍കാം. ഗുരുദക്ഷിണ.
ഉയരത്തില്‍ നിന്നുമിറങ്ങി അവന്‍ ഓര്‍മ്മകളില്‍ തപ്പിനടക്കാന്‍ തുടങ്ങി. മരക്കോണി അള്ളിപിടിച്ചു കയറി വീട്ടുമുറ്റത്തെത്തുമ്പോള്‍ അകത്തുനിന്നും നടുതടിച്ചൊരു ചേര മുത്തശ്ശി പടിയിറങ്ങി വരുന്നുണ്ടായിരുന്നു.
അറിയ്യോ?
കണ്ടഭാവം പോലുമില്ല.
മറന്നതാവും, അല്ലെങ്കില്‍ മറ്റേതോ വകയിലുള്ളതാവും.
ആ തടിച്ചി ഒഴുകിയകലുകയാണ്‌.
``അച്ഛാ'' രഘൂത്തമന്‍ ഉത്സാഹത്തോടെ വിളിച്ചു.
ഒരു നീണ്ട മൗനത്തിനൊടുവില്‍ മുറ്റത്തെ ഉണക്ക മരക്കൊമ്പിലെ കാക്ക പറഞ്ഞു.
``തറവാട്ടിലെ അവസാനത്തെ മനുഷ്യന്‍ പഷ്‌ണി കിടന്നാ ചത്തത്‌.....''
ആകാശത്തിന്റെ മുഖം വാടുകയാണ്‌.
പെരുമഴക്കാലത്തിന്റെ കിതപ്പ്‌......
ഒരായിരം കുറുനരികളുടെ ഓരി....
അവന്‍ സൂര്യഗോളം മുറുകെ പിടിച്ചുകൊണ്ട്‌ അകത്തുകയറി.... ഇപ്പോള്‍ തറവാടിന്‌ മേഘപാളികളാണ്‌ മേല്‍ക്കൂര. മഴത്തുള്ളികളെയുംകാത്ത്‌ രഘൂത്തമന്‍ വീണ്ടും ഉറങ്ങാതെ കിടന്നു. 

ഉടുമ്പന്‍ചോല കര്യാത്തന്‍ മാഹാത്മ്യം

ചെറുകഥ

ഉടുമ്പന്‍ചോല കര്യാത്തന്‍ മാഹാത്മ്യം
ശിവരാമന്‍ കൊണ്ടംവള്ളി, കൊയിലാണ്ടി ശാഖ



നേരം പരപരാ വെളുത്തതേയുള്ളൂ. കുഞ്ഞാപ്പു ആശാന്‍ എന്തിനാണിങ്ങനെ കിടന്നുകൂവുന്നത്‌. ആശാന്‌ കല്ലുവെട്ടാംകുഴി പ്രദേശ നിവാസികളെ ഉണര്‍ത്താനുള്ള സൈറണോ മറ്റോ ആയി ജോലി തരപ്പെട്ടുകാണുമോ ആവോ?
ദിനേശാ......... മാത്തുകുട്ടീ...... വീരാനേ, കയ്യിലൊതുങ്ങുന്നതുമായി ഓടിവരാന്‍ ഇതുകേട്ട്‌ മാത്തുക്കുട്ടി കട്ടന്‍ചായ കുടിച്ചുകൊണ്ടിരിക്കുന്ന ഗ്ലാസ്‌ തിണ്ണയില്‍വെച്ചു പറഞ്ഞു. ``സൈറണും ബൈറണുമൊന്നുമല്ല, കുഞ്ഞാപ്പു ആശാന്‌ എന്തോ ആപത്ത്‌ പെണഞ്ഞിരിക്കുകയാണ്‌. എല്ലാവരും വരിനെടാ,'' മുഴുവന്‍ കല്ലുവെട്ടാംകുഴി പ്രദേശവാസികളും മാത്തുക്കുട്ടിയുടെ ആജ്ഞയനുസരിച്ച്‌ കുഞ്ഞാപ്പുവാശാന്റെ ചെറ്റവാതില്‍ല്‍ചെന്ന്‌ എത്തിനോക്കി.
മാത്തുക്കുട്ടി ചോദിച്ചു. ``എന്തൊരാപത്തു പറ്റിയെടാ കുഞ്ഞാപ്പൂ, നീയിങ്ങനെ ചെമ്പോട്ടികള്‍ ചെമ്പിനടിയില്‍ പരണ്ടുന്നതുപോലെ തൊണ്ട ശ്രദ്ധിക്കാതെ കെടന്നു കീറാന്‍, അതുതന്നെ ഈ വെളുപ്പാന്‍കാലത്ത്‌''.
കുഞ്ഞാപ്പു ആശാന്റെ നെഞ്ചുയരുകയും താഴുകയും ചെയ്യുന്നത്‌ കണ്ടാലറിയാം. വാക്കുകള്‍ക്കു സ്വതന്ത്രമായി വാര്‍ന്നുവീഴാനുള്ള എല്ലാ പൊതു മണ്‌ഡലങ്ങലും തൊണ്ടയില്‍ അടഞ്ഞുകിടക്കുകയാണെന്ന്‌. `` ഒന്നു പറഞ്ഞങ്ങു തൊലയ്‌ക്കെടാ കുഞ്ഞപ്പൂ. മനുച്ചന്‍മാരെ ഇട്ടു കറക്കാതെ'' മാത്തുക്കുട്ടി മുരണ്ടു. കുഞ്ഞാപ്പുവാശാന്‍ വലതുകൈ വിറയലോടെ ചെറ്റവാതിലിലേക്ക്‌ ചൂണ്ടി വിറയ്‌ക്കും വാക്കുകളാലെ പറഞ്ഞു. ``അതാ അവിടെ'' മാത്തുകുട്ടിയും വീരാനും ദിനേശനും പരിവാരങ്ങളും ചെറ്റവാതിലിലേക്ക്‌ പാഞ്ഞടുത്തു. കല്ലുവെട്ടാംകുഴി പ്രജകളൊക്കെ അവരെ കണ്ണെടുക്കാതെ നോക്കിനിന്നു. പുവൊടിത്തട്ടുകാണാന്‍ കണ്ണുംകാതും കൂര്‍പ്പിച്ചുനില്‍ക്കുന്ന കൗതുകക്കാരായ കുഞ്ഞുങ്ങളെപ്പോലെ. അതിനിടയില്‍ മാത്തുകുട്ടി തുള്ളിച്ചാടി തുള്ളിച്ചാടി വിളിച്ചുകൂവി. ``ആപത്തൊന്നും പിണഞ്ഞതല്ല മക്കളേ, നമ്മക്ക്‌ കോളടിച്ചതാ; പെരുങ്കോള്‌.`` അതിനിടയില്‍ നരിനിരങ്ങി പറമ്പില്‍ കുഞ്ഞിക്കോരന്റെ ഇളയസന്താനമായ ദിനേശന്‍ ഉടുമുണ്ട്‌ മേല്‍പ്പോട്ട്‌ തെരച്ചുകയറ്റി മാറിലേക്കു കുത്തി. വമ്പന്‍ ധൈര്യശാലിയെപ്പോലെ ആക്രോശിച്ചു. ``എന്തുവാ മാത്തുകുട്ടി, കെടന്നലറാതെ, സംഗതി പറഞ്ഞ്‌ തുലയ്‌ക്ക്‌... നിന്റെ അമ്മേടെ എഴാം അടിയന്തിരമോ മറ്റോ ആണോ. കെടന്നുതുള്ളാന്‍? ``എടാ മോനെ ദിനേശാ, നീയിങ്ങോട്ടൊന്നു നോക്യാ. കുഞ്ഞാപ്പുആശാന്റെ ചെറ്റവാതിലില്‍ ഒന്നാംതരം ഉടുമ്പു കേറി നില്‍ക്കുന്നത്‌. നിങ്ങ്യോ, ഞാനോ എന്ന മട്ടില്‍, ദിനേശാ, കയ്യില്‍ കിട്ടിയാലിന്ന്‌ വൈകുന്നേരം ഭൂലോകം തരികിട തിമൃതത്തൈ''.
വീരാന്‍ ആജ്ഞാപിച്ചു. ``നോക്കി നില്‍ക്കാതെ കയ്യില്‍പ്പെടുന്ന മാരണങ്ങളുമായി വരിനെടാ'' മുഴവടിയും അലകില്‍ കുന്തവും ഉലയ്‌ക്കയും കല്ലും കോങ്കത്തിയും പെരുത്തമട്ടലും പിച്ചാത്തിയുമായി പരിവാരങ്ങള്‍ കുഞ്ഞാപ്പു ആശാന്റെ ചെറ്റ വളഞ്ഞു. അടുത്തടുത്തു വന്നുകൊണ്ടിരിക്കുന്ന മാന്യരായ ശത്രുക്കളെ നോക്കി സമര്‍ത്ഥനായ ഉടുമ്പ്‌ രണ്ടിലൊന്ന്‌ സംഭവിക്കട്ടെ എന്ന മട്ടില്‍ കുഞ്ഞാപ്പുവിന്റെ തലയ്‌ക്ക്‌ മുകളിലൂടെ അപ്പക്കാടിനെ ലക്ഷ്യമാക്കി നീണ്ടുവലിഞ്ഞൊരു ചാട്ടം. പുല്‍കൂനയ്‌ക്കും വിറകിന്‍കൂട്ടങ്ങള്‍ക്കുമിടയില്‍ വീരാനും മാത്തുകുട്ടിയും തിരക്കിട്ടു തെരഞ്ഞുനടന്നു. അലക്ഷ്യമായുള്ള പലരുടേയും തിരച്ചില്‍ കണ്ടപ്പോള്‍ ആവേശഭരിതനായി ദിനേശന്‍ തെങ്ങിന്‍തറയില്‍ കയറിനിന്ന്‌ വിളിച്ചുപറഞ്ഞു. ``മാത്തുകുട്ടി, ഉടുമ്പതാ ഒന്നും സംഭവിക്കാത്തവനെപ്പോലെ കുറ്റികവുങ്ങില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.'' വിടരുതിനെടാ അവനെ, ചാടിയടിക്കിന്‍, അതിനിടയില്‍തന്നെ ദിനേശന്‍ ചാടിക്കെട്ടി ഒരടികൊടുത്തു. അടിചെന്നു വീണത്‌ വിടരാന്‍ വിതുമ്പിനില്‍ക്കുന്ന കവുങ്ങില്‍കൂമ്പിലായിരുന്നു. ഉടുമ്പ്‌ ആയുസ്സുംകൊണ്ട്‌ നിലത്തുചാടി ഓടാന്‍ തുടങ്ങി. ഇടവഴിയും കുറ്റിക്കാടും കടന്ന്‌ തൊടിയായ തൊടികളിലൂടെ കിതച്ചുകൊണ്ട്‌ ചിണ്ടന്‍ കുന്നുകയറി. ഒടുവില്‍ ചിണ്ടന്‍ കുന്ന്‌ കര്യാത്തന്‍ മാഹാത്മ്യം കുടികൊള്ളുന്ന മണ്‌ഡപതറയുടെ മുമ്പിലെത്തി. നിന്നനില്‍പ്പില്‍ കിതയ്‌ക്കാന്‍ തുടങ്ങി. അതിനിടയില്‍ കുഞ്ഞാപ്പു ആശാന്‍ പിറകില്‍നിന്നു വിളിച്ചുപറഞ്ഞു. ``ആ പൊന്തക്കാട്ടിലേയ്‌ക്ക്‌ ആരും അടുക്കരുത്‌'' വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന കര്യാത്തന്റെ മണ്‌ഡപത്തറയാണത്‌. പ്രത്യേകിച്ച്‌ വ്രതാനുഷ്‌ഠാനകാലമാണിത്‌. ഊറ്റംകൂടിയകാലം. ഒന്നോര്‍ക്കുന്നത്‌ നന്ന്‌. കര്യാത്തനോട്‌ കളിച്ചവരാരും ഇല്ലം കണ്ടിട്ടില്ല.'' അതു കേട്ടപാടെ വീരാനും മാത്തുകുട്ടിയും തിരിഞ്ഞുനിന്നു. മാത്തുകുട്ടിയുടെ മുട്ടുകാല്‍ അടിമുടി വിറയ്‌ക്കുന്നത്‌ വീരാന്‍ കണ്ടു. പിന്നെ തിരിഞ്ഞുനോക്കാതെ രണ്ടുപേരും കൈയോടു കൈചേര്‍ന്ന്‌ ഓടിമറഞ്ഞു. അതുകണ്ട്‌ പരിവാരങ്ങള്‍ സ്‌തബ്‌ധരായി നോക്കിനിന്നു. പെട്ടെന്നായിരുന്നു അത്‌ സംഭവിച്ചത്‌. കുഞ്ഞാപ്പു ആശാന്റെ വാക്കുകള്‍ക്കൊന്നും വില കല്‍പ്പിക്കാതെ ദിനേശന്‍ യുവത്വത്തിന്റെ ഓജസ്സോടെ ഉടുമ്പിനുനേരെ ഓടിയടുത്തു. ദിനേശന്റെ മനസ്സ്‌ നിറയെ വെയില്‍ചായുമ്പോള്‍ നടക്കാനിരിക്കുന്ന സപ്പറിലെ ഉടുമ്പുകറിയുടെ സ്വാദ്‌ മാത്രമായിരുന്നു. അതോര്‍ത്ത്‌ ദിനേശന്റെ വായില്‍ കപ്പലിറക്കാനുള്ള വെള്ളം അപ്പോഴേ കിനിഞ്ഞിറങ്ങി. ഉടുമ്പ്‌ ജീവനുംകൊണ്ടോടി കര്യാത്തന്റെ മണ്‌ഡപത്തിന്‌ മുകളിലെത്തി. ദിനേശന്‍ ഊക്കാര്‍ന്ന്‌ കുതറി അടുത്തുവന്നപ്പോള്‍ ഉടുമ്പ്‌ കര്യാത്തന്റെ വിഗ്രഹത്തിന്‍മേല്‍ കയറിപ്പറ്റി. വരുംവരായ്‌കകളൊന്നും നോക്കാതെ ദിനേശന്‍ ഉടുമ്പിന്റെ മസ്‌തകത്തെ ലാക്കാക്കി ഒരു വീക്കുവീക്കി. ദൃക്‌സാക്ഷികളായ പരിവാരങ്ങള്‍ കണ്ടത്‌ ചിണ്ടന്‍കുന്ന്‌ കര്യാത്തന്റെ തലതെറിച്ച്‌ തെച്ചിപൊന്തയിലേക്ക്‌ വീഴുന്ന കാഴ്‌ചയായിരുന്നു. പരിവാരങ്ങള്‍ തലയില്‍ കയ്യുംവെച്ച്‌ ഓടാന്‍ തുടങ്ങി. ഓട്ടത്തിനിടയില്‍ കല്ലുവെട്ടാംകുഴി പ്രജകളോട്‌ അവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ``നരിനിരങ്ങിപ്പറമ്പില്‍ ദിനേശന്‍, കര്യാത്തന്റെ തലതെറിപ്പിച്ചേയ്‌...'' ഇതുകേട്ട ദിനേശന്റെ അച്ഛന്‍ പെങ്ങള്‍ യശോദ മൂക്കത്ത്‌ വിരല്‍വെച്ച്‌ ഭയഭക്തിയോടെ പറഞ്ഞു. കളിച്ചുകളിച്ച്‌ ഓന്റെ കളി കര്യാത്തനോടായി. ഏറിയ അറാമ്പറപ്പും ഈ യശോദ കണ്ടിട്ടുണ്ടേ.... ഇതൊരുമാതിരി തീകൊണ്ടുള്ള കളിതന്നെയാണേ....
അതിനിടയില്‍ മറ്റു ചിലര്‍ പൊന്തക്കാടിനുള്ളിലൊക്കെ ഉടുമ്പിനെ തേടി നടന്നു. ഉടുമ്പ്‌ മണ്‌ഡപത്തറയ്‌ക്കരികിലുള്ള പപ്പായ മരത്തിലിരുന്നു ദിനേശനെ കണ്ണെടുക്കാതെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. കര്യാത്തന്‍ മാഹാത്മ്യത്തിന്റെ തലതെറിച്ചുപോയതില്‍ കുഞ്ഞാപ്പു ആശാന്‍ കുണ്‌ഠിതനായി കയ്യും തലയില്‍ വെച്ചിരുന്നു. അതിനിടയില്‍ നരിനിരങ്ങി പറമ്പില്‍ കുഞ്ഞിക്കോരന്‍ ഒരു ഇടപെടലെന്നോണം പറഞ്ഞു. ``ആശാനെ എന്റെ മോന്‍ ദിനേശനെകൊണ്ട്‌ കര്യാത്തന്‍ ഇതൊക്കെ ചെയ്യിച്ചതാണ്‌. എന്തോ വിഘ്‌നം നടക്കാന്‍ പോകുന്നതിന്റെ നിമിത്തമായികൂടി ഇതു കണക്കാക്കുന്നത്‌ നന്ന്‌.
ഈയടുത്ത കാലത്തായി ദിനേശന്റെ മട്ടുംമാതിരിയുമൊക്കെ മാറിയിരിക്കുന്നു. നമുക്കൊരുകാര്യം ചെയ്‌താലോ ആശാനെ, കണിശക്കാരനെ, വരുത്തി താംബൂലപ്രശ്‌നം നടത്തി നോക്കിയാലോ? അതുകേട്ടപാടെ, കുനിഞ്ഞുകിടന്നിരുന്ന ആശാന്റെ തലയൊന്നു നിവര്‍ന്നു. ``എന്നാ കുഞ്ഞിക്കോരാ, നമുക്ക്‌ അതുതന്നെ നടത്തിയേക്കാം അല്ലേ..''
കുഞ്ഞാപ്പുവും കുഞ്ഞിക്കോരനും കണിശക്കാരനുമായി ചിണ്‌ഡന്‍കുന്ന്‌ കര്യാത്തന്‍ മാഹാത്മ്യത്തിന്റെ തിരുസന്നിധിയിലെത്തി എന്നിട്ട്‌ കാവിന്‌ ചുറ്റും കൂടിയ ജനങ്ങളെനോക്കി കുഞ്ഞിക്കോരന്‍ പറഞ്ഞു. ``കര്യാത്തന്‍ മാഹാത്മ്യത്തിന്റെ ഉള്ളിലിരിപ്പ്‌ എന്താന്നറിയാല്ലോ? അതാ ഞാള്‌ കണിശക്കാരനെ വരുത്ത്യേത്‌. കണിശക്കാരന്‍ ചമ്രം മടിഞ്ഞിരുന്ന്‌ എന്തോ ശ്ലോകം ഉച്ചത്തില്‍ ചൊല്ലി. പലകയ്‌ക്കു മുകളില്‍ വേര്‍തിരിച്ച കള്ളികളില്‍ കവടിനിരത്തിവെച്ചു. എന്നിട്ട്‌ ചുറ്റിലും കൂടിയ ജനാവലിയെനോക്കി പറഞ്ഞു'' യെന്നാല്‍നമ്മക്ക്‌ തുടങ്ങ്യാലോ''? ചുറ്റുംകൂടിയവര്‍ തലയാട്ടി. അതുകണ്ട്‌ കുഞ്ഞിക്കോരനും കുഞ്ഞാപ്പുവും ജിജ്ഞാസയാലെ തല ദൃതിയില്‍ കുലുക്കികൊണ്ടിരുന്നു. കണിശക്കാരന്‍ അടുക്കുകളായി വെച്ചിരുന്ന താമ്പൂലത്തില്‍നിന്ന്‌ കയ്യിലൊതുങ്ങുന്നതെടുത്ത്‌ ഓരോ താമ്പൂലത്തിന്റെയും രാശിഗണിച്ച്‌ തുടങ്ങി. എന്നിട്ട്‌ കടുകട്ടിയുള്ള 2 ശ്ലോകങ്ങള്‍ വളരെ ആയാസത്തില്‍ ചൊല്ലിനിര്‍ത്തി. കണിശക്കാരന്‍ രാശിയില്‍ തെളിഞ്ഞുകണ്ടത്‌ ഓരോന്നോരോന്നായി പറഞ്ഞുതുടങ്ങി. ``ആണ്ടോഡാണ്ട്‌ വര്‍ഷക്കാലം കല്ലുവെട്ടാംകുഴി പ്രദേശത്തുകാര്‍ക്ക്‌ വിളിച്ചാല്‍ വിളിപ്പുറത്തുണ്ടായിരുന്ന കര്യാത്തന്‍ മാഹാത്മ്യമാണ്‌-അല്ലെ... ഇക്കൂട്ടത്തില്‍നിന്ന്‌ ആരോ ഒന്ന്‌ ശരിവെച്ചു. `അതെ'.
കര്യാത്തനെ വിശ്വാസമര്‍പ്പിച്ചവര്‍ക്കൊക്കെ കര്യാത്തന്‍ വിളിപ്പുറത്തുണ്ടാകുമെന്നാണ്‌ രാശിയില്‍ തെളിയുന്നത്‌. മഞ്ഞും മഴയും വെയിലും കൊണ്ട്‌ നൂറ്റാണ്ടുകാലം ഞാനെന്റെ മക്കളെ പരിപാലിച്ചു. എനിയും പരിപാലിച്ചോളും. സംശയമുണ്ടോ- ഇല്ലെന്ന്‌ കുഞ്ഞിക്കോരന്‍ മറുപടി പറഞ്ഞു. എന്നാല്‍ വിഘ്‌നങ്ങളായി തെളിയുന്നത്‌ പലതാണ്‌. കുഞ്ഞാപ്പു ആശാനെ ആശാന്‍ വിളറിപിടിച്ച മുഖമായി ഭവ്യതയോടെ ആരാഞ്ഞു. എന്താണാവോ വിഘ്‌നത്തിനുള്ള ഹേതുകാരണങ്ങള്‍. പരിഹാരങ്ങള്‍ വല്ലതും? കണിശക്കാരന്‍ അടുക്കിവെച്ച താമ്പൂലത്തില്‍നിന്നും ഒരുകെട്ട്‌ താമ്പൂലം വീണ്ടുമെടുത്ത്‌ അതില്‍ ആദ്യത്തെ താമ്പൂലത്തിന്റെ രാശികാണിച്ച്‌ തിരിച്ചും മറിച്ചുമുള്ള ഫലം പറയുന്നതിനു മുതിരുന്നതിനിടയില്‍ നരിനിരങ്ങിപ്പറമ്പില്‍ കുഞ്ഞിക്കോരന്‍ മകന്‍ ദിനേശന്‍ ആര്‍പ്പും, ഊയ്യാരവും, ആരാപുരവുമായി വീണ്‌ പിടയാന്‍ തുടങ്ങി. അതു കണ്ടുനിന്ന ദിനേശന്റെ സുഹൃത്തുക്കള്‍ ദിനേശനെ ചെന്നു താങ്ങിയെടുത്തു. ദിനേശന്‍ അവരുടെ കൈത്തണ്ടയില്‍ കിടന്ന്‌ പിടയാന്‍ തുടങ്ങി.
കണിശക്കാരന്‍ പറഞ്ഞു. അദ്ദേഹത്തെ വിട്ടേയ്‌ക്കൂ... ഇതൊക്കെ നിമിത്തങ്ങള്‍ മാത്രമാണ്‌. കര്യാത്തന്‍ അദ്ദേഹത്തില്‍ പ്രവേശിക്കുകയാണ്‌. എല്ലാവരും ദിനേശനെ കൈയൊഴിഞ്ഞു. ദിനേശന്‍ ഒറ്റക്കാലില്‍ തുള്ളി. വലതുകൈകൊണ്ട്‌ ശിരസ്‌ തലോടി ഉള്ളില്‍നിന്നു പുറത്തേക്കു വരുന്ന ഉഷ്‌ണവായു ഊതിവിട്ടുകൊണ്ട്‌ കര്യാത്തന്റെ മണ്‌ഡപത്തറയെ പ്രദക്ഷിണംവെച്ചു. അല്‍ഭുതസ്‌തബ്‌ദരായി നിന്നുപോയ ദേശക്കാരെനോക്കി കണിശക്കാരന്‍ പറഞ്ഞു. കര്യാത്തന്റെ വെളിച്ചപ്പാടാണ്‌. എല്ലാവരും അരുളപ്പാട്‌ ശ്രദ്ധിച്ചുകൊള്ളണം. മണ്‌ഡപത്തറയുടെ കാലില്‍പിടിച്ച്‌ ദിനേശന്‍ 3 തവണ കൂവിവിളിച്ചു. എന്നിട്ട്‌ പറഞ്ഞുതുടങ്ങി.''
``എന്റെ കാവും, കുളവും മണ്‌ഡപത്തറയും പരിപാലിക്കാതെയായി അല്ലെ....? എനിക്കുവേണ്ടിയുള്ള അടിതളിപൂജകളും മുടക്കിക്കളഞ്ഞു ഹഹഹ.. ആണ്ടോടാണ്ട്‌ കൂടൂമ്പോള്‍ എനിക്കു നിവേദിക്കാറുള്ള പൂവും നീരുമെവിടെ..ഹ എന്റെ പട്ടും വളയും, കിണ്ടിയും നീരും, ഭസ്‌മക്കളവും ഉടവാളും എനിക്കുതന്നെ തിരിച്ചുവേണം. എന്നെ അവഗണിച്ച്‌ എന്റെ തിരുവടി പുല്‍കാതെ എന്റെ മക്കള്‍ മനുഷ്യദൈവങ്ങളുടേയും അമ്മ ദൈവങ്ങളുടേയും കൂട്ടാളികളായി അല്ലേ- ഹഹ-ഹേ-ഹോയ്‌. ഞാന്‍ കരിപുരണ്ടവന്‍, കര്യാത്തനാണെങ്കിലും എന്റെ വിളക്കുകല്ലില്‍ തിരിതെളിയിക്കാതെ എന്റെ ദാഹംമാറ്റാന്‍ പൂവും നീരും നല്‍കാതെ. വെളുത്ത്‌ ലിപ്‌സ്റ്റിക്കിട്ട സുമുഖരായ ആള്‍ദൈവങ്ങളോടൊപ്പമായി സഹവാസം. എല്ലാം ഞാന്‍ കണ്ടും കേട്ടും കുറെ നാളുകള്‍ ക്ഷമശീലിച്ചു. എനിക്കു തുണയാകാത്ത ഭക്തരെ എനിക്കുവേണ്ട. ഹ, ഹ- അവരെ ഞാനൊരു പാഠം പഠിപ്പിക്കാതെ വിടില്ല. ഇന്നു കണ്ടും കേട്ടും പോരുന്ന നിമിത്തങ്ങളൊക്കെ സൂചനയായി കണ്ടാല്‍ മതിയാവും. കൂ.. കൂയ്‌... ഇനിയങ്ങോട്ട്‌ ഈ തലതിരിഞ്ഞ ലോകത്ത്‌ ഞാന്‍ തലയില്ലാത്തവനായി കുടികൊള്ളും''.
വെളിച്ചപ്പാട്‌ ദിനേശന്‍ ഉറഞ്ഞ്‌ മണ്‌ഡപത്തറയില്‍ വീണു. ആളുകളോടിയെത്തി. കല്ലുവെട്ടുംകുഴി പ്രദേശവാസികള്‍ ദിനേശന്റെ നെറ്റി പൊട്ടിയൊലിച്ചിറങ്ങുന്ന ചോരയിലേക്ക്‌ നോക്കി നിന്നു.

ഗ്രീഷ്‌മ

ചെറുകഥ

ഗ്രീഷ്‌മ
എം. ജ്യോതി ഹെഡാഫീസ്‌

തിരക്കുപിടിച്ച നഗരത്തില്‍ ലൈംഗിക തൊഴിലാളികളുടെ റാലി നടക്കുകയാണ്‌. അറിയാതെ എന്റെ കണ്ണുകള്‍ റാലിയെ പിന്‍തുടര്‍ന്നു. അതില്‍ ഒരു മുഖം എന്റെ മനസ്സില്‍ ഓടിയെത്തി. `ഗ്രീഷ്‌മ' ദൈവമേ! അവള്‍ ആകാതിരിക്കട്ടെ എന്നു കരുതി ഒരിക്കല്‍കൂടി ബൈക്കില്‍ റാലിയെ റൗണ്ടിട്ടു. അതേ, അത്‌ അവള്‍ തന്നെ. `എന്റെ ഗ്രീഷ്‌മ' അവളുടെ കണ്ണുകളിലെ തിളക്കം നഷ്‌ടപ്പെട്ടിട്ടുണ്ട്‌. നിര്‍വികാരത സ്‌ഫുരിക്കുന്ന മുഖഭാവം. ഓ എന്റെ കുട്ടി എങ്ങനെ നീ ഇവിടെ എത്തിപ്പെട്ടു. എന്റെ ചിന്തകള്‍ പതിനഞ്ചു വര്‍ഷം പുറകോട്ടു സഞ്ചരിച്ചു.
ഞാന്‍ ഡിഗ്രി രണ്ടാംവര്‍ഷം പഠിക്കുന്ന കാലം. ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം നവാഗതര്‍ക്ക്‌ സ്വാഗതം പറഞ്ഞുകൊണ്ട്‌ പ്രീഡിഗ്രി ക്ലാസുകളിലേക്ക്‌ കയറിച്ചെന്നു. അതില്‍ വില്ലനായ എന്റെ സുഹൃത്ത്‌ പവന്‍ പുതുമുഖങ്ങളെ പരിചയപ്പെടുത്താനായി വിളിക്കുന്നു. അവരില്‍ ചിലരെയെല്ലാം കരയിച്ചിട്ടാണ്‌ അവന്‍ പറഞ്ഞയക്കുന്നത്‌.
ഇതെല്ലാം കണ്ട്‌ ദൂരെ മാറിനില്‍ക്കുന്ന കുട്ടിയെ അവന്‍ വിളിച്ചു. അവന്‍ ഞങ്ങള്‍ക്ക്‌ അവളെ പരിചയപ്പെടുത്തിതന്നു. പേര്‌ ഗ്രീഷ്‌മ, ഒറ്റപ്പാലം വീട്‌, ബന്ധുവീട്ടില്‍ നിന്ന്‌ പഠിക്കാന്‍ തീരുമാനിച്ചു. ഫസ്റ്റ്‌ ഗ്രൂപ്പ്‌ സയന്‍സ്‌ കമന്റടിയെന്നോണം ``നമ്മുടെ കോളേജ്‌ ബ്യൂട്ടി'' എന്നവന്‍ കൂട്ടിചേര്‍ത്തു.
എന്റെ കണ്ണുകള്‍ അറിയാതെ അവളിലേക്ക്‌ ഓടി. പേടിച്ചരണ്ട പൂച്ചകുട്ടിയെപ്പോലെ അല്‍പം അകലെ മാറിനില്‍ക്കുകയാണ്‌ അവള്‍. വടിവൊത്ത ശരീരം, നിതംബം മറഞ്ഞുനില്‍ക്കുന്ന ഇടതൂര്‍ന്ന മുടി, പട്ടുപാവാടയും ജമ്പറും തുടുത്ത കവിള്‍ത്തടത്തില്‍ നന്നേ ചെറിയ കാക്കാപ്പുള്ളി, പരിഭ്രമിച്ചു നില്‍ക്കുന്ന അവളുടെ കണ്ണുകള്‍ രക്ഷിക്കണേ എന്നു പറയുന്നുണ്ടായിരുന്നു.
അവളുടെ പരിഭ്രമം കണ്ടിട്ടാവാം കുസൃതിക്കാരിയായ ഒരു കുട്ടി പറഞ്ഞു. ``ചേട്ടന്മാരെ ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിട്ടുകൂടെ നിങ്ങളുടെ കൊച്ചനുജത്തിമാരെല്ലേ ഞങ്ങള്‍?'' അതില്‍ എന്റെ സുഹൃത്ത്‌ പപ്പന്‍ വീണു. ``വരിനടാ ഇനി നമുക്ക്‌ നാളെയാകാം''. എന്നു പറഞ്ഞുകൊണ്ട്‌ ക്ലാസ്‌മുറി വിട്ടിറങ്ങി പിന്നീടുള്ള ദിവസങ്ങളില്‍ ഞാനും ഗ്രീഷ്‌മയും കൂടുതല്‍ അടുത്തു.
എന്റെ സുഹൃത്ത്‌ പപ്പന്‌ അവളെ വലിയ ഇഷ്‌ടമായിരുന്നു. എന്നിലൂടെ അവനത്‌ അവളെ അറിയിച്ചു. അവളതു നിരസിച്ചു. കോളേജ്‌ ഡേക്ക്‌ അവന്‍ പാടിയ പാട്ട്‌ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
പുഴയോരഴകുള്ളപ്പെണ്ണ്‌
ആലുവപുഴയോരഴകുള്ളപ്പെണ്ണ്‌...
......... ......... ......... ......... ......... .........
അത്‌ അവളെ കൊണ്ടായിരുന്നില്ലേ? ഞങ്ങള്‍ പരസ്‌പരം എല്ലാ കാര്യങ്ങളും വാതോരാതെ സംസാരിക്കുമായിരുന്നു. അത്‌ ഞങ്ങളുടെ സുഹൃത്ത്‌ബന്ധത്തിന്‌ കാഠിന്യംകൂട്ടി. ഒരു ദിവസം ഞാന്‍ പറഞ്ഞു. ``ഗ്രീഷ്‌മാ നമ്മുടെ ഈ ബന്ധം കോളേജ്‌ ജീവിതം കഴിഞ്ഞാലും ഉണ്ടാവണം. നിന്റെ കുടുംബവും എന്റെ കുടുംബവും നല്ല സുഹൃത്‌ബന്ധം സ്ഥാപിക്കണം''.
അതിന്‌ ഇനിയും എത്രകാലം കിടക്കുന്നു പ്രകാശ്‌'' എന്ന്‌ പറഞ്ഞ്‌ അവള്‍ കുടുകുടാ ചിരിച്ചു. എന്ത്‌ ഭംഗിയായിരുന്നു. ആ ചിരിക്ക്‌. അന്ന്‌ അവസാനമായി ഗ്രീഷ്‌മയെ കണ്ടത്‌ എന്റെ ഓര്‍മ്മയില്‍ ഓടിയെത്തുന്നു. ഞാന്‍ കോളേജ്‌ ഗ്രൗണ്ടില്‍നിന്ന്‌ ഗ്രീഷ്‌മ വരുന്നത്‌ കണ്ടു. ഞാന്‍ അവളുടെ അരികിലേക്ക്‌ നടന്നെത്തി. സന്തോഷമില്ലായ്‌മ അവളുടെ മുഖത്ത്‌ അനുഭവപ്പെട്ടു.
``പ്രകാശ്‌ എനിക്ക്‌ ഒരു നല്ല സുഹൃത്തിനെ നഷ്‌ടപ്പെടാന്‍ പോവുന്നു എന്ന്‌ തോന്നുന്നു. ``എന്താ ഗ്രീഷ്‌മാ' നീ ഇങ്ങനെ ഒക്കെ. അല്ല പ്രകാശ്‌ ഞാന്‍ പറയുന്നത്‌ സത്യമാണ്‌. മദ്യപാനിയായ എന്റെ അച്ഛന്‍ ഏതോ ഒരു പണചാക്ക്‌ കുബേരനുമായി എന്റെ വിവാഹം ഉറപ്പിച്ചു. പഠനംനിര്‍ത്തി ടി.സി. വാങ്ങി നാട്ടിലേക്ക്‌ കൊണ്ടുപോവാന്‍ നാളെ അച്ഛന്‍ വരും''.
ഇതു പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. വിധിയുണ്ടെങ്കില്‍ നമുക്ക്‌ ഇനിയും കാണാം എന്നു പറഞ്ഞുകൊണ്ട്‌ അവള്‍ യാത്രയായി. അവളുടെ ആ യാത്ര ഞാന്‍ ഇമവെട്ടാതെ നോക്കിനിന്നു. എങ്കിലും എന്റെ `ഗ്രീഷ്‌മ' എങ്ങനെ നീ ഈ തൊഴിലിലെത്തി എന്നറിയാന്‍ എന്റെ ഹൃദയം വെമ്പല്‍കൊണ്ടു.

ഓണപ്പൂക്കളവും ഓവര്‍ ഡ്യൂ കളക്ഷനും.

ചെറുകഥ

ഓണപ്പൂക്കളവും ഓവര്‍ ഡ്യൂ കളക്ഷനും.
വി.സി. ആനന്ദവല്ലി, മാനേജര്‍, കക്കോടി ശാഖ

ഉത്സവങ്ങളുടെയും മത്സരങ്ങളുടേയും കാലമാണല്ലോ. ``എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഉത്സവാഘോഷം മാത്രം. അവിടെങ്ങാനറിയാതെ പെട്ടുപോയാല്‍ തെരുതെരെ മത്സരമായി പിന്നെ'' ചങ്ങമ്പുഴയുടെ ഈരടികള്‍ക്ക്‌ ഇങ്ങനെയൊരു പാരടിയാണ്‌ നന്ദിനിയുടെ മനസ്സില്‍ ഉയര്‍ന്നത്‌.
ഓണക്കാലത്ത്‌ മാത്രമല്ല പണ്ട്‌ അമ്പലങ്ങളിലും വര്‍ഷത്തിലൊരിക്കല്‍ സ്‌കൂളുകളിലും മാത്രം കണ്ടിരുന്ന ഉത്സവങ്ങള്‍ ഇന്ന്‌ നാട്ടിന്‍ പുറങ്ങളിലും നഗരങ്ങളിലും സുലഭമായിരിക്കുന്നു.
സ്‌കൂളുകളില്‍ വാര്‍ഷികോത്സവം യുവജനോത്സവം നൃത്തോത്സവം സിനിമാ പ്രദര്‍ശനോത്സവം അങ്ങിനെ പോകുന്നു ഉത്സവങ്ങളുടെ മേളം.
ഉത്സവങ്ങളെ സംബന്ധിച്ചും അല്ലാതെയും മത്സരങ്ങളും ഒഴിച്ചുകൂടാതായിരിക്കുന്നു. മത്സരങ്ങള്‍ക്ക്‌ പ്രത്യേകിച്ച്‌ വിഷയമൊന്നും വേണ്ട. രാവിലെത്തെ പത്രം നിവര്‍ത്തുമ്പോള്‍ തുടങ്ങി രാത്രി കിടക്കുന്നതുവരെ വിവിധതരം മത്സരങ്ങളുടെ ഘോഷയാത്രതന്നെ! ഒപ്പം നമ്മളെ കാത്തിരിക്കുന്നു അനവധി സമ്മാനങ്ങളും! പെട്ടുപോകുന്നതില്‍ അയിശയമെന്തിരിക്കുന്നു? പത്രത്തിലെ പ്രത്യേക കോളങ്ങള്‍ക്ക്‌ നിറം കൊടുപ്പോ, പദപ്രശ്‌നം പൂരിപ്പിക്കലോ അതുമല്ലെങ്കില്‍ ചാനലുകളിലെ ചില പ്രോഗ്രാം കാണുമ്പോള്‍ ഒന്നു ഫോണ്‍ കറക്കിയാല്‍ പോലും നമ്മള്‍ സമ്മാനാര്‍ഹരാകുന്നു. എത്ര എളുപ്പം! സമ്മാനങ്ങള്‍ക്ക്‌ യാതൊരു പഞ്ഞവുമില്ല. മനുഷ്യരെല്ലാം ഒന്നുപോലെ സമ്മാനാര്‍ഹരാകുന്ന പുതിയ മാവേലി നാട്‌!
നന്ദിനി പെട്ടെന്നാണ്‌ ഓര്‍ത്തത്‌ നാളെ തനിക്കുമുണ്ടല്ലോ ഒരു മത്സരം. പൂക്കള മത്സരം. ഓണത്തോടനുബന്ധിച്ച്‌ ബേങ്ക്‌ ജീവനക്കാര്‍ക്ക്‌ വേണ്ടി ഒരുക്കുന്ന പൂക്കളമത്സരം നാളെയാണ്‌. അതില്‍ പങ്കെടുക്കണം. സമ്മാനം കരസ്ഥമാക്കുകയും വേണം. അവളുടെ മനസ്സില്‍ ഒരു ഉത്സവത്തിന്റെ കൊടിയേറ്റം!
ക്ലോക്കില്‍ മണി പതിനൊന്ന്‌. കണ്ണടച്ച്‌ കിടന്നിട്ടും ഉറക്കം വന്നതേയില്ല. നഗരമാകെ ഉത്സവ ലഹരിയില്‍ ആറാടുന്ന ``പൂവരങ്ങ്‌'' ആയിരുന്നു മനസ്സ്‌ നിറയെ. ഓവര്‍ഡ്യൂ കലക്ഷനിലും ഔട്ട്‌സ്‌റ്‌റാന്‍ഡിങ്ങ്‌ പൊരുത്തപ്പെടുത്തലിലും ഒതുങ്ങിപ്പോയ ജീവിതത്തിന്‌ ആഘോഷിക്കാന്‍ കിട്ടുന്ന സുവര്‍ണ്ണാവസരം.
അപ്പോഴാണ്‌ അവളുടെ മനസ്സില്‍ പുതിയൊരു ആശയം ഉയര്‍ന്നു വന്നത്‌. ചില ബാങ്കുകള്‍ വായ്‌പമേളകള്‍ നടത്തുന്നതിനായി പത്രത്തില്‍ വായിച്ചിട്ടുണ്ട്‌. അതുപോലെതന്നെ വാഹനങ്ങള്‍ക്കുമുണ്ട്‌. ലോണ്‍മേള (എക്‌സ്‌ചേഞ്ച്‌ മേള) എന്നാല്‍ എന്തുകൊണ്ട്‌ ഓവര്‍ഡ്യൂ കലക്ഷനുവേണ്ടി ഒരു മേള (ഉത്സവം) സംഘടിപ്പിച്ചുകൂടാ! അത്‌ ഓണത്തോടനുബന്ധിച്ചു തന്നെയാവട്ടെ. പരസ്യം ഇങ്ങിനെയാവാം വായ്‌പക്കാര്‍ക്ക്‌ ഇതാ ഒരു സുവര്‍ണ്ണാവസരം! ഇത്തവണ ഓണാഘോഷത്തോടനുബന്ധിച്ച്‌ കലക്ഷന്‍ മേള നടത്തുന്നു. പലിശയിളവിനു പുറമെ ആകര്‍ഷകമായ സമ്മാനങ്ങളും.
ബേങ്കിന്റെ മുഖ്യ കാര്യാലയത്തില്‍ വച്ചു മേള നടത്താം. കുടിശ്ശികത്തുകയും കാലപ്പഴക്കത്തിനും അനുസരിച്ച്‌ വ്യത്യസ്‌ത സമ്മാനങ്ങളാകാം. ജനങ്ങള്‍ക്ക്‌ സമ്മാനങ്ങളിലാണല്ലോ കണ്ണ്‌. മേളയോടനുബന്ധിച്ച്‌ പൂക്കളമത്സരവും ആകാം. ഇതിനുള്ള തുക മറ്റു സ്ഥാപനങ്ങളില്‍ നിന്നോ സംഘടനകളില്‍നിന്നോ സംഭാവനയായി സ്വീകരിയ്‌ക്കാം.
ചിന്തകള്‍ക്ക്‌ കടിഞ്ഞാണിട്ടുമൊണ്ട്‌ നന്ദിനിയുടെ നയനങ്ങളില്‍ നിദ്രാദേവത നൃത്തമാടിത്തുടങ്ങി. ഒരു നേര്‍ത്ത തെന്നലിന്റെ സുഖകരമായ തലോടലില്‍ പീലികള്‍ അടയുന്നു. വരാനിരിക്കുന്ന നല്ല നാളുകളെ സ്വപ്‌നം കണ്ടുകൊണ്ട്‌ അവള്‍ മെല്ലെ ഉറക്കത്തിലേയ്‌ക്ക്‌ വഴുതി.

ശുഭം.


കര്‍ക്കടക വാവ്‌

ചെറുകഥ

കര്‍ക്കടക വാവ്‌

കെ. നിത്യാനന്ദ്‌ ,DGM

പരലോകത്തിന്റെ പുറംവാതില്‍ വര്‍ഷത്തിലൊരിക്കല്‍ തുറന്നുകിട്ടുന്നതും കാത്ത്‌ മിഴിനട്ടിരിക്കുന്ന ആത്മാക്കള്‍. അവരുടെ മുഖത്ത്‌ പരോളിലിറങ്ങുന്ന തടവുകാരന്റെ ആവേശം. മനസ്സില്‍ പ്രിയമുള്ളവരൊത്തുള്ള പുനസ്സമാഗമത്തിന്റെ തിടുക്കം. കാത്തിരിപ്പിന്റെ തിടുക്കം. കാത്തിരിപ്പിന്റെ നിമിഷങ്ങളുടെ ഒച്ചിന്റെ വേഗതയെ അവര്‍ ശപിച്ചു.
അറ്ററ്റുപോകുന്ന ബന്ധത്തിന്റെ കണ്ണികള്‍, അതിന്റെ നിരര്‍ത്ഥകത, ഭൂമിയിലേയ്‌ക്കുള്ള യാത്ര ഒരു ചടങ്ങായി മാറുന്നുവോ അവരിലൊരാത്മാവായ ഭാസ്‌കരേട്ടന്‍ ഭയപ്പെട്ടു.
എന്താ ഈ വര്‍ഷം ഒരുണര്‍വില്ലായ്‌മ? പൊടുന്നനെയുള്ള ആ ചോദ്യം ഭാസ്‌കരേട്ടനെ ചിന്തകളില്‍നിന്നും തട്ടിയുണര്‍ത്തി. മനസ്സിലെ ചിന്തകളെ എത്ര പെട്ടെന്ന്‌ മറ്റുള്ളവര്‍ വായിച്ചെടുക്കുന്നു, ഭാസ്‌കരേട്ടന്‍ ചിന്തിച്ചു.
മനസ്സ്‌ ഓര്‍മ്മകളിലേയ്‌ക്ക്‌ തെന്നിവീണു. യാതനകള്‍ ശരശയ്യ ഒരുക്കുന്ന ജീവിതാവസാനകാലം, ദേഹത്തോടു ഇണപിരിയാന്‍ മടിക്കുന്ന ജീവന്‍. മരണത്തിന്റെ കാലൊച്ചകള്‍ക്ക്‌ കാതോര്‍ത്തുകിടക്കുമ്പോള്‍ മനസ്സില്‍ മുള പൊട്ടിയ ഒരാഗ്രഹം, രുചിച്ചുനോക്കാന്‍ ഒത്തിരി ചെമ്മീന്‍കറി കിട്ടിയിരുന്നെങ്കില്‍.....!~
ആഗ്രഹം ജാനുവിനോടു പറഞ്ഞു. അവളുടെ കണ്ണുകള്‍ നിറഞ്ഞു. പോയകാലത്തിന്റെ ഓര്‍മ്മകളില്‍, വലിയനാരന്‍ ചെമ്മീന്‍ പൊന്നിന്‍വിലകൊടുത്ത്‌ വാങ്ങി വരാറുള്ള ഭര്‍ത്താവ്‌. ആ ഓര്‍മ്മകള്‍ ജാനുവിനെ നൊമ്പരപ്പെടുത്തിയിരിക്കണം.
എവിടെനിന്നോ ജാനു ചെമ്മീന്‍ കരസ്ഥമാക്കി. മുളകിട്ട ചോരനിറമുള്ള കറിയില്‍ ചുരുണ്ടുകിടക്കുന്ന ചെമ്മീന്‍. ഭാസ്‌കരേട്ടന്റെ കണ്ണുകള്‍ അതുകണ്ടു വിടര്‍ന്നു. ചുണ്ടുകള്‍ താനെ നനഞ്ഞു.
ചെമ്മീന്‍കറി ഒരുതുള്ളി വിരളില്‍ തൊട്ടു ഭാസ്‌കരേട്ടന്റെ ചുണ്ടുകളില്‍ വെച്ചില്ല. അതിനുമുമ്പ്‌ ജാനുവിന്റെ കൈ തട്ടിമാറ്റപ്പെട്ടു. `അച്ഛനെ കൊല്ലാന്‍ പോവ്വാണോ' മകന്റെ ചോദ്യത്തിനു മുമ്പില്‍ അമ്മയുടെ തല കുനിഞ്ഞു. മരുന്നല്ലാതെ മറ്റൊന്നും കൊടുക്കരുതെന്ന ഡോക്‌ടറുടെ ശാസന മറികടക്കുന്ന കുറ്റബോധം.
തട്ടിവീണു തറയില്‍ ചിതറികിടക്കുന്ന ചെമ്മീന്‍കറി. അതു തുടച്ചുനീക്കുന്നതിനിടയില്‍ ഉയര്‍ന്ന ജാനുവിന്റെ അടക്കിയ തേങ്ങല്‍. കിടന്ന കിടപ്പില്‍ ഭാസ്‌കരേട്ടനു കേള്‍ക്കാമായിരുന്നു.
വിധിയുടെ നിര്‍വ്വഹണത്തിനു ദിവസങ്ങള്‍ ഇഴഞ്ഞുനീങ്ങിയപ്പോള്‍ നിറംമങ്ങിയ പ്രതീക്ഷയുടെ മുഖംനോക്കി ഡോക്‌ടര്‍ പറഞ്ഞു. ഇനി രോഗിക്ക്‌ ഇഷ്‌ടമുള്ളത്‌ കൊടുക്കാം.
സമ്മതത്തിനായി ജാനു ഭര്‍ത്താവിന്റെ മുഖത്തേക്കു നോക്കി. വെളിച്ചം വിട പറഞ്ഞ കണ്ണുകളില്‍ വിളറിയ ചുണ്ടുകളില്‍ ഇനി എന്തിനെന്ന ദൈന്യതയുടെ നേരിയ ഹാസ്യം.
എങ്കിലും ജാനുവിന്റെ അടുപ്പില്‍ വീണ്ടും ചെമ്മീന്‍കറി തിളച്ചു. പക്ഷെ വെന്തുമാറ്റുന്നതിനുമുമ്പ്‌ ഭാസ്‌കരേട്ടന്റെ മുറിയില്‍നിന്നും കൂട്ടക്കരച്ചില്‍ ഉയര്‍ന്നുകഴിഞ്ഞിരുന്നു.
പോയകാലത്തില്‍നിന്നും ഭാസകരേട്ടന്റെ മനസ്സ്‌ തിരിച്ചുകയറി. കഴിഞ്ഞവര്‍ഷം വരെ കര്‍ക്കിടകവാവുകളില്‍ തനിക്കേറെ പ്രിയപ്പെട്ട ചെമ്മീന്‍കറിയും അകത്തുവെച്ചുതന്നെ കാത്തിരുന്ന ജാനു. അവളുടെ മരണത്തിന്റെ ഒരാണ്ടു തികയാത്തതിനാല്‍ ആത്മാവ്‌ ഇഹപരലോകങ്ങള്‍ക്കിടയില്‍ എവിടെയോ അലയുകയാവും. ഭാസ്‌കരേട്ടന്റെ ചിന്തകളും കടിഞ്ഞാണില്ലാതെ അലഞ്ഞു.
അതിനിടയില്‍ ഭൂമിയിലേക്കുള്ള ഗോപുരവാതില്‍ തുറക്കുന്ന ശബ്‌ദം! ആത്മാക്കളെല്ലാം ആരവത്തോടെ അവിടേക്ക്‌ കുതിച്ചു. അവര്‍ക്കിടയില്‍ ഒഴുക്കിലൊരു മരത്തടിപോലെ ഒഴുകുമ്പോള്‍ ഭാസ്‌കരേട്ടന്റെ ആത്മാവ്‌ തിരയുകയായിരുന്നു. മനസ്സുകൊണ്ട്‌ ജാനുവിനെ.. 

ഓര്‍മ്മ

ഓര്‍മ്മ

അഖില.കെ.ദേവ്‌, ഉ/ീ. കെ.ദേവദാസന്‍,ഹെഡാഫീസ്‌

എന്തേ നിനക്കിത്ര മൗനം
പറയൂ സഖീ
ജീവനില്‍ കണ്ണീര്‍ തൂകി
നില്‍ക്കുമീ മനസ്സില്‍
നിനയ്‌ക്കാതെ താളം
മായ്‌ക്കാതെ
പൂവിതള്‍ തുമ്പിലേ തുള്ളിപോല്‍
വാരിളം പൂവുകള്‍ വാടിവീണാലുമീ
വാടികളില്‍ തേന്‍ വണ്ടുകളായ്‌
ഓര്‍മ്മകള്‍ എന്നില്‍ കേഴുന്നുവോ
ഉരുകും വേനല്‍പാടം കടന്നെത്തുമീ
രാത്രികളായ്‌ നീയുദിക്കവെ
എത്ര വസന്തങ്ങള്‍ വന്നാലും
എത്ര പൂക്കള്‍ കൊഴിഞ്ഞാലും
നീ എന്നില്‍ നിന്നും മായ്‌ഞ്ഞാലും
എവിടെയായാലും തേടുമീ
രമണീയ ചിത്രം നിന്‍മുഖം
കേവലം ഓര്‍മ്മകളായ്‌ മാത്രം
എന്നും എന്നെന്നും

അന്ധതയുടെ തടവറ

അന്ധതയുടെ തടവറ
കെ.ടി.എം. ഇരിങ്ങല്‍, പയ്യോളി ശാഖ

ജാതിതന്‍ പേക്കൂത്തുകള്‍ നാടെങ്ങും പടരുമ്പോള്‍
മതത്തിന്നാചാര്യന്മാരെങ്ങെങ്ങുമുണരുമ്പോള്‍
ദൈവങ്ങള്‍ ബഹുവിധ വേഷത്തില്‍ ജനിച്ചപ്പോള്‍
ഉണര്‍ത്തിച്ചല്ലോ തത്വജ്ഞാനി തന്‍ ജനത്തോടായ്‌
മാനവര്‍ക്കൊരു ജാതി, മതവുമൊന്നു തന്നെ
ദൈവത്തെ വേണമെങ്കിലൊന്നതും പൂജിച്ചോളൂ
എന്നുര ചെയ്‌ത ജ്ഞാനിയിന്നുണ്ടായിരുന്നെങ്കില്‍
ഖിന്നനായ്‌ നിത്യം വിലപിച്ചീടുമിതുസത്യം
ഒരുനാള്‍ ദുഃഖം വന്നു തുടികൊട്ടുന്ന നേര-
മാശ്വാസ സുമങ്ങളാല്‍ സുസ്‌മിതം പൊഴിക്കാനായ്‌
ഉഷസ്സിന്‍ കിരണങ്ങള്‍ തോരണം തുടിക്കുമ്പോള്‍
സത്യത്തെ പുല്‌കീടാനൊരുങ്ങി പുറപ്പെട്ടു
യാചകിയായതേതോരമ്മ തന്‍ തോളില്‍ കുഞ്ഞു-
മാംമുഖം ദൈന്യം നിത്യം ദാരിദ്ര്യം ഭുജിക്കയാല്‍
ഒന്നു ചൊല്ലാമോ കുഞ്ഞേ അക്കാണും വീടേതാണ്‌
ഹിന്ദുവിന്റേതോ അല്ല, ഇസ്ലാമിന്റേതോ ചൊല്ലൂ
ഹള്ളയീ ദുനിയാവില്‍ പടച്ചിട്ടേന്റെ കയ്യില്‍
ജീവിതം തുടരുവാനെന്‍ വിധിയെന്നേ വേണ്ടു
ജീവിതച്ചുഴിയിലോ കറങ്ങിയുഴന്നിട്ടും
ഭിക്ഷ യാചിക്കാന്‍ സ്വന്തം ജാതിയും, മതങ്ങളും
കഷ്‌ടമേ! നാടിന്‍ ഗതി പാഴ്‌വക തേടുന്നേരം
മാനുഷ സ്‌നേഹമൂല്യം പറഞ്ഞിട്ടെന്തേ ഫലം 

സര്‍ഗ്ഗശില്‌പി

കവിത
സര്‍ഗ്ഗശില്‌പി
എന്‍.വേലായുധന്‍ മാസ്റ്റര്‍, എ/ീ അ.ആശ, മുക്കം ശാഖ 

വളഞ്ഞ വൃക്ഷം തിളങ്ങുമുളിയാല്‍
ചെത്തി മിനുക്കും ആശാരി.
പരുത്ത കല്ലില്‍, കറുത്ത കല്ലില്‍
ശില്‌പി മനോഹര രൂപം കൊത്തും
യുവജനമെന്ന കരിമ്പാറയിലീ
ഗുരുവര ഭാവന പൂക്കളമെഴുതും
ശില്‌പം മെനയാന്‍ ഭാവനയൂറും
കല്‌പനയത്രേ വരഗുരു ശില്‌പി


ഇന്നിന്റെ നൊമ്പരം

കവിത
ഇന്നിന്റെ നൊമ്പരം
സന്തോഷ്‌.ടി.,വെസ്റ്റ്‌ ഹില്‍ ശാഖ

നിണമൊഴുകുന്നു വീണ്ടുമീ നിളയുടെ തീരം
തുടുത്ത സന്ധ്യതന്‍ മാറില്‍ നഖക്ഷതം
പറിഞ്ഞ വസ്‌ത്രങ്ങളും വാരിപുതച്ചു കൊണ്ടോടുന്നു നാരികള്‍
ജഡജന്മാന്തരം വീണ്ടുമുയിര്‍ക്കുന്നു.
വിധവയാം മാതൃചാരിത്ര്യം വിലപേശി വില്‍ക്കുന്നു
അരുമകിടാവിന്‍ വായില്‍ ഒരു കുമ്പിള്‍ പകരുവാന്‍
ക്രോധത്തിന്‍ തെരുവില്‍ ജ്ഞാനാംദേഹി
ഭാവിതന്‍ കോലം കത്തിച്ചു രസിക്കുന്നു
ഗാന്ധിതന്‍ ഉടഞ്ഞ നിഴലുകള്‍ ചലിക്കുന്നു വീഥിയില്‍
മരണതന്‍ പാതയില്‍ ഘോരഗര്‍ജ്ജനം മുഴക്കുന്നു
പട്ടിണി പാവങ്ങള്‍ വിശപ്പിന്‍ വീഥിയില്‍
പട്ടികള്‍ക്കൊപ്പം കടിപിടികൂടുന്നു
മഹാശാസ്‌ത്രത്തിന്‍ നിഴലില്‍ സ്വയം പട്ടടയൊരുക്കുന്നു മര്‍ത്യന്‍
മഹാമേരുവിന്‍ ജ്വാലയാല്‍ ദുരാലം കറുക്കുന്നു
മതഭ്രാന്തിന്റെ മാസ്‌മര ലഹരിയില്‍ മര്‍ത്യന്റെ
മനഃസ്സാക്ഷി മരിക്കുന്നു
കുടിപ്പകയുടെ കുടില ഭൂതങ്ങള്‍ കിതച്ചു മറിയുന്നു
ഇടയിലാ വീഥിയില്‍ പറക്കുന്ന വെള്ളപിറാവിന്റെ
ചിറകറ്റു വീഴുന്നു
എങ്ങും ഞെരക്കങ്ങള്‍ വിശപ്പിന്റെ നൊമ്പരം
രക്തം കുടിച്ചു മടുക്കുന്നു ഭൂമി
ഒടുവിലാ സ്വപ്‌നങ്ങളും പേറി കാലം മരിക്കുന്നു
കാത്തിരിക്കാം നമുക്കിനി ഒരു പുതുയുഗത്തിന്റെ
കുളമ്പടിക്കായ്‌ കാതോര്‍ത്തിരിക്കാം
പരസ്‌പര സ്‌നേഹങ്ങള്‍ തെളിക്കുന്ന ദീപങ്ങള്‍
പാരിതിലെങ്ങും പ്രകാശം പരത്തട്ടെ.

പുഴ പറഞ്ഞ കഥ

കവിത
പുഴ പറഞ്ഞ കഥ
ടി.കെ.മുഹമ്മദ്‌കോയ, മെഡിക്കല്‍കോളേജ്‌ ശാഖ


അങ്ങകലെയൊരു കോണിലാണെന്‍ ജന്മം
അറിയില്ലെനിക്കെന്‍ നാളും പൊരുത്തവും
കുറിച്ചുവെച്ചിട്ടില്ലാരുമെന്‍ ജനനതിയ്യതി
ആഘോഷിക്കുന്നില്ലാരുമെന്‍ ജന്മവാര്‍ഷികം
സുന്ദരിയായി നില്‍ക്കുന്നു ഞാനീവിശാലമാം ഭൂമിയില്‍
ചിരിക്കുന്നുയെന്നെ നോക്കി സൂര്യ ചന്ദ്ര, നക്ഷത്രന്മാര്‍
പ്രകൃതി തന്‍ കണ്ണുനീര്‍ സൂക്ഷിച്ചുവെക്കുന്നു ഞാന്‍
സൂര്യതന്‍ ചിരിയില്‍ ബാഷ്‌പിച്ചുപോകുന്നെങ്കിലും
ഞാന്‍ വേള്‍ക്കുമീ ഭൂമിയിലുള്ളതൊക്കെയെന്‍ കിടാങ്ങള്‍
ഞാന്‍ പാല്‍ കൊടുത്തവര്‍, യെന്‍ താരാട്ടു കേട്ടവര്‍, താലോലിച്ചവര്‍
ഞാനാണു പുഴ എന്റെ പേരാണു പുഴ
കളഗളാകരയുന്ന പുഴ, കളഗള ചിരിക്കുന്ന പുഴ
പറയാം ഞാനെന്റെ കഥ വ്യഥകള്‍ നിറഞ്ഞകഥ
പ്രണയ നിരാശിതര്‍ മരണം തേടുന്നുയെന്നില്‍
കടബാധിതര്‍ ജീവിതം തീര്‍ക്കുന്നുയെന്നില്‍
ദാഹിച്ചവരുടെ ദാഹം തീര്‍ക്കുന്ന പുഴ ഞാന്‍
ക്ഷീണിതരെ ഉന്‍മേഷിപ്പിക്കുന്ന നദി ഞാന്‍
പക്ഷിമൃഗാദികള്‍ക്ക്‌ കുളിരു പകരുന്നതും ഞാന്‍.
വടുവൃക്ഷങ്ങളെ പോറ്റി വളര്‍ത്തുന്നു ഞാന്‍
നെല്‍പാടങ്ങളെ തൊട്ട്‌ നനയ്‌ക്കുന്നു ഞാന്‍
സ്‌നേഹങ്ങള്‍ പങ്കിടാനായി വരുന്നവരുണ്ടെന്‍ ചാരത്ത്‌
മോഹങ്ങള്‍ പൂവണിയാത്ത ദുഃഖിതരുണ്ടെന്‍ തീരത്ത്‌
എന്‍ ഉദരത്തിലെ മല്‍സ്യമാം സമ്പത്തിനെ
സമ്മാനിക്കുന്നു ഞാന്‍ മനുഷ്യരുടെ ധനത്തിനായി
കാര്‍ന്നെടുക്കുന്നവര്‍, എന്‍ കരളില്‍നിന്നും മണലിനെ
വിറ്റു കാശാക്കുന്നവര്‍ പലനേട്ടത്തിനായി
വിവിധമാം നാഗരികതകളുടെ ഉല്‍ഭവമെന്‍ തീരത്ത്‌
മാനവകുലത്തിന്റെ വളര്‍ച്ചയെന്‍ മടിത്തട്ടില്‍
ക്ഷീരം നല്‍കുന്ന കരങ്ങള്‍ക്ക്‌ വിഷം നല്‍കുമീ മര്‍ത്ത്യന്‍
മലീമസമാക്കുന്നെന്നെ ഫാക്‌ടറിതന്‍ വിസര്‍ജ്ജ്യങ്ങളാല്‍
നശിപ്പിക്കുന്നവര്‍,യെന്നെ വിഷം കലര്‍ത്തി
ഒഴുക്കിന്‍ ഗതിമാറ്റുന്നു ബണ്ട്‌ കെട്ടി
ആരുണ്ട്‌ കേള്‍ക്കാനെന്റെ സങ്കടങ്ങള്‍ കദനകഥകള്‍
ആരുണ്ട്‌ കാണാനെന്റെ ദുഃഖങ്ങള്‍ കണ്ണീരുകള്‍
വാര്‍ദ്ധക്യം പിന്നിട്ട ഞാന്‍ മരണം പുല്‍കാനിരിക്കുന്നു
മരിച്ചില്ലയെങ്കില്‍ കൊന്നേക്കൂ
ദശകങ്ങള്‍ കഴിഞ്ഞെന്നെയോര്‍ക്കപ്പെട്ടേക്കാം
നാലാം ക്ലാസിലെ പാഠപുസ്‌തകത്തില്‍
ഞാനാണു പുഴ, എന്റെ പേരാണു പുഴ....

അറിയാതെ...

കവിത
അറിയാതെ....
ജിജി .വിസി. ഉ/ീ.വി.ജയന്‍, മാനേജര്‍, ഹെഡാഫീസ്‌


അറിയാതെ ഞാനെന്റെ ആത്മാവിന്‍
ഉള്‍ത്തുടിപ്പുകള്‍ തിരയുകയായ്‌
ഏകാന്തതയുടെ ആ നിശബ്‌ദത
എന്നെ തഴുകുമ്പോഴും
എഴുതാപ്പുറങ്ങളിലെ വാക്കുകള്‍
ഞാന്‍ മായ്‌ക്കുമ്പോഴും
എന്റെ മനസ്സ്‌, ഞാന്‍ പോലുമറിയാതെ
ആരെയോ തേടുന്നു...
കഴിഞ്ഞുപോയ കാലത്തിന്‍
ഇരമ്പലുകള്‍ ഞാനെന്തേ കേട്ടില്ല.
മഴതന്‍ സ്വപ്‌നംപോലെ
എന്തേ എന്‍ സ്വപ്‌നങ്ങള്‍ ചിതറിയുടഞ്ഞു.
ഉടഞ്ഞുപോയ സ്വപ്‌നങ്ങളൊക്കെയും
പെറുക്കിയെടുക്കുവാന്‍ എന്തേ ഞാന്‍ മറന്നു
ആ സ്വപ്‌നങ്ങളൊക്കെയും ഒലിച്ചുപോയോ
അതോ വീണ്ടും മുളച്ച്‌
മറ്റൊരു മഴയായിത്തീര്‍ന്നോ
അറിയില്ല എനിക്കൊന്നുമറിയില്ല

എന്റെ മഴ

കവിത
എന്റെ മഴ
ലിജി. വി.സി., ഉ/ീ.വി.ജയന്‍, മാനേജര്‍, ഹെഡാഫീസ്‌

എന്റെ മനസ്സിന്റെ വാതിലടച്ചില്ല ഞാന്‍,
ഇനിയും വരുമെന്ന പ്രതീക്ഷതന്‍ നാമ്പില്‍
നിന്‍ തേങ്ങലുകളെന്‍ കാതില്‍
അലയടിച്ചുയരുന്നുവിന്നും.
സ്‌നേഹമാം നിന്‍ തോഴിയായി.
എന്‍ നെറുകില്‍ നീ ചുംബിക്കുമ്പോള്‍
എന്‍ ദുഃഖഭാരം നീ ഏറ്റുവാങ്ങി
നിശീഥിനിയുടെ മറവില്‍
ഞാന്‍ നിന്നെയും കാത്തിരുന്നു
അറിയാതെ ഞാനുറങ്ങി
നിന്നെയും കാത്തുകാത്ത്‌
രാവിലെ കണ്‍തുറന്നപ്പോള്‍
എന്നെയും കാത്തു നീ നിന്നു.
സ്‌നേഹമാം നിന്‍
ജലധാരയില്‍ ഞാന്‍ കുളിച്ചു
സ്വപ്‌നവര്‍ഷിനിയായി നീ ലയിച്ചു.
അറിയാതെ ഞാനോര്‍ത്തു
നിന്നെ കുറിച്ചിന്നുമോര്‍ത്തു. 

സ്വപ്‌നജാലകം

കവിത
സ്വപ്‌നജാലകം
എസ്‌.വി. വത്സല, റിട്ട. സീനിയര്‍ മാനേജര്‍

ഒരു സ്വപ്‌നജാലകം മെല്ലെത്തുറന്നുവോ
പകലുറക്കത്തിന്‍ കരങ്ങള്‍?
ഇരുളിന്റെ സ്വര്‍ണ്ണവല ചിതറും വെളിച്ചത്തി-
ലുണരുന്നുവോ പൂവനങ്ങള്‍?
പിടയുന്ന ഹൃദയവും നിറയുന്ന മിഴികളും
തിരയുന്നതാരെയാണെന്നോ?
പനിമതിയായെന്റെയിരുള്‍ വാനില്‍ തെളിയുന്ന
മൃദുഹാസമാരുടേതെന്നോ?
അലകളായ്‌ പാറുന്ന തെന്നലില്‍ പാവാട
ഞൊറികളിളകുന്നുവോ മന്ദം
അകതാരിലൊരു തേന്‍ നിലാവുദിക്കുന്നപോല്‍
നിറയുന്നൊരാവണിച്ചന്തം!
ഇളവെയില്‍ ചിന്തിലൂടുതിരുന്ന പുതുമഴയില്‍
വിരിയുന്ന പൂവിന്റെ ഹാസം!
അരികത്ത്‌ മറ്റൊരു പൂവായ്‌ സുഗന്ധമായ്‌
വിടരുന്ന നിന്‍ മോഹലാസ്യം!!
അരുമയായ്‌ മൂളുന്നൊരീണത്തിന്‍ ലഹരിയില്‍
അറിയാതെയുണരുമെന്നുള്ളം.
അഴകിന്റെ തൂവല്‍ കുളിര്‍സ്‌പര്‍ശ ജാലത്തി-
ലടിമുടി പൂക്കുന്നു ഹര്‍ഷം!
അഴലിന്‍ കരിംപുതപ്പൂര്‍ന്നു പതിക്കുന്നു.
മുറിവിന്റെ നോവിലും മധുരം
ഒരു മൊട്ടിലൊരു വസന്തം പോലെയൊരു മാത്ര
അതുമാത്രമല്ലയോ സ്വന്തം?!
നെടുവീര്‍പ്പിലുടയുന്ന കുമിളയായ്‌ കനവിന്റെ
ജനവാതിലടയുന്ന നേരം.
കൊഴിയുന്ന പൂവിന്റെ വ്യഥപോലെ സര്‍വ്വതും
മിഴിനീരിലലിയുന്ന നേരം
പൊലിയാന്‍ മടിക്കുന്ന പൊന്‍വെയില്‍ നാളമായ്‌
ഒരു മുഖമുള്ളില്‍ തുടിപ്പൂ.
ഇതു സ്വപ്‌നമോ സഖീ, മിഥ്യയോ സത്യമോ?
ഇതുതന്നെയോ ജീവരാഗം?!


ബഷീര്‍ സ്‌മരണ

100


സര്‍വ്വലോകത്തിനും സര്‍വ്വകാലത്തിനും ഒരുപോല പ്രിയപ്പെട്ട
സാഹിത്യത്തിലെ സുല്‍ത്താന്റെ ജന്മശതാബ്‌ദി വര്‍ഷമാണ്‌ 2009 


ഗാന്ധിജിയെ തൊട്ട്‌ സ്വാതന്ത്ര്യത്തിലേക്ക്‌ ഉറഞ്ഞുവന്ന സത്യാഗ്രഹി
ദാരിദ്ര്യത്തിലേക്ക്‌ ഒളിച്ചോടിയ സമ്പന്നന്‍
സത്യത്തിലേക്ക്‌ കള്ളവണ്ടി കയറിയ നിയമലംഘകന്‍
തീപ്പൊരി പ്രസംഗങ്ങളുടെ പേരില്‍ സ്വന്തം മണ്ണില്‍ നടന്നുകൂടാത്തവന്‍
ജയിലുകളില്‍നിന്ന്‌ ജയിലുകളിലേക്ക്‌ തീര്‍ത്ഥയാത്ര പോയവന്‍!
കാലത്തിനപ്പുറത്തേക്ക്‌ വ്യാകുലപ്പെടുന്ന പുരാതന വൃക്ഷക്കാതല്‍ ശില്‌പമുഖം
ഒരു  ബീഡിയുടെ അറ്റത്ത്‌ ലോകത്തെ എരിയാന്‍വിട്ട്‌
സൈഗാളിന്റെ തോളില്‍ കയ്യിട്ട്‌ നടന്നുപോകുന്ന ഏകാന്തപഥികന്‍
ഒരു തരംഗപ്രവാഹത്തിലും ഇളകാതെ മുണ്ടുമാടികെട്ടി
ബേപ്പൂര്‍ അഴിമുഖത്ത്‌ കടലിന്‌ പുറംതിരിഞ്ഞുനില്‍ക്കുന്ന ഫയല്‍വാന്റെ നിഴല്‍
ഭ്രാന്തിന്റെ കഠാര മൂര്‍ച്ചയില്‍ ലോകത്തെ വിറപ്പിച്ചു നിര്‍ത്തിയ വിവേകി.
മനുഷ്യനെ മനുഷ്യനായി കണ്ട കാരുണ്യം, ദയ, ക്ഷമ,
സഹാനുഭൂതി ഇവക്ക്‌ പര്യാപ്‌തമായി പറയാവുന്ന ഒരാള്‍

കാലം കഴിയുന്തോറും പുതുക്കപ്പെടുന്ന പഴക്കച്ചൂരില്ലാത്ത ഭാഷ, 
ആഖ്യാനത്തിന്റെ അസാധാരണമായ അനുഭവം,
അനുഭവങ്ങളുടെ നെഞ്ച്‌ പൊള്ളിക്കുന്ന ആഖ്യാനം,
കണ്ണീര്‍ കടലിനുമേല്‍ വിരിയുന്ന ചിരിത്താമരകള്‍,
ഏതിനും മീതെ, ഇടര്‍ച്ചയില്ലാത്ത നൈതികബോധവും കരകവിയുന്ന ഭൂതകാരുണിയും...

ഇങ്ങനെയൊക്കെയാണ്‌ ബഷീര്‍ എന്നും വ്യത്യസ്‌തനും അനുകരണീയനുമായിത്തീരുന്നത്‌.
വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ജന്മശതാബ്‌ദിയോടനുബന്ധിച്ച്‌ അദ്ദേഹത്തിന്‌ കോഴിക്കോട്‌ സ്‌മാരകം നിര്‍മ്മിക്കാനുള്ള കേരളസര്‍ക്കാര്‍ തീരുമാനപ്രകാരം 2008-09 ലെ ബജറ്റില്‍ 50 ലക്ഷംരൂപ വകയിരുത്തിയിട്ടുണ്ട്‌. വിദ്യാഭ്യാസ-സാംസ്‌കാരിക വകുപ്പുമന്ത്രി എം.എ. ബേബി ചെയര്‍മാനും എം.ടി. വാസുദേവന്‍നായര്‍ വൈസ്‌ ചെയര്‍മാനുമായി ബഷീര്‍ സ്‌മാരക ഉപദേശകസമിതിയും രൂപീകരിക്കുകയുണ്ടായി. കലാ സാംസ്‌കാരിക ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തകനും ബാങ്ക്‌മെന്‍സ്‌ ക്ലബിന്റെയും ബാങ്ക്‌ മെന്‍സ്‌ ഫിലിം സൊസൈറ്റിയുടേയും ഭാരവാഹിയുമായ കെ.ജെ. തോമസാണ്‌ സെക്രട്ടറിയുടെ ചുമതല വഹിച്ചുവരുന്നത്‌.
100 മാംഗോസ്റ്റിന്‍ മാവിന്‍തൈകള്‍ നട്ടുകൊണ്ടാണ്‌ മഞ്ചേരി സഹൃദയസാഹിത്യവേദി ബഷീര്‍ ജന്മശതാബ്‌ദി ആഘോഷിച്ചത്‌.
നൂറ്‌പേരുടെ ഓര്‍മ്മക്കുറിപ്പുകള്‍ `നൂറ്‌ ബഷീര്‍' എന്ന പേരില്‍ സമാഹരിച്ച്‌ പുസ്‌തകപ്രകാശനം നിര്‍വഹിച്ചാണ്‌ കാഞ്ഞങ്ങാട്‌ നെഹ്‌റു ആര്‍ട്‌സ്‌ & സയന്‍സ്‌ കോളേജിലെ സാഹിത്യവേദി ബഷീര്‍ ജന്മശതാബ്‌ദിയെ ഓര്‍മ്മിച്ചത്‌
ബാങ്കിലെ ജീവനക്കാരുടെ അക്ഷരക്കൂട്ടുകള്‍ ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മക്കുമുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട്‌ നമുക്കും ബഷീര്‍ സ്‌മരണയെ ധന്യമാക്കാം. 

അസീസ്‌ ഒരനുസ്‌മരണം

അനുസ്‌മരണം
അസീസ്‌ ര്‍മകളീല്‍ ...
വി. ബാബുരാജ്‌. 

‘ജീവിതത്തിന്റെ ദുരന്തപൂര്‍ണ്ണമായ വിധി'  ആകസ്‌മിക മരണത്തെ ഇനിയും ചെറിയ വാക്കില്‍ ഒതുക്കി പറയുവാന്‍ തീര്‍ത്തും പ്രയാസമാണ്‌. മരണം എപ്പോഴും നമ്മള്‍ ഓരോരുത്തരോടൊപ്പവുമുണ്ട്‌. രംഗബോധമോ ഔചിത്യതയോ കാണിക്കാതെ മരണം നമ്മുടെ വേണ്ടപ്പെട്ടവരെ ഓരോരുത്തരെയായി തട്ടിമാറ്റുന്നു. ഏറ്റവും അടുത്തവരുടെ വേര്‍പാട്‌ ബന്ധുമിത്രാദികളായ നാം ദു:ഖം പങ്കിട്ടും അനുശേചനം രേഖപ്പെടുത്തിയും സമാധാനിക്കുന്നു. കാലത്തിന്റെ ചലനവേഗതക്കൊത്ത്‌ മറവി എന്ന അനുഗ്രഹീത സഹചാരി നമുക്ക്‌ കൂട്ടിനെത്തുമ്പോള്‍ ദുരന്തമരണങ്ങളുടെ വേര്‍പാടിന്റെ തീവ്രമായ വേദനകാലം കഴിയുന്തോറും നേര്‍ത്തുവരുന്നു.
കാലം എത്രവേഗത്തില്‍ സഞ്ചരിച്ചാലും ഈ ബേങ്കും ഇന്നാട്ടുകാരും കാലയവനികക്കുള്ളില്‍ നേരത്തെ മറഞ്ഞ്‌പോയ നമ്മുടെ സഹപ്രവര്‍ത്തകനായ അബ്‌ദുള്‍ അസീസ്‌ എന്ന അസീസിനെ മറക്കില്ല. ഈ വേളയില്‍ അസീസിനെ കുറിച്ച്‌ പറയുവാന്‍ പരിചയത്തിന്റെ പഴക്കം നോക്കുമ്പോള്‍ കുറഞ്ഞ യോഗ്യതയെ എനിക്കുള്ളൂ എന്നറിയാം. അദ്ദേഹത്തെപറ്റി കൂടുതലായി സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഇതിലും നന്നായി പറയാന്‍ കഴിയുമെന്നും എനിക്കറിയാം. മുഖ്യ കാര്യാലയത്തില്‍ വായ്‌പാവിഭാഗത്തില്‍ കുറഞ്ഞ കാലയളവില്‍ മാത്രം ഇരിക്കാന്‍ അവസരം ലഭിച്ച എനിക്ക്‌ അസീസുമായി നേരിട്ട്‌ ഇടപഴകാന്‍ കഴിഞ്ഞത്‌ കുറഞ്ഞ അവസരങ്ങളില്‍ മാത്രമാണെങ്കിലും ഓരോ ഇടപഴകലുകളും ഒരുപിടി നല്ല അനുഭവങ്ങള്‍ എനിക്ക്‌ നല്‌കിയിട്ടുണ്ട്‌.
ജില്ലാ സഹകരണ ബേങ്കില്‍ നിയമന ഉത്തരവുകളുമായി വിവിധ സ്ഥാപനങ്ങളില്‍നിന്നും, പുതുതായും ജോലിയില്‍ പ്രവേശിച്ച അമ്പതില്‍ താഴെ പേരില്‍ ഞാനടക്കം ചിലര്‍ക്ക്‌ മുഖ്യ കാര്യാലയത്തില്‍ ജോലി ചെയ്യുവാനുള്ള അവസരം ലഭിച്ചു. കണക്കെഴുത്തുരീതിയിലെ കാതലായ മാറ്റങ്ങള്‍ ഉള്‍പെടെയുള്ള ചില കാരണങ്ങളാല്‍ നമ്മുടെ സ്ഥാപനത്തിന്റെ വളര്‍ച്ചാനിരക്കില്‍ ഇടിവ്‌ വന്നപ്പോള്‍ ആശങ്കപ്പെട്ടവരുടെ ചോദ്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നേരെ മുഖം കൊടുക്കുവാനും വീഴ്‌ചകള്‍ തിരുത്തി യോജിച്ച്‌ കൂട്ടായി പ്രവര്‍ത്തിക്കേണ്ട ആവശ്യകത സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാനും അസീസ്‌ മുന്‍പന്തിയിലുണ്ടായിരുന്നു. ബേങ്കിന്റെ വരുമാനമാര്‍ഗ്ഗങ്ങള്‍ കൂട്ടേണ്ടതിനെ കുറിച്ചും തകര്‍ച്ചയെ നേരിടുന്ന കയര്‍, കൈത്തറി മേഖലയെ കൂടുതല്‍ വായ്‌പ നല്‌കി ശക്തിപ്പെടുത്തുന്നതിനെപറ്റിയും മിതഭാഷിയെന്ന്‌ തോന്നിക്കുന്ന അസീസ്‌ പല സന്ദര്‍ഭങ്ങളിലും വാചാലനാകാറുണ്ടായിരുന്നു.
ബേങ്ക്‌ മെന്‍സ്‌ ടൂറില്‍ പങ്കെടുക്കുവാനായി കുറെ ദിവസത്തെ ലീവെടുത്ത്‌ പോകാന്‍ ഒരുങ്ങിയപ്പോള്‍ ഒരു സഹായിയായി മാത്രം കഷ്‌ടിച്ച്‌ രണ്ടാഴ്‌ച സൊസൈറ്റി ലോണ്‍ വിഭാഗത്തില്‍ ഇരുന്ന എന്നോട്‌ അസീസ്‌ പറഞ്ഞു `സ്റ്റാഫ്‌ ലോണ്‍ അപേക്ഷകളില്‍ സംശയമുണ്ടെങ്കില്‍ താഴെ പറഞ്ഞ്‌ അനുവദിച്ച്‌ കൊടുക്കുവാന്‍ താമസംവരുത്തരുത്‌. സൊസൈറ്റി ഫയലുകള്‍ ശ്രദ്ധയോടെ ഓടിച്ച്‌ നോക്കിയാല്‍ ചെയ്യാന്‍ പറ്റുന്നതേ ഉള്ളൂ. നിങ്ങള്‍ക്കതിന്‌ കഴിയും. സൊസൈറ്റികളില്‍ നിന്നുള്ള സംശയങ്ങള്‍ക്ക്‌ നല്ലരീതിയില്‍ മറുപടി പറയണം. സഹജീവനക്കാരനില്‍ പ്രവൃത്തി ചെയ്യാനുള്ള കഴിവ്‌ പെട്ടെന്ന്‌ ഉള്‍കൊള്ളാന്‍ കഴിഞ്ഞ അസീസ്‌ വലിയൊരു ജോലിഭാരം എന്നെ ഏല്‌പിച്ച്‌ പോയത്‌ യാതൊരു ആശങ്കയും കൂടാതെയായിരുന്നു. സഹകരണസ്ഥാപനങ്ങളുടെ നായകബേങ്ക്‌ എന്ന്‌ അവകാശപ്പെട്ടിരുന്ന നമ്മള്‍ പലപ്പോഴും, സംഘങ്ങളോടും ഇടപാടുകാരോടും കാണിക്കാറുള്ള സമീപനം മോശമായിരുന്നുവെന്ന ദു:ഖസത്യം അന്ന്‌ അസീസിന്റെ ശബ്‌ദത്തില്‍ തളംകെട്ടി നിന്നതായി ഞാനിന്നും ഓര്‍ക്കുന്നു. നന്മ നിറഞ്ഞ സ്‌നേഹത്തിന്റെ മാന്യതയുടെ ഒരു മുഖം അന്ന്‌ അദ്ദേഹത്തില്‍ എനിക്ക്‌ കാണാന്‍ കഴിഞ്ഞു. ആ സെക്ഷനില്‍ അസീസ്‌ കൈകാര്യം ചെയ്‌തിരുന്ന ഫയലുകളുടെ അടുക്കും ചിട്ടയും കണ്ട്‌ എനിക്ക്‌ അത്ഭുതം തോന്നി. തൊണ്ടും, ചകിരിയും ശോഷിച്ച കൈകൊണ്ട്‌ തല്ലിയും, ജീവിതാവസാനംവരെ ചുമച്ചുകൊണ്ട്‌ നൂല്‍നെയ്‌ത്തുമായി ദുരിതജീവിതം തള്ളിനീക്കുന്ന നൂറ്‌ കണക്കിന്‌ പാവപ്പെട്ടവന്റെ വിശപ്പിന്റെ നൊമ്പരം ആ അടുക്കിവെച്ച ഫയലുകളില്‍ ഉണ്ടെന്ന്‌ എനിക്ക്‌ തോന്നി. പാവപ്പെട്ടവരുടെ ജീവിതവിധി നിര്‍ണയിക്കുന്ന ഫയലുകള്‍ ഒന്നില്‍ കൂടുതല്‍ ദിവസം മാറ്റിവെക്കാതെ തന്റെ കുറികള്‍ക്കും വരകള്‍ക്കും ശേഷം ഫയലുകളുടെ പുറമെ സഞ്ചരിക്കുന്ന അസീസ്‌ തപാലില്‍ അത്‌ അയച്ചു എന്ന്‌ ബോദ്ധ്യം വന്നതിനുശേഷമേ അതില്‍നിന്നും മാറി അടുത്ത ജോലിയില്‍ മുഴുകിയിരുന്നുള്ളൂ.
സൗമ്യശീലനായിരുന്നുവെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ വളരെ അസ്വസ്ഥനായിട്ട്‌ അസീസിനെ ഞാന്‍ കണ്ടിട്ടുണ്ട്‌. കോഴിക്കോട്‌ ആസ്ഥാനമായ ഏറ്റവും വലിയ സ്വകാര്യബേങ്ക്‌ മോശമായ പ്രവര്‍ത്തനം കാരണം നിലംപതിച്ചപ്പോള്‍ ബേങ്കുകളെ ഇടപാടുകാര്‍ ഗൗരവമായി വീക്ഷിക്കുന്ന അവസരം, ഏതോ കണക്കുകളിലെ കളി പറഞ്ഞ്‌ ചില സായാഹ്ന പത്രതാളുകളില്‍ നമ്മെ മോശമായി ചിത്രീകരിച്ചപ്പോള്‍ പത്രകോപ്പിയുമായി തന്റെ സഹപ്രവര്‍ത്തകരുടേയും, ഉന്നത അധികാരികളുടേയും ഇടയിലേക്ക്‌ ഒരു കൊടുങ്കാറ്റ്‌ വേഗത്തില്‍ അസീസ്‌ നടന്നടുത്തതും, വിയര്‍പ്പ്‌തുള്ളികള്‍ നെറ്റിയില്‍നിന്ന്‌ അമര്‍ത്തി തുടച്ച്‌ തൊണ്ടയിടറി അസ്വസ്ഥനായി സംസാരിച്ചതും ഞാന്‍ ഓര്‍ക്കുന്നു. മറ്റൊരു പത്രത്തിലും ഇനിയും ഇതുമാതിരി നമ്മെപറ്റിയുള്ള വ്യാജ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കരുതേ എന്ന്‌ ഞങ്ങളൊക്കെ ഉള്ളുരുതി ആഗ്രഹിച്ചപ്പോള്‍ ഒരുപാട്‌ പത്രപ്രവര്‍ത്തകരും പത്ര ഉടമകളുമായിട്ടും സൗഹൃദബന്ധമുള്ള അസീസ്‌ പറഞ്ഞു. `വലിയ പത്രങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ നമ്മെപറ്റി മോശമായി എഴുതില്ല.' അസീസിന്റെ നിഗമനം ശരിയായിരുന്നു.
അവസാനമായി അസീസുമൊത്ത്‌ ബന്ധപ്പെട്ടത്‌ ഡിസ്‌ട്രിക്ക്‌ ബേങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ സംസ്ഥാന സമ്മേളന സമാപന ദിവസം കണ്ണൂര്‍ ജില്ലാ സഹകരണ ബേങ്ക്‌ ഓഡിറ്റോറിയത്തില്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ച്‌ അംഗീകരിക്കുന്ന സമയം. ജീവനക്കാരന്റെ സേവന വേതന പരിഷ്‌കരണ ആവശ്യംതൊട്ട്‌ രാജ്യത്തെ സുപ്രധാന ആനുകാലിക സംഭവങ്ങള്‍വരെ പരാമര്‍ശിക്കുന്ന വിഷയങ്ങള്‍ ഓരോന്നോരോന്നായി സദസ്‌ അംഗീകരിക്കുന്നു. ഓഡിറ്റോറിയത്തിലെ ഏറ്റവും പുറകുവശത്ത്‌ നിന്നും മുഴങ്ങുന്ന ശബ്‌ദത്തില്‍ അസീസ്‌ വിളിച്ചുപറഞ്ഞു. `ലോക പോലീസ്‌ ചമയുന്ന അമേരിക്ക ഇറാഖികളെ തമ്മിലടിപ്പിക്കുന്ന പ്രവൃത്തിയില്‍നിന്നും പിന്മാറണമെന്നും, തലേന്ന്‌ അറസ്റ്റ്‌ ചെയ്‌ത മുന്‍ പ്രസിഡണ്ട്‌ സദാം ഹുസൈനെ മാന്യമായ രീതിയില്‍ മാത്രമേ വിചാരണ ചെയ്യാവൂ എന്നും''.
പ്രതിനിധിസദസ്സ്‌ ഏറ്റവും ഉയര്‍ന്ന ശബ്‌ദത്തോടെ അത്‌ അംഗീകരിക്കുകയുണ്ടായി.
ബേങ്ക്‌ മെന്‍സ്‌ ക്ലബിനെ കേരളത്തിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക സംഘടനയാക്കുന്നതില്‍ അതിന്റെ സാരഥിയായി നിലകൊണ്ടിരുന്ന ആ കര്‍മ്മശേഷിയുടെ മറകളില്ലാത്ത പെരുമാറ്റവും നാട്യങ്ങളില്ലാത്ത പെരുമാറ്റ രീതികളും എക്കാലവും നാമെല്ലാം ഓര്‍ക്കും. തീര്‍ച്ച.
2009 ഏപ്രില്‍ 22 ന്‌ അബ്‌ദുള്‍ അസീസിന്റെ വേര്‍പാടിന്‌ അഞ്ചാണ്ട്‌ തികഞ്ഞു .