Saturday, May 9, 2009

വൈദ്യനാഥന്‍ കമ്മറ്റി റിപ്പോര്‍ട്ട്‌

വൈദ്യനാഥന്‍ കമ്മറ്റി റിപ്പോര്‍ട്ട്‌
സഹകരണ ഹ്രസ്വകാല വായ്‌പാ ഘടനയുടെ പുനരുദ്ധാരണ പാക്കേജ്‌
ബി.പി.പിള്ള
ഡയറക്‌ടര്‍, അഗ്രിക്കള്‍ച്ചര്‍
മണ്‍വിള, തിരുവനന്തപുരം
ഹ്രസ്വകാല ഗ്രാമീണ സഹകരണ വായ്‌പാ സംവിധാനത്തിന്റെ പുനരുദ്ധാരണത്തിനുള്ള കര്‍മപരിപാടി തയ്യാറാക്കുന്നതിനും അതു നടപ്പിലാക്കുന്നതിനും വേണ്ടി പ്രൊഫസര്‍ എ. വൈദ്യനാഥന്റെ നേതൃത്വത്തില്‍ ഒരു കര്‍മസമിതിയെ 2004 ആഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുകയുണ്ടായി. 2005 ഫെബ്രുവരി 4 ന്‌ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ജൂണ്‍ 27 ന്‌ ദേശീയ വികസന കൗണ്‍സിലിലും സെപ്‌തംബര്‍ 9 നും 29 നും സംസ്ഥാന മുഖ്യമന്ത്രിമാരുടേയും സഹകരണ-ധനകാര്യവകുപ്പുമന്ത്രിമാരുടേയും പ്രത്യേക മീറ്റിങ്ങുകളിലും സമഗ്ര ചര്‍ച്ചക്ക്‌ വിധേയമാക്കുകയും ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞുവന്ന അഭിപ്രായങ്ങളുടേയും നിര്‍ദ്ദേശങ്ങളുടേയും വെളിച്ചത്തില്‍ കാതലായ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ട്‌ അന്തിമറിപ്പോര്‍ട്ട്‌ കേന്ദ്ര ധനമന്ത്രാലയം തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്ക്‌ അയച്ചുകൊടുക്കുകയും ചെയ്‌തു. വൈദ്യനാഥന്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വീകാര്യമല്ലാതിരുന്ന ചില വ്യവസ്ഥകള്‍ മാറ്റംവരുത്തിയാണ്‌ പുനരുദ്ധാരണ പാക്കേജ്‌ തയ്യാറാക്കിയിട്ടുള്ളത്‌. ഇന്ത്യയിലെ ഗ്രാമീണജനതയുടെ വിശിഷ്യാ ചെറുകിട, നാമമാത്രകര്‍ഷകരുടെ വായ്‌പ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ പ്രാപ്‌തമാകുംവിധം സഹകരണവായ്‌പ സംഘങ്ങളെ ചലനാത്മകവും മെച്ചപ്പെട്ട ഭരണകര്‍തൃത്വവും നടത്തുന്ന സ്ഥാപനങ്ങളാക്കി മാറ്റുക എന്നതാണ്‌ പുനരുദ്ധാരണ നടപടികളുടെ ലക്ഷ്യം. ലക്ഷ്യസാക്ഷാത്‌കാരത്തിനായി സഹകരണ വായ്‌പ സംഘങ്ങളെ സ്വീകാര്യമായ ആരോഗ്യനിലവാരത്തിലെത്തിക്കുന്നതിനുള്ള സാമ്പത്തികസഹായവും ജനാധിപത്യ സ്വയംഭരണ പരമാധികാര, ജീവനക്ഷമ സ്ഥാപനങ്ങളുമാക്കി മാറ്റുവാന്‍ നിയമ, ഭരണ, നിയന്ത്രണ വ്യവസ്ഥകളില്‍ ഭേദഗതികളും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ താഴെ പറയുന്ന വിഷയങ്ങളിലെ കേരള ഗവണ്‍മെന്റിന്റെ ആശങ്കകളും വിയോജിപ്പുകളും 3-6-05 ന്‌ സഹകരണവകുപ്പു സെക്രട്ടറി നബാര്‍ഡിനെ അറിയിച്ചിരുന്നു.
1. സഹകരണ വായ്‌പ സംഘങ്ങളിലെ ഓഹരി മൂലധനത്തില്‍ സര്‍ക്കാര്‍ വഹിക്കുന്ന പങ്കാളിത്തം പൂര്‍ണമായി അവസാനിപ്പിക്കണമെന്നും കേന്ദ്ര അപ്പെക്‌സ്‌ സംഘങ്ങളുടെ ഭരണ സമിതികളില്‍ സര്‍ക്കാര്‍ നോമിനേഷന്‍ പാടില്ല എന്നുമുള്ള ശുപാര്‍ശകള്‍.
2. മൂലധന പര്യാപ്‌തത (കാപ്പിറ്റല്‍ റ്റു റിസ്‌ക്‌ വെയിറ്റഡ്‌ അസ്റ്ററ്റ്‌സ്‌ റേഷ്യോ സഹകരണ ബാങ്കുകള്‍ക്കു ബാധകമാകുന്നതും വാണിജ്യ ബാങ്കുകള്‍ക്കു ബാധകമാവുന്നവിധം പ്രൂഡന്‍ഷ്യല്‍ നോംസ്‌ സഹകരണ ബാങ്കുകള്‍ക്കും ബാധകമാവണമെന്ന നിര്‍ദ്ദേശങ്ങള്‍.
3. സഹകരണ ബാങ്കുകളില്‍ ചാര്‍ട്ടേഴ്‌സ്‌ അക്കൗണ്ടന്റ്‌മാര്‍ ആഡിറ്റ്‌ നടത്തണമെന്ന വ്യവസ്ഥ.
4. സഹകരണസംഘം രജിസ്‌ട്രാറുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തണമെന്നും സഹകരണബാങ്കുകളില്‍ റിസര്‍വ്‌ ബാങ്കിനുള്ള നിയന്ത്രണ അധികാരങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നുമുള്ള നിര്‍ദ്ദേശം.
5. പ്രാഥമിക കാര്‍ഷിക വായ്‌പസംഘങ്ങളിലെ നിക്ഷേപകരെ വോട്ടവകാശമുളള അംഗങ്ങളാക്കണമെന്ന നിര്‍ദ്ദേശം.
6. പ്രാഥമിക കാര്‍ഷിക വായ്‌പ സംഘങ്ങള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും അവരുടെ മിച്ചഫണ്ടുകള്‍ എവിടെ വേണമെങ്കിലും നിക്ഷേപിക്കുന്നതിനും വായ്‌പകള്‍ എവിടെനിന്നും എടുക്കുന്നതിനുമുള്ള സ്വാതന്ത്ര്യം.
7. ഭരണസമിതിയില്‍ വിദഗ്‌ധന്മാരെ ഉള്‍പെടുത്തണമെന്നും, റിസര്‍വ്‌ ബാങ്കോ, മറ്റു ബാഹ്യ ഏജന്‍സികളോ വിദഗ്‌ധരായി പരിഗണിക്കുന്നതിന്‌ നിശ്ചയിക്കുന്ന യോഗ്യതകളും.
8. പ്രധാന കാര്യനിര്‍വ്വഹണ ഉദ്യോഗസ്ഥന്‌ ഉണ്ടായിരിക്കേണ്ട യോഗ്യത റിസര്‍വ്‌ ബാങ്ക്‌ നിശ്ചയിക്കുമെന്ന നിര്‍ദ്ദേശം.
9. സഹകരണ ബാങ്കുകളുടെ ഭരണസമിതിയെ പിരിച്ചുവിടുന്നതിന്‌ റിസര്‍വ്‌ ബാങ്കിന്‌ നല്‍കുന്ന അധികാരം.
(1) സംസ്ഥാന സര്‍ക്കാരിന്റെ വിയോജിപ്പ്‌ രേഖപ്പെടുത്തിയിട്ടുള്ള ഒട്ടുമിക്ക വിഷയങ്ങളിലും അനുകൂലമായ ഭേദഗതികള്‍ കേന്ദ്രസര്‍ക്കാരിന്റെ പുനരുദ്ധാരണ പാക്കേജില്‍ വരുത്തിയിട്ടുണ്ട്‌. സഹകരണ വായ്‌പ സംഘങ്ങളുടെ ഓഹരി മൂലധനത്തില്‍ സര്‍ക്കാര്‍ പങ്കാളിത്തം പൂര്‍ണമായി അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ ഓഹരി പണം മുഴുവന്‍ സംഘങ്ങള്‍ മടക്കിക്കൊടുക്കണമെന്നുമുള്ള ടാസ്‌ക്‌ ഫോഴ്‌സിന്റെ നിര്‍ദ്ദേശം അവഗണിച്ചുകൊണ്ട്‌ സര്‍ക്കാരിന്റെ ഓഹരിമൂലധന പങ്കാളിത്തം പിരിഞ്ഞുകിട്ടിയ മൊത്തം ഓഹരി മൂലധനതുകയുടെ 25% വരെ ആകാമെന്നും ഏതെങ്കിലും സഹകരണവായ്‌പ
സ്ഥാപനത്തില്‍ നിര്‍ദ്ദിഷ്‌ട 25%ത്തിലധികം സര്‍ക്കാര്‍ ഗ്രാന്റാക്കി മാറ്റണമെന്നും ആണ്‌ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച പുനരുദ്ധാരണ പാക്കേജില്‍ വ്യവസ്ഥ ചെയ്‌തിരിക്കുന്നത്‌. അതിനാല്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ഓഹരി പണം മടക്കിക്കൊടുക്കേണ്ട സ്ഥിതി ഇപ്പോള്‍ ഇല്ല. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേന്ദ്ര-അപ്പെക്‌സ്‌ സംഘങ്ങളിലുള്ള സര്‍ക്കാര്‍ നോമിനേഷന്‍ പൂര്‍ണമായി അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശമാണുണ്ടായിരുന്നതെങ്കില്‍ പുനരുദ്ധാരണപാക്കേജില്‍ ഗവണ്‍മെന്റ്‌ നോമിനികളുടെ എണ്ണം ഒന്നായിരിക്കണമെന്ന നിര്‍ദ്ദേശമാണുള്ളത്‌. അതിനാല്‍ പുനരുദ്ധാരണസഹായം സ്വീകരിക്കുവാന്‍ തയ്യാറാകുന്ന സംസ്ഥാനങ്ങളിലെ സഹകരണബാങ്കു ഭരണ സമിതിയില്‍ നിലവിലുളള മൊത്തം ഭരണസമിതി അംഗങ്ങളുടെ മൂന്നിലൊന്നോ, മൂന്നോ ഏതാണോ കുറവ്‌ അത്രയും നോമിനികളെ ഗവണ്‍മെന്റിന്‌ നോമിനേറ്റ്‌ ചെയ്യാന്‍ സാധിക്കില്ല എങ്കിലും ഒരാളെ നോമിനേറ്റ്‌ ചെയ്‌തുകൊണ്ട്‌ സര്‍ക്കാര്‍ താത്‌പര്യം പരിരക്ഷിക്കാം.
(2) കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ മൂലധന പര്യാപ്‌തതയും വാണിജ്യബാങ്കുകള്‍ക്ക്‌ ബാധകമാക്കിയിട്ടുള്ളവിധംതന്നെ പ്രുഡന്‍ഷ്യല്‍ നോംസും ഇതിനോടകം നടപ്പാക്കിയിരിക്കുകയാണ്‌. സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായംപോലും ആരായാതെയാണ്‌ ഇവ നടപ്പിലാക്കിയത്‌. മൂലധന പര്യാപ്‌തതയില്ലാത്തതും ഉയര്‍ന്ന നിലവാരത്തില്‍ നിഷ്‌ക്രിയവായ്‌പകള്‍ (എന്‍.പി.എ) ഉള്ളതുമായ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക്‌ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ പലവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഈ നിയന്ത്രണങ്ങളുടെ ഫലമായി മൂലധന പര്യാപ്‌തത കൈവരിക്കുന്നതിനും എന്‍.പി.എ. നിശ്ചിത പരിധിക്കുള്ളില്‍ നിയന്ത്രിക്കുന്നതിനും ഉണ്ടാകുന്നുണ്ട്‌. 1996-97 ല്‍ പ്രുഡന്‍ഷ്യല്‍ നോംസ്‌ ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക്‌ ബാധകമാക്കിയശേഷം രണ്ടുമൂന്നു പ്രാവശ്യമായി ആസ്‌തി തരംതിരിവു പ്രൊവിഷന്‍ മാനദണ്‌ഡങ്ങള്‍ എന്നിവ കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്‌. പുനരുദ്ധാരണപാക്കേജില്‍ ഹ്രസ്വകാല സഹകരണവായ്‌പാമേഖലയിലെ മൂന്നു തട്ടുകളിലുമുള്ള സ്ഥാപനങ്ങള്‍ക്ക്‌ 7% മൂലധന പര്യാപ്‌തത ബാധകമാകുമെന്നും അതിനാവശ്യമായ ഫണ്ട്‌ കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റായി സ്ഥാപനങ്ങള്‍ക്ക്‌ നല്‍കുമെന്നും വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. വായ്‌പ വിതരണത്തിനുള്ള വിഭവത്തില്‍ പലിശ ചെലവില്ലാത്ത വിഭവം ഗ്രാന്റായി ലഭിക്കുന്നതിനും, മത്സരശേഷിയും ജീവനക്ഷമതയും ലാഭക്ഷമതയും കൈവരിക്കുവാന്‍ സഹായകവുമായ മൂലധന പര്യാപ്‌തത നിര്‍ദ്ദേശമാണ്‌ പുനരുദ്ധാരണ പാക്കേജിലുള്ളത്‌.
(3) സഹകരണ ബാങ്കുകളില്‍ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാര്‍ ആഡിറ്റ്‌ നടത്തണമെന്ന നിര്‍ദ്ദേശത്തിന്‌ ആദായനികുതി നിയമത്തിലെ വകുപ്പ്‌ 80(പി) സഹകരണബാങ്കുകള്‍ക്ക്‌ ബാധകമാക്കിയിട്ടുള്ള ഇപ്പോഴത്തെ സാഹചര്യത്തില്‍, പ്രത്യേക പ്രാധാന്യമാണുള്ളത്‌. ചാര്‍ട്ടേഴ്‌സ്‌ അക്കൗണ്ടന്റ്‌ ആഡിറ്റ്‌ ചെയ്‌ത കണക്കുപ്രകാരമുള്ള റിട്ടേണ്‍ സഹകരണബാങ്കുകള്‍ ആദായനികുതി വകുപ്പിന്‌ നല്‍കുവാന്‍ നിര്‍ബന്ധിരായിരിക്കുന്ന സാഹചര്യത്തില്‍ സഹകരണ ആഡിറ്റ്‌ ഒരു അനാവശ്യ പ്രക്രിയയായി മാറിയിരിക്കയാണ്‌. പുനരുദ്ധാരണ പാക്കേജ്‌ പ്രകാരമല്ലാതെത്തന്നെ ചാര്‍ട്ടേഴ്‌സ്‌ അക്കൗണ്ടന്റിന്റെ ആഡിറ്റ്‌ നിര്‍ബന്ധമായിരിക്കുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌.
(4) സഹകരണ ബാങ്കുകളില്‍ റിസര്‍വ്‌ ബാങ്കിനുളള അധികാരങ്ങള്‍ പരിമിതപ്പെടുത്തണമെന്നും രജിസ്‌ട്രാര്‍ക്ക്‌ കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്നും അഡൈ്വസറി അധികാരങ്ങള്‍ മാത്രമേ റിസര്‍വ്‌ബാങ്ക്‌ വിനിയോഗിക്കാവൂ എന്നും റിസര്‍വ്‌ ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള അധികാരംകൂടി രജിസ്‌ട്രാര്‍ക്ക്‌ നല്‍കണമെന്നുമാണ്‌ സഹകരണ സെക്രട്ടറിയുടെ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. ബാങ്കിന്‌ നിയന്ത്രണ നിയമത്തിന്റെ പരിധിക്കുള്ളില്‍ വരുന്ന സഹകരണബാങ്കുകളില്‍ പ്രസ്‌തുത നിയമവ്യവസ്ഥ അനുസരിച്ചുതന്നെ റിസര്‍വ്‌ ബാങ്കില്‍ നിരവധി അധികാരങ്ങള്‍ വിനിയോഗിക്കുന്നതിന്‌ കേരള സഹകരണ സംഘ നിയമത്തിലെ രജിസ്‌ട്രാര്‍ക്ക്‌ അനുകൂലമായുള്ള വ്യവസ്ഥകളൊന്നും തടസ്സമല്ല. ധനകാര്യസ്ഥാപനങ്ങള്‍ സഹകരണമേഖലയിലാണെന്ന കാരണത്താല്‍ പ്രത്യേക പരിഗണന ബാങ്കിങ്‌ നിയന്ത്രണ നിയമമനുസരിച്ച്‌ ലഭിക്കുന്നില്ല.
(5) റിസര്‍വ്‌ ബാങ്ക്‌ ലൈസന്‍സില്ലാത്ത സഹകരണ വായ്‌പാസംഘങ്ങള്‍ വോട്ടവകാശം അംഗങ്ങളുടെ നിക്ഷേപം മാത്രമേ്‌ സ്വീകരിക്കാവൂ എന്നും പൊതുജന നിക്ഷേപം സ്വീകരിക്കരുതെന്നും ടാസ്‌ക്‌ ഫോഴ്‌സിന്റെ റിപ്പോര്‍ട്ടിലും പുനരുദ്ധാരണ പാക്കേജിലും വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. ശരാശരി 10 കോടിക്കു മുകളില്‍ നിക്ഷേപമുള്ള കേരളത്തിലെ പ്രാഥമിക സഹകരണ വായ്‌പമേഖലയെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥയാണിത്‌. ഇതര സംസ്ഥാനങ്ങളിലെ ഹ്രസ്വകാല സഹകരണ വായ്‌പമേഖലയില്‍ പ്രാഥമിക വായ്‌പ സംഘങ്ങള്‍ ജില്ലാ സഹകരണ ബാങ്ക്‌ വായ്‌പ സഹായത്തെ മാത്രം ആശ്രയിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തിലെ ജില്ലാ സഹകരണബാങ്കുകള്‍ പ്രാഥമിക സംഘങ്ങളുടെ നിക്ഷേപത്തേയും സംസ്ഥാന സഹകരണബാങ്ക്‌, ജില്ലാ സഹകരണബാങ്ക്‌ നിക്ഷേപത്തേയും ആശ്രയിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. നമ്മുടെ സഹകരണ വായ്‌പമേഖലയുടെ ഈ സവിശേഷകാരണം മുകളില്‍ സൂചിപ്പിച്ചിട്ടുള്ള നിബന്ധന സഹകരണവായ്‌പമേഖലയെ മൊത്തത്തില്‍ ബാധിക്കുന്നതാണ്‌. വര്‍ഷങ്ങളായി പേരിനോടൊപ്പം `ബാങ്ക്‌' എന്ന പദം ഉപയോഗിച്ചുകൊണ്ട്‌ പൊള്ളുന്ന നിക്ഷേപം വാങ്ങി ഒട്ടുമിക്ക ബാങ്ക്‌ ബിസിനസുകളും ചെയ്‌തുകൊണ്ടിരിക്കുന്ന നമ്മുടെ പ്രാഥമിക കാര്‍ഷികവായ്‌പാ സംഘങ്ങള്‍ വോട്ടവകാശമുള്ള അംഗങ്ങളുടെ നിക്ഷേപം മാത്രമേ വാങ്ങാവൂ എന്നും പേരിനോടൊപ്പം ബാങ്ക്‌ എന്ന പദം ഉപയോഗിച്ചുകൂടാ തുടങ്ങിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരുത്തിയാല്‍ കേരളത്തിലെ സഹകരണ വായ്‌പമേഖലയിലെ എല്ലാ തട്ടുകളിലുമുള്ള സ്ഥാപനങ്ങളുടെ സ്ഥിതിയെ പ്രതികൂലമായി ബാധിക്കുകയും ജീവനക്ഷമമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കാത്ത സ്ഥിതിയില്‍ എത്തിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രൈമറി കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റീസ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ കേന്ദ്ര ധനകാര്യമന്ത്രിയെ സമീപിച്ച നിവേദക സംഘത്തിന്‌ അനുകൂലമായ പ്രതികരണം ലഭിച്ചു എന്നത്‌ ശുഭസൂചകമാണ്‌. കേരള ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള ഡെപ്പോസിറ്റ്‌ ഗ്യാരന്റി സ്‌കീമില്‍ എല്ലാ പ്രാഥമിക വായ്‌പ സംഘങ്ങളും അവയുടെ നിര്‍ദ്ദിഷ്‌ടനിരക്കിലുള്ള പ്രീമിയവും സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ അവയുടെ പ്രീമിയവും അടച്ചുകൊണ്ട്‌ സ്‌കീം പ്രവര്‍ത്തനക്ഷമമാക്കിയ ശേഷം മേല്‍സൂചിപ്പിച്ചിട്ടുള്ള നിയന്ത്രണങ്ങളില്‍നിന്നും കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്‌പസംഘങ്ങളെ ഒഴിവാക്കണമെന്ന്‌ നമ്മുടെ ജനപ്രതിനിധികള്‍ ഏകകണ്‌ഠേന ആവശ്യപ്പെട്ടാല്‍ അനുകൂലമായ വ്യവസ്ഥ ഉണ്ടാക്കുവാന്‍ കഴിയുന്നതാണ്‌.
(6) പ്രാഥമിക കാര്‍ഷിക വായ്‌പ സംഘങ്ങള്‍ക്കും ജില്ലാ സഹകരണബാങ്കുകള്‍ക്കും അവയുടെ ഫണ്ടുകള്‍ അതാതു ഫെഡറല്‍ സംഘങ്ങളിലെ മറ്റു ഫെഡറല്‍ സംഘത്തിലോ വാണിജ്യബാങ്കുകളിലോ നിക്ഷേപിക്കാമെന്നും ആവശ്യമായ വായ്‌പ സഹായങ്ങള്‍ ഫെഡറല്‍ സംഘത്തില്‍നിന്നോ മറ്റു സഹകരണ/വാണിജ്യ ബാങ്കുകളില്‍നിന്നോ എടുക്കാമെന്നുമുള്ള പാക്കേജിലെ വ്യവസ്ഥകള്‍ ത്രിതല സംവിധാനത്തിന്റെ കെട്ടുറപ്പിനേയും ആരോഗ്യകരമായ പ്രവര്‍ത്തനങ്ങളേയും ബാധിക്കുന്നതാണ്‌. സഹകരണ വായ്‌പ സ്ഥാപനങ്ങളുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരവും ഇടപാടുകാരോടുള്ള പെരുമാറ്റവും മെച്ചപ്പെടുത്തുന്നതിനും സഹായമാകുന്ന നിര്‍ദ്ദേശങ്ങളാണെങ്കിലും ലാഭക്ഷമതയില്‍ പിന്നോക്കാവസ്ഥയിലുളള ജില്ലാ സഹകരണബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും നിലനില്‍പ്പുതന്നെ ഇതു അപകടപ്പെടുത്തും. പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘങ്ങള്‍ അര്‍ബന്‍ സഹകരണ ബാങ്കുകളിലും മറ്റു ജില്ലാ സഹകരണബാങ്കിലും ചില ജില്ലാ സഹകരണബാങ്കുകള്‍ സംസ്ഥാന സഹകരണബാങ്കില്‍ അല്ലാതെ മറ്റു ജില്ലാ ബാങ്കുകളിലും ഫണ്ടുകള്‍ ഇപ്പോള്‍തന്നെ, വ്യാപകമായിട്ടല്ലെങ്കിലും നിക്ഷേപിക്കുന്നുണ്ട്‌. സാമ്പത്തിക കരുത്തും രാഷ്‌ട്രീയ സ്വാധീനവുമുള്ള സഹകരണ സ്ഥാപനങ്ങള്‍ സെന്‍ട്രല്‍ ബാങ്ക്‌ കോണ്‍ഫറന്‍സിലെ തീരുമാനങ്ങളും രജിസ്‌ട്രാറുടെ ഉത്തരവുകളും വ്യാപകമായി ലംഘിക്കുന്നുണ്ട്‌ എന്നത്‌ മേഖലയിലെ എല്ലാ ഉദ്യോഗസ്ഥാനുദ്യോഗസ്ഥന്മാര്‍ക്കും അറിയാവുന്ന കാര്യവുമാണ്‌. എന്നാല്‍ അതു വ്യവസ്ഥാപിതവും വ്യാപകവും ആയാല്‍ ദുര്‍ബല സ്ഥാപനങ്ങളെയും അംഗസംഘങ്ങളുടെ വിഭവങ്ങളെ മാത്രം ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും വളരെയേറെ പ്രതികൂലമായി ബാധിക്കുകയും നിലനില്‍പുതന്നെ അപകടത്തിലാക്കുകയും ചെയ്യും. ആയതിനാല്‍ പ്രസ്‌തുത വ്യവസ്ഥകള്‍ കേരളത്തിലെ സഹകരണവായ്‌പമേഖലയ്‌ക്ക്‌ സ്വീകാര്യമല്ലാത്തതും അനുകൂലമായി മാറ്റിയെടുക്കേണ്ടതുമാണ്‌.
(7) ബാങ്കിന്‌ നിയന്ത്രണ നിയമത്തിന്റെ പരിധിക്കുള്ളില്‍വരുന്ന സഹകരണ ബാങ്കുകളുടെ ഭരണസമിതിയില്‍ വിദഗ്‌ധരെ ഉള്‍പെടുത്തണമെന്നും അവര്‍ക്ക്‌ റിസര്‍വ്‌ ബാങ്ക്‌ നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ഉണ്ടായിരിക്കണമെന്നുമുള്ള നിബന്ധനയും കേരളത്തിന്‌ സ്വീകാര്യമല്ലെന്ന്‌ ചൂണ്ടിക്കാട്ടിയിരുന്നു. റിസര്‍വ്‌ ബാങ്കിന്റെ നിയന്ത്രണത്തിലുള്ള അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ഭരണസമിതിയില്‍ ഞആക നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ള 2 വിദഗ്‌ധരെ ഇതിനോടകംതന്നെ വച്ചുകഴിഞ്ഞിട്ടുണ്ട്‌. വിദഗ്‌ധരെ തെരഞ്ഞെടുപ്പിലൂടെ ഭരണസമിതിയില്‍ ഉള്‍പെടുത്തണമെന്നും അവരെ തെരഞ്ഞെടുക്കുവാന്‍ സാധിക്കാതെവരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ബോര്‍ഡിന്‌ വിദഗ്‌ധരെ കോ-ഓപ്‌റ്റ്‌ ചെയ്യാമെന്നും കോ-ഓപ്‌ഷനിലൂടെ വരുന്ന വിദഗ്‌ധര്‍ക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങള്‍ക്കുള്ള എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കുമെന്നുമാണ്‌ പുനരുദ്ധാരണ പാക്കേജിലെ വ്യവസ്ഥ. വൈദ്യനാഥന്‍ കമ്മറ്റിയുടെ അന്തിമ റിപ്പോര്‍ട്ടിലോ പുനരുദ്ധാരണ പാക്കേജിലോ വിദഗ്‌ധരെ റിസര്‍വ്‌ ബാങ്ക്‌ നോമിനേറ്റ്‌ ചെയ്യുമെന്ന്‌ വ്യവസ്ഥ ചെയ്‌തിട്ടില്ല. കണക്കെഴുത്ത്‌, നിയമം, ബാങ്കിംഗ്‌ ഭരണം, കൃഷി, ഗ്രാമീണ സമ്പദ്‌ഘടന എന്നിവയിലേതെങ്കിലും ഒരു വിഷയത്തില്‍ അറിവോ പരിചയമോ ഉള്ള വ്യക്തികളെയാണ്‌ വിദഗ്‌ധരായി പരിഗണിക്കുക. സഹകരണ ബാങ്കുകളുടെ ഉത്തമ താത്‌പര്യങ്ങള്‍ക്കനുസൃതമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും നയപരമായ വിഷയങ്ങളില്‍ ആരോഗ്യകരമായ ചര്‍ച്ച ഉണ്ടാകുന്നതിനും ഭരണസമിതിയിലെ വിദഗ്‌ധരുടെ സാന്നിധ്യം വളരെ സഹായകമാകും. സഹകരണബാങ്കുകള്‍ക്ക്‌ പ്രാദേശിക തലത്തില്‍തന്നെ യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ ലഭിക്കുന്ന വ്യക്തികളാണ്‌ നിര്‍വചനത്തിനുള്ളില്‍ വരുന്ന വിദഗ്‌ധര്‍.
(8) സഹകരണ ബാങ്കുകളുടെ പ്രധാന കാര്യനിര്‍വ്വഹണ ഉദ്യോഗസ്ഥന്‌ ഉണ്ടായിരിക്കേണ്ട ചുരുങ്ങിയ വിദ്യാഭ്യാസയോഗ്യത റിസര്‍വ്‌ ബാങ്ക്‌ നിശ്ചയിക്കുമെന്നും നിശ്ചിത യോഗ്യതയുള്ളവരെ അതാതു സ്ഥാപനങ്ങളുടെ ഭരണസമിതി തന്നെ നിയമനം നടത്തണമെന്നും നിയമിതനാകുന്ന ചീഫ്‌ എക്‌സിക്യൂട്ടീവിന്റെ പേര്‌ റിസര്‍വ്‌ ബാങ്ക്‌ അംഗീകരിക്കണമെന്നുമാണ്‌ ട്‌സ്‌ക്‌ഫോഴ്‌സും പുനരുദ്ധാരണ പാക്കേജിലും നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. സഹകരണ ചട്ടങ്ങളില്‍തന്നെ വിവിധ തസ്‌തികകളിലെ നിയമനങ്ങള്‍ക്ക്‌ വേണ്ട വിദ്യാഭ്യാസയോഗ്യതയില്ലാത്തവര്‍ക്ക്‌ ഇളവു നല്‍കികൊണ്ട്‌ പ്രൊമോഷന്‍ നടത്തുകയോ അല്ലെങ്കില്‍ ചാര്‍ജു നല്‍കുകയോ ചെയ്‌തുകൊണ്ട്‌ ചട്ടവ്യവസ്ഥകള്‍ നടപ്പിലാക്കാത്ത സ്ഥിതിയാണുള്ളത്‌. സഹകരണബാങ്കുകളുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന സാധ്യതകളും ഇതര സ്ഥാപനങ്ങളുമായി മത്സരിക്കുവാനുള്ള കഴിവും അതിനാവശ്യമായ തന്ത്രങ്ങളും എല്ലാം പ്രധാന കാര്യനിര്‍വ്വഹണ ഉദ്യോഗസ്ഥന്റെ വിദ്യാഭ്യാസയോഗ്യതയേയും തൊഴില്‍ പ്രാവിണ്യത്തേയും ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത്‌. സംസ്ഥാനസര്‍ക്കാരിനുള്ള അധികാരങ്ങളില്‍ റിസര്‍വ്‌ ബാങ്ക്‌ കൈകടത്തുന്നു എന്ന കാഴ്‌ചപ്പാടില്‍ അതിനെ കാണാതെ സഹകരണബാങ്കുകള്‍ക്ക്‌ അത്‌ എത്രമാത്രം ഗുണകരമാകും എന്ന വിശാല കാഴ്‌ചപ്പാടില്‍ കാണേണ്ട വിഷയമാണത്‌. ഇതുമായി ബന്ധപ്പെട്ട സഹകരണബാങ്കുകളുടേയും സംസ്ഥാനസര്‍ക്കാരിന്റെയും അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ റിസര്‍വ്‌ ബാങ്കിനെ അറിയിക്കാവുന്നതുമാണ്‌. സഹകരണമേഖലയില്‍നിന്നോ വിപണിയില്‍നിന്നോ പ്രധാന കാര്യനിര്‍വ്വഹണ ഉദ്യോഗസ്ഥരായി നിയമനം നടത്തുവാന്‍ ആവശ്യമായ വിദ്യാഭ്യാസയോഗ്യത ഉള്ളവരെ ലഭിക്കുവാന്‍ ബുദ്ധിമുട്ടില്ലാത്ത സാഹചര്യമാണ്‌ ഇന്നുള്ളത്‌.
(9) സഹകരണ ബാങ്കുകളുടെ ഭരണ സമിതിയെ പിരിച്ചുവിടാനുള്ള അധികാരം റിസര്‍വ്‌ ബാങ്കിന്‌ നല്‍കണമെന്ന നിര്‍ദ്ദേശത്തോട്‌ ശക്തമായ വിയോജിപ്പാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. വൈദ്യനാഥന്‍ കമ്മിറ്റിയുടെ നക്കല്‍ റിപ്പോര്‍ട്ടിലായിരുന്നു ഇങ്ങനെയൊരു നിര്‍ദദേശമുണ്ടായിരുന്നത്‌. കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ടിലോ കേന്ദ്രസര്‍ക്കാരിന്റെ പുനരുദ്ധാരണപാക്കേജിലോ ഭരണസമിതിയെ പിരിച്ചുവിടാനുള്ള അധികാരം റിസര്‍വ്‌ ബാങ്കില്‍ നിക്ഷിപ്‌തമാക്കിയിട്ടില്ല. മറിച്ച്‌ ഭരണസമിതികളെ പിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ അധികാരം നിയന്ത്രിക്കണമെന്നേ സൂചിപ്പിച്ചിട്ടുള്ളൂ. വൈദ്യനാഥന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പൊതു താല്‍പര്യത്തെ മുന്‍നിര്‍ത്തിയോ, നിക്ഷേപകരുടെ താത്‌പര്യത്തിന്‌ വിരുദ്ധമായി സഹകരണബാങ്കുകള്‍ നടത്തുന്ന ഇടപാടുകളില്‍നിന്നും പിന്‍തിരിപ്പിക്കുന്നതിനോ ബാങ്കിന്റെ ഭരണം ശരിയായ ദിശയില്‍ എത്തിക്കുന്നതിനോ വേണ്ടി നിലവിലുള്ള ഭരണസമിതിയെ പിരിച്ചുവിടുന്നതിനും പ്രസ്‌തുത സ്ഥാപനത്തിന്റെ ഭരണനിര്‍വ്വഹണത്തിനുവേണ്ടി 5 വര്‍ഷത്തില്‍ അധികരിക്കാത്ത കാലയളവിലേക്ക്‌ ഒരു ഭരണ കര്‍ത്താവിനെ നിയമിക്കുന്നതിനും റിസര്‍വ്‌ ബാങ്കിന്‌ അധികാരമുണ്ടായിരിക്കുമെന്നായിരുന്നു വ്യവസ്ഥ ചെയ്‌തിരുന്നത്‌. എന്നാല്‍ പുനരുദ്ധാരണ പാക്കേജില്‍ ഭരണസമിതിയെ പിരിച്ചുവിടാനുള്ള അധികാരം റിസര്‍വ്‌ ബാങ്കിന്‌ നല്‍കിയിട്ടില്ലാത്തതിനാല്‍ അഡ്‌മിനിസ്‌ട്രേറ്ററെ റിസര്‍വ്‌ ബാങ്ക്‌ നിയമിക്കുന്ന പ്രശ്‌നം ഉത്ഭവിക്കുന്നില്ല.
കേന്ദ്ര ധനമന്ത്രാലയം തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്ക്‌ അയച്ചുകൊടുത്തിട്ടുള്ള പുനരുദ്ധാരണ പാക്കേജിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചോ സമീപന രീതിയെക്കുറിച്ചോ സാമ്പത്തിക പാക്കേജിനെക്കുറിച്ചോ വായ്‌പസംഘങ്ങളുടെ യോഗ്യതാ മാനദണ്‌ഡങ്ങള്‍, അര്‍ഹമായ സഹായമേഖലകള്‍, പങ്കാളിത്തരീതി എന്നിവയെക്കുറിച്ചോ, സഹകാരികള്‍ക്കും സംസ്ഥാനത്തിനും കാര്യമായ അഭിപ്രായ വ്യത്യാസങ്ങളില്ല. എന്നാല്‍ നിയന്ത്രണ നിയമ, സ്ഥാപനാധിഷ്‌ഠിത പരിഷ്‌കാരങ്ങളിലാണ്‌ ശക്തമായ വിയോജിപ്പുള്ളത്‌. സഹകരണ വായ്‌പാസ്ഥാപനങ്ങളെ ജനാധിപത്യ, സ്വതന്ത്ര, സ്വാശ്രയ, പരമാധികാര, സ്വയംപര്യാപ്‌ത സംഘങ്ങളാക്കുക എന്നതാണ്‌ മൂന്ന്‌ പുനരുദ്ധാരണ പാക്കേജിന്റെ ആമുഖത്തില്‍ പറയുകയും സാമ്പത്തിക, ഭരണ മേഖലകളിലും പ്രധാന കാര്യ നിര്‍വഹണ ഉദ്യോഗസ്ഥന്റെ യോഗ്യത-നിയമ വിഷയങ്ങളിലും റിസര്‍വ്‌ ബാങ്കിന്റെ കര്‍ക്കശ ബാഹ്യ ഇടപെടലും നിയന്ത്രണങ്ങളും നിര്‍ദ്ദേശിക്കുകയും ചെയ്‌തിട്ടുള്ളത്‌ വൈരുദ്ധ്യമാണ്‌. കേന്ദ്ര ധനമന്ത്രാലയം തയ്യാറാക്കിയ പുനരുദ്ധാരണ പാക്കേജില്‍ ഭേദഗതികള്‍ ആവശ്യമായ മേഖലകള്‍ ചുവടെ കൊടുക്കുന്നു.
31-3-2004 ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷം വരെയുള്ള സഞ്ചിതനഷ്‌ടം ഒരു സ്‌പെഷ്യല്‍ ആഡിറ്റിലൂടെ തിട്ടപ്പെടുത്തി പ്രസ്‌തുത തുക പൂര്‍ണമായി കേന്ദ്രസര്‍ക്കാര്‍ നികത്തിതരുമെന്നാണ്‌ വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്‌തത്‌. പുനരുദ്ധാരണ പാക്കേജില്‍ സഞ്ചിത നഷ്‌ടം പൂര്‍ണമായി നികത്തുമെന്നേ പരാമര്‍ശിച്ചിട്ടുള്ളൂ. തൊട്ടു മുന്‍വര്‍ഷംവരെയുള്ള സഞ്ചിതനഷ്‌ടം പുനരുദ്ധാരണപാക്കേജ്‌ പ്രകാരം നികത്തിത്തരേണ്ടതാണ്‌.
പ്രാഥമിക കാര്‍ഷികവായ്‌പാ സംഘങ്ങളിലെ നിക്ഷേപകരെ വോട്ടവകാശമുള്ള അംഗങ്ങളാക്കണമെന്നും അംഗങ്ങളുടെ നിക്ഷേപം മാത്രമേ അവ സ്വീകരിക്കാവൂ എന്നുമുള്ള നിര്‍ദ്ദേശം കേരളത്തിലെ പ്രാഥമിക സംഘങ്ങളെ ദോഷമായി ബാധിക്കുന്നതാണ്‌. ഇതര സംസ്ഥാനങ്ങളിലെ പ്രാഥമിക വായ്‌പ സംഘങ്ങള്‍ ജില്ലാബാങ്ക്‌ ധനസഹായത്തെമാത്രം ആശ്രയിച്ചു പ്രവര്‍ത്തിക്കുന്നവയും ത്രിഫ്‌റ്റ്‌ നിക്ഷേപരൂപത്തില്‍ നാമമാത്രമായി നിക്ഷേപം സ്വീകരിക്കുന്നവയുമായതിനാല്‍ ഈ നിര്‍ദ്ദേശം അവയെ ബാധിക്കുന്നതല്ല. എന്നാല്‍ 200 കോടിയിലധികം രൂപവരെ നിക്ഷേപമുള്ളതും ശരാശരി 10 കോടിക്കു മുകളില്‍ നിക്ഷേപമുള്ളതുമായ കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്‌പാസംഘങ്ങള്‍ അംഗങ്ങളില്‍നിന്നുമാത്രമല്ല നിക്ഷേപം സ്വീകരിക്കുന്നത്‌. വിഭവകാര്യത്തില്‍ സ്വയംപര്യാപ്‌തമായ പ്രാഥമിക സംഘങ്ങളുടെ നിക്ഷേപത്തെ ആശ്രയിച്ചാണ്‌ ജില്ല-സംസ്ഥാന സഹകരണബാങ്കുകളുടെ വിഭവ അടിത്തറ നിലനില്‍ക്കുന്നത്‌. ജില്ലാ ബാങ്കുകളുടെ നിക്ഷേപത്തിന്റെ 60%വും പ്രാഥമിക വായ്‌പാസംഘങ്ങളുടെ നിക്ഷേപവും സംസ്ഥാന സഹകരണബാങ്ക്‌ നിക്ഷേപത്തിന്റെ 95% ഇതര സഹകരണ സംഘങ്ങളുടെ നിക്ഷേപവുമാണ്‌. ആയതിനാല്‍ പ്രവര്‍ത്തനപരിധിക്കു പുറത്തുനിന്നും അംഗങ്ങളല്ലാത്തവരില്‍നിന്നും നിക്ഷേപം വാങ്ങിയിട്ടുള്ള പ്രാഥമികസംഘങ്ങള്‍ മേല്‍ സൂചിപ്പിച്ച നിബന്ധന ബാധകമാക്കുമ്പോള്‍ അവയുടെ നിക്ഷേപതുക സാരമായി കുറയുന്നതിനും തല്‍ഫലമായി ജില്ല-സംസ്ഥാന സഹകരണ സംഘങ്ങളുടെ നിക്ഷേപവുമാണ്‌. ആയതിനാല്‍ പ്രവര്‍ത്തന പരിധിക്ക്‌ പുറത്തുനിന്നും അംഗങ്ങളല്ലാത്തവരില്‍നിന്നും നിക്ഷേപം വാങ്ങിയിട്ടുള്ള പ്രാഥമിക സംഘങ്ങള്‍ മേല്‍ സൂചിപ്പിച്ച നിബന്ധന ബാധകമാക്കുമ്പോള്‍ അവയുടെ നിക്ഷേപതുക സാരമായി കുറയുന്നതിനും തല്‍ഫലമായി ജില്ല-സംസ്ഥാന സഹകരണ ബാങ്കുകളുടെ വിഭവസ്ഥിതി മോശമാകുന്നതിനും പ്രവര്‍ത്തനചെലവുകള്‍ക്കുവേണ്ട വരുമാനം ഉണ്ടാക്കുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എത്തുന്നതിനും കാരണമാകും. മാത്രവുമല്ല നിക്ഷേപകര്‍ വോട്ടവകാശമുള്ള അംഗങ്ങളാകുമ്പോള്‍ പ്രാഥമിക സംഘങ്ങളുടെ ഭരണസമിതികളില്‍ നിക്ഷേപകരല്ലാത്ത അംഗങ്ങളുടെ പ്രതിനിധികള്‍ കുറയുന്നതിനും സാമൂഹിക പ്രതിബദ്ധത എന്ന സഹകരണ തത്വം അവഗണനയിലാകുന്നതിനും ഇടവരുത്തുന്നതാണ്‌. പൊതുജന നിക്ഷേപം വാങ്ങുന്ന പ്രാഥമിക സംഘങ്ങളിലെ നിക്ഷേപതാത്‌പര്യം സംരക്ഷിക്കുക എന്നതാണ്‌ ഈ ശുപാര്‍ശയുടെ പിന്നിലുള്ള ലക്ഷ്യം. എന്നാല്‍ നിക്ഷേപകരുടെ താത്‌പര്യം സംരക്ഷിക്കുന്നതിനായി ഗവണ്‍മെന്റ്‌ നേതൃത്വത്തില്‍തന്നെ ഒരു ഡെപ്പൊസിറ്റി ഗ്യാരണ്ടി സ്‌കീം കേരളത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. പ്രസ്‌തുത സ്‌കീം പൂര്‍ണമായി പ്രാവര്‍ത്തികമാക്കിയാല്‍ ഈ നിയന്ത്രണവ്യവസ്ഥയില്‍നിന്നും നമ്മുടെ പ്രാഥമിക സംഘങ്ങളെ ഒഴിവാക്കുമെന്ന ശുഭ പ്രതീക്ഷയാണുള്ളത്‌.
ബാങ്ക്‌ എന്ന പദം പേരിനോടൊപ്പം ഉപയോഗിക്കുന്നതില്‍നിന്ന്‌ ബാങ്കിങ്‌ പ്രവര്‍ത്തനം നടത്തുന്നതില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കാണ്‌ പ്രാഥമിക സംഘങ്ങള്‍ക്ക്‌ വിനയാകാവുന്ന മറ്റൊരു പ്രധാന സംഗതി. എ.റ്റി.എം., ടെല്ലര്‍ സമ്പ്രദായ, മൊബൈല്‍ ബാങ്കിങ്‌, ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ തുടങ്ങിയ ആധുനിക ബാങ്കിങ്‌ സംവിധാനങ്ങള്‍വരെ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രാഥമിക കാര്‍ഷികവായ്‌പ സംഘങ്ങള്‍ക്ക്‌ ബാങ്കിങ്‌ പ്രവര്‍ത്തനം നടത്തുവാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ സ്വകാര്യപണമിടപാടുകാരുടെയും വട്ടിപ്പലിശക്കാരുടേയും ചൂഷണം ഗ്രാമപ്രദേശങ്ങളില്‍ വ്യാപകമാവുകയും കടക്കെണിയില്‍പെട്ട്‌ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഗ്രാമങ്ങളില്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല. വാണിജ്യബാങ്കുകളുടെയും ജില്ല, അര്‍ബന്‍ സഹകരണ ബാങ്കുകളുടെയും ശാഖകള്‍ പട്ടണങ്ങളിലും അര്‍ദ്ധപട്ടണപ്രദേശങ്ങളിലുമാണ്‌ തുറന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌. ഗ്രാമങ്ങളില്‍ പ്രാഥമിക വായ്‌പ വിതരണ ഏജന്‍സി ബാങ്ക്‌ എന്ന പദം പേരില്‍നിന്നും നീക്കംചെയ്യപ്പെടുമ്പോള്‍ അവയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്‌ടപ്പെടും. സേവിങ്‌സ്‌ ബാങ്ക്‌ നിക്ഷേപകര്‍ക്ക്‌ ചെക്ക്‌ സൗകര്യം നല്‍കുവാന്‍ കഴിയാതെ വരുമ്പോള്‍ ലോ കോസ്റ്റ്‌ നിക്ഷേപം ലഭിക്കുവാനുള്ള സാഹചര്യം നഷ്‌ടപ്പെടും. ലോക്കര്‍ സൗകര്യം, ചെക്ക്‌/ഡ്രാഫ്‌റ്റ്‌ കളക്‌ട്‌ ചെയ്യാനുള്ള സൗകര്യം, ടൈ അപ്പ്‌ അറേഞ്ച്‌മെന്റില്‍ ഡ്രാഫ്‌റ്റുകള്‍ നല്‍കാനുള്ള സാഹചര്യം, എ.റ്റി.എം. സൗകര്യം എല്ലാം പ്രാഥമിക സംഘങ്ങളുടെ ഇടപാടുകാര്‍ക്ക്‌ നഷ്‌ടപ്പെടുകയും അവയുടെ പലവക വരുമാനം സാരമായി കുറയുകയും പ്രസ്‌തുത സേവനങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്ന നിക്ഷേപകര്‍ സംഘങ്ങളെ ഉപേക്ഷിച്ച്‌ വാണിജ്യബാങ്കുകളില്‍ പോവുകയും ചെയ്യും. ഇതിന്റെയെല്ലാം ഫലമായി പ്രാഥമിക സംഘങ്ങളുടെ നിക്ഷേപം സാരമായി കുറയുക മാത്രമല്ല ഇപ്പോള്‍തന്നെ ഉയര്‍ന്ന പലിശ ചെലവുളള അവയുടെ നിക്ഷേപത്തിന്റെ പലിശചെലവ്‌ സാരമായി ഉയരുകയും വായ്‌പ വിപണിയില്‍ ഇതര ധനകാര്യ സ്ഥാപനങ്ങളുമായി മത്സരിച്ചു നിലനില്‍ക്കുവാന്‍ സാധിക്കാത്ത അവസ്‌ഥയില്‍ എത്തിച്ചേരുകയും ചെയ്യും. പ്രാഥമിക സംഘതലത്തിലുള്ള നിക്ഷേപച്ചോര്‍ച്ച ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും വിഭവസ്ഥിതിയെ ദോഷമായി ബാധിക്കുകയും വായ്‌പവിതരണം കുറയുകയും ചെയ്യുന്നതിന്‌ കാരണമാകും. ഇതിന്റെ എല്ലാം ഫലമായി നിക്ഷേപവായ്‌പ വിപണിയില്‍ സഹകരണമേഖലയ്‌ക്ക്‌ തുടര്‍ന്നുള്ള പങ്ക്‌ സാരമായി കുറയുമെന്നതിനും സംശയമില്ല.
പൊതുജന നിക്ഷേപം സ്വീകരിക്കുന്നതിനായി പ്രാഥമിക കാര്‍ഷികവായ്‌പ സംഘങ്ങള്‍ റിസര്‍വ്‌ ബാങ്ക്‌ ലൈസന്‍സ്‌ എടുക്കണമെന്നാണ്‌ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്‌. കേരളത്തിലെ 1587 പ്രാഥമിക കാര്‍ഷിക വായ്‌പസംഘങ്ങളില്‍ 10% പോലും റിസര്‍വ്‌ ബാങ്ക്‌ ലൈസന്‍സിനുള്ള യോഗ്യതയില്ല. മൂലധന പര്യാപ്‌തത എന്‍.പി.എ. നിലവാരം, ലാഭക്ഷമത നെറ്റ്‌വര്‍ത്ത്‌ തുടങ്ങിയ യോഗ്യതകളും മുന്‍ഗണനാമേഖലയ്‌ക്കുള്ള വായ്‌പകളും ഒക്കെ പരിഗണിച്ചുമാത്രമേ ലൈസന്‍സ്‌ നല്‍കുകയുള്ളൂ. ലൈസന്‍സ്‌ ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ വായ്‌പേതര പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി അവസാനിപ്പിക്കുകയും റിസര്‍വ്‌ ബാങ്കി ന്റെ കര്‍ശന സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമാവുകയും ചെയ്യേണ്ടതാണ്‌. റിസര്‍വ്‌ ബാങ്ക്‌ ലൈസന്‍സുള്ളതും നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വീര്‍പ്പുമുട്ടല്‍ നേരില്‍ കണ്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പൊള്ളുന്ന നിക്ഷേപം സ്വീകരിക്കുന്നതിനായി റിസര്‍വ്‌ ബാങ്ക്‌ ലൈസന്‍സിന്റെ പിന്നാലെ പോകുന്നത്‌ യുക്തിസഹമായ നടപടിയല്ല. കേരളത്തിലെ പ്രാഥമിക കാര്‍ഷികവായ്‌പ സംഘങ്ങളുടെ പ്രത്യേക പ്രവര്‍ത്തന പശ്ചാത്തലത്തില്‍ നിലവില്‍ ബാങ്ക്‌ എന്ന പദം പേരിനോടൊപ്പം ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും പൊള്ളുന്ന നിക്ഷേപം സ്വീകരിക്കുന്നതുമായ സ്ഥാപനങ്ങള്‍ക്കുമാത്രം അതു തുടര്‍ന്നുകൊണ്ടുപോകുവാനുള്ള അനുവാദം വാങ്ങിക്കണം. പ്രൂഡന്‍ഷ്യല്‍ നോംസ്‌ ഉള്‍പെടെയുള്ള പരിഷ്‌കാരങ്ങള്‍ പ്രഥമിക സംഘങ്ങളില്‍ സമയബന്ധിതമായി നടപ്പിലാക്കാമെന്നും ഡെപ്പൊസിറ്റ്‌ ഗ്യാരന്റി സ്‌കീമില്‍ എല്ലാ പ്രാഥമിക സഹകരണബാങ്കുകളെയും കൊണ്ടുവരാമെന്നും റിസര്‍വ്‌ ബാങ്കിന്റെ നിയന്ത്രണവ്യവസ്ഥകള്‍ക്ക്‌ സമാനമായ നിയന്ത്രണങ്ങളും പരിഷ്‌കാരങ്ങളും രജിസ്‌ട്രാറിലൂടെ അവയില്‍ കൊണ്ടുവരാമെന്നും ഉറപ്പു നല്‍കിയാല്‍ ഇപ്പോഴുള്ള സ്റ്റാറ്റസ്‌ തുടരുവാന്‍ അനുവാദമുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാം.
വായ്‌പസംഘങ്ങളുടെ മേല്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള ഇടപെടല്‍ പൂര്‍ണമായി ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഗുണത്തേക്കാള്‍ ഏറെ ദോഷം വരുത്തുന്നതാണ്‌. വായ്‌പ സംഘങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്തുവാന്‍ സര്‍ക്കാര്‍ നിയന്ത്രണവും ഓഹരി മൂലധന പങ്കാളിത്തവും അത്യന്താപേക്ഷിതമാണ്‌. വായ്‌പമേഖലയുടെ പുനരുദ്ധരണ പാക്കേജിലെ നിര്‍ദ്ദേശം അവഗണിക്കാതിരിക്കുന്നതിന്‌ സര്‍ക്കാര്‍ നിയന്ത്രണത്തിനു പകരമായി സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്ന്‌ ഭേദഗതി വരുത്താവുന്നതാണ്‌. സര്‍ക്കാര്‍ നിയന്ത്രണമോ മാര്‍ഗനിര്‍ദ്ദേശങ്ങളോ ഇല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ പ്രൊഫഷണലിസം വായ്‌പ സംഘങ്ങളുടെ ഭരണസമിതിക്കോ ജീവനക്കാര്‍ക്കോ വേണ്ടത്‌ ഇല്ല എന്നതാണ്‌ വസ്‌തുത. സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ജീവനക്ഷമമായ സംഘപ്രവര്‍ത്തനം നടത്തുവാന്‍ ജോലിയിലുള്ള കഴിവും ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവവും പരിഗണിച്ചുകൊണ്ടുള്ള പെര്‍ഫോമന്‍സ്‌ അപ്രൈസലും അതുമായി ബന്ധപ്പെടുത്തിയുള്ള പ്രൊമോഷന്‍ മാനദണ്‌ഡങ്ങളും ജീവനക്കാര്‍ക്ക്‌ ബാധകമാക്കുകയും എല്ലാ തട്ടുകളിലുമുള്ള വായ്‌പ സ്ഥാപനങ്ങളുടെ ഭരണസമിതിയില്‍ ഒന്നോ രണ്ടോ പ്രൊഫഷണലുകളെക്കൂടി ഉള്‍പെടുത്തുകയും ചെയ്യേണ്ടതാണ്‌. വായ്‌പ സംഘങ്ങളുടെ ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കും അവരവരുടെ കര്‍മ മണ്‌ഡലങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിരന്തര പരിശീലനം നിര്‍ബന്ധമാക്കുകയും പങ്കെടുത്തിട്ടുള്ള പരിശീലന പരിപാടികള്‍ പ്രൊമോഷന്‍, വിദ്യാഭ്യാസയോഗ്യതയില്‍നിന്നും ഇളവ്‌ നല്‍കല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ അര്‍ഹമായ വെയിറ്റേജും നല്‍കേണ്ടതാണ്‌.
സഹകരണം ഇന്ത്യന്‍ ഭരണഘടനയുടെ 7-ാം ഷെഡ്യൂള്‍ പ്രകാരം സംസ്ഥാന വിഷയമാണ്‌. എന്നാല്‍ പൊതുജന നിക്ഷേപം വാങ്ങുകയും വായ്‌പ നല്‍കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ബാങ്കിങ്‌ നിയന്ത്രണനിയമത്തിന്റെ പരിധിയില്‍ വരുന്നതും റിസര്‍വ്‌ ബാങ്കിന്‌ ഇടപെടുവാന്‍ അധികാരമുള്ളതുമാണ്‌. ബാങ്കിങ്‌ നിയന്ത്രണ നിയമത്തിലെ അനുകൂല വ്യവസ്ഥയുടെ പിന്‍ബലത്തിലാണ്‌ പ്രാഥമിക കാര്‍ഷിക വായ്‌പ സംഘങ്ങള്‍ പേരിനോടൊപ്പം ബാങ്ക്‌ എന്ന പദം ഉപയോഗിക്കുന്നതും ബാങ്കിങ്‌ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നതും. നിയമത്തിലെ പ്രസ്‌തുത വ്യവസ്ഥ ഭേദഗതി ചെയ്യാനുളള അധികാരം പാര്‍ലമെന്റിനുണ്ട്‌. നിലവിലുളള അനുകൂല വ്യവസ്ഥഭേദഗതി ചെയ്‌തുകൊണ്ട്‌ പ്രാഥമിക വായ്‌പസംഘങ്ങള്‍ നല്‍കിയിട്ടുള്ള ആനുകൂല്യം അവസാനിപ്പിച്ചാല്‍ അതിന്റെ പരിണിതഫലം കേരളത്തിലെ പ്രാഥമിക സംഘങ്ങളെ ആയിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇപ്പോള്‍തന്നെ 12 സംസ്ഥാനങ്ങള്‍ പുനരുദ്ധാരണ പാക്കേജ്‌ നടപ്പാക്കുവാന്‍ സമ്മതിച്ചുകൊണ്ടുള്ള ധാരണാപത്രം കേന്ദ്ര സര്‍ക്കാരും നബാര്‍ഡുമായി ഒപ്പിട്ടുകഴിഞ്ഞു. ആന്ധ്രപ്രദേശ്‌, അരുണാചല്‍ പ്രദേശ്‌, ബീഹാര്‍, ഗുജറാത്ത്‌, ഹരിയാന, മധ്യപ്രദേസ്‌, മഹാരാഷ്‌ട്ര, ഒറീസ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്‌, ഉത്തരഖണ്‌ഡ്‌, വെസ്റ്റ്‌ ബംഗാള്‍ എന്നിവയാണ്‌ ധാരണ പത്രം ഒപ്പിട്ട സംസ്ഥാനങ്ങള്‍. മറ്റുചില സംസ്ഥാനങ്ങള്‍കൂടി ഇതിന്‌ തയ്യാറായി വന്നിട്ടുണ്ട്‌. സഹകരണ ഹ്രസ്വകാല വായ്‌പമേഖലയുടെ പുനരുദ്ധാരണത്തിനുവേണ്ടി 600 മില്ല്യണ്‍ ഡോളര്‍ ലോക ബാങ്കില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ എടുത്തുകഴിഞ്ഞു. ഇതില്‍ 300 മില്യണ്‍ ഡോളര്‍ ഇന്റര്‍നാഷണല്‍ ബാങ്ക്‌ ഫോര്‍ റീ കണ്‍സ്‌ട്രക്ഷന്‍ ആന്റ്‌ ഡെവലപ്‌മെന്റില്‍നിന്നും 20 വര്‍ഷവായ്‌പയും ബാക്കി തുക ഇ ഇന്റര്‍ നാഷണല്‍ ഡെവലപ്പ്‌മെന്റ്‌ ഏജന്‍സിയില്‍നിന്നുമുള്ള 35 വര്‍ഷത്തെ ഉദാരവായ്‌പയുമാണ്‌. കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന വായ്‌പ ഓരോ സംസ്ഥാനത്തെ സഹകരണ വായ്‌പാസംഘങ്ങള്‍ക്ക്‌ ഗ്രാന്റായിട്ടാണ്‌ നല്‍കുന്നത്‌. സംസ്ഥാനത്തെ 5 കോര്‍പ്പറേഷനുകള്‍ ഏഷ്യന്‍ ഡെവലപ്പ്‌മെന്റ്‌ ബാങ്കില്‍നിന്നും എടുത്ത വായ്‌പക്ക്‌ അവരുടെ കര്‍ക്കശമായ നിബന്ധനകള്‍ക്ക്‌ വിധേയമായി എന്ന വസ്‌തുത വിസ്‌മരിച്ചുകൂടാ. പ്രാഥമിക കാര്‍ഷിക വായ്‌പ സംഘങ്ങളുടെ സഞ്ചിത നഷ്‌ടം നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ 600 കോടിയോളം ലഭിക്കാവുന്നതാണ്‌. (കാര്‍ഷിക-കാര്‍ഷികേതര വായ്‌പ വിതരണത്തിലൂടെ സംഭഭവിച്ച നഷ്‌ടം 100%വും വായ്‌പേതര പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടായ സഞ്ചിത നഷ്‌ടത്തിന്റെ 50%വും കേന്ദ്രസര്‍ക്കാര്‍ വഹിക്കും) അതോടൊപ്പം നഷ്‌ട ആഭിമുഖ്യമുള്ള ആസ്‌തികളുടെ നമ്മുടെ പ്രാഥമിക സംഘങ്ങള്‍ക്ക്‌ മൂലധനപര്യാപ്‌തതയ്‌ക്ക്‌ 1400 കോടി കാപ്പിറ്റല്‍ ഫണ്ട്‌ വേണം എന്നിരിക്കെ ഇപ്പോള്‍ 800 കോടി രൂപയേയുള്ളൂ. കമ്മി തുക 600 കോടി ഈ ഇനത്തിലും ലഭിക്കുന്നതാണ്‌. കൂടാതെ പരിശീലനം, കമ്പ്യൂട്ടര്‍വല്‍ക്കരണം, പൊതു അക്കൗണ്ടിങ്‌ സമ്പദായം, സ്‌പെഷ്യല്‍ ആഡിറ്റ്‌ തുടങ്ങിയ സാങ്കേതിക സഹായ ഇനത്തിലും തുക ലഭിക്കുന്നതാണ്‌. ഇപ്പോള്‍ കഷ്‌ടിച്ച്‌ 1% മാത്രമേ സംസ്ഥാന സഹകരണ ബാങ്കിന്‌ മൂലധന പര്യാപ്‌തതയുള്ളൂ. 3000 കോടി രൂപയുടെ നഷ്‌ട ആഭിമുഖ്യമുള്ള ആസ്‌തികള്‍ ഉള്ള സംസ്ഥാനസഹകരണബാങ്കിന്‌ 7% പര്യാപ്‌തത കൈവരിക്കുവാന്‍ 175 കോടിയോളം കേന്ദ്രത്തില്‍നിന്നും സഹായം ലഭിക്കും. ഈ ഇനത്തില്‍ കോട്ടയം, ആലപ്പുഴ, കാസര്‍ഗോഡ്‌, കൊല്ലം, തിരുവനന്തപുരം ജില്ലാ സഹകരണബാങ്കുകള്‍ക്കും സഹായം ലഭിക്കുവാന്‍ അര്‍ഹതയുണ്ട്‌.
പുനരുദ്ധാരണ പാക്കേജിലൂടെ കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്‌പ സംഘങ്ങള്‍ക്കാണ്‌ ഏറ്റവും കൂടുതല്‍ ധനസഹായം (1600 കോടിക്കുമേല്‍) ലഭിക്കുക. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ക്ക്‌ ഈ ധനസഹായമില്ലാതെതന്നെ ഭാവിയില്‍ സഞ്ചിത നഷ്‌ടം നിര്‍മാര്‍ജനം ചെയ്യുന്നതിനും മൂലധന പര്യാപ്‌തത കൈവരിക്കുന്നതിനും കഴിയുന്നതാണ്‌. എന്നാല്‍ പ്രാഥമിക സംഘങ്ങള്‍ക്ക്‌ അതിനുള്ള ശേഷിയില്ല. കേന്ദ്ര അപ്പെക്‌സ്‌ സംഘങ്ങള്‍ക്കോ സഹകരണ നികസനക്ഷേമബോര്‍ഡിനോ, സംസ്ഥാന സര്‍ക്കാരിനോ പ്രാഥമിക സംഘങ്ങളുടെസഞ്ചിത നഷ്‌ടം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ധനസഹായം നല്‍കുവാന്‍ കഴിയില്ല. ഇങ്ങനെയുള്ള ഒരു പശ്ചാത്തലത്തില്‍ കേന്ദ്ര പുനരുദ്ധാരണ പാക്കേജിനെ പ്രായോഗിക കാഴ്‌ചപ്പാടോടുകൂടി സമീപിക്കേണ്ടതാണ്‌. സഹകരണ ബാങ്കുകളെ പൂര്‍ണമായി റിസര്‍വ്‌ ബാങ്കിന്റെ അധികാര പരിധിക്കുള്ളില്‍ കൊണ്ടുവരണമെന്നും പാക്കേജിലുള്ള മറ്റു നിയന്ത്രണവ്യവസ്ഥകളും കുറച്ചുകൂടി ഉദാരമാക്കുകയും ധാരണാപത്രത്തിലുള്ള നിബന്ധനകള്‍ ഫ്‌ളെക്‌സിബിള്‍ ആക്കുകയും ചെയ്യേണ്ടതായിട്ടുണ്ട്‌.
ധാരണാപത്രത്തില്‍ ഒപ്പിടുന്നതിനോ പുനരുദ്ധാ#ാരണ പാക്കേജ്‌ നടപ്പാക്കുന്നതിനോ സംസ്ഥാന സര്‍ക്കാരുകളിലും വായ്‌പ സ്ഥാപനങ്ങളിലും സമ്മര്‍ദ്ദം ചെലുത്തുന്നില്ലെങ്കിലും റിസര്‍വ്‌ ബാങ്ക്‌ ലൈസന്‍സില്ലാത്ത ജില്ലാ സഹകരണബാങ്കുകള്‍ക്ക്‌ അവ നല്‍കുന്നതിനും ബാങ്കിങ്‌ നിയന്ത്രണ നിയമത്തിലെ 11-ാം വകുപ്പനുസരിച്ച്‌ ഒരു ലക്ഷം രൂപയുടെ നെറ്റ്‌ വര്‍ത്തില്ലാത്ത സഹകരണബാങ്കുകള്‍ക്ക്‌ ബാങ്കിങ്‌ പ്രവര്‍ത്തനം തുടര്‍ന്നും നടത്തുന്നതിനുള്ള ഇളവു നല്‍കുന്നതിനും ധാരണാപത്രം ഒപ്പിടണമെന്ന പരോക്ഷ സമ്മര്‍ദ്ദം റിസര്‍വ്‌ ബാങ്ക്‌ ചെലുത്തിക്കൊണ്ടിരിക്കുകയാണ്‌. ഭാവിയില്‍ ഈവിധ സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത ഏറെയാണ്‌. ഈവിധ സമ്മര്‍ദ്ദങ്ങള്‍ സഹകരണ വായ്‌പാ മേഖലയെ മൊത്തത്തില്‍ ബാധിക്കുകയില്ലെങ്കിലും ഏതാനും സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കും. കേരളത്തിലെ വായ്‌പാമേഖലയ്‌ക്ക്‌ സ്വീകാര്യമല്ലാത്ത നിബന്ധനകളും വ്യവസ്ഥകളും രാഷ്‌ട്രീയസമ്മര്‍ദ്ധത്തിലൂടെയും ജനപ്രതിനിധികളുടെ ഇടപെടലിലൂടെയും നിവേദനങ്ങളിലൂടെയും അനുകൂലമായി മാറ്റിയെടുക്കാന്‍ ഇനിയും സാധിക്കുന്നതാണ്‌.
2006 ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച പുനരുദ്ധാരണ പാക്കേജ്‌ സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കുണ്ടെന്ന്‌ അറിയിച്ചിട്ടുണ്ട്‌. എന്നാല്‍ പാക്കേജ്‌ സംബന്ധിച്ച ധാരണാപത്രം 2 വര്‍ഷത്തിനകം ഒപ്പടണമെന്ന നിബന്ധനയാണുണ്ടായിരുന്നത്‌്‌. നിലവിലുള്ള ഉത്തരവനുസരിച്ച്‌ 2008 ജനുവരിയിലോ അതിനു മുമ്പോ കേരള സംസ്ഥാനത്തിന്റെ തീരുമാനം ഉണ്ടാകേണ്ടതാണ്‌. അതു നടക്കാതെവന്നാല്‍ പുനരുദ്ധാരണ പാക്കേജ്‌ പ്രകാരമുള്ള സാമ്പത്തിക സഹായങ്ങളൊന്നും കേരളത്തിലെ ഹ്രസ്വകാല സഹകരണ വായ്‌പ മേഖലയ്‌ക്ക്‌ ലഭിക്കുകയില്ല. 17 സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണപ്രദേശവും പാക്കേജ്‌ നടപ്പിലാക്കുവാനുള്ള സമ്മതം ഇതനോടകം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്‌. പ്രാഥമിക കാര്‍ഷിക വായ്‌പ സംഘങ്ങളുടെ സ്‌പെഷ്യല്‍ ആഡിറ്റ്‌ നടത്തുന്നതിനുള്ള മാന്വല്‍ നബാര്‍ഡ്‌ തയ്യാറാക്കുകയും 800 പേരെ പരിശീലിപ്പിക്കുകയും ചെയ്‌തുകഴിഞ്ഞു. ഇതിനായി കൂടുതല്‍ സഹകരണ വകുപ്പുദ്യോഗസ്ഥര്‍ക്ക്‌ പരിശീലനം നല്‍കിക്കൊണ്ടിരിക്കുകയാണ്‌. അതാതു സംസ്ഥാനങ്ങളിലെ മേഖല ആഫീസുകളിലുള്ള നബാര്‍ഡ്‌ ചീഫ്‌ ജനറല്‍ മാനേജര്‍, റിസര്‍വ്‌ ബാങ്ക്‌ ജനറല്‍ മാനേജര്‍, സഹകരണ സംഘം രജിസ്‌ട്രാര്‍, സംസ്ഥാന സഹകരണബാങ്ക്‌ മാനേജിങ്‌ ഡയറക്‌ടര്‍ എന്നിവര്‍ ഉള്‍പെടുന്ന സംസ്ഥാനതല ടാസ്‌ക്‌ ഫോഴ്‌സിനെ പാക്കേജ്‌ നടപ്പിലാക്കുന്നതിനായി രൂപീകരിക്കുകയും മൂലധന പര്യാപ്‌തതയില്‍ എത്തിക്കുന്നതുനുവേണ്ട ധനസഹായം കേന്ദ്രസര്‍ക്കാര്‍ നബാര്‍ഡിനെ ഏല്‍പിക്കുകയും ചെയ്‌തുകഴിഞ്ഞു. കേരളസര്‍ക്കാര്‍ പുനരുദ്ധാരണ പാക്കേജ്‌ സംബന്ധിച്ച്‌ അനുകൂലമായോ പ്രതികൂലമായോ തീരുമാനമെടുത്താല്‍ തന്നെയും ബാങ്കിങ്‌ നിയന്ത്രണനിയമത്തില്‍ ഭേദഗതി പ്രതീക്ഷിക്കാം. പ്രാഥമിക കാര്‍ഷിക വായ്‌പസംഘങ്ങള്‍ ബാങ്ക്‌ എന്ന പദം ഉപയോഗിക്കുന്നതും ബാങ്കിങ്‌ പ്രവര്‍ത്തനം നടത്തുന്നതും വിലക്കിക്കൊണ്ടുള്ള ഭേദഗതി ഉണ്ടായാല്‍ (അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല). അതിന്റെ ഭവിഷ്യത്തിന്‌ കേരളത്തിലെ പ്രാഥമിക സംഘങ്ങളെ ആയിരിക്കും. ഏറ്റവും കൂടുതല്‍ ബാധിക്കുക എന്ന വസ്‌തുത വസ്‌മരിച്ചുകൂട. 

No comments:

Post a Comment