Saturday, July 4, 2009

സഹകരണ പ്രസ്ഥാനത്തിന്റെ പ്രതിസന്ധിയും കരുത്തും - എം മെഹബൂബ്‌

ജൂലൈ ദേശാഭിമാനി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം

ദുരിതപൂര്‍ണമായ ജീവിതത്തില്‍‍നിന്ന് മോചനം നേടാനാണ്‌ പതിനെട്ടാം നൂറ്റാണ്ടില്‍ സഹകരണപ്രസ്ഥാനം ബീജാവാപം ചെയ്‌തത്‌. സഹകരണമൂല്യങ്ങളിലൂടെ ആഗോളമാന്ദ്യത്തെ മറികടക്കാനുള്ള സന്ദേശം ലോകജനതയ്‌ക്കു നല്‍കാനുള്ള ചരിത്രനിയോഗവും സഹകരണസഖ്യത്തിന്‌ കൈവന്നിരിക്കുന്നു. സഹകരണ തത്വങ്ങളുടെയും മൂല്യങ്ങളുടെയും പ്രയോഗം ലോക സമ്പദ്‌വ്യവസ്ഥയുടെ ദീര്‍ഘകാലത്തെ നിലനില്‍പിന്‌ സഹായിക്കുമെന്ന ദിശാസൂചികയും ഈ സന്ദേശത്തിലുണ്ട്. സാമ്പത്തികവിദഗ്‌ധരെ ഞെട്ടിച്ച 2008ലെ സാമ്പത്തികമാന്ദ്യത്തിലും തളരാതെ ആഗോളതലത്തില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച്‌ കരുത്തോടെ നിന്ന ആത്മവിശ്വാസവും ഇന്ന് സഹകരണ പ്രസ്ഥാനത്തിനുണ്ട്. മനുഷ്യ സമുദായത്തോളം പഴക്കമുള്ള സഹകരണതത്വങ്ങള്‍ക്ക്‌ ഇന്ന് സാമൂഹ്യജീവിതത്തിലുള്ള സ്വാധീനം വളരെ വലുതാണ്‌. ലോക മുതലാളിത്തരാഷ്ട്രങ്ങളുടെ അടിത്തറയിളകിയ സാമ്പത്തികപ്രതിസന്ധിയുടെ പാഠത്തില്‍ നിന്നും സഹകരണമേഖലയുടെ കാഴ്‌ചപ്പാട്‌ ശരിയായ വഴിയിലൂടെയായിരുന്നുവെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയില്‍ നല്ലതെന്നു പറയാന്‍ എന്തെങ്കിലുമുണ്ടെന്‍ങ്കില്‍ അത്‌ സഹകരണ സ്ഥാപനങ്ങളാണെന്നും എന്തു വിലകൊടുത്തും അവയുടെ തനിമ കാത്തുസൂക്ഷിക്കണമെന്നും പറഞ്ഞത്‌ ലെനിനാണ്‌. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ പദ്ധതികള്‍ സഹകരണമേഖലയ്‌ക്കും കാര്‍ഷികമേഖലയ്‌ക്കും പുത്തനുണര്‍വ്‌ നല്‍കുകയുണ്ടായി. കാര്‍ഷിക വായ്‌പയുടെ പലിശനിരക്ക്‌ 8.5 ശതമാനത്തില്‍ നിന്നും 5.5 ശതമാനമായി കുറച്ചതും നെല്‍ക്രിഷിയുടെ വായ്പാ പലിശ ഒഴിവാകിയതും പച്ചക്കറി ക്രിഷിക്കുള്ള വായ്‌പയുടെ പലിശ നാലുശതമാനമായി കുറച്ചതും കര്‍ഷകര്‍ക്ക്‌ ആശ്വാസമായി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ 270 കോടി രൂപയുടെ പലിശയിളവ്‌ വായ്‌പക്കാര്‍ക്ക്‌ ലഭിച്ചു. ആത്മഹത്യചെയ്‌ത കര്‍ഷകരുടെ രണ്ടര ലക്ഷം രൂപവരെയുള്ള കടം എഴുതിത്തള്ളുകയും വയനാട്‌, കാസര്‍കോട്‌, പാലക്കാട്‌ ജില്ലകള്‍ക്കായി നടപ്പാക്കിയ പ്രത്യേക പാക്കേജ്‌ കര്‍ഷകരുടെ ആത്മഹത്യ തുടച്ചുനീക്കുകയുംചെയ്‌തു. `സഹകരണ വിപണനം കേരളീയം' പദ്ധതി മുഖേന പൊതുമാര്‍ക്കറ്റില്‍ ഇടപെടുകയും ഓണം, വിഷു, ക്രിസ്‌മസ്‌, ബക്രീദ്‌ ആഘോഷവേളകളില്‍ ഇരുപത് ശതമാനം മുതല്‍ അന്‍പത്തി അഞ്ചു ശതമാനംവരെ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ വില്പന നടത്തുകയും ചെയ്‌തത്‌ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്‌ സഹായകരമായി. സ്വകാര്യ-സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളുടെ കഴുത്തറുപ്പന്‍ സമീപനത്തിനു ബദലായി മനുഷ്യമുഖമുള്ള സഹകരണ പ്രൊഫഷണല്‍ കോളേജുകള്‍ ആരംഭിച്ചതും എല്ലാ നിയമസഭാ മണ്ഡലത്തിലും പുതിയ കോളേജുകള്‍ തുടങ്ങാനുള്ള തീരുമാനവും കേരളജനതയ്‌ക്ക്‌ വലിയ ആശ്വാസമാണ്‌ നല്‍കിയത് . ആഗോളതലത്തില്‍ കടുത്ത മത്സരമാണ്‌ സഹകരണമേഖല നേരിടുന്നത്‌. 1991നുശേഷം ഇന്ത്യയുടെ ആസൂത്രണ വികസന പദ്ധതികളില്‍ ഹകരണത്തിന്‌ മുഖ്യസ്ഥാനം നല്‍കുന്നില്ല. സഹകരണസ്ഥാപനങ്ങളും കമ്പോളത്തിന്‌ അനുസരിച്ച്‌ നിലകൊള്ളണമെന്നാണ്‌ പുതിയ സിദ്ധാന്തം. സമ്പദ്‌ഘടനയുടെ മാറുന്ന മുഖഛായക്കനുസരിച്ച്‌ സഹകരണമേഖലയും അതിന്റെ പ്രവര്‍ത്തനം പരിഷ്‌കരിക്കണമെന്നും, ആധുനിക സാങ്കേതികവിദ്യയുടെ ഗുണവശം സ്വായത്തമാക്കി സ്വയം വളരാന്‍ സഹകരണസംഘങ്ങള്‍ തയ്യാറാകണമെന്നും അന്തര്‍ദേശീയ സഹകരണസഖ്യം നിര്‍ദേശം നല്‍കിയത്‌ സഹകരണപ്രസ്ഥാനത്തെ മത്സരസജ്ജമാക്കാനാണ്‌.
മധ്യവര്‍ത്തികളുടെ ചൂഷണമില്ലാത്ത ഒരു സമൂഹത്തിനായി സാമ്പത്തികവിഭവങ്ങള്‍ സാമൂഹ്യപുരോഗതിക്ക്‌ ഉപയുക്തമാകുന്ന വിധത്തില്‍ സഹകരണ സംഘങ്ങള്‍ ഫലപ്രദമായി വര്‍ത്തിക്കണമെന്ന സിദ്ധാന്തത്തിലും സഹകരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനംവഴി വര്‍ഗരഹിത സമൂഹം സൃഷ്ടിക്കാമെന്ന കാഴ്‌ചപ്പാടിലും നിന്നു കൊണ്ട് പ്രവര്‍ത്തിക്കുമ്പോള്‍ ആഗോളവല്‍കരണത്തിന്റെയും സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും ഭാഗമായി അഭിമുഖീകരിക്കേ വരുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ മാത്രമല്ല ആഗോള സാമ്പത്തിക മാന്ദ്യകാലത്ത്‌ ചുവടുപിഴയ്‌ക്കാതെ നി ന്ന കരുത്തുകൊണ്ട് ലോകസമൂഹത്തിനുതന്നെ ദിശാബോധം നല്‍കാനും സഹകരണ പ്രസ്ഥാനത്തിന്‌ കഴിയുന്നതാണ്‌.

Wednesday, July 1, 2009

സി.ജി.


കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്‍റെ
ഭരണ സമിതി അംഗവും സഹകാരിയുമായ
സി.ഗംഗാധരന്‍ (പേരാമ്പ്ര - ചെറുവണ്ണൂര്‍)  01-07-2009 നു വൈകുന്നേരം അന്തരിച്ചു.