Saturday, May 9, 2009

ജുഡീഷ്യറി എങ്ങോട്ട്‌ ?

വായന
തയ്യാറാക്കിയത്‌ : സുനില്‍.കെ. ഫൈസല്‍


അടിയന്തിരാവസ്ഥ കാലത്ത്‌ രാഷ്‌ട്രീയ പ്രതിബദ്ധതയോടെയും ഇച്ഛാശക്തിയോടെയും പോലീസ്‌-ഗുണ്ടാ ഭീഷണികള്‍ക്കു മുമ്പില്‍ പതറാതെയും പോരാടിയ വ്യക്തിയാണ്‌ അഡ്വ: കെ.പി.ബഷീര്‍. എ.കെ.ജി.യും ഫാദര്‍ വടക്കനും നേതൃത്വം നല്‍കിയ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്തത്‌ പതിനാറു വയസ്സുള്ളപ്പോള്‍ പോലീസ്‌ മര്‍ദ്ദനമേല്‍ക്കുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്‌ത പോരാളിയാണദ്ദേഹം. നീതിപീഠത്തിന്റെ വിധികല്‌പനകളെ ജനപക്ഷത്തുനിന്ന്‌ വിലയിരുത്തുന്ന കെ.ഡി.സി. ഭരണസമിതി അംഗമായ അഡ്വ: കെ.പി. ബഷീറിന്റെ വിവിധ ലേഖനങ്ങളില്‍ ഉന്നയിച്ച ചില അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പകര്‍ത്തികൊണ്ടാണ്‌ `ജുഡീഷ്യറി എങ്ങോട്ട്‌?' എന്ന പുസ്‌തകത്തെ പരിചയപ്പെടുത്തുന്നത്‌.

``നാധിപത്യത്തിന്റെ അടിസ്ഥാനതത്വം പരമാധികാരം ജനങ്ങള്‍ക്ക്‌ എന്നതാണ്‌. ജഡ്‌ജിമാരും മന്ത്രിമാരും നിയമ നിര്‍മ്മാണസഭകളിലെ അംഗങ്ങളും ഉദ്യോഗസ്ഥരുമെല്ലാം ജനങ്ങളുടെ സേവകരാണ്‌. ജനങ്ങളില്‍നിന്നാണ്‌ എല്ലാ അധികാരങ്ങളും ഉല്‍ഭവിക്കുന്നതെന്ന്‌ ഭരണഘടന വ്യക്തമാക്കുന്നുണ്ട്‌. ജഡ്‌ജിമാരടക്കമുള്ളവര്‍ ജനങ്ങളുടെ സേവകരും ജനങ്ങള്‍ അവരുടെ ഉടമകളുമാണ്‌. തീര്‍ച്ചയായും ജഡ്‌ജിമാരടക്കമുള്ളവര്‍ അന്തസ്സായി പെരുമാറുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തില്ലെങ്കില്‍ ഉടമകളായ ജനങ്ങള്‍ക്ക്‌ സേവകരായ ജഡ്‌ജിമാരെ വിമര്‍ശിക്കാനുള്ള എല്ലാ അധികാരങ്ങളുമുണ്ട്‌.''

സുപ്രീം കോടതി ജഡ്‌ജിയായ ജസ്റ്റിസ്‌ മാര്‍ക്കണ്‌ഡേയ കാഡ്‌ജുവിന്റെ വാക്കുകളാണ്‌ മേലുദ്ധരിച്ചത്‌.
എന്നാല്‍ നിത്യജീവിതത്തില്‍ നാം പലതിനോടും വിമര്‍ശന ബുദ്ധ്യാ സമീപിക്കുമ്പോള്‍ ജുഡീഷ്യറിയെ തൊടാതെ വിടുകയാണ്‌. ജുഡീഷ്യറിയെക്കുറിച്ച്‌ എന്തെങ്കിലും വിമര്‍ശനം നടത്തിയാല്‍ കോടതിയലക്ഷ്യ കുരുക്കില്‍പെടുമോ എന്ന ഭയമാണിതിനു കാരണം.
കോടതികള്‍ ഇന്നും സാധാരണക്കാരന്‌ എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര ദൂരത്താണ്‌. കോടതികളില്‍ ആവലാതിക്കാരനായി എത്തുന്നവന്റെ ദുരിതങ്ങള്‍ക്ക്‌ ശാപമോക്ഷം വന്നിട്ടില്ല.
സമൂഹത്തിലെ എല്ലാ തിന്മകള്‍ക്കും അറുതിയില്ലാത്ത അന്തരീക്ഷമാണ്‌ ഇന്നുള്ളത്‌. ഈ തിന്മകള്‍ക്ക്‌ അന്ത്യം കുറിക്കാന്‍ ജനങ്ങള്‍ ഉറ്റുനോക്കുന്നത്‌ നീതിന്യായ കോടതികളുടെ നേര്‍ക്കാണ്‌.
പക്ഷെ അവിടെയും കാലത്തിന്റെ കുത്തൊഴുക്കില്‍പെട്ട്‌ അനീതിയുടേയും അഴിമതിയുടേയും കാര്‍മേഘങ്ങള്‍ കടന്നുകയറുന്നുവെന്ന്‌ നിരീക്ഷിച്ചുകൊണ്ടാണ്‌ അഡ്വ: കെ.പി. ബഷീറിന്റെ `ജുഡീഷ്യറി എങ്ങോട്ട്‌?' ലേഖന സമാഹാരം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്‌.
കുടവയറന്മാരായ ധനിക സാക്ഷികളുടെ മൊഴി പാവപ്പെട്ടവന്റെ മൊഴിയേക്കാള്‍ കൂടുതല്‍ വിശ്വസിക്കുന്നതിന്‌ ഇന്നത്തെ നീതിന്യായ സമ്പ്രദായത്തിനു കഴിയും എന്ന്‌ വിമര്‍ശിച്ചതിനാണ്‌ ഇ.എം.എസി നെതിരെ കോടതിയലക്ഷ്യത്തിന്‌ ഹൈക്കോടതിയും സുപ്രീംകോടതിയും കേസെടുത്തത്‌.
സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാര്‍ ഏതറ്റംവരെയും പോകുമെന്നും നോട്ടുകെട്ടിന്റെ ബലത്തില്‍ അവര്‍ കേരള സ്വാശ്രയ വിദ്യാഭ്യാസബില്‍ തകര്‍ക്കാന്‍ ശ്രമിക്കുമെന്നും പ്രസംഗിച്ച മന്ത്രി പാലൊളി മുഹമ്മദുകുട്ടിക്കെതിരെയും കോടതി നിയമനടപടികളെടുക്കുകയുണ്ടായി.
തന്റെ പ്രസംഗം ജുഡീഷ്യറിക്ക്‌ അവമതിപ്പുണ്ടാക്കി എന്നറിഞ്ഞപ്പോള്‍, ജുഡീഷ്യറിയോടുള്ള ആദരവുകൊണ്ട്‌ ഡിവിഷന്‍ ബഞ്ചിന്‌ മുമ്പാകെ പാലൊളി കൈകൂപ്പി നിന്നത്‌ കീഴടങ്ങിയ ഒരു പടയാളിയുടെ രൂപത്തിലായിരുന്നില്ല എന്ന്‌ നിരീക്ഷിക്കുന്ന ലേഖകന്‍, പൗരന്മാരുടെ മൗലികാവകാശങ്ങള്‍ നടപ്പിലാക്കേണ്ട ഒരു മെഷിനറിയായ ജുഡീഷ്യറിയെ ജഡ്‌ജ്‌ ചെയ്യുന്നത്‌ ജനങ്ങളാണെന്ന പരമാര്‍ത്ഥം ചില ജഡ്‌ജിമാര്‍ മറക്കുന്നുവോ എന്ന്‌ സംശയിക്കുകയും ചെയ്യുന്നു.
വിധിയുടെ ദൂരവ്യാപകമായ ഫലങ്ങളും കേസിന്റെ വിശാല സാഹചര്യങ്ങളും പരിഗണിച്ചാവണം വിധി ഉണ്ടാകേണ്ടത്‌ എന്ന്‌ 1996 ല്‍ സുപ്രീംകോടതി മുന്നറിയിപ്പു നല്‍കിയിട്ടും കേരള ഗവണ്‍മെന്റിന്റെ കോള നിരോധനത്തെ ഹൈക്കോടതി റദ്ദാക്കുകയാണ്‌ ചെയ്‌തത്‌. ഒരു നാടിന്റെ മനസാക്ഷിയെ ഒരു കോടതിവിധി മുറിവേല്‍പ്പിക്കുന്നുവെങ്കില്‍ പ്രസ്‌തുത വിധിക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ക്ക്‌ ധാര്‍മ്മികമായ അവകാശമുണ്ട്‌. അതു കോടതിയോടുള്ള അവഹേളനമായോ എതിര്‍പ്പായോ കാണേണ്ടതില്ലെന്ന്‌ പെപ്‌സി-കോള കേസിലെ കോടതി വിധിയെ വിശകലനം ചെയ്‌തുകൊണ്ട്‌ അഡ്വ: കെ.പി. ബഷീര്‍ അഭിപ്രായപ്പെടുന്നു.
മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ച ടീസ്റ്റ സെറ്റല്‍വാദിന്റെ ``ലജ്ജാവഹം ഈ അസംബന്ധ നീതി'' എന്ന ലേഖനത്തില്‍ കോടതികളിലെ കാലതാമസത്തെക്കുറിച്ചാണ്‌ വരച്ചുകാട്ടിയത്‌. എന്നാല്‍ ഈ വിമര്‍ശനം സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസ്‌ കെ.ജി. ബാലകൃഷ്‌ണനെ ചൊടിപ്പിക്കുകയും സുപ്രീംകോടതിയില്‍ ഹാജരായ ടീസ്റ്റയോട്‌ ``അപമാനകരം, ഗോധ്ര പ്രതികളെ പ്രതിനിധീകരിക്കുന്ന ഇവരെ ഞാന്‍ കേള്‍ക്കില്ല'' എന്ന്‌ പറയുകയും ചെയ്‌തത്‌ ഹൃദയമുള്ള എല്ലാവരെയും വേദനിപ്പിച്ചുവെന്നാണ്‌ ലേഖകന്‍ അഭിപ്രായപ്പെടുന്നത്‌. ശ്രദ്ധയോടെ കേള്‍ക്കുക, ബുദ്ധിപൂര്‍വ്വം ഉത്തരം നല്‍കുക, വിവേകപൂര്‍വ്വം പരിഗണിക്കുക, നിഷ്‌പക്ഷമായി തീരുമാനമെടുക്കുക എന്നിവയാണ്‌ ഒരു ന്യായാധിപന്റെ കൈമുതല്‍ എന്നത്‌ പല ന്യായാധിപന്‍മാരും സൗകര്യപൂര്‍വ്വം വിസ്‌മരിക്കുകയാണെന്നു തോന്നിപ്പോകുന്നു'' എന്നു പറഞ്ഞ സുപ്രീം കോടതി മുന്‍ ജഡ്‌ജി വി.ആര്‍. കൃഷ്‌ണയ്യരുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാകുന്നുവെന്ന്‌ എടുത്തുപറയുകയുണ്ടായി.
പഞ്ചാബ്‌ ഹൈക്കോടതിയിലെ 25 ജഡ്‌ജിമാര്‍ കോടതി ബഹിഷ്‌കരിച്ചുകൊണ്ട്‌ കൂട്ടത്തോടെ അവധിയെടുത്ത്‌ സമരം ചെയ്‌തതിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ഫയല്‍ ചെയ്‌ത പൊതു താല്‍പര്യ ഹരജി തള്ളികളഞ്ഞ സുപ്രീംകോടതി അഭിഭാഷകര്‍ സമരം ചെയ്‌തപ്പോള്‍ സമരം കക്ഷികളോടുള്ള വെല്ലുവിളിയാണെന്നും, കക്ഷികള്‍ക്കുണ്ടാകുന്ന കഷ്‌ടനഷ്‌ടങ്ങള്‍ക്ക്‌ ഉത്തരവാദികള്‍ അഭിഭാഷകരാണെന്നും വിധി പ്രഖ്യാപിക്കുകയുണ്ടായി.
തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ സമരത്തെ നിരോധിച്ച ജയലളിതാ ഗവണ്‍മെന്റ്‌ നടപടിയെ മദ്രാസ്‌ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെച്ചു വിധിയെഴുതിയപ്പോള്‍ ന്യൂഡല്‍ഹി അകങട ലെ ഡോക്‌ടര്‍മാര്‍ സംവരണ പ്രശ്‌നത്തില്‍ സമരം നടത്തിയപ്പോള്‍ സമരവിരുദ്ധ നിലപാട്‌ സ്വീകരിച്ചില്ലെന്ന്‌ മാത്രമല്ല സമരകാലത്തെ ശമ്പളം ഉടനെ തിരിച്ചുനല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയും ചെയ്‌തു. ജുഡീഷ്യറിയുടെ രണ്ടുതരം നീതിയെ തുറന്നുകാണിക്കുന്ന ലേഖകന്‍ സ്വതന്ത്ര ഇന്ത്യയിലെ ന്യായാധിപന്‍ കാലത്തിന്റെ ചുവരെഴുത്തുവായിക്കാതെ വിധി പ്രസ്‌താവിക്കുന്നത്‌ ജനങ്ങളിലുണ്ടാക്കുന്ന അമര്‍ഷം ചെറുതല്ലെന്ന്‌ വ്യക്തമാക്കുകയും ചെയ്യുന്നു. ഇത്തരം അമര്‍ഷങ്ങളുടെ പ്രതിഫലനങ്ങള്‍ തെരുവിലേക്ക്‌ വിവിധ സമരരൂപത്തില്‍ ഉയര്‍ന്നു വരുമ്പോള്‍ അതിനു മുമ്പില്‍ വിധികളാകുന്ന കരിങ്കല്‍ മതില്‍ കെട്ടാന്‍ നീതി പീഠങ്ങള്‍ ശ്രമിക്കാതിരിക്കുന്നതാണ്‌ ഉത്തമമെന്നും ലേഖകന്‍ ഓര്‍മ്മിപ്പിക്കുന്നു.
ജഡ്‌ജിയുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ വിളിച്ചുപറയുന്നതും വിധിയില്‍ എഴുതിവെക്കുന്നതും സ്വാഭാവിക നീതിക്കു ചേര്‍ന്നതല്ലെന്ന്‌ അഡ്വ: കെ.പി. ബഷീര്‍ എഴുതിയത്‌ കണ്ണൂരില്‍ മുഹമ്മദ്‌ഫസല്‍ കൊല്ലപ്പെട്ട കേസന്വേഷണം സി.ബി.ഐ.ക്കു വിട്ടുകൊണ്ടുള്ള കേരളാ ഹൈക്കോടിതി ജസ്റ്റിസ്‌ വി. രാംകുമാറിന്റെ നിരീക്ഷണം രാഷ്‌ട്രീയ വിരോധിയുടെ ലഘുലേഖാ വിവരണം പോലെയായപ്പോഴാണ്‌. തന്റെ മുമ്പിലുള്ള കേസിനെക്കുറിച്ചല്ലാതെ അധികാര പരിധിക്കു പുറത്തുള്ള കാര്യങ്ങള്‍ ജഡ്‌ജിമാര്‍ പറയുന്നത്‌ സ്വതന്ത്ര ജുഡീഷ്യറിക്‌ ചേര്‍ന്നതല്ല എന്ന്‌ അടിവരയിടുന്ന ലേഖകന്‍ ജുഡീഷ്യറിയുടെ അമരക്കാരായ ജഡ്‌ജിമാര്‍ അനാവശ്യ വിവാദങ്ങളിലേക്ക്‌ ഭരണഘടനാ സ്ഥാപനങ്ങളെ വലിച്ചിഴക്കരുതെന്നും അഭിപ്രായപ്പെടുന്നു.
കേരള നിയമസഭ ഒറ്റക്കെട്ടായി പാസ്സാക്കിയ സ്വാശ്രയ വിദ്യാഭ്യാസബില്‍ റദ്ദാക്കിയ ചീഫ്‌ ജസ്റ്റീസ്‌ വി.കെ. ബാലി സ്വാശ്രയ വിദ്യാഭ്യാസ മാനേജ്‌മെന്റിനുവേണ്ടി വാദിച്ച അഭിഭാഷകന്റെ ആതിഥ്യം സ്വീകരിച്ച്‌ കുടുംബസമേതം കൊച്ചികായലില്‍ ഉല്ലാസ യാത്ര നടത്തിയതിനെ കേരളസമൂഹം വിചാരണ ചെയ്‌തതാണ്‌. പഠിപ്പില്‍ മികവു പുലര്‍ത്തുന്ന സാധാരണക്കാരന്റെ മക്കള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസം നേടാന്‍ കൊണ്ടുവന്ന നിയമത്തിന്റെ കടക്കല്‍ കത്തിവെച്ചുകൊണ്ട്‌ തന്റെ ന്യായാധിപ ജീവിതം അവസാനിപ്പിച്ച ജസ്റ്റിസ്‌ ബാലിയുടെ ചെയ്‌തികളെ വിമര്‍ശിച്ചുകൊണ്ട്‌ അഡ്വ: കെ.പി.ബഷീര്‍ പറയുന്നത്‌ ന്യായാധിപന്മാര്‍ മാനുഷിക വികാരമില്ലാത്ത ഇലകട്രിക്‌ പോസ്റ്റുകളായി മാറരുതെന്നാണ്‌. പണക്കാരന്റെ മക്കള്‍ മാത്രം പഠിച്ചാല്‍ മതിയെന്ന ഫ്യൂഡല്‍ ചിന്തയുടെ ദുര്‍ഭൂതമായി ചില ന്യായാധിപന്മാര്‍ സ്ഥാനംപിടിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
``വര്‍ഗ്ഗീയതക്കെതിരെ സുപ്രീംകോടതിയുടെ താക്കീത്‌'' എന്ന ലേഖനത്തില്‍ തീവ്രവാദത്തേക്കാള്‍ ആപത്‌കരം മതഭ്രാന്തും വര്‍ഗീയതയുമാണെന്ന്‌ ഇന്ത്യയുടെ പരമോന്നത നീതിപീഠം അഭിപ്രായപ്പെട്ടത്‌ സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഒരു നാഴികകല്ലായാണ്‌ അഡ്വ: കെ.പി.ബഷീര്‍ വിലയിരുത്തുന്നത്‌.
ഗുജറാത്തിനെ ശവപ്പറമ്പാക്കി മാറ്റിയ ജാതി-മത വര്‍ഗീയ ശിഥിലീകരണ ശക്തികള്‍ക്ക്‌ ഏറ്റ തിരിച്ചടിയായിരുന്നു സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധിയെന്നും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ പ്രഖ്യാപിച്ച മതേതര രാഷ്‌ട്രീയത്തിനായുള്ള ഒരു ആഹ്വാനമായിട്ടാണ്‌ സുപ്രീംകോടതിയുടെ വര്‍ഗീയതക്കെതിരെയുള്ള വിധിയെന്നും ലേഖകന്‍ നിരീക്ഷിക്കുന്നു.
ലോവര്‍ പെരിയാര്‍ പദ്ധതിയുടെ തുരങ്കങ്ങളുടെ നിര്‍മ്മാണ കരാര്‍ അഴിമതി ആരോപണങ്ങള്‍ അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിനുശേഷം കമ്മീഷനെ വിലയിടിച്ചു കാണിക്കുന്ന സര്‍ക്കാര്‍ നടപടികളെ വിശകലനം ചെയ്‌തെഴുതിയ ലേഖനത്തില്‍ ജുഡീഷ്യറിയെ താറടിച്ചു കാണിക്കാനുള്ള എക്‌സിക്യൂട്ടിവിന്റെ നടപടിക്കെതിരെ ജാഗ്രത പാലിക്കണമെന്ന്‌ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
ഒരു പൗരനെ അറസ്റ്റു ചെയ്യുമ്പോള്‍ പോലീസ്‌ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട സുപ്രീംകോടതിയുടെ പതിനൊന്ന്‌ കല്‌പനകള്‍ ഇപ്പോഴും പരസ്യമായി ലംഘിക്കുന്നത്‌, സമീപകാലത്ത്‌ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട്‌ പോലീസ്‌ നടത്തിയ മനുഷ്യത്വരഹിതമായ പീഢനങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്‌ ലേഖകന്‍ സമര്‍ത്ഥിക്കുന്നത്‌.
ഒന്‍പതു വര്‍ഷങ്ങള്‍ കോയമ്പത്തൂരില്‍ കാരാഗൃഹത്തില്‍ അടക്കപ്പെട്ട അബ്‌ദുനാസര്‍ മഅ്‌ദനിയുടെ അനുഭവങ്ങളെപറ്റി ``കല്‍തുറുങ്കില്‍ നിന്ന്‌ ജനഹൃദയങ്ങളിലേക്ക്‌'' എന്ന തലക്കെട്ടിലെഴുതിയ ലേഖനം ജുഡീഷ്യറിക്ക്‌ എത്രത്തോളം തെറ്റുപറ്റാം എന്നതു വ്യക്തമാക്കുന്നതാണ്‌. പോറ്റി വളര്‍ത്തിയ ഉമ്മുമ്മ മരിച്ചിട്ട്‌ മയ്യത്തു കാണാന്‍പോലും അവസരം നല്‍കാതെയായിരുന്നു ഭരണക്കാരുടെ അവകാശലംഘനം. കരുണ തേടിയെത്തിയ മനുഷ്യനു മുമ്പില്‍ നോക്കുകുത്തിയായി നില്‍ക്കുകയും അവസാനം മഅ്‌ദനിയെ വെറുതെവിടുകയും ചെയ്‌ത്‌പ്പോള്‍ ലേഖകന്‍ ചോദിക്കുന്നു. തെറ്റുപറ്റിയത്‌ ജുഡീഷ്യറിക്കാണോ? അതോ ഭരണകൂടത്തിനാണോ?
കുറ്റമാരോപിക്കപ്പെട്ട്‌ കോടതിയിലെത്തുന്ന എല്ലാവരും കുറ്റവാളികളല്ല.
ഒരു വ്യക്തിക്കെതിരെയുള്ള കുറ്റാരോപണം എന്തുമാകട്ടെ, അയാള്‍ കോടതിയില്‍ എത്തിയാല്‍ ഫോട്ടോ എടുത്ത്‌ പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നത്‌ വ്യക്തിയുടെ താല്‍പര്യങ്ങള്‍ക്കെതിരാണ്‌. ഫോട്ടോയെടുത്ത്‌ പ്രസിദ്ധീകരിക്കാനുള്ള അവകാശമുണ്ടെന്ന്‌ പത്രപ്രവര്‍ത്തകര്‍ വാദിക്കുന്നുവെങ്കില്‍ അത്‌ അന്തിമമായി നീതിപീഠം ഇനിയും തീരുമാനിക്കേണ്ട കാര്യമാണെന്നാണ്‌ ``പത്രഫോട്ടോഗ്രാഫര്‍മാര്‍ കോടതികളില്‍'' എന്ന ലേഖനത്തിലൂടെ അഡ്വ: കെ.പി. ബഷീര്‍ വാദിക്കുന്നത്‌.
ഉത്തര്‍പ്രദേശിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനൊന്നുവയസ്സുള്ള വിശാഖയെ ബലാല്‍സംഗം ചെയ്‌തുകൊന്ന യുവാവിനെ തൂക്കികൊല്ലാനുള്ള ജില്ലാ കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി തെളിവില്ലെന്നു പറഞ്ഞ്‌ പ്രതിയെ വെറുതെവിട്ടു. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധത്തെതുടര്‍ന്ന്‌ ഉത്തര്‍പ്രദേശ്‌ ഗവണ്‍മെന്റ്‌ ഫയല്‍ചെയ്‌ത അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതി പ്രതിയെ തൂക്കികൊല്ലാനുള്ള ജില്ലാകോടതിവിധിയെ ശരിവെക്കുകയാണ്‌ ചെയ്‌തത്‌.
ഇന്ത്യയൊട്ടാകെയുള്ള സ്‌ത്രീസമൂഹത്തിന്‌ അഭിമാനമുണര്‍ത്താനും സ്‌ത്രീ സുരക്ഷിതത്വം ഒരു മരീചികയാകാതെ മാറാതിരിക്കാനും വിശാഖാകേസ്‌ വിധി സഹായകമായെന്ന്‌ വിലയിരുത്തുന്ന അഡ്വ: കെ.പി. ബഷീര്‍, കേരളത്തിലെ സൂര്യനെല്ലി കേസിലെ ഇരയായ പെണ്‍കുട്ടിക്ക്‌ കീഴ്‌കോടതിവിധി ആ ത്മാഭിമാനം വീണ്ടെടുത്തു കൊടുത്തപ്പോള്‍ ഹൈക്കോടതിവിധി അപമാനത്തിന്റെ മുള്‍കിരീടമാണ്‌ നല്‍കിയതെന്നെഴുതുന്നു.
സൂര്യനെല്ലികേസില്‍ ഒന്നാം പ്രതി ഒഴിച്ചുള്ള മുഴുവന്‍ പ്രതികളും കുറ്റക്കാരല്ലെന്ന്‌ പ്രഖ്യാപിച്ച വിധി ഹൈക്കോടതി കവാടത്തില്‍വരെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. പെണ്‍വാണിഭ കേസുകളിലും സ്‌ത്രീപീഢന കേസുകളിലും സാങ്കേതിക കാരണങ്ങളാല്‍ പ്രതികള്‍ രക്ഷപ്പെടുന്നതു തുടര്‍ന്നാല്‍ കേരളം പെണ്‍വാണിഭ സംസ്‌കാരത്തിന്റെ വിളനിലമായി മാറുമെന്നു മാത്രമല്ല സ്‌ത്രീ സംരക്ഷണ നിയമങ്ങള്‍ വെറും ജലരേഖയായി മാറുമെന്നും അഡ്വ: കെ.പി.ബഷീര്‍ അഭിപ്രായപ്പെടുന്നു.
``ഹുഗ്ലിയിലെ ഈദ്‌ഗാഹ്‌ പ്രശ്‌നവും ഉമാഭാരതിയുടെ വ്യാജ ദേശീയതയും'' എന്ന ലേഖനത്തില്‍ ഒരു ജുഡീഷ്യല്‍ നാടകത്തിന്റെ യവനിക പതിമൂന്ന്‌ ദിവസം കൊണ്ട്‌ താഴ്‌ന്ന്‌ സ്‌പീഡി ജസ്റ്റീസിന്‌ മാതൃകയായതിനെക്കുറിച്ച്‌ വരച്ചുകാട്ടുന്നതാണ്‌.
ഇന്ത്യമുഴുവന്‍ ഉറ്റുനോക്കിയ മാറാട്‌ കേസിനെക്കുറിച്ചെഴുതിയ `മാറാട്‌ പ്രതികള്‍ അര്‍ഹിക്കുന്നത്‌ ' എന്ന ലേഖനത്തില്‍ ശിക്ഷ മാത്രമല്ല നിയമാനുസൃതവും സത്യസന്ധവുമായ വിചാരണകൂടി പ്രതികള്‍ക്ക്‌ നല്‍കണമെന്നെഴുതിയ ലേഖകന്‍ കൃത്രിമത്വം നിറഞ്ഞതും നിഷ്‌പക്ഷവുമല്ലാത്ത വിചാരണയെന്ന തോന്നല്‍പോലും പ്രതികള്‍ക്കുണ്ടാവരുതെന്നുകൂടി കൂട്ടിച്ചേര്‍ക്കുന്നു.
പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ വര്‍ത്തമാനകാല സാഹചര്യങ്ങള്‍ അധിഷ്‌ഠിതമാക്കി രചിച്ച ലേഖനസമാഹാരമായ ``ജുഡീഷ്യറി എങ്ങോട്ട്‌'' എന്ന പുസ്‌തകത്തില്‍ വാഹന അപകട നഷ്‌ടപരിഹാര കേസുകളും ഇന്‍ഷുറന്‍സ്‌ കമ്പനിക്കാരുടെ കൊള്ളയും, നിയമത്തെ വെല്ലുവിളിക്കുന്ന ബിഷപ്പുമാര്‍, ചിതലരിക്കുന്ന ഒരു സാംസ്‌കാരിക കേന്ദ്രം, വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കൈകോടാലി, യുവര്‍ ഓണ്‍: ഈ കുട്ടികള്‍ എങ്ങോട്ടുപോവും? എന്നീ തലക്കെട്ടുകളോടെയുള്ള ആറു ലേഖനങ്ങള്‍ കൂടിയുണ്ട്‌.
ന്യായാധിപന്‍ വിധിയെഴുതും മുമ്പു പാലിക്കേണ്ട ചില കര്‍ത്തവ്യങ്ങള്‍, നിഷ്‌പക്ഷത, നിര്‍ഭയത്വം, നീതിനിര്‍വഹണത്തിനു ആവശ്യമായ വസ്‌തുതകള്‍, ജഡ്‌ജിമാരുടെ സമീപനം, നീതിന്യായ സംവിധാനത്തിലെ പാകപ്പിഴകള്‍ എന്നിവയെല്ലാം പുസ്‌തകത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും, ജനാധിപത്യ സംവിധാനത്തില്‍ ന്യായാധിപന്‍മാരെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്കവകാശമുണ്ടെന്ന്‌ അഡ്വ: കെ.പി.ബഷീറിന്റെ പുസ്‌തകം മനസ്സിലാക്കിതരുന്നുണ്ടെന്നുമാണ്‌ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണായ ജസ്റ്റിസ്‌ ഡി.ശ്രീദേവി ആമുഖത്തിലെഴുതുന്നത്‌.
നീതിയും നിയമവും ഒന്നാവണമെന്നില്ല. അധികാര വര്‍ഗത്തിന്റെ ആവശ്യങ്ങള്‍ നടപ്പില്‍വരുത്തുകയാണ്‌ നിയമം ചെയ്യുന്നത്‌. സമൂഹത്തിലെ നിസ്സഹായ വിഭാഗത്തെ ചൂഷണം ചെയ്യുന്ന സംവിധാനമാണ്‌ മുതലാളിത്തം.
ഈ അനീതിപൂര്‍വ്വകമായ വ്യവസ്ഥ മാറ്റണമെങ്കില്‍ വിലാപം കൊണ്ടുമാത്രം സാധിക്കുകയില്ല. വിപ്ലവ ധീരതയോടുകൂടി സോഷ്യലിസ്റ്റ്‌ ക്രമം പ്രായോഗികമാക്കാന്‍ കഴിയണം. അതു സാധിക്കണമെങ്കില്‍ ഒരു ജനകീയ കൊടുങ്കാറ്റ്‌ ആവശ്യമാണെന്നും അവതാരികയില്‍ കുറിച്ചിരിക്കുന്നത്‌ മുന്‍ സുപ്രീംകോടതി ജഡ്‌ജിയായ വി.ആര്‍. കൃഷ്‌ണയ്യരാണ്‌.
ഇന്ത്യന്‍ ജുഡീഷ്യറി ഇന്നു നേരിടുന്ന മൂല്യച്യുതി ഇല്ലായ്‌മ ചെയ്യാന്‍ നടപടികള്‍ ഉണ്ടാവണമെന്നും, ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയിലെ കൂടുതല്‍ അഴുക്കുപുരളാത്ത ശക്തമായ ഒരു സംവിധാനമെന്ന നിലയില്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ അന്തസ്സ്‌ കാക്കാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്നും അഭിപ്രായപ്പെടുന്ന അഡ്വ: കെ.പി.ബഷീര്‍ നിയമത്തിനുമുമ്പില്‍ എല്ലാ ഇന്ത്യക്കാരും തുല്യര്‍ എന്ന ഭരണഘടനാ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ ഇന്ന്‌ കഴിയുന്നുണ്ടോ എന്നുള്ള പ്രസക്തമായ ചോദ്യവും `ജുഡീഷ്യറി എങ്ങോട്ട്‌' എന്ന പുസ്‌തകത്തിലൂടെ ഉന്നയിക്കുന്നുണ്ട്‌.

No comments:

Post a Comment