Saturday, May 9, 2009

ഇ.വി. കുമാരന്‍-അപൂര്‍വ്വ വ്യക്തിത്വം


ഓര്‍മ

സഹകരണ പ്രസ്ഥാനത്തെ വിപുലപ്പെടുത്തുന്നതില്‍ ഏറെ സംഭാവനകള്‍ അര്‍പ്പിച്ച, സഹകരണരംഗത്തെ ലബ്‌ധപ്രതിഷ്‌ഠനായിരുന്നു 2004 ജൂണ്‍ 3 ന്‌ അന്തരിച്ച പ്രമുഖ സഹകാരി ശ്രീ. ഇ.വി.കുമാരന്‍. ദേശീയ സ്വാതന്ത്ര്യസമര പോരാട്ടം തിളച്ചുമറിഞ്ഞു കൊണ്ടിരിക്കുന്ന കാലഘട്ടം- അതോടൊപ്പം അനീതിക്കും, അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കുമെതിരെ വലിയൊരു ജനകീയ മുന്നേറ്റം കേരളീയ ഗ്രാമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന 1940 കാലഘട്ടം. ജനകീയാവബോധം ഉണര്‍ത്തിക്കൊണ്ട്‌ പ്രതിരോധനിര സൃഷ്‌ടിക്കുന്നതില്‍ ദത്തശ്രദ്ധനായി എടച്ചേരിയില്‍ ചെറുപ്പത്തില്‍തന്നെ ശ്രീ. ഇ.വി.കുമാരന്‍ പൊതുപ്രവര്‍ത്തനരംഗത്ത്‌ കടന്നുവന്നു.
കേരളത്തിലെ സഹകരണമേഖലയെ പരിപോഷിപ്പിക്കുന്നതില്‍ ശ്രീ. ഇ.വി.ക്കുണ്ടായിരുന്ന പങ്ക്‌ ഏറെക്കഴിഞ്ഞാലും ഓര്‍മ്മിക്കപ്പെടുമെന്നതില്‍ തര്‍ക്കമില്ല. എടച്ചേരിയില്‍ സര്‍വ്വീസ്‌ സഹകരണസംഘങ്ങള്‍ അദ്ദേഹം മുന്‍കൈയെടുത്തു രൂപീകരിച്ചിരുന്നു. എടച്ചേരി സര്‍വ്വീസ്‌ സഹകരണബാങ്കായി പിന്നീട്‌ മാറിയ ഐക്യനാണയ സംഘത്തിന്‌ രൂപംകൊടുത്തതും അദ്ദേഹമായിരുന്നു. ഏറെക്കാലം അദ്ദേഹം ഈ ബാങ്കിന്റെ പ്രസിഡണ്ടായിരുന്നു.
കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. ഇ.വി.24 വര്‍ഷത്തോളം ആ പദവിയില്‍ തുടരുകയുണ്ടായി. സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ കേരളത്തില്‍ ഇത്തരമൊരു അപൂര്‍വ്വ നേട്ടത്തിനുടമയായി, കാല്‍ നൂറ്റാണ്ടോളം ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡണ്ടായിരുന്ന മറ്റൊരാളെ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല.
സഹകരണ മേഖലയില്‍ തന്റെ സജീവസാന്നിദ്ധ്യം ജീവിതാന്ത്യംവരെ തുടര്‍ന്ന ശ്രീ. ഇ.വി. സംസ്ഥാന സഹകരണബാങ്ക്‌ ഡയറക്‌ടര്‍, റബ്‌കോ വൈസ്‌ ചെയര്‍മാന്‍, കേരാഫെഡ്‌ വൈസ്‌ ചെയര്‍മാന്‍, റെയ്‌ഡ്‌കോ ഭരണസമിതി അംഗം, വടകര താലൂക്ക്‌ കാര്‍ഷിക വികസന സഹകരണ ബാങ്ക്‌ ഡയറക്‌ടര്‍, വടകര താലൂക്ക്‌ സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ഭരണസമിതി അംഗം തുടങ്ങി വിവിധ സ്വഭാവ വിശേഷങ്ങളുള്ള സഹകരണ സ്ഥാപനങ്ങളുടെ നേതൃനിരയില്‍ ഉണ്ടായിരുന്ന അദ്ദേഹം മരിക്കുമ്പോള്‍ എടച്ചേരി സര്‍വ്വീസ്‌ സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായിരുന്നു.
സഹകരണ മേഖലയ്‌ക്ക്‌ ശ്രീ.ഇ.വി.കുമാരന്‍ നല്‍കിയ സംഭാവനകളെ ആദരിച്ചുകൊണ്ട്‌ 1995 ലെ മികച്ച സഹകാരിക്കുളള സദാനന്ദന്‍ പുരസ്‌കാരം കേരള സര്‍ക്കാര്‍ അദ്ദേഹത്തിന്‌ സമര്‍പ്പിക്കുകയുണ്ടായി. കര്‍മ്മനിരതമായ ജീവിതം നയിച്ച, സഹകരണ പ്രസ്ഥാനത്തിന്റെ ജനകീയ-ജനാധിപത്യവല്‍ക്കരണ ത്തിനുള്‍പ്പെടെ ഏറെ സംഭാവനകള്‍ നല്‍കിയ അദ്ദേഹം രണ്ട്‌ പതിറ്റാണ്ടിലേറെക്കാലം എടച്ചേരി പഞ്ചായത്തിന്റെ പ്രസിഡണ്ടായും, 1967 മുതല്‍ രണ്ടര വര്‍ഷക്കാലം നാദാപുരം എം.എല്‍.എ. ആയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സുമതി അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും, സുഷമ, സവിത എന്നിവര്‍ മക്കളുമാണ്‌.
എടച്ചേരി എന്ന കൊച്ചു ഗ്രാമത്തില്‍ ജനിച്ച്‌ സഹകരണ മേഖലയെ സജീവമാക്കിയ ക്രാന്തദര്‍ശിത്വവും, സമര്‍പ്പണ ബോധവും ഉയര്‍ത്തിപ്പിടിച്ച്‌ കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്കിനെ വിജയകരമായി പുരോഗതിയിലേക്ക്‌ നയിച്ച ശ്രീ.ഇ.വി.കുമാരന്‍ ആറു പതിറ്റാണ്ടിലേറെക്കാലം സഹകരണ രംഗത്തെ സജീവ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ട്‌, പൊതുരംഗത്ത്‌ തലയെടുപ്പോടെ ഉയര്‍ന്നുനിന്ന വ്യക്തിത്വമായിരുന്നു. 79-ാം വയസ്സില്‍ ദിവംഗതനായ ശ്രീ.ഇ.വി.കുമാരന്റെ സ്‌മരണയ്‌ക്കു മുമ്പില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്നു.

തയ്യാറാക്കിയത് ; എം. നാരായണന്‍ മാസ്റ്റര്‍, ഡയറക്‌ടര്‍

No comments:

Post a Comment